Article 370

അല്പം ചരിത്രം പഠിക്കാം
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പിൻറെ ചരിത്രവും അതിൻറെ ഇന്നത്തെ സ്ഥിതിയും.
———————————
Article 370
ഭരണഘടനയുടെ ആർടിക്കിൾ 370നെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ ഒരു അദ്ധ്യാപകൻ പറഞ്ഞത് ഇന്ത്യൻ പാർലമെൻറിന്‍റെ രാജ്യസഭയും ലോക്സഭയും വിചാരിച്ചാൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് ഭരണഘടനാ ഭേദഗതിയോടെ എടുത്ത് കളയാമെന്നാണ്.
ഭരണകർത്താക്കൾക്ക് ആത്മാർത്ഥതയില്ലാതിരുന്നത് കൊണ്ടാണ് അവർ ഇരു സഭകളിലും ഇതിനെ പിൻതുണക്കാത്തതത്രെ.
അദ്ദേഹത്തിൻറെ ന്യായം ഇതാണ്.
1956ൽ States Reorganization Act വന്നതോട് കൂടി ഭരണഘടനയിലെ Part A, Part B സ്റ്റേറ്റുകൾ (ബ്രിട്ടീഷ് ഇന്ത്യയിലെ ബ്രിട്ടീഷ് പ്രോവിൻസുകളും പ്രിൻസ്ലി സ്റ്റേറ്റുകളും) ഒരു പോലെ ഇന്ത്യൻ യൂണിയനിലെ സ്റ്റേറ്റുകൾ ആയി മാറി. ഇതിൽ Part B സ്റ്റേറ്റുകളിൽ ഒന്നായ ജമ്മു കശ്മീർ എന്ന പഴയ പ്രിൻസ്ലി സ്റ്റേറ്റ് മറ്റ് എല്ലാ സ്റ്റേറ്റുകളെയും പോലെ ഇന്ത്യയിലെ ഒരു സ്റ്റേറ്റായി മാറി. Part A, Part B സ്റ്റേറ്റുകൾ എന്ന വ്യത്യാസം ഇല്ലാതെയായി. ഭരണഘടനയുടെ 238ാം വകുപ്പ് എടുത്ത് കളഞ്ഞു(Part B സ്റ്റേറ്റുകളുടെ ഭരണ നിർവഹണത്തെ സംബന്ധിച്ചുള്ള വകുപ്പായിരുന്നു അത്.)
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിൻറെ മൂന്നാം ഉപവകുപ്പ് പ്രകാരം ഇന്ത്യൻ പ്രസിഡൻറിന് ഏത് നിമിഷവും ഒരു നോട്ടിഫിക്കേഷൻ വഴി ഈ വകുപ്പ് ഭേദഗതി ചെയാനോ പൂർണ്ണമായി എടുത്ത് കളയാനോ സാധിക്കും.
ചുരുക്കി പറഞ്ഞാൽ മറ്റേത് സ്റ്റേറ്റും പോലെ ഒരു സ്റ്റേറ്റായ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് പാർലമെൻറിന് ഭേദഗതി ചെയ്ത് പ്രസിഡൻറിൻറെ നോട്ടിഫിക്കേഷൻ വഴി എടുത്ത് കളയാം എന്നാണ് വാദം.
എന്നാൽ വസ്തുതകൾ എന്താണെന്ന് പരിശോധിക്കാം.
സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ രണ്ട് തരം സ്റ്റേറ്റുകളാണ് പ്രധാനമായി ഉണ്ടായിരുന്നത്. ബ്രിട്ടൻറെ നേരിട്ടുള്ള ഭരണ പ്രദേശങ്ങളായ ബ്രിട്ടീഷ് പ്രോവിൻസുകളും, ബ്രിട്ടൻറെ പരമാധികാരത്തിന് കീഴിൽ ആഭ്യന്തര കാര്യങ്ങളിൽ ഏറ്റ കുറച്ചിലുകളോടെ സ്വയംഭരണം അനുഭവിച്ചിരുന്ന നാട്ടു രാജ്യങ്ങൾ അഥവാ പ്രിൻസ്ലി സ്റ്റേറ്റുകളും. 1947 ഇന്ത്യ, പാകിസ്ഥാൻ എന്നിങ്ങനെ രണ്ട് ഡൊമീനിയനുകൾ നിലവിൽ വന്നതോട് നാട്ടു രാജ്യങ്ങൾ അഥവാ പ്രിൻസ്ലി സ്റ്റേറ്റുകൾക്ക് ഇന്ത്യയുടെയോ പാകിസ്ഥാൻറെയോ ഭാഗമാവുകയോ സ്വതന്ത്ര രാജ്യങ്ങളാകുകയോ ചെയാം എന്ന നില വന്നു.
അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ നിലപാട് നാട്ടു രാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരണം എന്നായിരുന്നു. ചേരാത്ത രാജ്യങ്ങളെ ശത്രു രാജ്യങ്ങളായി കണക്കാക്കും എന്ന് വരെ പ്രഖ്യാപിച്ചു. പലതരം നയതന്ത്ര, സമ്മർദ്ദ തന്ത്രങ്ങളും ബലപ്രയോഗങ്ങൾ വരെ നടത്തിയും ആണ് നാട്ടു രാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത്.
നെഹ്രുവും, പട്ടേലും, വി പി മേനോനും, മൌണ്ട് ബാറ്റനും പല തന്ത്രങ്ങൾ പയറ്റിയാണ് നാട്ടു രാജ്യങ്ങളെ കൊണ്ട് വഴങ്ങിപ്പിച്ചത്. അതൊക്കെ ചരിത്രമാണ്. നമ്മുക്ക് ഇതിൻറെ നിയമവശമാണ് പരിശോധിക്കേണ്ടത്.
ഇന്ത്യൻ യൂണിയനിൽ ചേരാനായി ഇന്ത്യ നാട്ടു രാജ്യങ്ങൾക്ക് മുന്നിൽ വെച്ച കരാറിൻറെ പേരാണ് Instruments of Accession.
ഇതിലെ വ്യവസ്ഥകളിൽ ചിലത് ഇതൊക്കെയാണ്.
1) നാട്ടു രാജ്യങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ബാധകമാവില്ല.
2) ഇന്ത്യാ ഗവൺമെൻറിന് അടിയറ വെക്കാത്ത വിഷയങ്ങളിൽ നാട്ടു രാജ്യങ്ങൾക്ക് സ്വയം ഭരണാവകാശമുണ്ടായിരിക്കും.
3) ഇത് കൂടാതെ മറ്റ് വാഗ്ദാനങ്ങളും കൂടി നൽകിയതോട് കൂടിയാണ് ഒട്ടുമിക്ക നാട്ടു രാജ്യങ്ങളും ഇന്ത്യയിൽ ലയിക്കാൻ സമ്മതം മൂളിയത്.
ഹിന്ദു രാജാക്കന്മാരൊന്നും അന്ന് ഭാരത് മാതാക്കീ വിളിച്ചിരുന്നില്ല എന്ന് ഹിന്ദുത്വവാദികളോർക്കണം.
മിക്ക നാട്ടു രാജ്യങ്ങളും Instruments of Accession ഒപ്പിട്ടപ്പോഴും വ്യത്യസ്ഥമായ നിലപാടെടുത്ത മൂന്ന് നാട്ടു രാജ്യങ്ങളുണ്ടായിരുന്നു.
1. ഹൈദരാബാദ്
2. ജുനഗദ്
3. ജമ്മു കശ്മീർ
ഇതിൽ ജുനഗദ് പാകിസ്ഥാനിൽ ലയിക്കാൻ തീരുമാനിച്ചപ്പോൾ ഹൈദരാബാദും കശ്മീരും സ്വതന്ത്ര രാജ്യങ്ങളാകാൻ തീരുമാനിച്ചു.
ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജുനഗദ് പാകിസ്ഥാനിൽ ലയിക്കുന്നത് പാകിസ്ഥാൻറെ Two Nation Theoryക്ക് എതിരാണെന്ന് മൌണ്ട് ബാറ്റൻ ചൂണ്ടി കാണിച്ചു. മാത്രമല്ല അവിടുത്തെ ജനവികാരം പാകിസ്ഥാനിൽ ചേരുന്നതിന് എതിരായിരുന്നു. ആ നാട്ടു രാജ്യത്തിനുള്ളിൽ ചില ആഭ്യന്തര പ്രശ്നങ്ങളുണ്ടായതോടെ ഇന്ത്യൻ സൈന്യം ഇടപ്പെട്ടു അവിടെ ജനങ്ങൾക്കിടയിൽ ഒരു ഹിതപരിശോധന നടത്തുകയും ജനങ്ങൾ ഇന്ത്യയിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു.
