Category Archives: വാക്കിംഗ് & ട്രെക്കിംഗ് - Page 4

ഉത്തരഭൂമിയിലൂടെ – 1

യാത്രകൾ പലപ്പോഴും അങ്ങനെയാണ്. അത് നമ്മളെ ഇങ്ങോട്ട് തേടി വരും…!!!

ഡെറാഡൂണിലേക്കുള്ള ആകാശയാത്രയ്ക്കിടെ ഞാനോർക്കുകയായിരുന്നു; വാരാണസി എന്ന യാത്രാ സ്വപ്നവും പേറി നടന്ന് തീർന്നുപോയ നാലു വർഷങ്ങളെ പറ്റി, ഒടുക്കം ഈ ദീപാവലി സമയം ലക്‌ഷ്യം വച്ച് നടത്തിയ ആലോചനകളെ പറ്റി, അതിനിടയിലേക്ക് ഒരു രാത്രി കയറി വന്ന ചങ്ങാതിമാരെ പറ്റി. തീയതിയടക്കം തീരുമാനിച്ച് ബുക്ക് ചെയ്ത പക്ഷെ അപൂർണ്ണമായ പ്ലാനുള്ള ഒരു യാത്രയുടെ വിമാന ടിക്കറ്റും കയ്യിൽ വച്ച് അവർ എന്നെ അതിലേക്ക് ക്ഷണിച്ചു. ‘ ഒരു ഉത്തരാഖണ്ഡ് യാത്ര’ അവർ അതിനെ വിളിച്ചത് അങ്ങനെയായിരുന്നു. പക്ഷെ എന്റെ മനസ്സിൽ വാരണാസിയായിരുന്നു. എം ടി യുടെ നോവൽ വായന ബാക്കി വച്ചതിനും യുട്യൂബിൽ കണ്ട വീഡിയോകളുടെ പ്രലോഭനത്തിനുമപ്പുറം എന്തോ ഒന്ന് അവിടെ എന്നെ മോഹിപ്പിക്കുന്നുണ്ടായിരുന്നു. ഒടുക്കം അപൂർണമായിരുന്ന അവരുടെ യാത്രാചീട്ടിലേക്ക് ആ പേരു കൂടി ഞാൻ എഴുതി ചേർത്തു. വാരണാസി !!
ആ ലിസ്റ്റ് പലകുറി പിന്നെയും മാറ്റിയെഴുതി. ഒടുക്കം അത് പൂർണത കൈവരിച്ചു.
ഡൽഹി ഡെറാഡൂണിൽ തുടങ്ങി ഋഷികേശ് രുദ്രപ്രയാഗ് ദേവ്താൽ ഹരിദ്വാർ വാരാണസി ആഗ്ര വഴി വീണ്ടും ഡൽഹി.

ജോളി ഗ്രാൻഡ് എയർപോർട്ടിൽ നിന്നും കുറച്ചു മാറിയുള്ള റോഡിൽ ചെന്നാൽ ഋഷികേശിലേക്കുള്ള ബസ് കിട്ടും. 17 കിലോമീറ്റർ ദൂരമേയുള്ളൂ ആ വഴിയിലൂടെ ഋഷികേശിലേക്ക്. എയർപോർട്ടിനു പുറത്ത് വെൽക്കം ടു ഉത്തരാഖണ്ട് എന്ന വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. എന്തോ വലിയ കോളാണെന്നുള്ള തോന്നലു കൊണ്ടാവണം ടാക്സികാർ ഞങ്ങളെ ആർത്തിയോടെ നോക്കി പിന്നാലെ വന്നുകൊണ്ടേയിരുന്നു.

Read more »

വേഴാമ്പലിനെ തേടി…

” ഏറ്റവും കൂടുതൽ വേഴാമ്പലുള്ള സ്ഥലാണ് നെല്ലിയാമ്പതി അറിയോ നിനക്ക്…”
വിബിൻ ഭായ് ചോദിച്ചു.
” ആണല്ലേ…”
” അതെ…”
വിബിൻ ഭായിയുടെ ബുള്ളറ്റ് ഞങ്ങളുടെ സംസാരത്തിനും മീതെ ശബ്ദമുണ്ടാക്കി കൊണ്ട് ചെങ്കുത്തായ കയറ്റം കയറുകയായിരുന്നു അപ്പോൾ.

