രാത്രിയിലെപ്പോഴോ ഉറക്കം നഷ്ടപ്പെട്ട് കണ്ണുകൾ തുറന്നപ്പോൾ ഏതോ ഒരു കെട്ടിടത്തിന്റെ സമീപത്ത് നിശ്ചലമായി കിടക്കുകയാണ് ഞങ്ങളുടെ തീവണ്ടി. കൃത്യമായ അകലത്തിൽ തൂണുകളുള്ള ആ കെട്ടിടത്തിന്റെ നീളൻ വരാന്തയുടെ പുറത്ത് മഞ്ഞ നിറത്തിൽ ഒരു ബൾബ് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു. ഞാൻ ഗൂഗിൾ മാപ്പിൽ സ്ഥലം നോക്കി. അടുത്ത സ്റ്റേഷൻ കാൺപൂരാണ്. ആഗ്രയിലേക്ക് പിന്നെയുമുണ്ട് മുന്നൂറോളം കിലോമീറ്ററുകൾ. സമയം നാലു മണിയോടടുത്തിരിക്കുന്നു. ഇനിയും എഴുമണിക്കൂറുകൾ കൂടി വേണ്ടി വരുമെന്ന് കണക്കുകൂട്ടിയാൽ ആഗ്രയെത്താൻ പതിനൊന്നു മണി. രാവിലെ ഏഴുമണിക്ക് എത്തേണ്ട ട്രെയിനാണ്. വാരാണസിയുടെ ഓർമ്മകളിൽ മുഴുകിയുള്ള എന്റെ രാവുറക്കത്തിൽ മരുധർ എക്സ്പ്രസ്സും പങ്കുചേർന്നിരിക്കണം, അല്ലാതെ ഇത്രയും വൈകാൻ തരമില്ലല്ലോ. ഞാൻ ഹെഡ്സെറ്റ് ചെവിയിൽ തിരുകി ചെറിയ ശബ്ദത്തിൽ പാട്ടു കേട്ടു കൊണ്ട് ഇരുട്ടിലെ കാഴ്ചകൾ നോക്കി നിന്നു. അതിനിടയിലെപ്പോഴോ വണ്ടിക്ക് ജീവൻ വച്ചു. അത് പതുക്കെ വീണ്ടും ചലിച്ചു തുടങ്ങി.
ഉറക്കം എന്റെ കണ്ണുകളിൽ ഇടയ്ക്കിടെ മിന്നുകയും മറയുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇടയ്ക്കെപ്പോഴോ ഒരു പാലത്തിന്റെ മുകളിൽ നിന്ന് അതിന്റെ താഴത്ത് കൂടി ഒഴുകുന്ന പുഴയെ കണ്ടപ്പോൾ ഞാൻ ഗംഗയെ ഓർത്തു. അവളെ ഞാൻ വാരാണസിയുടെ സ്നാനഘട്ടുകളിൽ ഉപേക്ഷിച്ചിരിക്കുന്നു. ഇനിയുള്ള യാത്രയിൽ എന്നോടൊപ്പം ഗംഗയില്ല. ഞാൻ കണ്ണുകളെ അകലേക്ക് പറഞ്ഞു വിട്ടു. ഇരുട്ടിനെ മായ്ച്ചു കളഞ്ഞുകൊണ്ട് കിഴക്ക് ഒരു പുലരി കൂടി ജനിക്കുകയാണ്. ആ ചെറിയ വെളിച്ചത്തിൽ ഒളിച്ചു നിൽക്കുകയാണ് ഉത്തർപ്രദേശിലെ കൃഷി നിലങ്ങൾ. പതുക്കെ വളരുകയാണ് പകൽ. ഗ്രാമീണ ജീവിതത്തിന്റെ കാഴ്ചകളാണ് ട്രെയിനിന്റെ ജനാലയ്ക്കപ്പുറത്ത്. തീവണ്ടി കമ്പാർട്ട്മെന്റിൽ തിരക്ക് നന്നേ കുറവായിരുന്നു. കൂപ്പെയിലെ സീറ്റുകൾ പലതും ഞങ്ങൾക്ക് സ്വന്തമാണിപ്പോൾ. അപ്പുറത്ത് ജീവിതാനുഭവങ്ങളുടെയും പഴങ്കഥകളുടെയും പങ്കുവെപ്പ് കഴിഞ്ഞ് ട്രൂത്ത് ഓർ ഡെയർ കളിക്കുകയാണ് സുരമ്യയും രമ്യയും റിനിയും മുകുളും. ഓരോരുത്തരെയായി ഹോട്ട് സീറ്റിലിരുത്തി തോന്നിയ ചോദ്യങ്ങൾ ചോദിക്കുന്ന ഒരു തമാശക്കളിയാണത്. ഞാൻ വീണ്ടും ചിന്തകളുടെ കടലിലേക്ക് വള്ളമിറക്കി.
