ആഷിക് അബു സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സംവിധായകൻ മധു നാരായണന്റെ, ശ്യാം പുഷ്കരൻ തിരക്കഥയിലൊരുങ്ങിയ കുമ്പളങ്ങി നൈറ്സ് കണ്ട് പുറത്തിറങ്ങിയപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഈ കഴിഞ്ഞ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കണ്ട ജാപ്പനീസ് സിനിമയായ ഷോപ്പ്ലിഫ്റ്റർസാണ്. കുടുംബം എന്ന ആശയത്തെ കുറിച്ചുള്ള പൊതുചിന്തയെ നിരാകരിച്ച് എവിടെ നിന്നൊക്കെയോ എത്തിച്ചേർന്ന മനുഷ്യർ ഒന്നായി ഒരു കുടുംബമായി പാർക്കുന്നുണ്ട് ഹിറോകൂസവിന്റെ ഷോപ്പ്ലിഫ്റ്റർസിൽ. ആ ഒരു ആശയത്തിന്റെ കുറച്ചുകൂടി വിശാലമായതും സൂക്ഷമമായതുമായ കാഴ്ചയാണ് കുമ്പളങ്ങിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. മതവും ജാതിയും കുലമഹിമയും സ്റ്റാറ്റസും ശരീരത്തിന്റെ നിറവും ഉയരവും വണ്ണവും വരെ നോക്കി നിർമ്മിച്ചെടുക്കേണ്ട ഒന്നാണ് കുടുംബമെന്ന പൊതുചിന്തയെ പാടെ നിരാകരിച്ചാണ് സിനിമ സജിയുടെയും അനിയൻമാരുടെയും കഥ വിവരിക്കുന്നത്.
പതുക്കെ ഒഴുകുന്ന കായലോളങ്ങൾ പോലെ സ്ക്രീനിൽ നിന്ന് മനസിലേക്ക് ഒഴുകുന്ന ഒരു സിനിമ. ഒരുപാട് ലെയറുകൾ ഉള്ള സിനിമ. എന്റർടെയിൻമെന്റ് എന്നതിനപ്പുറം ഒരുപാട് പൊതു ചിന്താഗതികളെ പൊളിക്കാൻ ശ്രമിക്കുന്ന സിനിമ. അങ്ങനെ റിയലിസ്റ്റിക് പരിചരണത്തിൽ വന്ന നവനിര മലയാള സിനിമകളെ പറ്റി പറയുന്ന പതിവ് വിശേഷണങ്ങളെല്ലാം തന്നെ കുമ്പളങ്ങി നൈറ്റ്സിനും ചേരുന്നുണ്ട്. സ്വാഭാവികമായ കഥപരിസരം, അതിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ, രസകരമായ സംഭാഷണങ്ങൾ, നല്ല ദൃശ്യഭാഷ, സംഗീതം. അതിൽ പ്രണയമുണ്ട്, ചെറിയ ചെറിയ തമാശകളുണ്ട്. ആസ്വാദനം അവിടെ വച്ച് നിർത്തേണ്ടവർക്ക് നിറങ്ങളിലും സംഗീതത്തിലും അഭിനയ പ്രകടനങ്ങളിലും പൂർണ്ണ തൃപ്തിയടഞ്ഞു തീയറ്റർ വിടാം. പക്ഷെ പല ലയറുകൾ ഉള്ള സിനിമ തീർച്ചയായും സൂക്ഷമവായന ആവശ്യപ്പെടുന്നുണ്ട്.
സിനിമയിൽ രണ്ടു വീടുകളുണ്ട്. ഒന്ന് പരസ്പര സ്നേഹമില്ലാത്ത സജിയുടെയും അനിയൻമാരുടെയും വീട്. ആവശ്യമില്ലാത്ത എന്തിനെയും നാട്ടുകാർ ഉപേക്ഷിക്കുന്ന ഒരു തീട്ടപറമ്പിന്റെ അടുത്തുള്ളത്. അങ്ങനെയുള്ള ഒരു പുറംപോക്കിൽ അവരുടെ ജീവിതവും അങ്ങനെയൊക്കെ തന്നെയാണ്.
രണ്ടാമത്തെ വീട് സമൂഹത്തിന്റെ പൊതുശീലങ്ങൾക്ക് അനുസരിച്ച് നിർമ്മിക്കപ്പെട്ടതാണ്. അച്ഛൻ മരിച്ചു പോയ രണ്ട് പെണ്കുട്ടികളും അവരുടെ അമ്മയും ഉള്ള വീട്. അത് പക്ഷെ ഷമ്മിയുടെ വീടാണ്. അവിടത്തെ മൂത്തമകളുടെ ഭർത്താവാണ് അയാൾ. ആ വീടിന്റെ അധികാരകേന്ദ്രം. കഥപരിസരത്തിന്റെയും കഥാപാത്രങ്ങളുടെയും അതിസൂക്ഷമായ വിശദീകരണങ്ങളിലൂടെ രണ്ടു വീടുകളെയും നല്ലതോ ചീത്തയോ ആയി കാണിക്കാതെയാണ് സിനിമ അതിന്റെ രാഷ്ട്രീയം പ്രേക്ഷകരിലേക്ക് പകരുന്നത്.