അതേ സമയം ഹിന്ദു ഭൂരിപക്ഷ പ്രദേശവും ഇന്ത്യൻ മെയിൻലാൻഡിൻറെ ഭാഗവുമായ ഹൈദരാബാദിനെ ഇന്ത്യൻ സൈന്യം പറയത്തക്ക ഒരു പ്രത്യാക്രമണവും നേരിടാതെ ഇന്ത്യയിൽ ലയിപ്പിച്ചു.
ഈ രണ്ട് പ്രദേശത്തും കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായിരുന്നു. മാത്രമല്ല ഇവിടെ രണ്ടും കാര്യമായ അവകാശ തർക്കങ്ങൾ പാകിസ്ഥാനുമായി നിലനിന്നിരുന്നില്ല.
ജനവികാരവും ഇന്ത്യക്ക് അനുകൂലമായിരുന്നു. എന്നാൽ സ്വതന്ത്രമാകണം എന്ന് പ്രഖ്യാപിച്ച കശ്മീരിൽ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നു.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ, അതിർത്തി നാട്ടുരാജ്യമായ കശ്മീർ സ്വാഭാവികമായും പാകിസ്ഥാനിൽ ലയിക്കും എന്ന് പാകിസ്ഥാനും എന്നാൽ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള കശ്മീർ മതേതര ഇന്ത്യയിൽ ലയിക്കുമെന്ന് ഇന്ത്യയും കരുതി.
എന്നാൽ കശ്മീർ സ്വതന്ത്രമാകണമെന്ന് രാജാ ഹരി സിംഗ് തീരുമാനിച്ചു. നാഷണൽ കോൺഫറെൻസ് നേതാവ് ഷെയ്ക് അബ്ദുള്ള ഹരി സിംഗിൻറെ ഭരണത്തെ എതിർത്തു. പാകിസ്ഥാനിൽ ചേരാനുള്ള സമ്മർദ്ദം ചെലുത്തുന്നതിൻറെ ഭാഗമായി കശ്മീരിലേക്കുള്ള ചരക്ക് ഗതാഗതം പാകിസ്ഥാൻ തടഞ്ഞു. വായു മാർഗ്ഗം മാത്രമായി കശ്മീർ താഴ്വര ഒറ്റപ്പെട്ടു.
അതിനിടയിൽ ഹിന്ദുവായ രാജാവിൻറെ സൈന്യം മുസ്ലീം ജനതയെ പീഡിപ്പിക്കുന്നു എന്ന കിംവദന്തികൾ പരന്നത് ആഭ്യന്തര കലാപങ്ങൾക്ക് ഇടനൽകി. ഈ സമയം പാകിസ്ഥാനിൽ നിന്നുള്ള പഥാൻ ഗോത്ര പോരാളികൾ കശ്മീരിൽ കടന്ന് രാജാവിൻറെ സൈന്യവുമായി യുദ്ധമാരംഭിച്ചു. അതിവേഗം മുന്നേറുന്ന പാകിസ്ഥാനികളെ കണ്ട് ഭയന്ന രാജാ ഹരി സിംഗ് ഇന്ത്യയുടെ സഹായമാവശ്യപ്പെട്ടു. ഇന്ത്യയിൽ ചേരാനുള്ള Instruments of Accession ഒപ്പിട്ടെങ്കിൽ മാത്രമെ സഹായിക്കുകയുള്ളു എന്ന് ഇന്ത്യ അറിയിച്ചു. അതുകൂടാതെ കശ്മീരിലെ ശക്തനായ നേതാവും ഇന്ത്യ അനുകൂല നേതാവും ആയ ഷെയ്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ ഒരു ഇടക്കാല സർക്കാരിന് ഭരണം കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ജനഹിത പരിശോധനയിലൂടെ ഇന്ത്യയിൽ ചേരുവാനുള്ള തീരുമാനത്തിന് ജനാധിപത്യപരമായ ആധികാരികത നൽകുമെന്നും നെഹ്രു പ്രഖ്യാപിച്ചു.
നെഹ്രുവിൻറെ ഹിതപരിശോധന പ്രഖ്യാപനത്തിന് ഇനി പറയുന്ന ന്യായീകരണങ്ങളുണ്ട്.