അത്യധികം മടുപ്പിച്ച ഒരു ട്രെയിൻ യാത്രയായിരുന്നു കാൺപൂർ മുതൽ അങ്ങോട്ട്. ചരക്ക് വണ്ടികൾക്ക് വേണ്ടി മുതൽ അതിവേഗ ദീർഘദൂര തീവണ്ടികൾക്ക് വേണ്ടി വരെ ഞങ്ങളുടെ മരുധർ എക്സ്പ്രസ് പാളങ്ങളെ വിട്ടുനൽകി. ജാതീയതയ്ക്ക് ജീവിതത്തിന്റെ മേൽ നല്ല സ്വാധീനമുള്ള മണ്ണിലാണ് ഞാനിപ്പോൾ നിൽക്കുന്നത് അതുകൊണ്ടാവണം വെറുതെ ഒരു സംശയം മനസിലേക്ക് അനുവാദമില്ലാതെ കയറി വന്നത്. സത്യത്തിൽ തീവണ്ടികൾക്കും പോലും ജാതിയുടെ ലേബൽ ചാർത്തിയിട്ടില്ലേ നമ്മൾ ? സവർണ്ണ വരേണ്യ വിഭാഗത്തെ കാണുമ്പോൾ വാ പൊത്തി ഓച്ഛാനിച്ച് പാടവരമ്പിൽ നിന്നും മാറി നിന്ന ആ മനുഷ്യരുടെ അവസ്ഥയിൽ തന്നെയല്ലേ ഞങ്ങളുടെ മരുധറും. ഞാൻ വാതിലിലൂടെ തല പുറത്തേക്കിട്ട് അവന്റെ നീളമളന്നു. ഉത്തർപ്രദേശിലെ പേരറിയാത്ത ഒരു ഗ്രാമത്തിന്റെ വിജനതയിൽ അധികാരികളുടെ ഉത്തരവും കാത്ത് കിടക്കുയാണവൻ. അതെ, എത്രയൊക്കെ നീളത്തിൽ എത്രയൊക്കെ യാത്രക്കാരെയും കൊണ്ട് എത്രയൊക്കെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാലും നിന്നെ സൃഷ്ടിച്ചിരിക്കുന്നതും അദൃശ്യമായ ഒരു മഷിയാൽ നിന്റെ ദേഹത്ത് ചാപ്പകുത്തിയിരിക്കുന്നതും നീ താഴ്ന്നവനാണെന്ന രീതിയിലാണ്. വലിയവന്റെ ദൃഷ്ടി പോലും പതിയാതെ മാറി നില്ക്കാൻ വിധിക്കപ്പെട്ട ഒരു അധകൃതനാണ് നീ. നീണ്ടു കിടക്കുന്ന വഴികളിൽ, പാളങ്ങളിൽ മറ്റു ട്രെയിനുകൾക്ക് വേണ്ടി ഇനിയും നിനക്ക് നിശ്ചലമാകേണ്ടി വരും. കാരണം ജാതീയത ഒരിക്കലും വേർതിരിക്കാനാവാത്ത വിധം ലയിച്ചു കിടക്കുന്ന മണ്ണാണ് നമ്മുടേത്. എന്റെ ചിന്തകളെ ഗൗനിക്കാതെ അവൻ വിജനതയിലേക്ക് തന്നെ കണ്ണും നട്ടിരുന്നു.