സിനിമയുടെ അടുത്ത ഘട്ടത്തിൽ സജിയുടെ വീട്ടിലേക്ക് രണ്ട് പെണ്ണുങ്ങൾ വന്നെത്തുകയാണ്, ഒന്ന് സജി ഓസി ജീവിച്ച തമിഴന്റെ ഭാര്യ, മറ്റൊന്ന് അനിയൻ ബോണിയുടെ ഗേൾഫ്രണ്ട് ഒരു ആഫ്രിക്കക്കാരി. ഷോപ്പ്ലിഫ്റ്റർസിലെ കുടുംബം പോലെ അപരിചിതർ ഒരു കുടുംബമായി പരിണമിക്കുന്ന മാനവികതയുടെ ഏറ്റവും സുന്ദരമായ കാഴ്ചയായി സിനിമ മാറുന്നു.
അതേ സമയം ഷമ്മിയുടെ കുടുംബത്തിൽ ഒരു അധികാരക്രമം രൂപപ്പെടുത്തുകയാണ്.
പെണ്കുട്ടികൾക്ക് ആവശ്യത്തിന് ഫ്രീഡം കൊടുക്കുന്ന കുടുബമാണ് എന്ന് അവകാശപെടുന്ന അയാൾ അനുനയത്തിലൂടെയും, ഭീഷണികളിലൂടെയും വീടിന്റെ അധികാരം പതുക്കെ കയ്യാളുകയാണ്. ഷമ്മിയുടെ വീടിനെ ഒരു രാജ്യമായി സങ്കൽപ്പിച്ചാൽ അവിടത്തെ എല്ലാം തികഞ്ഞ ഫാസിസ്റ്റ് ഭരണാധികാരിയാണ് ഷമ്മി എന്ന് കാണാൻ സാധിക്കും.
ബോബി ബേബി മോൾ പ്രണയത്തിലൂടെ ഈ കുടുംബങ്ങൾ തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാൻ സജിയും ബോബിയും ശ്രമിക്കുമ്പോൾ പൊതുബോധത്തിന്റെ കണ്ണിലെ കുടുംബ മഹിമയും പാരമ്പര്യവും എല്ലാം ഷമ്മിയെ പോലെ പ്രേക്ഷകമനസിലും ഉയർന്നു വരികയാണ്. ഷമ്മി ചെയ്തത് ശരിയെന്ന് പറഞ്ഞവരുണ്ട്. ഷമ്മി ചെയ്ത് പോലെ തന്നെയല്ലേ എല്ലാവരും ചെയ്യുക എന്ന് ഉറക്കെ ചോദിച്ചവരുണ്ട്. പിന്നെയങ്ങോട്ടാണ് അതിശക്തമായ ഒരു പരീക്ഷണത്തിനും ചിന്തയ്ക്കും ശ്യാം പുഷകരനും മധു നാരായണനും വഴിയൊരുക്കുന്നത്. തന്റെ എതിർപ്പുകളെ ഭാര്യയും ഭാര്യാ സഹോദരിയും മറികടക്കുമ്പോൾ അയാളിലെ മെയിൽഷോവനിസ്റ്റ് മാനസിക വൈകല്യം പ്രകടിപ്പിക്കുകയാണ്. നിങ്ങൾ കാണിക്കുന്ന കുടുംബ സ്നേഹം ആണത്വ അഹങ്കാരങ്ങൾ എല്ലാം ഒരു തരം മാനസിക വിഭ്രാന്തിയാണെന്ന ചിന്തയിലേക്ക് സിനിമ അതിന്റെ ക്ലൈമാക്സിനെ ചുരുക്കുകയാണ്.
അതിശക്തമായ സ്ത്രീപക്ഷ നിലപാടുകൾ ഉള്ള സിനിമ കൂടിയാണ് കുമ്പളങ്ങി നെറ്റ്സ്. കാമുകനെ നേർവഴിക്ക് കൊണ്ടു വരുന്ന, പല തന്തയ്ക്ക് പിറക്കൽ പ്രാക്ടിക്കലി പൊസിബിൾ അല്ലെന്ന് പറഞ്ഞ ബേബി മോൾ മുതൽ, ഏത് ടൈപ്പ് ചേട്ടൻ ആണെങ്കിലും അനിയത്തിയെ എടി എന്ന് വിളിക്കരുതെന്ന് പറയുന്ന സിമി. കാമുകനിൽ വിനായകന്റെ സൗന്ദര്യം കാണുന്ന കൂട്ടുകാരി തുടങ്ങി എല്ലാവരും പതിവ് ശ്യാം പുഷകരന്റെ പെണ്ണുങ്ങളെ പോലെ ഉശിരുള്ളവരാണ്.
കുമ്പളങ്ങി നെറ്റ്സ് സംവിധായകന്റെയോ തിരക്കഥകൃത്തിന്റെയോ കാമറമാന്റെയോ താരങ്ങളുടെയോ സിനിമയല്ല. അത് അതിന്റെ പിന്നിലും മുന്നിലും പ്രവൃത്തിച്ച എല്ലാവരുടെയും സിനിമയാണ്. ഒരു നേർകാഴ്ചയാണ്. കൺമുൻപിൽ കാണാൻ സാധിക്കുന്ന ജീവിതമാണ്.

0 Comments.