1. ഇന്ത്യാ പാക് വിഭജനം വരുന്നത് തന്നെ Two Nation Theoryൽ നിന്നാണ്. ഇത് പ്രകാരം മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് പാകിസ്ഥാനുണ്ടാക്കണം.
2. കശ്മീർ പാകിസ്ഥാൻ അതിർത്ഥിയോട് ചേർന്ന് കിടക്കുന്ന, മുസ്ലീം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് തന്നെ പാകിസ്ഥാന് അതിൽ അവകാശവാദമുന്നയിക്കാം. അവിടെ ഒരു ഹിന്ദു രാജാവിൻറെ മാത്രം സമ്മതം മതിയായ പ്രതിരോധമായി വരില്ല. ഇന്ത്യക്കുള്ളിൽ കിടക്കുന്ന ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായ ഹൈദരാബാദും ജുനഗദും പോലെയല്ല ഒരു തർക്ക പ്രദേശമായ, അതിർത്തി രാജ്യമായ, മുസ്ലീം ഭൂരിപക്ഷ കശ്മീർ. അവിടെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അവകാശത്തിനും ഭരണത്തിനും ലെജിറ്റിമസി ലഭിക്കണമെങ്കിൽ ജനങ്ങളുടെ കൺസെൻറ് അഥവാ സമ്മതം വേണം.
3. പാകിസ്ഥാനിലേത് പോലെ മുസ്ലീം ലീഗിന് വേരോട്ടമുള്ള പ്രദേശമല്ല കശ്മീർ. ഒരു മതേതര ജനാധിപത്യ പാർടിയായ, ഇന്ത്യയെയും കോൺഗ്രസ്സിനെയും അനുകൂലിക്കുന്ന, നാഷണൽ കോൺഫറൻസിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ്. അവിടുത്തെ ശക്തനായ നേതാവാണ് ഷേക്ക് അബ്ദുള്ള. മതേതര ഇന്ത്യാ അനുകൂല രാഷ്ട്രീയത്തിന് വേരോട്ടമുള്ള കശ്മീരിൽ ഒരു ഹിതപരിശോധനയിലൂടെ ഇന്ത്യാ അനുകൂല വിധി നേടാനായാൽ കശ്മീർ എന്നെന്നേക്കും ഇന്ത്യയുടേതാകും. പാകിസ്ഥാന് ഒരു അവകാശവാദവും പിന്നീട് സാധ്യമല്ലാതാകും. രാഷ്ട്രീയം കളിക്കാനറിയുന്ന, രാഷ്ട്രീയക്കാരൻറെ കൂർമ്മ ബുദ്ധി തന്നെയാണ് നെഹ്രു കാണിച്ചത്. ചരിത്രവും രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലവും അറിയാത്തവർ നെഹ്രുവിനെ വെറുതെ വിമർശിക്കുമെന്ന് മാത്രം.
അങ്ങനെ രാജാ ഹരി സിംഗ് Instruments of Accessionൽ ഒപ്പു വെക്കുകയും കശ്മീർ ഇന്ത്യയിൽ ചേരുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും കശ്മീരിൻറെ പകുതി പാകിസ്ഥാൻറെ കൈക്കലായിരുന്നു. ജമ്മുവും ശ്രീനഗറും കശ്മീർ താഴ്വരയും ഇന്ത്യ കീഴടക്കി. ശക്തമായ പോരാട്ടത്തിനിടയിൽ ശൈത്യകാലം വന്നതോടെ കശ്മീരിൽ യുദ്ധം അസാധ്യമായി. യുദ്ധം തുടർന്നാൽ അന്താരാഷ്ട്ര ശ്രദ്ധ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ നെഹ്രു വെടി നിർത്തൽ പ്രഖ്യാപിച്ചു. അന്നത്തെ ഇന്ത്യ ഇന്നത്തെ പോലെ സാന്പത്തികമായോ രാഷ്ട്രീയമായോ സാമൂഹികമായോ ഉള്ള സ്ഥിരത നേടിയിട്ടില്ല എന്ന് ഓർക്കണം. പുതിയതായി രൂപം കൊണ്ട് ഇന്ത്യ, പലതരം സമ്മർദ്ദ തന്ത്രങ്ങൾക്കൊടുവിൽ മാത്രം ഇന്ത്യയിൽ ലയിച്ച നാട്ടു രാജ്യങ്ങൾ. ഇവയെ ഒരുമിപ്പിച്ച് നിർത്തണമെങ്കിൽ ശക്തമായ ഒരു കേന്ദ്രവും സൈന്യവും ആത്മവിശ്വാസവും സന്പദ്ഘടനയും ആവശ്യമാണ്. ഇതിനിടയിൽ ഒരു യുദ്ധമോ അന്താരാഷ്ട്ര ഇടപെടലുകളോ ഇന്ത്യക്ക് താങ്ങാനാവില്ല. വിവേകമുള്ള ഒരു ഭരണാധികാരി എന്ന നിലയിൽ യുദ്ധമല്ല ഇന്ത്യയുടെ കെട്ടുറപ്പും ഐക്യവും വളർച്ചയും ആണ് വലുത് എന്ന് നെഹ്രു മനസ്സിലാക്കി. ഇന്ത്യയുടെ ശക്തിയെ പറ്റിയുള്ള അർത്ഥമില്ലാത്ത വീരവാദങ്ങളല്ല, ഇന്ത്യയുടെ യഥാർത്ഥ ദൌർബല്യങ്ങളെ വിവേകത്തോടെ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിച്ച ഭരണാധികാരിയാണ് നെഹ്രു.
