ലാൽ ഫാക്ടർ ആഘോഷിക്കപ്പെടുമ്പോൾ

റിലീസ് ദിവസം ആദ്യം ഷോ തന്നെ കണ്ട് പുറത്തിറങ്ങിയ ഉടനെ മനസിൽ തോന്നുന്ന അഭിപ്രായമാണ് ഒരു സിനിമയെ സംബന്ധിച്ച് ഏറ്റവും സത്യസന്ധമായ റിവ്യൂ. കാരണം അതിൽ സിനിമയും പ്രേക്ഷകനും അല്ലാതെ യാതൊരു വിധ ബാഹ്യ ഇടപെടലുകളും ഇല്ല. അതുകൊണ്ട് തന്നെ സിനിമ നമുക്ക്‌ തൃപ്തി തന്നോ ഇല്ലയോ എന്ന് ആ നിമിഷം അറിയാം. പറഞ്ഞുവന്നത് ലൂസിഫറിനെ കുറിച്ചാണ്. ആദ്യപകുതിയിൽ നല്ല ബിൽഡപ്പ് കൊടുത്ത് മുന്നോട്ട് പോയ കഥ സെക്കന്റ് ഹാഫിൽ വില്ലന്മാരെ ഇത്രേം വേഗം കൊന്നുതള്ളി വീട്ടിൽ പോകാം എന്ന ലൈനിലേക്ക് മാറി. പിന്നെ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രത്തിനെ അവസാനം നെടുകെ മറിച്ചിട്ടതും ഒരു ക്ലിഷെ ആയി തോന്നി. മൊത്തത്തിൽ ഒരു ആവറേജ് ഫീൽ. ഒരുമിച്ച് പടം കണ്ട ഞങ്ങൾ 7 പേർക്കും ഇതേ അഭിപ്രായം. എന്നാൽ ഉച്ചയോടെ കഥ മാറി.എങ്ങും പോസിറ്റീവ് റിവ്യൂസ് മാത്രം.

സിനിമയെ റിവൈൻഡ് ചെയ്‌തു തുടങ്ങുന്നത് അങ്ങനെയാണ്. ശരിക്കും ലുസിഫർ ആവറേജാണെന്ന് പറയുന്നവർക്ക് തെറ്റിപോയത് സിനിമയെ പറ്റിയുള്ള അഭിപ്രായം അല്ല. മറിച്ച് മോഹൻലാൽ എന്ന സൂപ്പർ താരത്തിന് ശരാശരി മലയാളീ മനസിലുള്ള വേരുകളെ കുറിച്ചാണ്. ആ വേരുകളെ കുറിച്ചുള്ള ബോധ്യത്തിലാണ് പൃഥ്വിരാജെന്ന സംവിധായകനും ലുസിഫറെന്ന സിനിമയും ആദ്യം വിജയിക്കുന്നത്. നാലു പതിറ്റാണ്ടായി മലയാളിയുടെ സിനിമ ശീലങ്ങളിൽ അറിഞ്ഞോ അറിയാതെയോ മോഹൻലാലുണ്ട്. തലമുറകൾക്ക് അനുസരിച്ച് നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് വിൻസന്റ് ഗോമസിനെയും, സാഗർ ഏലിയാസ് ജാക്കിയെയും, മംഗലശ്ശേരി നീലകണ്ഠനേയും ആടുതോമയെയും, പൂവള്ളി ഇന്ദുചൂഡനെയും, പുലിയൂർ മുരുകനെയും ഇന്നും കണ്ടു കൊണ്ടേയിരിക്കുന്നുണ്ട് ഓരോ മലയാളിയും. വീടിന്റെ നടുമുറിയുടെ വിശാലതയിൽ പ്രീമിയർ ഷോകളായി വരുന്ന പഴയ ലാൽ സിനിമകൾ കണ്ട് ഇതുപോലെയൊരു സിനിമയൊന്നും ഇനിയില്ലല്ലോ എന്നോർത്ത് പോയകാലത്തിനോട് പരിഭവിക്കാറുമുണ്ടാകും അവരിൽ പലരും. മുണ്ടുടുത്ത അല്പം താടിയുള്ള അൽസ്വല്പം തല്ലിപൊളിയായ പഞ്ച് ഡയലോഗുകൾ പറയുന്ന ഒരു ലാലിനെ ഓരോ സിനിമയിലും പ്രതീക്ഷിക്കുന്നുമുണ്ട് അദ്ദേഹത്തിന്റെ ആരാധകവൃന്ദം. ഈ പ്രതീക്ഷകളിലേക്കാണ് പൃഥ്വിയും മുരളിയും കയ്യിലുള്ള ചെറിയ കഥയുമായി നടന്നു തുടങ്ങിയത്.