നാലരമണിക്കൂർ വൈകിയോട്ടത്തിന്റെ അവസാനം ഞങ്ങൾ തുണ്ഡല ജംഗ്ഷനിലെത്തി. അടുത്ത പ്രധാന സ്റ്റേഷൻ ആഗ്രയാണ്, ആഗ്ര ഫോർട്ട്. അവിടെയാണ് ഞങ്ങൾക്ക് ഇറങ്ങേണ്ടത്. ആഗ്രയ്ക്ക് വേണ്ടി മാറ്റിവച്ചിരുന്ന ദിവസത്തിലെ നാലര മണിക്കൂറുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ട്രെയിൻ ബുക്ക് ചെയുന്നതിന് മുൻപ് അതെത്ര മണിക്കൂറുകൾ വരെ ലേറ്റ് ആവാറുണ്ടെന്നുള്ളത് കൂടി നോക്കേണ്ടതായിരുന്നു. പുതിയ പാഠങ്ങളങ്ങനെ പഠിച്ചു കൊണ്ടേയിരിക്കും ഓരോ യാത്രകൾക്കിടയിലും. തുണ്ഡലയിൽ നിന്നും ഇരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ ആഗ്രയിലെത്തി.
സ്റ്റേഷനിൽ വലിയ തിരക്കൊന്നുമില്ല. സമയം പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു.
ബാക്ക്പാക്കേഴ്സ് പാണ്ട എന്ന് പേരുള്ള ഒരു ഹോസ്റ്റലാണ് ഞങ്ങൾ താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് അരമണിക്കൂർ ദൂരമുണ്ടെന്നാണ് ഗൂഗിൾ ഞങ്ങളോട് പറഞ്ഞത്. ഓട്ടോറിക്ഷകളെ വിട്ട് ഓല ടാക്സി ബുക്ക് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. ബാഗുകളുമായി സ്റ്റേഷന്റെ വാതിൽക്കൽ നിൽക്കുന്ന ഞങ്ങൾക്ക് ചുറ്റും ചോദ്യങ്ങളുമായി ഓട്ടോറിക്ഷാ ഡ്രൈവർമാർ വന്നു കൊണ്ടേയിരുന്നു. എത്രയൊക്കെ തവണ വേണ്ടായെന്നു പറഞ്ഞാലും അവർ ചോദിച്ചു കൊണ്ടേയിരിക്കും. ഈ യാത്രയിൽ കണ്ടതിൽ വച്ച് ശല്യമായി തോന്നിയ ഒരു കാര്യമായിരുന്നു അത്. കുറച്ചു സമയത്തിന് ശേഷമാണ് ഞങ്ങളുടെ ടാക്സി എത്തിയത്.
ഇതു വരെ യാത്ര ചെയ്ത മറ്റു നഗരങ്ങൾ പോലെയല്ല, ഉത്തരപ്രദേശിന്റെ മറ്റൊരു മുഖമാണ് ആഗ്ര. വീതിയേറിയ പാതകൾ. റോഡുകളിലൂടെ ചീറി പാഞ്ഞു പോകുന്ന ആഡംബര വാഹനങ്ങൾ. വലിയ കെട്ടിടങ്ങൾ വൻകിട ഹോട്ടലുകൾ, ബാറുകൾ, അങ്ങനെയെല്ലാം. പൂർണ്ണമായും മുഗൾ രാജവംശത്തിന്റെ ഗരിമ ഇന്നും നെഞ്ചിലേറ്റുന്നുണ്ട് ആഗ്ര.
ഗൂഗിളിന്റെ പ്രവചനം ശരിയായിരുന്നു. ഏകദേശം അരമണിക്കൂർ കൊണ്ട് ഞങ്ങൾ ബാക്ക്പാക്കർസ് പാണ്ടയിലെത്തി. അവരുടെ റിസപ്ഷനിലെ ചടങ്ങുകൾ പൂർത്തിയാക്കി ഞങ്ങൾ ഡോർമേട്രിയിലേക്ക് കയറി. ആറു ബെഡുകൾ ഉള്ള മുറിയിലെ ആറാമൻ ഒരു ഇംഗ്ളണ്ടുകാരനായിരുന്നു. ആഗ്ര സന്ദർശനം പൂർത്തിയാക്കി അടുത്ത ദിവസം വാരാണസിയിലേക്ക് പോകാനായി തയ്യാറെടുക്കുകയാണ് അയാൾ.