ഹൈക്കിങ് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന നെല്ലിയാമ്പതിയിൽ ഒരു നൈറ്റ് ക്യാമ്പും ട്രെക്കിങ്ങും അടങ്ങുന്ന പ്രോഗ്രാമിനായുള്ള യാത്രയാണ്. ഞങ്ങൾക്ക് പുറമെ മുപ്പതിലധികം വരുന്ന ഒരു സംഘവുമുണ്ട് പിന്നാലെ.
നെല്ലിയാമ്പതി കേശവപാറയിൽ നിന്നായിരുന്നു പരിപാടിയുടെ തുടക്കം. ചെറിയ ഒരു നടത്തം, കേശവപാറ വ്യൂ പോയിന്റ് വഴി ഉൾക്കാട്ടിലേക്ക്. അവിടെ ഒരു വലിയ മര ചുവട്ടിൽ ആ ഇളം തണുപ്പിൽ
പരസ്പരം പരിചയപ്പെടൽ. ചെറു ചോദ്യങ്ങളായി തുടങ്ങിയ കുശാലന്വേഷണങ്ങൾ അവസാനമില്ലാതെ തുടർന്ന് പോകവേ രാജു ചേട്ടൻ ഊണിന്റെ കാര്യം ഓർമ്മിപ്പിച്ചു. നെല്ലിയാമ്പതി ടൗണിലേക്ക് പോകുന്ന വഴിയിലുള്ള ഐ. ടി. എൽ ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്. മീൻകറിയും മോരും രസവും അടങ്ങിയ രുചികരമായ ഭക്ഷണം വയർ നിറയെ കഴിച്ച് ഒരു ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

തേയിലയും കാപ്പിയും നിറഞ്ഞു നിൽക്കുന്ന വഴികൾ, തോട്ടം തൊഴിലാളികളുടെ കോളനികൾ, കുറെ ചെറിയ ചെറിയ വീടുകൾ, കാൻഡിഡ് ഫോട്ടോയ്ക്ക് വലിയ സാധ്യതയുള്ള ഒരുപാട് മുഖങ്ങൾ, ശരീരത്തെ പുൽകി കടന്നു പോകുന്ന തണുത്ത കാറ്റും.

വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ പാടഗിരിയിലുള്ള ക്യാമ്പിലേക്ക് പ്രവേശിച്ചു. അതൊരു റിസോർട്ടാണ്. അല്ല ആയിരുന്നു. സ്വകാര്യ ഉടമസ്ഥതയിൽ നിന്ന് ഗവൺമെന്റ് ഏറ്റെടുത്തത്, അല്ലെങ്കിൽ ഉടമകൾ തമ്മിലുള്ള തർക്കപരിഹാരവും കാത്ത് കേസിൽ കിടക്കുന്നത്. ആ കെട്ടിടങ്ങൾ പ്രേതഭവനങ്ങളുടെ രൂപഭാവാധികളോടെ ഞങ്ങളെ സ്വാഗതം ചെയ്തു. പ്രധാന റോഡ് ചെന്നവസാനിക്കുന്ന ഒരു വലിയ മുറ്റം, അവിടെ നിന്ന് പല ദിശകളിലേക്കും നീണ്ടു കിടക്കുന്ന പാതകൾ, ആകാശം മുട്ടെ ഉയരമുള്ള മരങ്ങൾ, തുരുമ്പിച്ച ഇരുമ്പു ഗേറ്റ്, തൊട്ടപ്പുറത്തുള്ള ഒരു കാട്ടു ചോലയ്‌ക്ക് കുറുകെ നിർമ്മിച്ച കൈ വരികൾ പൊട്ടിയ പാലം. ഇതിനുമപ്പുറം അല്പം മാറി ഇരുട്ടിൽ കാട് അതിന്റെ വന്യത മനോഹരമായ ഫ്രെയിമുകൾ ഒരുക്കി വച്ചിരിക്കുന്നു. വേഴാമ്പലിനെയും തേടി ഞങ്ങൾ ആ കാട്ടു പാതയിലൂടെ നടക്കാനിറങ്ങി. ജീപ്പ് പോകാറുള്ള വഴിയാണ്. അധികം പഴക്കമില്ലാത്ത ആന പിണ്ടവും കണ്ടു അതെ വഴിയിൽ. ചുള്ളികമ്പുകൾ പെറുക്കി കൂട്ടി പ്ലാസ്റ്റിക് ചാക്കിന്റെ നൂലു കൊണ്ട് പാതയോരത്ത് ആരോ കെട്ടി വച്ചിരിക്കുന്നു. പുറം ലോകവുമായി അത് പോലൊരു നേരിയ നൂൽ ബന്ധം മാത്രമുള്ള മനുഷ്യർ അരികിൽ എവിടെയോ ഉണ്ടെന്നർഥം. കൂറ്റൻ തടികൾ വഴിയിൽ വീണു കിടക്കുന്നുണ്ട്. അതിനേക്കാൾ വലിയ മരങ്ങൾ കൂസലില്ലാതെ നിൽക്കുന്നതും കണ്ടു. മരങ്ങളിൽ വലിയ തേനീച്ചക്കൂടുകൾ. തത്തയെയും കാട്ടുകോഴിയെയും അണ്ണാനെയും കണ്ടു. പക്ഷെ അന്വേഷിച്ചു വന്ന വേഴാമ്പലിനെ മാത്രം കണ്ടില്ല. ഒരു കാട്ടരുവിക്ക് കുറുകെ ഞങ്ങളുടെ വഴി രണ്ടായി പിരിഞ്ഞു. ഏത് വഴി പോകണം എന്നാലോചിക്കുന്നതിനിടെ കുറെ ദൂരെ പിന്നിൽ നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി. ക്യാമ്പിൽ നിന്നാവണം, ഞങ്ങൾ തിരിച്ചു നടന്നു.

