പിങ്ക് – റിവ്യൂ

സമകാലിക ഇന്ത്യയുടെ പൊതുബോധം പെണ്ണിനെ കാണുന്ന അല്ലെങ്കിൽ അവളെ മനസിലാക്കുന്ന വീക്ഷണകോണിനെ തുറന്നു കാട്ടുകയാണ് അനിരുദ്ധ റോയി ചൗധരിയുടെ പിങ്ക് എന്ന ചിത്രം. ഒരു പെൺകുട്ടി ജനിക്കുന്ന നാൾ തൊട്ട് അവളിലേക്ക് മനപ്പൂർവ്വമോ അല്ലാതെയോ നമ്മുടെ സമൂഹം അടിച്ചേൽപ്പിക്കുന്ന അനീതിക്കെതിരെയാണ് പിങ്ക് ശബ്ദമുയർത്തുന്നത്. അത്ര പുതിയതല്ലാത്ത വിഷയമാണെങ്കിലും താൻ പറയാനുദേശിക്കുന്നത് ഗൗരവത്തോടെ ഉച്ചത്തിൽ പ്രേക്ഷകനുമായി സംവദിക്കുന്നുണ്ട് സംവിധായകൻ.
ഒരു നിശാ പാർട്ടിക്കിടയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന അനുഭവവും അതിനെതിരെ പരാതി പറഞ്ഞ അവരെ കുറ്റക്കാരാക്കാൻ പൊതുസമൂഹം നിരത്തുന്ന ന്യായങ്ങളും അതിലെ ശരിതെറ്റുകളുമാണ് പിങ്കിന്റെ കാതൽ.
പെൺകുട്ടികളെ രക്ഷിക്കാനെത്തുന്ന ദീപക് സെഗ്‌വാൾ എന്ന അഡ്വകേറ്റായി ബിഗ് ബി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ രണ്ടാം പകുതി മുഴുവനായും കോടതി മുറിക്കുള്ളിലാണ്.
ഒരു പെൺകുട്ടി രാത്രി പുറത്തിറങ്ങി നടക്കുന്നതും, അവൾക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതും, ആൺസുഹൃത്തുമൊത്ത് സമയം ചിലവിടുന്നതും എന്തിന്റെയെങ്കിലും സൂചനയായി കാണുന്ന വികല മനസുകളോടാണ് സിനിമ കലഹിക്കുന്നത്.
അതോടൊപ്പം ഒരു സ്ത്രീ അത് നിങ്ങളുടെ സുഹൃത്തോ കാമുകിയോ ഭാര്യയോ ആരാണെങ്കിലും അവളുടെ ഒഴിഞ്ഞുമാറലുകളെ, No കളെ ബഹുമാനിക്കാൻ നമ്മുടെ സമൂഹം ഇനിയെങ്കിലും ശീലിക്കണമെന്നും ഉറച്ച ശബ്ദത്തിൽ പിങ്ക് പറഞ്ഞുവെക്കുന്നു.
ചുരുക്കത്തിൽ ഒരു സ്ത്രീപക്ഷ സിനിമയെന്നതിനപ്പുറം ഉദ്ദേശശുദ്ധിയുള്ള, കാമ്പുള്ള പ്രമേയങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ആസ്വാദ്യകരമാണ് പിങ്ക്.

Read more »

വില്‍പ്പട്ടിയുടെ ഹൃദയമറിഞ്ഞ്….