Lucifer Movie New Poster

രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്നത്തെ രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളെ കുറിച്ചും, ഒരു പ്രമുഖ നേതാവിന്റെ മരണത്തിനു ശേഷം നടക്കുന്ന അധികാര വടംവലികളെ കുറിച്ചും പറയുന്ന ലൂസിഫറിന്റെ പ്ലോട്ട് അത്ര പുതുമ നിറഞ്ഞതോന്നുമല്ല. ആദ്യ മിനുറ്റുകളിൽ തന്നെ വില്ലനെ കാട്ടി തരുന്ന സിനിമ രണ്ടാം പകുതിയിൽ യാതൊരു വിധ ട്വിസ്റ്റോ ടേണോ ഇല്ലാതെ വില്ലനെ വകവരുത്തി അവസാനിക്കുന്നു. ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളാണെങ്കിലും എണ്ണകൂടുതൽ കാരണം ഉപകഥകളിൽ വ്യക്തത കുറവാണ്. അല്ലെങ്കിൽ പറയാതെ വിട്ടിരിക്കുന്നു. പ്ലോട്ടിലും തിരക്കഥയിലുമുള്ള ഈ കുറവുകളെ പൃഥ്വിരാജ് നികത്തിയെടുക്കുന്നത് താരപൊലിമയും റിച്ച് ലൂക്കുള്ള യമണ്ടൻ ഫ്രെയിമുകൾ കൊണ്ടാണ്. എന്നിട്ടും ആവറേജ് അനുഭവം മാത്രം സമ്മാനിക്കുന്ന ഒരു സിനിമയെയാണ് മോഹൻലാൽ എന്ന താരത്തിനെ അതിസമർത്ഥമായി മുന്നിൽ നിർത്തി രാജു ജയിപ്പിച്ചെടുക്കുന്നത്.

ഒരുപക്ഷേ മെയ്ക്കിങിനും താരപൊലിമയ്ക്കും ലാൽ ഫാക്ടറിനുമപ്പുറം അനൗൻസ്മെന്റും ടീസറും തുടങ്ങി ട്രെയിലറും കാരക്ടർ പോസ്റ്റർ ക്യാപെയിനും വരെ ഉൾപ്പെട്ട പ്രൊമോഷൻ വർക്കുകളുടെ കൂടി വിജയമാണ് ലുസിഫർ. സിനിമയെന്താണെന്നും സിനിമയിൽ നിന്ന് എന്ത് പ്രതീക്ഷികണമെന്നും കൃത്യമായി പ്രേക്ഷകരെ പറഞ്ഞു പഠിപ്പിച്ച ട്രെയിലർ കട്ട്സിന് പ്രത്യേക കയ്യടികൾ അർഹിക്കുന്നുണ്ട്. സിനിമയുടെ ബേസിക് പ്ലോട്ട് ഒരു കഥ പോലെ ട്രെയ്ലറിൽ കേട്ട പ്രേക്ഷകന് ട്വിസ്റ്റുകൾക്കും പുതുമകൾക്കും പകരം തീയറ്ററിൽ പൃഥ്വി സമ്മാനിച്ചത് കണ്ടു മറന്ന വിന്റജ് മോഹൻലാലിനെയാണ്. പല പല സിനിമകളിലെ ലാൽ മാനറിസങ്ങളെ പുതിയ ടെക്നോളജികളുടെ സഹായത്തോടെ വിശാലമായ ഫ്രെയിമുകളിൽ സംവിധായകൻ പുനർസൃഷ്ടിച്ചപ്പോൾ പ്രേക്ഷകൻ കഥയും സിനിമയും മറന്ന് ലാലിന്റെ പുറകെ പോയി. അങ്ങനെ ആ ചരിഞ്ഞ തോളിൽ ചാരി പൃഥ്വിയും ലുസിഫറും ബോക്സോഫീസിൽ നിവർന്ന് നിന്നു.

