പൂമ്പാറ ബാക്കിയാക്കുന്നത്….!!!

ചാറ്റല്‍ മഴ പെയ്യുന്ന ഉച്ച നേരത്താണ് പൂമ്പാറയിലേക്ക് ഞങ്ങള്‍ ബസ്‌ കയറിയത്. ഞങ്ങളോടൊപ്പം വലിയൊരു ആള്‍ക്കുട്ടവും ബസില്‍ കയറിപ്പറ്റാന്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഈറ്റ കൊട്ടകളും, ചണത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും നൂലിനാല്‍ നിര്‍മ്മിതമായ ചാക്കുകളും, സഞ്ചികളുമൊക്കെയായി അവിടെ കാത്തുനിന്ന ജനക്കൂട്ടം മുഴുവനും ഞങ്ങളുള്‍പ്പെടെ ഒരാളോഴിയാതെ ആ വണ്ടിയില്‍ എങ്ങനെയോക്കെയോ കയറിപ്പറ്റി. വയറു നിറഞ്ഞ സന്തോഷത്തില്‍ ഒരു ഏമ്പക്കവും വിട്ട് ബസ്‌ പതുക്കെ മുന്നോട്ട് നീങ്ങി.
മഴ ചാറി കൊണ്ടിരുന്ന കൊടൈക്കനാലില്‍ നിന്നും അകലേക്ക് പോകുന്തോറും കെട്ടിടങ്ങളും വഴിയോര വാണിഭവും തിരക്കും പതുക്കെ ഇല്ലതായി. പകരം പൈനും, യുക്കാലിപ്പ്റ്റസും, പേരറിയാത്ത അനവധി കാട്ടുമരങ്ങളും റോഡിന്‍റെ ഇരുവശങ്ങളും കയ്യേറി. പാതകളില്‍ ചാറ്റല്‍ മഴയും കോടമഞ്ഞും മാത്രം ബാക്കിയായി.

കൊടൈക്കനാല്‍ ടൌണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്തില്‍ പഴനി മലനിരകളിലാണ് പൂമ്പാറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിലേക്ക് കടക്കാവുന്ന പ്രധാന വഴിക്കരികില്‍ ബസ്‌ നിര്‍ത്തി. അടുത്തു തന്നെയുള്ള ഒരു ചെറിയ കടയില്‍ ഊണിന്റെ തിരക്ക്. വാഴയിലയില്‍ പച്ചരി ചോറും സാമ്പാറും, നല്ല മോരും രസവും. ശേഷം താഴേക്കുള്ള വഴിയിലൂടെ നടന്നു പൂമ്പാറയുടെ ഹൃദയത്തിലേക്ക്.

13996186_1156982521030915_1513953172816220839_o

തട്ടുതട്ടായി തിരിച്ചിരിക്കുന്ന പച്ചക്കറി തോട്ടങ്ങളില്‍ കാരറ്റും, റാഡിഷും, ഉരുളക്കിഴങ്ങും, കാബേജും, വെളുത്തുള്ളിയും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ചുറ്റിലും തട്ടുകളായി തരം തിരിച്ചിരിക്കുന്ന തോട്ടങ്ങള്‍ക്കിടയില്‍ അടുത്തടുത്തായി തീപ്പെട്ടി കൂടുകള്‍ പോലെ ചെറിയ വീടുകള്‍ അച്ചടക്കമില്ലാത്ത വിധം നിര്‍മ്മിച്ചിരിക്കുന്നു. നടന്നു പോകുന്ന വഴിയരികില്‍ ഒരു ചെറിയ വണ്ടിയില്‍ കാബേജ് ചാക്കുകള്‍ കയറ്റുകയാണ് രണ്ടുപേര്‍. തോട്ടങ്ങളുടെ അടുത്തെത്തിയാല്‍ വശങ്ങളിലായി നിര്‍മ്മിച്ച ഏറുമാടങ്ങള്‍ കാണാം.
ചാറ്റല്‍ മഴ ഞങ്ങള്‍ക്കൊപ്പമുണ്ട്. അതിന്‍റെ കയ്യും പിടിച്ച് ഗ്രാമത്തിന്‍റെ പ്രധാന ഭാഗത്തേക്ക് നടന്നു. പ്രദേശം ചുറ്റികാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ ഒരു വഴി ചൂണ്ടിക്കാട്ടി. ആ ഭാഗം നിറയെ വീടുകളാണ്. അതിന്‍റെ എതിര്‍ഭാഗത്തായി താഴെ ഒരു കോവില്‍ കാണാം. മുരുകനാണെന്നു തോന്നുന്നു പ്രതിഷ്ഠ. അവിടെക്കിറങ്ങാന്‍ സ്റ്റെപ്പുകള്‍ ഉണ്ട്. ഞങ്ങള്‍ അയാള്‍ ചൂണ്ടി കാണിച്ച വഴിയിലൂടെ മുന്നോട്ട് നടന്നു. ചെറിയ കയറ്റമാണ്. ഒരു വീടിന്‍റെ പിറകിലൂടെ ചെറിയൊരു ഒറ്റയടിപാത. പാതയുടെ ഒരു ഭാഗം മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ താഴ്വരയാണ്. താഴെ നിന്നു നോക്കിയാല്‍ ഒരു പക്ഷേ ആകാശംമുട്ടെ ഉയരമുണ്ടെന്ന്‍ തോന്നുന്ന ആ മരങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ കാല്‍ ചുവട്ടിലാണ്. മുട്ടൊപ്പമെങ്കിലുമെത്താന്‍ കാറ്റില്‍ ചില്ലകള്‍ മുകളിലേക്ക് ഉയര്‍ത്തുകയാണ് അവയില്‍ ചിലത്. ഞങ്ങള്‍ ഗര്‍വ്വോടെ മുന്നോട്ട് നടന്നു.