ഇനി പറയുന്ന കാര്യങ്ങൾ കശ്മീരും ഇന്ത്യയും തമ്മിലുള്ള ഭരണഘടനാ ബന്ധത്തിൻറെ കാതലാണ്. അതിൻറെ നിയമ വശങ്ങളാണ് പറയുന്നത്.
Instruments of Accession നാട്ടു രാജ്യങ്ങളെ ഇന്ത്യൻ ഡൊമീനിയനിൽ ചേർത്തു എന്നെ ഉള്ളു. ഇന്ത്യൻ ഭരണഘടന നാട്ടു രാജ്യങ്ങൾക്ക് ബാധകമായിട്ടില്ല.
Instruments of Accessionൻറെ ഷെഡ്യൂളിൽ പറയുന്ന വകുപ്പുകളിൽ മാത്രമെ (പ്രതിരോധം, വിദേശകാര്യം, വാർത്താ വിനിമയം) ഇന്ത്യൻ പാർലമെൻറിന് ആ സ്റ്റേറ്റിന് വേണ്ടി നിയമമുണ്ടാക്കാൻ പറ്റു. പോരാത്തതിന് നാട്ടു രാജാക്കന്മാർക്ക് മറ്റനേകം ഇളവുകളുമുണ്ട്. ഇതായിരുന്നു അവസ്ഥ.
നാട്ടു രാജ്യങ്ങളെ ഇന്ത്യയോടൊപ്പം നിർത്തിയതിന് ശേഷം നെഹ്രുവിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ചെയ്തത് വളരെ വിദഗ്ദ്ധമായ കാര്യങ്ങളാണ്.
Instruments of Accession കൊണ്ട് മാത്രം ശക്തമായ ഒരു ഫെഡറേഷൻ ഉണ്ടാക്കാൻ സാധ്യമല്ല. ഓരോ സ്റ്റേറ്റിലെയും വ്യവസ്ഥകൾ വ്യത്യസ്തവും ഭരണം വ്യത്യസ്ത രീതിയിലും ആയിരിക്കും. ഓരോ സ്റ്റേറ്റിനും ഒരു സ്വേച്ഛാതിപതിയുടെ കീഴിൽ കഴിയേണ്ടി വരും. ഇതിന് പരിഹാരം കാണുകയും ലയനം കൂടുതൽ അർത്ഥവത്തും ആകേണ്ടതുണ്ട്.
ഇതിന് ഓരോ പ്രിൻസ്ലി സ്റ്റേറ്റിലെയും രാഷ്ട്രീയ ശക്തികളുടെ കൂറ് നാട്ടുരാജാക്കന്മാരിൽ നിന്ന് പുതിയ അധികാര കേന്ദ്രമായ ഇന്ത്യൻ റിപ്പബ്ലിക്കിലേക്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് പ്രിൻസ്ലി സ്റ്റേറ്റുകളുടെ ഭരണ സംവിധാനം ബ്രിട്ടീഷ് പ്രോവിൻസുകളായിരുന്ന സ്റ്റേറ്റുകളുടേതിന് തുല്യമാക്കേണ്ടതുണ്ട്.