വളരെ പെട്ടെന്ന് തന്നെ കുളിച്ചൊരുങ്ങി ഞങ്ങൾ ഭക്ഷണം കഴിക്കാനായി പുറത്തേക്കിറങ്ങി. കഴിഞ്ഞ ദിവസം രാവിലെ വാരാണസിയിൽ നിന്ന് കഴിച്ച ബ്രേക്ക്ഫാസ്റ്റിനു ശേഷം ചെറുപലഹാരങ്ങളും ബിസ്കറ്റുകളും മാത്രമായിരുന്നു ഞങ്ങളുടെ ആഹാരം. അടുത്തുള്ള ഭക്ഷണശാലകൾ തിരഞ്ഞപ്പോൾ അതിൽ സുലഭമായി കാണാം നോൺ വെജ് റസ്റ്ററന്റുകളും ബാറുകളും. ഉത്തർപ്രദേശിന്റെ ശാഠ്യങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന നഗരം കൂടിയാണ് ആഗ്ര. ഒടുവിൽ കഴിഞ്ഞ എട്ടു ദിവസത്തെ വെജിറ്റേറിയൻ ജീവിതം അവസാനിപ്പിക്കാനായി ആഗ്രയിലെ ഒരു കെ.എഫ്.സിൽ കേറാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
ഭക്ഷണം കഴിച്ച ശേഷമുള്ള അടുത്ത ലക്ഷ്യം താജ്മഹലാണ്. ആഗ്രയിൽ വേറെയൊന്നിനും ഞങ്ങൾക്കിനി സമയമില്ല. കെ.എഫ്.സിയുടെ മുന്നിൽ നിന്നു തന്നെ ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ താജ്മഹലിലേക്ക് യാത്ര തിരിച്ചു. അതിവിശാലമായൊരു കെട്ടിടത്തിന്റെ അകത്താണ് ടിക്കറ്റ് കൗണ്ടർ. 40 രുപയാണ് ഇന്ത്യൻ പൗരൻമാർക്കുള്ള ടിക്കറ്റ് നിരക്ക്. പ്രധാന ഗേറ്റിൽ നിന്നും, ആ കെട്ടിടത്തിൽ നിന്നും ഏതാണ്ടൊരു കിലോമീറ്ററോളം ദൂരമുണ്ട് താജ്മഹലിലേക്ക്. പത്തുരൂപ നിരക്കിൽ സഞ്ചാരികളെ അവിടെ എത്തിക്കാനായി ചെറിയ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ വഴിയിൽ സഞ്ചാരികളെ പ്രതീക്ഷിച്ച് കാത്തുനിൽക്കുന്ന കുതിരവണ്ടിക്കാരും സൈക്കിൾ റിക്ഷകളും. കൂടുതലായും വിദേശികളാണ് കുതിരവണ്ടിയുടെ ഉപഭോക്താക്കൾ. ഇരുവശവും മനോഹരമായ പൂക്കൾ നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു. ചുറ്റും ഗൈഡുകളുടെ ബഹളമാണ്. താജിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പഠിച്ച് സന്ദർശകർക്ക് പറഞ്ഞു കൊടുക്കാൻ തയ്യാറായി നില്ക്കുകയാണവർ. അമ്പത് രൂപയൊക്കെ മതിയാവും ഒരു ഗൈഡിന്റെ താജ് വിശദീകരണം കേൾക്കാൻ. വാരാണസിയിൽ നിന്നും ഡൽഹിയിലേക്ക് പോകുന്ന വഴിയിലായതു കൊണ്ടു മാത്രം ഉൾപ്പെട്ടതാണ് താജ്മഹൽ ഞങ്ങളുടെ ലിസ്റ്റിൽ. മാത്രവുമല്ല താജിനെ പറ്റി പഠിക്കുകയെന്നതിനപ്പുറം അതിന്റെ കാഴ്ചകളും ചുറ്റുപാടുകളും വെറുതെയോന്നു കണ്ടു മടങ്ങുകയെന്നത് മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം.