ഞങ്ങൾ തിരികെ ക്യാമ്പിൽ എത്തുമ്പോഴേക്കും രാത്രി കിടക്കാനുള്ള ടെന്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു. ഒപ്പം അടുക്കളയിൽ രാത്രി ഭക്ഷണത്തിനുള്ള ഒരുക്കങ്ങളും.

Read more »

പൂമ്പാറ ബാക്കിയാക്കുന്നത്….!!!

ചാറ്റല്‍ മഴ പെയ്യുന്ന ഉച്ച നേരത്താണ് പൂമ്പാറയിലേക്ക് ഞങ്ങള്‍ ബസ്‌ കയറിയത്. ഞങ്ങളോടൊപ്പം വലിയൊരു ആള്‍ക്കുട്ടവും ബസില്‍ കയറിപ്പറ്റാന്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഈറ്റ കൊട്ടകളും, ചണത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും നൂലിനാല്‍ നിര്‍മ്മിതമായ ചാക്കുകളും, സഞ്ചികളുമൊക്കെയായി അവിടെ കാത്തുനിന്ന ജനക്കൂട്ടം മുഴുവനും ഞങ്ങളുള്‍പ്പെടെ ഒരാളോഴിയാതെ ആ വണ്ടിയില്‍ എങ്ങനെയോക്കെയോ കയറിപ്പറ്റി. വയറു നിറഞ്ഞ സന്തോഷത്തില്‍ ഒരു ഏമ്പക്കവും വിട്ട് ബസ്‌ പതുക്കെ മുന്നോട്ട് നീങ്ങി.
മഴ ചാറി കൊണ്ടിരുന്ന കൊടൈക്കനാലില്‍ നിന്നും അകലേക്ക് പോകുന്തോറും കെട്ടിടങ്ങളും വഴിയോര വാണിഭവും തിരക്കും പതുക്കെ ഇല്ലതായി. പകരം പൈനും, യുക്കാലിപ്പ്റ്റസും, പേരറിയാത്ത അനവധി കാട്ടുമരങ്ങളും റോഡിന്‍റെ ഇരുവശങ്ങളും കയ്യേറി. പാതകളില്‍ ചാറ്റല്‍ മഴയും കോടമഞ്ഞും മാത്രം ബാക്കിയായി.

കൊടൈക്കനാല്‍ ടൌണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്തില്‍ പഴനി മലനിരകളിലാണ് പൂമ്പാറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിലേക്ക് കടക്കാവുന്ന പ്രധാന വഴിക്കരികില്‍ ബസ്‌ നിര്‍ത്തി. അടുത്തു തന്നെയുള്ള ഒരു ചെറിയ കടയില്‍ ഊണിന്റെ തിരക്ക്. വാഴയിലയില്‍ പച്ചരി ചോറും സാമ്പാറും, നല്ല മോരും രസവും. ശേഷം താഴേക്കുള്ള വഴിയിലൂടെ നടന്നു പൂമ്പാറയുടെ ഹൃദയത്തിലേക്ക്.

Read more »