Category Archives: ഓര്‍മ്മകള്‍

അവൾ_ഒരു_രാജ്യമാകുന്നു.

യാത്രാക്ഷീണം കൊണ്ടാണോ അതോ അകത്തെ സൗകര്യവും വൃത്തിയും കൊണ്ടാണോ എന്നറിയില്ല, അപരിചിതമായ ദേശത്തിലെ ആ മുറി വളരെ പെട്ടെന്ന് തന്നെ ഞങ്ങൾക്ക് ചിരപരിചിതമായി അനുഭവപ്പെട്ടു. ട്രാവൽ ബാഗിൽ നിന്ന് അന്നത്തെ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ പുറത്തു വെക്കുന്നതിന്റെ ഇടയിലാണ് ഞാൻ ബിഹേവിയറൽ സയൻസിന്റെ ആ പുസ്തകം ടിപോയിലേക്ക് വച്ചത്. ദി സോഷ്യൽ ആനിമൽ – ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന സൈകൊളോജിസ്റ്റായ എലിയറ്റ് ആരോൻസണിന്റെ എഴുത്താണ്.

Read more »

സഖാവ് <3

മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള ഇടയ്ക്കെപ്പോഴോ വന്നുപോയ സിഗ്നലിനൊപ്പം ഫോണിൽ കയറിയതാണ് ആ മെസ്സേജ്. പലരും അയച്ചു. ഒരേ കണ്ടെന്റ്.

സൈമൺ ബ്രിട്ടോ…

അപ്രതീക്ഷിതമായ വാർത്ത. കൂടെ വലിയ സങ്കടവും കഴിഞ്ഞ മൂന്ന് നാല് മാസമായി ഓർക്കുന്നതാണ് അദ്ദേഹത്തെ ഒന്നു പോയി കാണാൻ. നാളെ നാളെയെന്ന് പറഞ്ഞ് നീക്കി വച്ചതാണ്.

ഉത്തരഭൂമിയിലൂടെ യുടെ പ്രസിദ്ധീകരണ വഴികളിലാണ് 2018 ഫെബ്രുവരിയിൽ ഞാൻ ആദ്യമായി സഖാവ് സൈമൺ ബ്രിട്ടോയെ കാണുന്നത്. പുസ്തകം പ്രകാശനം ചെയ്യാൻ സഖാവിനെ ക്ഷണിക്കാൻ കൈരളി ബുക്ക്സിന്റെ അശോകൻ സാർ ശരിയാക്കി തന്ന ഒരു മീറ്റിങ്. സഖാവിന്റെ വടുതലയുള്ള വീട്ടിൽ. പബ്ലിഷിംഗ് തീർന്നിട്ടില്ലാത്തതിനാൽ A4 ഷീറ്റിൽ പ്രിന്റ് എടുത്ത ഉത്തരഭൂമിയുടെ കണ്ടന്റ് കൊണ്ടാണ് ഞാൻ പോകുന്നത്. അരമണിക്കൂർ കൊണ്ട് പോയി വരാം എന്ന ഉദ്ദേശത്തിൽ പോയ ഞാൻ അന്ന് ആ മനുഷ്യന്റെ ബെഡിനരികിൽ സംസാരിച്ചിരുന്നത് അരദിവസമാണ്.

രണ്ട് ദിവസം കഴിഞ്ഞ് ഉത്തരഭൂമിയുടെ ഞാൻ കൊടുത്ത പേപ്പർ പ്രിന്റ് വായിച്ചു തീർത്ത ശേഷം സഖാവ് എന്നെ വിളിച്ചു. എഴുത്തിനെ പറ്റി കുറെ സംസാരിച്ചു. ആ ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു ചോദ്യം ചോദിച്ചു സഖാവ്.
എടാ നിന്നേം നിന്റെ ആ നാല് കൂട്ടുകാരേം വച്ച് ഞാൻ ഒരു നോവൽ എഴുതിക്കോട്ടെ…

അത് കഴിഞ്ഞ് പ്രകാശന ചടങ്ങിന്റെ ഓരോ കാര്യത്തിലും അദ്ദേഹം ഇടപെട്ടു കൊണ്ടേയിരുന്നു.

എടാ പരിപാടിക്ക് അധ്യക്ഷനായി തോമസ് ജോസഫിനെ കൊണ്ടു വരാം. ഞാൻ വിളിച്ചു പറയാം.

പരിപാടിക്ക് ആരൊക്കെ സ്റ്റേജിൽ ഇരിക്കുന്നുണ്ട്. എത്ര നേരം ഓരോരുത്തരും പ്രസംഗിക്കണം എന്നൊക്കെ നേരത്തെ അവർ ഓരോരുത്തരോടും വിളിച്ച് പറയണം.

ചടങ്ങില് നന്ദി പറയേണ്ടത് നീയാണ്. അത് മുന്നേ പഠിച്ചു വെക്കണം.