താജ്മഹലിൽ ചെരുപ്പ് അനുവദനീയമല്ല. ഒന്നുകിൽ ചെരുപ്പ് ഇല്ലാതെ കയറുക അല്ലെങ്കിൽ ചെരുപ്പിന്റെ മുകളിലൂടെ ധരിക്കാനുള്ള ഷൂകവർ വാങ്ങുക. ഷൂകവർ വിൽക്കുന്ന ആളുകളെ ആ വഴിയുടെ ഇരുവശങ്ങളിലും ധാരാളമായി കാണാം. അഞ്ചു രൂപയാണ് അതിന്റെ നിരക്ക്. ഞങ്ങൾ എല്ലാവരും ഓരോ ജോഡി കവറുകൾ വാങ്ങി നടപ്പ് തുടർന്നു.
ആ റോഡിലൂടെ നടക്കുമ്പോൾ നേരെ നോക്കിയാൽ കാണാം വിശാലമായ ചുറ്റുമതിലിന്റെ ഇടയിലൂടെ ഉയർന്നു നിൽക്കുന്ന ഗോപുരങ്ങൾ. ഞങ്ങൾ താജിനോട് അടുക്കുകയാണ്. മുഗൾ ചക്രവർത്തിമാരിൽ അഞ്ചാമനായ ഷാജഹാൻ തന്റെ പ്രിയപത്നിക്ക് വേണ്ടി ഉണ്ടാക്കിയ പ്രണയസൗധമെന്ന കുറിപ്പിനൊപ്പം
ചരിത്രപാഠ പുസ്തകങ്ങളിൽ കണ്ട് കണ്ട് മനസ്സിൽ പതിഞ്ഞു പോയ ഒരു ചിത്രമുണ്ട്, നീല ആകാശത്തിന് താഴെയായി മുന്നിലുള്ള ജലാശയത്തിൽ സ്വന്തം രൂപം പ്രതിബിംബിച്ച് കിടക്കുന്ന താജ്. ഇനി മുതൽ എന്റെ ഓർമ്മകൾക്ക് ആ ചിത്രത്തിന്റെ ആവശ്യമില്ല.
കർശനമായ സുരക്ഷപരിശോധകൾ താണ്ടി വേണം താജ്മഹലിന്റെ മുഖ്യകവാടമായ ദർവാസയിലെത്താൻ. ചുവന്ന കല്ലുകൾ കൊണ്ട് നിർമ്മിച്ച കവാടത്തിൽ ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. പിന്നെയും അകത്തേക്ക് കടന്നാൽ കാണാം മനസ്സിൽ സങ്കൽപ്പിച്ചതിനെക്കാൾ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ആ മാർബിൾ കൊട്ടാരം. താജ്മഹലെന്ന വാക്കിന് രാജകൊട്ടാരമെന്നും അർത്ഥമുണ്ട്. ഉദ്യാനങ്ങൾക്കിടയിലൂടെ കനാലിന്റെ ഓരത്ത് കൂടി ഞങ്ങൾ നടന്നു. പിറകിൽ യമുനനദി ശാന്തമായി ഒഴുകുന്നു. താജിന്റെ ഇടതുവശത്തായി ഒരു പള്ളിയുണ്ട്. താജ്മഹലിന്റെ പിറകിൽ നിന്ന് നോക്കിയാൽ ആഗ്രകോട്ടയും നദിക്കക്കരെ പൂർണ്ണമാക്കാൻ സാധിക്കാതെ പോയ കറുത്ത താജ്മഹലിന്റെ അടിത്തറയും കാണാം.
സമചതുരാകൃതിയിലുള്ള ഒരു തറയിലാണ് താജ്മഹല് സ്ഥിതിചെയ്യുന്നത്. അതിന്റെ നാലു മൂലകളിലും ഉയരമുള്ള മിനാരങ്ങളുണ്ട്. കുത്തബ്മിനാറിനെക്കാള് ഉയരമുണ്ട് താജ്മഹലിന്. ഷൂ കവർ അത്രയങ്ങോട്ട് സുഖിക്കാത്തതിനാൽ ചെരുപ്പ് പുറത്ത് അഴിച്ചു വച്ച് ഞാൻ അകത്തേക്ക് കയറി. ഉള്ളിലേക്ക് കടന്നാല് രണ്ടു ശവകുടീരങ്ങള് കാണാം; ഷാജഹാന്റേതും, മുംതാസിന്റെതും. കാണാൻ മാത്രമായി ഒന്നുമില്ലാത്തതിനാൽ ഞാൻ പുറത്തേക്കിറങ്ങി.