അതിൻറെ ആദ്യപടിയായി ചെറിയ നാട്ടു രാജ്യങ്ങളെ സംയോജിപ്പിച്ച് വലിയ സംസ്ഥാനമാക്കാനുള്ള Merger Agreements ഒപ്പിടാൻ അവരെ പ്രേരിപ്പിക്കുകയായിരുന്നു. രണ്ടോ അതിൽ കൂടുതലോ നാട്ടു രാജ്യങ്ങളെ സംയോജിപ്പിക്കുകയോ അല്ലെങ്കിൽ ചെറിയ നാട്ടു രാജ്യങ്ങളെ തൊട്ടടുത്ത സംസ്താനത്തിൽ ലയിപ്പിക്കുകയോ ആയിരുന്നു പദ്ധതി. എന്നാൽ ഇത്തരം ലയനം നാട്ടുരാജ്യങ്ങളുടെ അഖണ്ഡതയും സ്വയം ഭരണവും ഉറപ്പു നൽകിയ Instruments of Accessionൻറെ ലംഘനമായിരിക്കും. ഈ വൈരുദ്ധ്യത്തെ മറി കടക്കണമെങ്കിൽ തക്കതായ കാര്യ കാരണ സഹിതം നാട്ടുരാജാക്കന്മാരെ ബോധ്യപ്പെടുത്തുകയും, അവരെ തക്കതായ പ്രചോദനങ്ങളിലൂടെ സമ്മതിപ്പിക്കുകയും വേണ്ടതുണ്ട്.
ഇത്തരം ഒരു ലയനം സംഭവിച്ചില്ല എങ്കിൽ ചെറു നാട്ടു രാജ്യങ്ങളുടെ സന്പദ്ഘടന തകരുമെന്നും അത് ഭരണ സ്തംഭനത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്നും പട്ടേലും മേനോനും അവരെ ബോധിപ്പിച്ചു. പല നാട്ടുരാജ്യങ്ങളും തീരെ ചെറുതാണെന്നും, സ്വതന്ത്രമായി നിന്നാൽ അവർക്കാവശ്യമായ വിഭവങ്ങളോ ഉത്പാദനമോ അവർക്കുണ്ടാകില്ല എന്നും, വളരുന്ന ജനസംഖ്യയെ താങ്ങി നിർത്താനാകില്ല എന്നും അവരെ ബോധിപ്പിച്ചു. നാട്ടുരാജ്യങ്ങളിലെ പല നികുതി നിയമങ്ങളും മറ്റും സ്വതന്ത്ര വ്യാപാരത്തെ തടയുന്നതാണെന്നും ഒരു ഐക്യ ഇന്ത്യ രൂപീകൃതമായാലെ അവയെ എടുത്ത് കളയാനാകൂ എന്നും ബോധ്യപ്പെടുത്തി.
Instruments of Accessionന് ശേഷം വന്ന ഈ Merger Agreementsൻറെ നിബന്ധനകൾ താഴെ പറയുന്നവയായിരുന്നു.
1. നാട്ടു രാജാക്കന്മാർ അവരുടെ സ്റ്റേറ്റിൻറെ ഭരണാധികാരം മുഴുവൻ ഇന്ത്യക്ക് അടിയറ വെക്കണം.
2. ഈ അധികാര അടിയറവിന് പകരമായി പല ഉറപ്പുകളും രാജാക്കന്മാർക്ക് നൽകി.
3. സർക്കാരിൽ നിന്നും വർഷാവർഷം ഒരു തുക privy purse എന്ന പേരിൽ രാജാക്കന്മാർക്ക് നഷ്ടപരിഹാരമായി നൽകും.
4. സ്റ്റേറ്റിൻറെ സ്വത്തുക്കൾ കണ്ടെത്തുകയും രാജാക്കന്മാരുടെ സ്വകാര്യ സ്വത്തുക്കൾ കൈവശം വെക്കാനനുവദിക്കുകയും ചെയും.
5. രാജാക്കന്മാരുടെ ടൈറ്റിലുകളും പ്രിവിലേജുകളും നിലനിർത്തും.
6. ആചാരപരമായ പാരന്പര്യ പിന്തുടർച്ചാവകാശം നിലനിർത്തും.
