പ്രതീക്ഷയുടെ നാഗാലാ‌‍ന്‍ഡ് കാഴ്ച

ഓഗസ്റ്റ് പതിനഞ്ചാണ്. അപ്പോൾ എത്തി നിൽക്കുന്നത് നാഗാലാൻഡിലെ ലോങ്വയിൽ.
താമസിക്കുന്നത് മ്യാൻമാർ ഇന്ത്യ ബോർഡിൽ ഉള്ള ഒരു കുന്നിൻമുകളിലെ ഗസ്റ്റ്ഹൗസിൽ. പട്ടാളക്യാമ്പുകൾ അടുത്താണ്. ലോങ്വാ ഗ്രാമത്തിന്റെ രാജാവിന്റെ വസതിക്ക് എതിർവശത്താണ് ഞങ്ങളുടെ ഗസ്റ്റ്ഹൗസ്. മുന്നിലുള്ള സ്ഥലത്താണ് രണ്ട് രാജ്യങ്ങളുടെയും പട്ടാളവും ഗ്രാമവും ചേർന്ന് നടത്തുന്ന സ്വതന്ത്രദിന പരിപാടി നടക്കുന്നത്. ടിവിയും കമ്പ്യൂട്ടറും മൊബൈലും മസ്‌തിഷ്‌ക്കങ്ങളെ ആക്രമിച്ചു തുടങ്ങിയിട്ടില്ലാത്ത നാടാണ്. അതുകൊണ്ട് തന്നെ കുട്ടികളും മുതിർന്നവരുമായി നല്ല കാഴ്ചക്കാരുണ്ട് പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ.

രാജാവിന്റെ വീടിന്റെ അടുത്തുള്ള വഴിയരികിൽ ഒരു സ്ത്രീയും അവരുടെ അഞ്ചോ ആറോ വയസോളം പോന്ന മകളും ചേർന്ന് പലതരം കരകൗശലവസ്തുക്കളും മാലകളും പ്രതിമകളും നിരത്തി വച്ച് കൊണ്ടിരിക്കുന്നുണ്ട്. മരത്തിലും ലോഹത്തിലും തീർത്ത സ്ത്രീപുരുഷ രൂപങ്ങൾ നാഗാലാൻഡിൽ ലഭ്യമാകുന്ന ഷോപീസ് വസ്തുക്കളിൽ പ്രധാനപെട്ടതാണ്. അത് നോക്കാനായി ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. കൈ പ്രതിമ ജോടികൾക്ക് നേരെ ചൂണ്ടിയപ്പോൾ തന്നെ അവർ വില പറഞ്ഞു.

“തൗസൻഡ് ഫൈവ് ഹന്ദ്രഡ്.”
അവർ അത് പറഞ്ഞു കൊണ്ടിരുന്നു.

വേണോ വേണ്ടയോ എന്ന എന്റെ ചിന്തകൾക്കിടയിൽ അവർ വേറെയെന്തോ ആലോചിക്കുന്നത് പോലെ എനിക്ക് തോന്നി. പെട്ടെന്ന് അവരിൽ നിന്നും ആ വാക്ക് പുറത്ത് വന്നു.
” ഡിസ്‌കൗണ്ട്.!!! ”

നാക്കിന്റെ തുമ്പിൽ തത്തി കളിച്ച വാക്കിനെ പരതി പിടിച്ചതിന്റെ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു. വില കുറച്ച് തരാമെന്ന് എന്നെ അറിയിക്കാനായി അവർ ഡിസ്‌കൗണ്ട് ഡിസ്‌കൗണ്ട് എന്ന് ആവർത്തിച്ചു പറയുന്നുമുണ്ട്. അങ്ങനെ പരതി കിട്ടിയ വാക്കിന്റെ ബലത്തിൽ പ്രതിമ വില 800 രൂപ വരെയെത്തി. വേണോ വേണ്ടയോ എന്ന സംശയത്തിന്റെ ഇടനാഴിയിൽ ശങ്കിച്ചു നിൽക്കുമ്പോൾ വെറുതെ പോക്കറ്റിൽ നോക്കി. പേഴ്സ് ഇല്ല. കൂടെയുള്ളവരുടെ കയ്യിലെ 2000ത്തിന്റെ കളർഫുൾ നോട്ടിന് ബാക്കി തരാൻ അവരുടെ കൈയിൽ പണവുമില്ലായിരുന്നു.
” വേണ്ട ” ഡീൽ ക്യാൻസൽ ചെയ്ത് ഞാൻ തിരിച്ചു നടന്നു.