പുറത്ത് ഒരു ബെഞ്ചിൽ മറ്റു നാലു പേരെയും കാത്തിരിക്കുമ്പോൾ ഞാൻ ഓർത്തു. മുഗൾ ഭരണകാലത്തെ വാസ്തു വിദ്യയുടെയും കെട്ടിടനിർമ്മാണകലയുടെയും വൈദഗ്ധ്യം വിളിച്ചോതുന്നുണ്ടെങ്കിലും പകരംവെക്കാനില്ലാത്ത പ്രണയ സൗധമെന്ന് ചരിത്രം കൊട്ടിഘോഷിക്കുന്ന താജ്മഹൽ സത്യത്തിൽ എന്താണ് ?
ചരിത്രത്തിന്റെ ഭാഷ കടം കൊണ്ടാൽ, രാജസ്ഥാനിൽ നിന്ന് ഖനനം ചെയ്തെടുത്ത വെള്ള മാർബിൾ കല്ലുകളും, ചൈന, തിബത്ത്, അഫ്ഗാനിസ്ഥാന്, ഈജിപ്ത്, യെമന്, ശ്രീലങ്ക, പേര്ഷ്യ തുടങ്ങിയ രാജ്യങ്ങളില്നിന്ന് വരുത്തിയ പലതരം ലോഹങ്ങളും അമൂല്യങ്ങളായ രത്നങ്ങളും, ഏകദേശം ഇരുപതിനായിരത്തോളം
തൊഴിലാളികളുടെ അധ്വാനവുമുപയോഗിച്ച് ഇരുപത്തിരണ്ടു വർഷം കൊണ്ട് പണിതുയർത്തിയ ഒരു മഹാത്ഭുതമാണത്.
അല്ലെങ്കിൽ തിരുവായ്ക്ക് എതിർവായില്ലാത്ത രാജഭരണകാലത്തെ ഒരു ധൂർത്ത് എന്നും വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം.
പക്ഷെ എനിക്കിഷ്ടം ഒരു ചക്രവർത്തിയുടെ ഏഴാമത്തെ ഭാര്യയോടുള്ള സ്നേഹത്തിന്റെ പേരിൽ മരിക്കാനും, വരിയുടക്കപ്പെടാനും ജീവിതം ഹോമിക്കപ്പെടാനും വിധിക്കപ്പെട്ട തൊഴിലാളികളുടെ കണ്ണുനീരിന്റെ പേരിൽ താജ്മഹലിന്റെ ഓർക്കാനാണ്.
ചുവന്ന മണൽ കല്ലുകൾ കൊണ്ടുണ്ടാക്കിയ ചുറ്റുമതിൽ കടന്ന് പുറത്തേക്ക് നടക്കുമ്പോൾ റിനി അവളുടെ നഷ്ടസ്വപ്നങ്ങളെ കുറിച്ച് പറയുകയായിരുന്നു. ഒരുപക്ഷെ യമുനനദിയിലെ ഓളങ്ങൾക്കും അവിടത്തെ കാറ്റിനും പറയാനുള്ളതും നഷ്ട സ്വപ്നങ്ങളുടെ കഥകൾ തന്നെയായിരിക്കും.
പുറത്തേക്ക് നീളുന്ന വഴിയുടെ വശങ്ങളിൽ ആഗ്ര മധുരപലഹാരങ്ങളും മിഠായികളും വിൽക്കുന്ന കടകളാണ്. കൊച്ചിയിലെ സുഹൃത്തുക്കൾക്കായി കുറച്ചു മിഠായികൾ വാങ്ങിയ ശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു. ഒൻപതു ദിവസത്തെ ഉത്തരഭൂമി യാത്ര അവസാനിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ഈയൊരു വൈകുന്നേരം കൂടിയേ ബാക്കിയുള്ളൂ. പലതും പറഞ്ഞും ആലോചിച്ചും ഹോസ്റ്റൽ വരെ ഞങ്ങൾ നടന്നു.