പാമ്പര്‍പൂരത്തെ ഞങ്ങളുടെ താമസസ്ഥലമായ പറമ്പ് നിറയെ സബര്‍ജെല്ലി മരങ്ങളുള്ള, വിശാലമായ മുറികളുള്ള, ഇളംതണുപ്പുള്ള കാറ്റ് തഴുകിയോഴുകികൊണ്ടിരിക്കുന്ന ആ ജെര്‍മ്മന്‍ കോട്ടേജ് വിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങിയത് ത്മിഴ് കാര്‍ഷിക ഗ്രാമങ്ങള്‍ ഇനിയുമേറെ സന്ദര്‍ശിക്കണമെന്ന അനിയന്ത്രിതമായ അഭിലാഷം കൊണ്ടുമാത്രമായിരുന്നു. കൊടൈക്കനാലിലേക്ക് തിരിച്ചു പോകുന്ന ഒരു ജീപ്പില്‍ ഞങ്ങള്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് യാത്ര തിരിച്ചു. ബസ്‌ സ്റ്റാന്‍ഡില്‍ പലമൂലകളിലായി ചിതറി കിടക്കുന്ന ടാക്സി ഡ്രൈവര്‍മാരില്‍ ഒരാളുടെ അടുത്ത് ചെന്ന് ഞങ്ങള്‍ കാര്യം അവതരിപ്പിച്ചു.

” ഞങ്ങള്‍ക്ക് തമിഴ് ഗ്രാമങ്ങള്‍ കാണണം ഇവിടെ അടുത്തുള്ള ഗ്രാമങ്ങള്‍ ഇതൊക്കെ….?? ”

ഞങ്ങളുടെ ചോദ്യവും ഉദ്ദേശവും ശരിക്കും മനസിലായ ഡ്രൈവര്‍ യെസ് മൂളി. ഒരു തുക പറഞ്ഞുറപ്പിച്ച ശേഷം ഞങ്ങള്‍ അയാളുടെ ഓംനിവാനില്‍ യാത്രയാരംഭിച്ചു.

Read more »

പൂമ്പാറ ബാക്കിയാക്കുന്നത്….!!!

ചാറ്റല്‍ മഴ പെയ്യുന്ന ഉച്ച നേരത്താണ് പൂമ്പാറയിലേക്ക് ഞങ്ങള്‍ ബസ്‌ കയറിയത്. ഞങ്ങളോടൊപ്പം വലിയൊരു ആള്‍ക്കുട്ടവും ബസില്‍ കയറിപ്പറ്റാന്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഈറ്റ കൊട്ടകളും, ചണത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും നൂലിനാല്‍ നിര്‍മ്മിതമായ ചാക്കുകളും, സഞ്ചികളുമൊക്കെയായി അവിടെ കാത്തുനിന്ന ജനക്കൂട്ടം മുഴുവനും ഞങ്ങളുള്‍പ്പെടെ ഒരാളോഴിയാതെ ആ വണ്ടിയില്‍ എങ്ങനെയോക്കെയോ കയറിപ്പറ്റി. വയറു നിറഞ്ഞ സന്തോഷത്തില്‍ ഒരു ഏമ്പക്കവും വിട്ട് ബസ്‌ പതുക്കെ മുന്നോട്ട് നീങ്ങി.
മഴ ചാറി കൊണ്ടിരുന്ന കൊടൈക്കനാലില്‍ നിന്നും അകലേക്ക് പോകുന്തോറും കെട്ടിടങ്ങളും വഴിയോര വാണിഭവും തിരക്കും പതുക്കെ ഇല്ലതായി. പകരം പൈനും, യുക്കാലിപ്പ്റ്റസും, പേരറിയാത്ത അനവധി കാട്ടുമരങ്ങളും റോഡിന്‍റെ ഇരുവശങ്ങളും കയ്യേറി. പാതകളില്‍ ചാറ്റല്‍ മഴയും കോടമഞ്ഞും മാത്രം ബാക്കിയായി.

കൊടൈക്കനാല്‍ ടൌണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്തില്‍ പഴനി മലനിരകളിലാണ് പൂമ്പാറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിലേക്ക് കടക്കാവുന്ന പ്രധാന വഴിക്കരികില്‍ ബസ്‌ നിര്‍ത്തി. അടുത്തു തന്നെയുള്ള ഒരു ചെറിയ കടയില്‍ ഊണിന്റെ തിരക്ക്. വാഴയിലയില്‍ പച്ചരി ചോറും സാമ്പാറും, നല്ല മോരും രസവും. ശേഷം താഴേക്കുള്ള വഴിയിലൂടെ നടന്നു പൂമ്പാറയുടെ ഹൃദയത്തിലേക്ക്.

Read more »