അങ്ങനെ എന്തെങ്കിലും പറഞ്ഞ് സഖാവ് വിളിക്കും. എന്നിട്ട് പറയും നിനക്ക് ഇതൊന്നും പരിചയമില്ലാത്തൊണ്ടാ ഞാൻ പറഞ്ഞു തരുന്നതെന്ന്.

Read more »

പ്രതീക്ഷയുടെ നാഗാലാ‌‍ന്‍ഡ് കാഴ്ച

ഓഗസ്റ്റ് പതിനഞ്ചാണ്. അപ്പോൾ എത്തി നിൽക്കുന്നത് നാഗാലാൻഡിലെ ലോങ്വയിൽ.
താമസിക്കുന്നത് മ്യാൻമാർ ഇന്ത്യ ബോർഡിൽ ഉള്ള ഒരു കുന്നിൻമുകളിലെ ഗസ്റ്റ്ഹൗസിൽ. പട്ടാളക്യാമ്പുകൾ അടുത്താണ്. ലോങ്വാ ഗ്രാമത്തിന്റെ രാജാവിന്റെ വസതിക്ക് എതിർവശത്താണ് ഞങ്ങളുടെ ഗസ്റ്റ്ഹൗസ്. മുന്നിലുള്ള സ്ഥലത്താണ് രണ്ട് രാജ്യങ്ങളുടെയും പട്ടാളവും ഗ്രാമവും ചേർന്ന് നടത്തുന്ന സ്വതന്ത്രദിന പരിപാടി നടക്കുന്നത്. ടിവിയും കമ്പ്യൂട്ടറും മൊബൈലും മസ്‌തിഷ്‌ക്കങ്ങളെ ആക്രമിച്ചു തുടങ്ങിയിട്ടില്ലാത്ത നാടാണ്. അതുകൊണ്ട് തന്നെ കുട്ടികളും മുതിർന്നവരുമായി നല്ല കാഴ്ചക്കാരുണ്ട് പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ.

രാജാവിന്റെ വീടിന്റെ അടുത്തുള്ള വഴിയരികിൽ ഒരു സ്ത്രീയും അവരുടെ അഞ്ചോ ആറോ വയസോളം പോന്ന മകളും ചേർന്ന് പലതരം കരകൗശലവസ്തുക്കളും മാലകളും പ്രതിമകളും നിരത്തി വച്ച് കൊണ്ടിരിക്കുന്നുണ്ട്. മരത്തിലും ലോഹത്തിലും തീർത്ത സ്ത്രീപുരുഷ രൂപങ്ങൾ നാഗാലാൻഡിൽ ലഭ്യമാകുന്ന ഷോപീസ് വസ്തുക്കളിൽ പ്രധാനപെട്ടതാണ്. അത് നോക്കാനായി ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. കൈ പ്രതിമ ജോടികൾക്ക് നേരെ ചൂണ്ടിയപ്പോൾ തന്നെ അവർ വില പറഞ്ഞു.

“തൗസൻഡ് ഫൈവ് ഹന്ദ്രഡ്.”
അവർ അത് പറഞ്ഞു കൊണ്ടിരുന്നു.

വേണോ വേണ്ടയോ എന്ന എന്റെ ചിന്തകൾക്കിടയിൽ അവർ വേറെയെന്തോ ആലോചിക്കുന്നത് പോലെ എനിക്ക് തോന്നി. പെട്ടെന്ന് അവരിൽ നിന്നും ആ വാക്ക് പുറത്ത് വന്നു.
” ഡിസ്‌കൗണ്ട്.!!! ”

നാക്കിന്റെ തുമ്പിൽ തത്തി കളിച്ച വാക്കിനെ പരതി പിടിച്ചതിന്റെ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു. വില കുറച്ച് തരാമെന്ന് എന്നെ അറിയിക്കാനായി അവർ ഡിസ്‌കൗണ്ട് ഡിസ്‌കൗണ്ട് എന്ന് ആവർത്തിച്ചു പറയുന്നുമുണ്ട്. അങ്ങനെ പരതി കിട്ടിയ വാക്കിന്റെ ബലത്തിൽ പ്രതിമ വില 800 രൂപ വരെയെത്തി. വേണോ വേണ്ടയോ എന്ന സംശയത്തിന്റെ ഇടനാഴിയിൽ ശങ്കിച്ചു നിൽക്കുമ്പോൾ വെറുതെ പോക്കറ്റിൽ നോക്കി. പേഴ്സ് ഇല്ല. കൂടെയുള്ളവരുടെ കയ്യിലെ 2000ത്തിന്റെ കളർഫുൾ നോട്ടിന് ബാക്കി തരാൻ അവരുടെ കൈയിൽ പണവുമില്ലായിരുന്നു.

Read more »