ഹോസ്റ്റലിലെത്തി ചെറിയൊരു വിശ്രമത്തിനു ശേഷം ഞങ്ങൾ വീണ്ടും തെരുവിലേക്കിറങ്ങി. രാത്രിയുടെ കുപ്പായം അണിഞ്ഞിരിക്കുന്നു ആഗ്ര. വിശാലമായ റോഡിൽ കാൽനട യാത്രക്കാർ തീരെയില്ല. ഇരുട്ടിലേക്ക് നീളുന്ന ഇടവഴികളിൽ പട്ടികൾ ബഹളം കൂട്ടുന്നുണ്ട്. ഒരു ദിവസത്തെ ഇരതേടലിന്റെയും അലച്ചിലിന്റെയും ശേഷിപ്പുകൾ അയവിറക്കി കൊണ്ട് റോഡിന്റെ ഓരങ്ങളിൽ കിടക്കുകയാണ് പശുക്കൾ. ഞങ്ങൾ ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു. വലിയൊരു ഹോട്ടലിൽ കയറി മെനു കാർഡ് നോക്കി തിരിച്ചിറങ്ങി. പിന്നെയും മുന്നോട്ട് നടന്നു. വഴികളും രാത്രിയും അവസാനിക്കാതെ പോയിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു.
അത്ര വലുതല്ലാത്ത ഒരു ഭക്ഷണശാലയിൽ നിന്നും രാത്രി ഭക്ഷണവും കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ഹോസ്റ്റലിന്റെ വാതിലുകൾ അടച്ചു കഴിഞ്ഞിരുന്നു. വാതിലിൽ തട്ടി വിളിച്ചത് ഇഷ്ടമായില്ലായെന്ന മട്ടിലാണ് മധ്യവയസ്കനായ റിസപ്ഷനിസ്റ്റ് ഞങ്ങളോട് പെരുമാറിയത്. അയാളെ ഗൗനിക്കാതെ ഞങ്ങൾ അകത്തേക്ക് നടന്നു.
ഡോർമേട്രിയിൽ തന്റെ ബെഡിലിരുന്ന് ലാപ്ടോപ്പിൽ എന്തോ സിനിമ കാണുകയാണ് ഇംഗ്ലണ്ടുകാരൻ. മടക്കയാത്രക്കുള്ള ഒരുക്കങ്ങളാണ് ഇനി ബാക്കിയുള്ളത്. രാവിലെ ഏഴുമണിക്ക് ആഗ്ര എം.ജി റോഡിലുള്ള ഇംപീരിയൽ ഹോട്ടലിന് മുന്നിൽ നിന്നാണ് ഡൽഹിയിലേക്കുള്ള ബസ്. മുഷിഞ്ഞ തുണികൾക്കൊപ്പം ഒരുപാട് ഓർമ്മകളെ കൂടി ചേർത്ത് കെട്ടി ഭാണ്ഡം മുറുക്കുകയായിരുന്നു ഞങ്ങൾ ആ രാത്രിയിലെ മുഴുവൻ സമയവും.
മുറിക്ക് പുറത്തെ ലോബിയിൽ ആരുമില്ല. സോഫകൾ ഒഴിഞ്ഞു കിടക്കുന്നു. സമീപത്തുള്ള മേശപുറത്ത് പകുതി കുടിച്ച ഒരു കാപ്പിക്കപ്പും പകുതിയിൽ വായന നിർത്തിയ പുസ്തകവും അനാഥമായി കിടപ്പുണ്ട്. തുറന്നിട്ടിരിക്കുന്ന വലിയ ജനാലയിലൂടെ ആഗ്രയുടെ തെരുവിന്റെ രാത്രി ദൃശ്യങ്ങൾ കാണാമായിരുന്നു. ഞാൻ അകത്തേക്ക് നടന്നു. രാവിലെ നേരത്തെ ഉണരേണ്ടതാണ്. ഇംഗ്ളണ്ടുകാരനടക്കം എല്ലാവരും ബെഡ്ലാമ്പുകൾ അണച്ചു കഴിഞ്ഞിരിക്കുന്നു. ബെഡിൽ കയറി കണ്ണിന്റെ മുന്നിലെ ഇരുട്ടിനെ സൂക്ഷിച്ചു നോക്കി കൊണ്ട് ഞാനങ്ങനെ കിടന്നു.

0 Comments.