യുബര്‍ X ഓട്ടോ

” ഡാ നീ പോകുവാണോ…?? ”
കറൻസിരഹിത ഇന്ത്യ മഹാരാജ്യത്തിലെ വിചിത്രമായ കാഴ്ചകളെ കുറിച്ചുള്ള ഞങ്ങളുടെ ദീർഘനേരം സംസാരം പാതിയിൽ നിർത്തി പുറത്തേക്കിറങ്ങിയ എന്നോട് ഉജ്വൽ ചോദിച്ചു.

” അതെ ജംഗ്‌ഷനിൽ നിന്ന് ഇക്കയെ ഒന്ന് കാണണം. പിന്നെ യൂബർ പിടിച്ചു അങ്ങ് പോകാം…. ”
ഞാൻ പാലാരിവട്ടം ജംഗ്ഷനിലേക്ക് നടന്നു. ജംഗ്ഷനിലെ ചായ കടയിൽ ചെന്ന് ഇക്കയോട് തമാശ പറഞ്ഞ്, പുറത്തെ കടയിൽ നിന്ന് ലിജോയ്ക്ക് വേണ്ടി ഒരു കുപ്പി തണുത്ത വെള്ളവും വാങ്ങി യൂബർ കാബിന് അപേക്ഷയും കൊടുത്ത് ഞാൻ പാലാരിവട്ടം ജംഗ്‌ഷനിലെ നിയോൺ വെളിച്ചത്തിന്റെ താഴെ മഞ്ഞു കൊണ്ട് നിന്നു.

യൂബർകാരൻ വിളിച്ചു. സ്വിഫ്റ്റ് ഡിസയറാണ്. അഞ്ചു മിനിറ്റ് കൊണ്ട് എത്തും. ഞാൻ കാത്തു നിന്നു.
വണ്ടി വന്ന് എന്റെ മുന്നിൽ നിന്നു. ഞാൻ കയറാനൊരുങ്ങാവെ ഒന്ന് രണ്ടു പേർ എന്റെ പിന്നിൽ നിന്നും ഓടിയെത്തി. ഡോർ പൂർണ്ണമായും അടയ്ക്കും മുൻപേ അവർ അകത്തേക്ക് കയറി. എന്റെ മടിയിലൂടെ ഡ്രൈവറിന്റെ കഴുത്തിനു പിടിച്ചു.

” നിന്നോടോക്കേ ഇവിടെ വന്ന് ഓട്ടം പിടിക്കരുതെന്നു പറഞ്ഞിട്ടില്ലെടാ #@&#*% ”
അവർ അയാളെ വലിച്ചിറക്കി. അയാൾ പോലീസ് സ്റ്റേഷന്റെ നേർക്ക് ഓടി. പോലീസും ഓട്ടോക്കാരും അയാളും തമ്മിലുള്ള സംസാരം ഞാൻ ദൂരെ നിന്ന് കണ്ടു.

” നിങ്ങളാണോ യൂബർ വിളിച്ചത് ….? ” ഒന്ന് രണ്ട് ചെറുപ്പക്കാർ എന്റെ അടുത്തേക്ക് വന്നു.

” അതെ….”

” ഇവിടേക്ക് വരാൻ പാടില്ലാന്നാണ് പറഞ്ഞേക്കാണത്… ”

“ആര്…?? ”

“ഓട്ടോകാര് തന്നെ….”

ഞാൻ ചിരിച്ചു.

പോലീസും അയാളും ഓട്ടോക്കാരും പിന്നെയും കുറെ നേരം സംസാരിച്ചു. ഒടുവിൽ അയാൾ കാറിനടുത്തേക്ക് വന്നു.

” വാ സാറേ പോകാം…” അയാൾ എന്നോടായി പറഞ്ഞു.

ഞാൻ വീണ്ടും വാതിൽ തുറക്കാനൊരുങ്ങി.

” ഡാ കസ്റ്റമറെയും കൊണ്ട് നീ ഇവിടുന്ന് പോവില്ല. ” – ഒരാൾ

” നിന്നോട് മാത്രം വണ്ടിയും കൊണ്ട് പോകാനാ പറഞ്ഞേ…” – മറ്റൊരാൾ
അയാൾ വണ്ടി മുന്നോട്ടെടുത്തു.

നേരത്തെ ഉണ്ടായിരുന്ന ചെറുപ്പക്കാർക്ക് പകരം വേറെ രണ്ടു പേർ എന്റെ അടുത്തെത്തി.

” ചേട്ടനാണല്ലേ വണ്ടി വിളിച്ചത്…”

” ഉം ”

” അവന്മാരു തേമ്പിയാണ് വിട്ടത്. പുള്ളിടെ മുഖത്ത് പാടുണ്ട്…” അതിലൊരാൾ പറഞ്ഞു.

” ഇതൊക്കെ നാട്ടിൽ കലാപം ഉണ്ടാക്കാൻ വേണ്ടി തുടങ്ങിയ പരിപാടി അല്ലേ..” ചെറുപ്പക്കാരിലെ മറ്റവൻ പറഞ്ഞു.

” എന്ത്..” ഞാൻ ചോദിച്ചു.

” ഈ യുബറും ഓലയും ഒകെ.. അല്ലാതെ ഇവന്മാര് എന്തിനാ നഷ്ടം സഹിച്ചു ഓടിക്കാണെ.. ഇതൊക്കെ കോർപ്പറേറ്റ് കളിയല്ലേ. ഇവിടത്തെ മനസമാധാനം തകർക്കാനാണ് ”
അവൻ താത്വീകമായി അവലോകിക്കാൻ തുടങ്ങിയത് കൊണ്ട് ഞാൻ പതുക്കെ നടക്കാനൊരുങ്ങി.

” അതിന് പുള്ളിക്ക് ഇവിടെ ഓട്ടോ സ്റ്റാൻഡ് ആണെന്നോർത്ത് വരാതിരുന്നാ മതിയാരുന്നു. ” ഒന്നാമത്തെ ചെറുപ്പക്കാരൻ പുതിയ പോയിന്റ് പറഞ്ഞു.

” ഇവിടെ എല്ലാരും ബ്ലൈൻഡ് അല്ലെ, ഈ ചേട്ടൻ ജി.പി.എസ് നോക്കി ഓർഡർ ചെയുന്നു. അവൻ ജി.പി. എസ് നോക്കി വരുന്നു. അവനു അറിയില്ല ഇവിടെ ഓട്ടോ സ്റ്റാൻഡ് ആണോ ബസ് സ്റ്റാൻഡാണോന്ന്..”
ഞാൻ ഏകദേശം ബ്ലൈൻഡ് ആണെന്നത് ഓക്കേ. നട്ടപാതിരയ്ക്ക് പയറു പോലെ കാറും കൊണ്ട് നടക്കുന്ന ആ യൂബർ ചേട്ടൻ ബ്ലൈൻഡ് ആണെന്ന് പറയാൻ ആ ഫ്രീക്കന് എങ്ങനെ തോന്നിയോ ആവോ.

വാട്ടേ ബൂട്ടിഫുൾ പീപ്പിൾ… 😛

ഞാൻ മുന്നോട്ട് നടന്ന് മോബൈലിൽ കുത്തി അടുത്ത യൂബെറിനെ ക്ഷണിച്ചു. ഫോർഡ് ഫിഗോയാണ്. ഡ്രൈവർ വിളിച്ചു. അയാളോട് ലാൻഡ് മാർക്ക് പറഞ്ഞു കൊടുത്ത ശേഷം ഇരുട്ടിന്റെ മറ പറ്റി ഞാൻ കാത്തു നിന്നു.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>