ചെറിയ നാട്ടുരാജ്യങ്ങൾക്ക് Merger Agreements പോലെ തന്നെ വലിയ നാട്ടു രാജ്യങ്ങൾക്ക് Covenants of Merger കൊണ്ട് വന്നു. ഇത് പ്രകാരം വലിയ നാട്ടു രാജ്യങ്ങൾ സംയോജിച്ച് പ്രിൻസ്ലി യൂണിയനുകൾ ഉണ്ടാക്കും. തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരുകൊച്ചി ആയതും ചിത്തിര തിരുനാൾ തിരുകൊച്ചിയുടെ രാജപ്രമുഖ് ആയതും ഈ കവനെൻറ് പ്രകാരമാണ്. ഇവിടെയും അധികാരം അടിയറ വെച്ച് പകരം പ്രിവി പഴ്സ് കോന്പെൻസേഷനായി കൈപറ്റും.
ഇങ്ങനെ പടിപടിയായാണ് ഇന്ത്യയിൽ ജനാധിപത്യം വളർന്നത്. പടിപടിയായാണ് ഇന്ന് കാണുന്ന ഇന്ത്യ രൂപീകൃതമായത്. ധിഷണാശാലികളായ ഒട്ടനേകം നേതാക്കന്മാരുടെ അർപ്പണവും ത്യാഗവും ലക്ഷ്യബോധവും സഹിഷ്ണുതയും കൊണ്ട് കെട്ടി പടുത്തതാണീ രാജ്യം. ഇതിൻറെയെല്ലാം ഓരോ ഘട്ടത്തിലും ഒറ്റുകാരുടെ മാത്രം വേഷമിട്ടയാളുകളുടെ പിൻമുറക്കാർ വന്നിട്ടാണ് നെഹ്രുവിനെ പോലുള്ള മഹാരഥന്മാരെ പഴിക്കുന്നത്. നെഹ്രു പടുത്തുയർത്തി ശക്തമാക്കിയ ഇന്ത്യയുടെ ഇന്നത്തെ ശക്തി കണ്ടിട്ടാണ് അവർ എന്ത് കൊണ്ട് നെഹ്രു പാകിസ്ഥാനെ സൈനികമായി നേരിട്ടില്ല എന്ന് ചോദിക്കുന്നത്.
ഇവിടെ മനസ്സിലാക്കേണ്ട അതി പ്രധാനമായ കാര്യം Merger Agreements/Covenants of Merger പ്രകാരമാണ് നാട്ടു രാജ്യങ്ങളുടെ സ്വയം ഭരണാവകാശം നഷ്ടപ്പെട്ടതും, ഇന്ത്യയിൽ പൂർണ്ണമായി ലയിച്ചതും, ഇന്ത്യൻ ഭരണഘടന നാട്ടു രാജ്യങ്ങൾക്ക് ബാധകമായതും.
എന്നാൽ ജമ്മു കശ്മീർ മെർജർ അഗ്രീമെൻറിലോ കവനെൻറിലോ ഒപ്പു വെച്തിട്ടില്ല. Instruments of Accessionൽ മാത്രം ഒപ്പുവെക്കുകയും വിദേശകാര്യം വാർത്താവിനിമയം പ്രതിരോധം എന്നീ വകുപ്പുകൾ ഒഴികെ മറ്റെല്ലാ കാര്യത്തിലും സ്വയം നിർണ്ണയാവകാശം നിലനിർത്തുകയുമാണ് കശ്മീർ ചെയ്തത്.
1956ലെ States Reorganization Actൽ ജമ്മു കശ്മീരിൻറെ പേരും അതിർത്തിയും അതു പോലെ നിലനിർത്തുകയാണ് ചെയ്തത്. കവനെൻറിൽ ഒപ്പിടാത്തിടത്തോളം ഈ രണ്ട് കാര്യങ്ങളും മാറ്റാൻ ഇന്ത്യൻ പാർലമെൻറിന് ആകില്ല.
Instruments of Accessionലെ വ്യവസ്ഥകൾ മാനിച്ചു കൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ 370ാം വകുപ്പ് കശ്മീരിന് പ്രത്യേക പദവി നൽകുന്നത്. Part B സ്റ്റേറ്റുകളുടെ ഭരണകാര്യങ്ങൾ വിവരിക്കുന്ന 238ാം വകുപ്പ് 1956ൽ എടുത്ത് കളഞ്ഞെങ്കിലും 238ാം വകുപ്പ് Part B സ്റ്റേറ്റുകളുടെ കൂട്ടത്തിൽ പെടുന്ന ജമ്മു കശ്മീരിന് ബാധകമല്ല എന്ന് 370ാം വകുപ്പിൽ ആദ്യമേ പറഞ്ഞിട്ടുണ്ട്.
