ഒരു വർഷം മുൻപ് നമ്മൾ കണ്മുന്നിൽ കണ്ട, ഒറ്റകെട്ടായി അതിജീവിച്ച നിപ്പയുടെ ദുരന്തകാലത്തെ തികച്ചും ഫിക്ഷണലും റിയലിസ്റ്റിക്കുമായി തിരയിൽ പുനരാവിഷ്കാരിക്കുകയാണ് ആഷിക്ക് അബുവിന്റെ വൈറസ്. മഹാരോഗത്തിനെതിരെയുള്ള നമ്മുടെ അതിജീവനഗാഥ ഒരു ഡോകുമെന്ററിയോ ഡോക്യൂഫിക്ഷനോ ആകാതെ തികച്ചും സിനിമാറ്റിക്കായും അതേ സമയം ദുരന്തകാലത്തെ കൃത്യമായി ഡോക്യുമെന്റ് ചെയ്യ്തും അവതരിപ്പിക്കുന്നു വൈറസ്. അതിജീവനത്തിന്റെ വഴികളെ ഇഴകീറി പരിശോധിക്കുകയോ, അതിരുകവിഞ്ഞ് അഭിനന്ദിക്കുകയോ ചെയ്യാതെ സാധാരണ മനുഷ്യരുടെ ജീവിതകാഴ്ചകൾക്കൊപ്പം നിപ്പകാലത്തെ കൂടി ചേർത്തു വെക്കുകയാണ് സിനിമ.
മെഡിക്കൽ കോളേജ് അന്തരീക്ഷം പരിചയപ്പെടുത്തുന്ന ആദ്യ രംഗം മുതൽ സിനിമ അതിന്റെ അന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെയും കൂടെ കൂട്ടുന്നുണ്ട്. പിന്നെയങ്ങോട്ട് കോട്ടും മാസ്‌ക്കുമിട്ട് ആശുപത്രിക്കുള്ളിലും, പുറത്തും ജീവനക്കാരായും സന്നദ്ധപ്രവർത്തകരായും പ്രേക്ഷകരേയും സിനിമ കാസ്റ്റ് ചെയ്യുന്നു. അങ്ങനെ നമ്മളും സിനിമയും കോഴിക്കോട്ടേക്ക് ചുരുങ്ങുന്നു.
താത്കാലിക ജീവനക്കാർ മുതൽ മന്ത്രി വരെ പലതലത്തിലുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പിന്നെ സാധാരണക്കാരും അടക്കം നിരവധി കഥാപാത്രങ്ങൾ സിനിമയിലുണ്ട്. അനാവശ്യമായ ഇമോഷണൽ രംഗങ്ങളും രോഗഭീതിയും പാടെ ഒഴിവാക്കി കൊണ്ട് എല്ലാ കഥാപാത്രങ്ങളെയും കൃത്യമായി ഉപയോഗിച്ചാണ് വൈറസ് കഥ പറയുന്നത്.
സംവിധാനം തിരക്കഥ സംഗീതം ക്യാമറ തുടങ്ങി
അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരുടെ ക്ലാസ് ഒട്ടും കുറഞ്ഞുപോകാതെ തന്നെ വൈറസിൽ കാണാനുണ്ട്. ആഷിക്ക് അബുവിന്റെ ഏറ്റവും മികച്ച സിനിമയായും വൈറസിനെ കണക്കാക്കാം.
തീർച്ചയായും തീയറ്ററിൽ തന്നെ പോയി കണ്ട് അനുഭവിക്കേണ്ട ചലച്ചിത്ര അനുഭവം.
#വൈറസ്

0 Comments.