അഭിനയിച്ച സിനിമകളിൽ നിന്നെല്ലാം സിനിമ നിർമ്മാണത്തിന്റെ പാഠങ്ങൾ പഠിക്കാൻ ഇറങ്ങിയ നടനാണ്. എന്നെങ്കിലും താൻ സിനിമയുടെ ബിസിനസ്സ് തീരുമാനിക്കാൻ ശേഷിയുള്ള ഒരു താരമായാൽ തന്റെ പ്രതിഫലം കുറച്ച് ആ പണം സിനിമയുടെ ടെക്നീക്കൽ ക്വാളിറ്റി വർധിപ്പിക്കാൻ കൊടുക്കും എന്ന് പറഞ്ഞ നടനാണ്. അത് പോലെ ഒരാൾ സംവിധാനം ചെയ്യാൻ ഇറങ്ങുമ്പോൾ മികച്ച ക്വാളിറ്റിയുള്ള ഒരു പടം പ്രതീക്ഷിക്കുന്നത് സ്വാഭാവികം. പക്ഷെ ലൂസിഫറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഞാൻ അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്ന വിധമുള്ള സിനിമ എന്നതായിരുന്നു പൃഥ്വിയുടെ എല്ലായിപ്പോഴുമുള്ള ഉത്തരം. ഇന്നിപ്പോൾ സിനിമ കാണുമ്പോൾ മനസിലാകുന്ന കാര്യം സ്ക്രിപ്റ്റിനും മേയ്ക്കിങ്ങിനുമൊപ്പം തീയേറ്ററുകളിൽ ആഘോഷങ്ങൾ തീർക്കുന്ന ലാൽ ഫാക്ടറുകൾ ഏതൊക്കെയാണെന്ന് പൃഥ്വി മനസിലാക്കിയിട്ടുണ്ട് എന്നാണ്. മുണ്ടുടുത്ത, താടി വച്ച കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന ഒരു ലാലേട്ടൻ, റൊമാന്റിക് ഭാവങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നു, പഞ്ച് ഡയലോഗുകൾ, നടത്തങ്ങൾക്കും മാസ്സ് എക്സ്പ്രഷനുകൾക്കും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ഷോട്ടുകൾ. മോഹൻലാലിനെ നിയന്ത്രിതമായി മാത്രം ഉപയോഗിച്ച് ബാക്കി രംഗങ്ങളിൽ അതേ മാസ്സ് ഫീൽ നിലനിർത്തിയ രീതി. ചുരുക്കത്തിൽ മോഹൻലാൽ എന്ന ടൂളിനെ മികച്ച ഔട്ട്പുട്ട് സൃഷ്ടിക്കാൻ സാധിക്കും വിധം ഉപയോഗിച്ചതായി കാണാം.

കഥാഗതിയിൽ ലുസിഫറിനോട് ചെറിയ സാമ്യമുള്ള സാഗർ ഏലിയാസ് ജാക്കി അടക്കം അലിഭായ്‌, ബാബകല്യാണി, തുടങ്ങി നിരവധി സിനിമകൾ ഒരു ബിൽഡപ്പിന് ശേഷം കഥയില്ലാതെ ആക്ഷനിൽ മാത്രം ഒതുങ്ങി പരാജയങ്ങളായി മാറിയിട്ടുണ്ട്. ലാൽ ഫാക്ടറിനെ വേണ്ട രീതിയിൽ പ്രേക്ഷകനിലേക്ക് എത്തിക്കാൻ കഴിയാതെ പോയതാണ് അതിന്റെയൊക്കെ പരാജയ കാരണമെന്ന് ഇന്ന് ചിലപ്പോൾ നിരീക്ഷിക്കുമ്പോൾ മനസിലാക്കാൻ സാധിക്കും. മോഹൻലാലിലെ കോമഡി ചൂഷണം ചെയ്ത് പഴയകാല നോസ്റ്റാൾജിയ സൃഷ്ട്ടിക്കാൻ ഇറങ്ങിയ പെരുച്ചാഴിയുടെ പരാജയ കാരണവും മറ്റൊന്നല്ല.

എന്തു തന്നെയായാലും അർഹിക്കുന്നതിനും മേലെ ഒരു സിനിമയെ ഏത്തിക്കാൻ സാധിക്കുന്ന ലാലിന്റെ സൂപ്പർ സ്റ്റാർഡത്തിൽ ഇനിയും പരീക്ഷണങ്ങൾ നടത്താൻ സംവിധായകന്മാർക്ക് ഊർജം പകരുന്ന വിജയമാണ് ലുസിഫറും പൃഥ്വിരാജും നേടിയിരിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ താരപദവിയും മാനറിസങ്ങളും ചൂഷണം ചെയ്ത് നിർമ്മിക്കപ്പെടുന്ന ഇത്തരം സിനിമകൾ മോഹൻലാൽ എന്ന അതുല്യകലാകാരന് തിരിച്ചു നൽകുന്നത് എന്താണെന്ന ചോദ്യം കൂടി ഈ അവസരത്തിൽ പ്രസക്തമാകുന്നുണ്ട്. ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകൻ പോലും മികച്ച ആക്ഷൻ സീനുകൾ വഴി ലാലിന് അംഗീകാരം നേടികൊടുത്തിട്ടുണ്ടെന്ന് ഓർക്കുക. പണ്ടെങ്ങോ സൃഷ്ട്ടിക്കപ്പെട്ട സീനുകൾ പൊടിതട്ടിയെടുത്ത് പുതിയ രീതിയിൽ അവതരിപ്പിച്ച് കാശും കയ്യടിയും നേടുമ്പോൾ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് അതുല്യനായ ഒരു നടന്റെ കഴിവുകൾ കാണാനുള്ള അവസരങ്ങൾ കൂടിയാണ്.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>