13988261_1156985374363963_60326993206583769_o

അകലെ മഞ്ഞു പുല്‍കി കൊണ്ട് കിടക്കുകയാണ് ഗിരിനിരകള്‍. അതിന്റെയും മുകളില്‍ നീല ആകാശം. ചാറ്റല്‍ മഴയെ കാണാനില്ല, നേരത്തെ താഴെ കണ്ട വൃക്ഷതലപ്പുകള്‍ക്കിടയില്‍ ഒളിച്ചു കളിക്കാന്‍ പോയതാവണം. മറുവശത്ത് നോക്കാത്ത ദൂരത്തോളം പരന്നുകിടക്കുകയാണ് കാരറ്റും റാഡിഷും. തോട്ടത്തിന്‍റെ നടുവിലുള്ള വരമ്പിലൂടെ അകത്തേക്ക് നടന്നു. വെള്ളപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന മറ്റൊരു തോട്ടം. ചെടികളെ പരിപാലിച്ചു നില്‍ക്കുന്ന ചേട്ടന്‍ പറഞ്ഞു തന്നു, ഉരുളക്കിഴങ്ങാണത്രേ അത്. ബട്ടര്‍ ബീന്‍സും, വെളുത്തുള്ളിയും വേറെ തോട്ടങ്ങളില്‍. തട്ടുകള്‍ കയറി ഞങ്ങള്‍ കുറേ മുകളിലായിരിക്കുന്നു. നേരത്തെ കണ്ട വീടുകളും കോവിലും ഉയരത്തില്‍ നിന്ന് കാണാം.

14053944_1156982554364245_4815419814454271868_o

ഇനി ഇറക്കമാണ്. മുന്നോട്ട് തന്നെ നടന്നു. തട്ടുകള്‍ ചാടിയിറങ്ങി ഒരു വീടിന്‍റെ ഓരത്ത് എത്തി. ആ വീട്ടിലെ പട്ടി നിര്‍ത്താതെ കുരയ്ക്കുകയാണ്. അപരിചിതരെ കണ്ടിട്ടാവണം. ഞങ്ങള്‍ വീടുകള്‍ക്ക് ഇടയിലുടെ റോഡിലേക്കിറങ്ങി. എല്ലാ വീടുകളും ഏതോ സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ചതാണ്. മിക്ക വീടുകളിലും കോഴിയുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്തു വച്ച ചുവരുകള്‍ അവര്‍ക്ക് അലങ്കാരങ്ങള്‍ ആണെന്ന് തോന്നുന്നു. തോട്ടത്തിലെ ജോലി കഴിഞ്ഞ മൂന്ന്‍ സ്ത്രീകള്‍ വളരെ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഞങ്ങളെ കടന്ന് മുന്നോട്ട് പോയി. സമയം അഞ്ചുമണി ആയിരിക്കുന്നു. ഒരു കൂട്ടം ആടുകളെയും തെളിച്ചു കൊണ്ട് ഒരാള്‍ ഞങ്ങള്‍ക്ക് എതിരെ വന്നു. വഴി മാറാനായി കയറി നിന്നത് ഒരു മദ്യ വില്പനശാലയുടെ ഉമ്മറത്തായിരുന്നു. കാഴ്ചയില്‍ ഒരു കടയ്ക്ക് വേണ്ട ഗുമ്മോന്നും ഇല്ലാത്ത കെട്ടിടം. അവിടേക്ക് കയറി വന്ന ഒരു വൃദ്ധന്‍ ഒരു കുപ്പി സാധനം വാങ്ങി അടപ്പു തുറന്ന്‍ പച്ചയ്ക്ക് വായിക്കൊഴിച്ചു. കുപ്പി കടയുടെ ഓരത്ത് തന്നെ ഉപേക്ഷിച്ച് നടന്നു പോയി. നിസംഗത സ്ഥായി ഭാവമാക്കിയ കുറേ മനുഷ്യര്‍. ഇരുവശത്തും ഭാരക്കെട്ടുകളുമായി അടിമത്വത്താല്‍ തലകുനിച്ച് നടന്നു പോകുന്ന കഴുതകള്‍. ഭാവിയെ കുറിച്ച് ആകുലതകളില്ലാതെ തങ്ങളുടെതായ നിയമങ്ങളില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍. ഗ്രാമീണത തുളുമ്പി നില്‍ക്കുന്ന വശ്യമായ കുറേ കാഴ്ചകള്‍.