പ്രസിഡൻറിൻറെ ഒരു നോട്ടിഫിക്കേഷനിലൂടെ 370ാം വകുപ്പ് തന്നെ എടുത്ത് കളയാം എന്ന് 370(3)ൽ പറയുന്നുണ്ടെങ്കിലും, അതേ ഉപവകുപ്പിൻറെ ബാക്കിയായി പറയുന്നത് ജമ്മു കശ്മീരിലെ Constituent Assembly 370ാം വകുപ്പ് എടുത്ത് കളയണം എന്ന് ഇന്ത്യൻ പ്രസിഡൻറിനോട് ശുപാർശ ചെയ്തെങ്കിൽ മാത്രമേ പ്രസിഡൻറിന് ഇത് എടുത്ത് കളയാനാകൂ.
Article 370(3) :- Notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify:
Provided that the recommendation of the Constituent Assembly of the State referred to in clause (2) shall be necessary before the President issues such a notification.
Instruments of Accessionൻറെ ബേസിക് ഫീച്ചർ ആണ് കശ്മീരും ഇന്ത്യൻ ഡൊമീനിയനും തമ്മിൽ ഉള്ള ഇത്തരം ബന്ധം. അതായത് 370ാം വകുപ്പ് ഇന്ത്യൻ പാർലമെൻറിന് ഏകപക്ഷീയമായി എടുത്ത് കളയാനാകില്ല. ജമ്മു കശ്മീരിൻറെ Constituent Assembly അത്തരം ഒരു ശുപാർശ പ്രസിഡൻറിനോട് നടത്തിയിട്ടില്ല. Constituent Assembly പിന്നീട് പിരിച്ച് വിടുകയും ചെയ്തു. അത്തരം ഒരു ശുപാർശ ഇനിയൊട്ട് സാധ്യവുമല്ല. അത് കൊണ്ട് തന്നെ നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ 370ാം വകുപ്പ് ഒരിക്കലും മാറ്റാനാവില്ല. ലോക് സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുണ്ടായത് കൊണ്ടൊന്നും കാര്യമില്ല. ഭരണഘടനയുടെ 368 വകുപ്പ് പ്രകാരം ഭരണഘടന ഭേദഗതി ചെയ്ത് 370ാം വകുപ്പ് എടുത്ത് കളഞ്ഞാൽ അത് Instruments of Accessionൻറെ അടിസ്ഥാന തത്വം തന്നെ അട്ടിമറിക്കപ്പെടും. അപ്പോൾ 370 വകുപ്പ് ഭരണഘടനയുടെ ബേസിക് ഫീച്ചറാണെന്നും അത് ഭേദഗതി ചെയാനാകില്ല എന്നും ജുഡീഷ്യറിക്ക് നിലപാടെടുക്കേണ്ടി വരും.
370ാം വകുപ്പ് ഒരു Notwithstanding ക്ലോസ് ആണ്. Notwithstanding anything in thisConstitution, എന്നാണ് അത് തുടങ്ങുന്നത്. അതായത് 368ാം ആർടിക്കിൾ പ്രകാരമുള്ള പാർലമെൻറിൻറെ ഭേദഗതിക്കുള്ള അധികാരം 370ന് മുകളിൽ വരുന്നില്ല. 370 എങ്ങനെ എടുത്ത് കളയണമെന്ന് ആ വകുപ്പിൽ തന്നെ പറയുന്നത് പ്രകാരം മാത്രമെ അത് കളയാൻ സാധിക്കു. ആ മാർഗ്ഗമാകട്ടെ ഇപ്പോൾ ലഭ്യവുമല്ല. കാരണം കശ്മീരിൻറെ കോൺസ്റ്റിറ്റ്വൻറ് അസ്സംബ്ലി പിരിച്ചു വിട്ടു. അതു കൊണ്ട് തന്നെ ഫലത്തിൽ ഇതൊരു പെർമനെൻറ് പ്രൊവിഷനാണ്.
Post courtesy : Abhinand Muraleedharan
Comments

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>