പിന്നീട് സ്വാതന്ത്രദിനാഘോഷവും അതുമായി ബന്ധപ്പെട്ട വോളിബാൾ മത്സരവും ബഹളങ്ങളും അവസാനിച്ച ശേഷമാണ് നരച്ചു കിടക്കുന്ന ആ നാഗാ പകലിലേക്ക് ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയത്. ഓലമേഞ്ഞ പഴയ നാഗാ തലവേട്ടക്കാരുടെ കുടിലുകളും, മുഖം നിറയെ ടാറ്റുവരച്ച മനുഷ്യരുടെ അവസാന തലമുറയിലെ പ്രതിനിധികളെയും, നിലയ്ക്കാത്ത ആരവങ്ങൾ മുഴങ്ങുന്ന ഫുട്ബാൾ മൈതാനവും കണ്ട് മുന്നോട്ട് നടക്കുമ്പോഴാണ് വീണ്ടും മറ്റൊരു പ്രതിമകടയുടെ മുന്നിൽ എത്തിയത്. 2000 രൂപയാണ് നേരത്തെ കണ്ട അതെ പ്രതിമയ്ക്ക് അയാൾ ഇട്ട വില. പുറത്തേക്കിറങ്ങി നടന്നു. മനോഹരമായ ആകാശത്തിനപ്പുറം മുക്കോലിപ്പിച്ച് നടക്കുന്ന കുട്ടികളും, തുറിച്ചുനോക്കുന്ന ഗ്രാമവാസികളും , പട്ടാളക്യാമ്പിലേക്ക് പോകുന്ന വണ്ടികളും മാത്രമാണ് ലോങ്വായുടെ ഗ്രാമവഴികളിലെ കാഴ്ചകൾ. അരുണാചൽ പ്രദേശിന്റെ ബോർഡർ വരെ ഒരു രണ്ട് മൂന്ന് കിലോമീറ്റർ അങ്ങനെ നടന്നു.

തിരികെ വന്നപ്പോഴും ഉച്ച വെയിലിൽ ആ മൈതാനത്ത് ഫുട്ബോൾ മത്സരം അനന്തമായി നടന്നുകൊണ്ടിരിക്കുകയാണ്. മഴ പെയ്ത് ചളികുളമായി കിടക്കുന്ന ഗ്രൗണ്ടിൽ മസിൽ പവറിന്റെ ഫുട്ബാൾ കളിയാണ് നടക്കുന്നത്. കാണാൻ നിറയെ ആളുകളും. കുറച്ചു നേരം അതും നോക്കിയിരുന്നു. കുന്നുകയറി മുകളിലെത്തിയപ്പോഴേക്കും ഓഗസ്റ്റ് 15 അലങ്കാരങ്ങളും തോരണങ്ങളുമടക്കം പരിപാടിക്ക് വേണ്ടി ഒരുക്കിയ സകലതും പട്ടാളക്കാർ എടുത്ത് കൊണ്ട് പോയിരിക്കുന്നു. രണ്ടു മൂന്ന് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതല്ലാതെ വേറെ മനുഷ്യരും ഇല്ല. പക്ഷെ രാജാവിന്റെ വീടിന്റെ വശത്തെ വഴിയരികിൽ അമ്മയില്ലാതെ ആ കൊച്ചുപെൺകുട്ടി മാത്രം അപ്പോഴും അവരുടെ സാധനങ്ങളുമായി കച്ചവടത്തിന് ഇരിപ്പുണ്ട്.

എന്റെ കയ്യിൽ പേഴ്‌സുണ്ട്. ഒന്നുകൂടി വില പേശി വരാം. അമ്മയില്ലല്ലോ അഥവാ ആ പെൺകുട്ടി വീണ്ടും വിലകുറച്ചു തന്നാലോ.
ഞാൻ വീണ്ടും അങ്ങോട്ട് ചെന്നു. പ്രതിമ ജോഡിക്ക് നേരെ കൈ ചൂണ്ടി. അവൾ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി നിന്ന ശേഷം മറ്റൊരിടത്തേക്ക് കൈ ചൂണ്ടി. ആദ്യം മനസിലായിലെങ്കിലും പിന്നെ കണ്ടു എനിക്ക് വേണ്ടി എന്നെ പ്രതീക്ഷിച്ച് അവർ പൊതിഞ്ഞു വച്ചിരിക്കുന്ന രണ്ട് പ്രതിമകൾ.

” അമ്മയെ വിളിക്ക്..” ഞാൻ പറഞ്ഞു.
അവൾ അകലേക്ക് ഓടി പോയി ആ സ്ത്രീയെയും കൂട്ടി വന്നു. ഒരു വലിയ സന്തോഷം കൊണ്ട് വരച്ച ചിരി അവരുടെ മുഖത്ത് ഉണ്ടായിരുന്നു അപ്പോൾ.
ഇതു പോലെ ആരുടെയൊക്കെ പ്രതീക്ഷകളിൽ നമ്മൾ അറിയാതെ നിറഞ്ഞു കിടക്കുന്നുണ്ടാവും. ഒന്നും ചോദിക്കാതെ 850 രൂപ കൊടുത്ത് നിറഞ്ഞ ചിരിയോടെ ആ പൊതി വാങ്ങി ഞാൻ ഗസ്റ്റ് ഹൗസ്സിലേക്ക് നടക്കുമ്പോൾ ഓർത്തത് അതായിരുന്നു.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>