വെയില്‍ പടിയിറങ്ങുകയാണ്. എഴുമണിക്കാണ് കൊടൈക്കനാലിലേക്കുള്ള അവസാനത്തെ ബസ്‌. ഞങ്ങള്‍ ഗ്രാമത്തിനു പുറത്തേക്കുള്ള വഴി ചോദിച്ചു. മുന്നോട്ട് നടക്കുമ്പോള്‍ കോവിലില്‍ നിന്നുമുള്ള പാട്ട് കേള്‍ക്കാന്‍ തുടങ്ങി. നേരത്തെ കണ്ട കോവിലിന്റെ ഒരു വശത്തുള്ള വഴിയിലാണ് എത്തിയിരിക്കുന്നത്. നെഞ്ചൊപ്പം പൊക്കമുള്ള കോവിലിന്റെ മതിലിലൂടെ അകത്തേക്ക് നോക്കി. കോടയില്‍ പൊതിഞ്ഞു നില്‍ക്കുകയാണ് കോവിലും പരിസരവും. മതില്‍കെട്ടിനകത്ത് ഇലകള്‍ പൊഴിച്ച് മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന രണ്ട് മരങ്ങള്‍.

വഴിയരികില്‍ കണ്ട അമ്മൂമ്മയോട് കുശലം പറഞ്ഞുകൊണ്ട് ഞങ്ങള്‍ അവരോടൊപ്പം നടന്നു. അവര്‍ വഴി പിരിഞ്ഞു പോയ ശേഷം കുന്നിറങ്ങി വരുന്ന കോടയെയും പൂമ്പാറയെയും പിന്നിലാക്കി ബസ്‌ സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടക്കുമ്പോള്‍ ക്യാമറ നിറയെ ചിത്രങ്ങളും മനസ് നിറയെ കുറേ ജീവനുള്ള കാഴ്ചകളും ഉണ്ടായിരുന്നു.

ബസ്‌ സ്റ്റോപ്പിന്‍റെ പരിസരത്ത് നേരത്തെ ഊണ് കഴിച്ച കട അടഞ്ഞു കിടക്കുകയാണ്. മരങ്ങളുടെ ഇടയിലൂടെ ഇരുട്ടിലേക്ക് ഊളിയിട്ട് കിടക്കുകയാണ് കൊടൈക്കനാലിലേക്കുള്ള റോഡ്‌. ആ സമയം എവിടെ നിന്നോ മുന്‍കാലുകള്‍ ബന്ധിച്ച ഒരു കുതിര ഞങ്ങളുടെ നേര്‍ക്ക് ചാടി ചാടി വന്നു. പിന്നീട് ഞങ്ങളെയും കടന്ന് ചാടി ചാടി അകലേക്ക് പോയി.

കുതിര അപ്രത്യക്ഷമായ വഴിയിലൂടെ വന്ന ലോറിക്ക് ഞങ്ങള്‍ കൈ കാണിച്ചു. ലോറിയിലാണ് കൊടൈക്കനാലിലേക്കുള്ള മടക്കം. ഇതു പോലൊരു യാത്ര പൂര്‍ണ്ണമാകേണ്ടത് ഇങ്ങനെ തന്നെയാണ്, ഡ്രൈവര്‍ സെന്തില്‍ അണ്ണന്റെ പിറകിലുള്ള സീറ്റില്‍ ഇരിക്കുമ്പോള്‍ ഞാന്‍ മനസിലോര്‍ത്തു. ലോറിയിലെ ചിലമ്പിച്ച ശബ്ദമുള്ള ടേപ്പ്റിക്കാര്‍ഡറില്‍ ഏതോ തമിഴ് പാട്ടും കേട്ട് കൊടൈക്കനാലിലേക്ക് കുന്നുകയറുമ്പോള്‍ ഞങ്ങളെ തിരിച്ചു വിളിക്കനെന്ന വണ്ണം കോടമഞ്ഞു താഴേക്കിറങ്ങി വരുന്നുണ്ടായിരുന്നു.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>