ഉത്തരഭൂമിയിലൂടെ – 9

ആദ്യഭാഗങ്ങൾ വായിക്കാം

ഡൽഹി എയർപോർട്ടിന്റെ അകത്ത് ഒരു കാപ്പികടയുടെ വിശാലമായ സോഫയിൽ ബാഗുകളുടെ പാറവുകാരനായി ഇരിക്കുകയായിരുന്നു ഞാൻ. ഉച്ചരിക്കാൻ പ്രയാസമുള്ള പേരുള്ള ഏതോരു കാപ്പിയും ബർഗറും വാങ്ങാനായി പോയിരിക്കുകയാണ് രമ്യ. തങ്ങളുടെ യാത്രയുടെ ചെക്കിന്നുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സുരമ്യയും റിനിയും മുകുളും. ഇതു വരെയും നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലായെന്നു തോന്നുന്നു ഞങ്ങൾ എല്ലാവരും ഒരേ നഗരത്തിലെ അന്തേവാസികളല്ല. ഞാനും രമ്യയും കൊച്ചിയിലും സുരമ്യയും റിനിയും ബാംഗ്ലൂരിലും മുകുൾ ചെന്നൈയിലുമായാണ് പ്രവാസം അനുഷ്ഠിക്കുന്നത്. ജീവിതത്തിന്റെ ഏതോ ഒരു നാൽക്കവലയിൽ വച്ച് കണ്ടുമുട്ടി, പരിചയപ്പെട്ട് , ഇപ്പോൾ പല ദിശകളിലേക്ക് തോണി തുഴയുന്നവർ.
സമയം ആറുമണി കഴിഞ്ഞിരിക്കുന്നു. ഏട്ടരയാക്കാണ് ഞങ്ങളുടെ കൊച്ചി ഫ്ലൈറ്റ്. സൂരമ്യക്കും റിനിക്കും ഏഴരയ്ക്കും മുകുളിന് എട്ടിനും.

ഞാൻ ഈ ദിവസത്തെ പറ്റി ഓർക്കുകയായിരുന്നു. ആഗ്രയിലെ ബാക്ക് പാക്കേഴ്‌സ് പണ്ടേയുടെ ഡോർമേട്രിയിൽ നിന്ന് സുരമ്യയുടെ ഫോൺ അലാമിന്റെ ശബ്ദം സഹിക്കാൻ വയ്യാതെ ഉണർന്നത്, തൊട്ടടുത്ത ബെഡിലെ ഇംഗ്ളണ്ടുകാരൻ ദേഷ്യത്തോടെ തലയണയിൽ ചവിട്ടിയുണർത്തി സുരമ്യയോട് അത് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടത്, രാവിലെ എഴുമണിക്ക് കുളിച്ചൊരുങ്ങി ഡൽഹിയിലേക്കുള്ള ബസ് പ്രതീക്ഷിച്ച് എം.ജി റോഡിലെത്തി രണ്ടു മണിക്കൂർ കാത്തു നിന്നത്. ദിക്കും ദിശയുമില്ലാതെ ആഗ്രയുടെ തെരുവിലൂടെ നടന്നത്. കണ്ടാലറയ്ക്കുന്ന വൃത്തികെട്ട ചായക്കടയിൽ നിന്ന് ചായകുടിച്ചത് പിന്നെ ബസ് കയറി ഡൽഹി എത്തിയത്…

ഇന്നത്തെ ഡയറിയിൽ ചേർക്കാൻ പിന്നെയും സീനുകളുണ്ട്…
ആഗ്രയിൽ നിന്നും കയറിയ ബസിറങ്ങുന്നത് ഡൽഹി നോയിഡയിലാണ്. ലക്‌ഷ്യം ചാന്ദിനി ചൗക്കും പിന്നെ എയർപോർട്ടും. നോയിഡ മെട്രോസ്റ്റേഷനിൽ നിന്ന് രണ്ട് ട്രെയിനുകൾ. കയറി വേണം ചാന്ദിനിചൗക്കെത്താൻ. ആദ്യം നോയിഡയിൽ നിന്നും രാജീവ് ചൗക്കിലേക്കും പിന്നീട് അവിടെ നിന്നും ചാന്ദ്നിചൗക്ക് മാർക്കറ്റിലേക്കും. ഡൽഹിയിലെ തിരക്കേറിയ ഒരു മാർക്കറ്റാണ് ചാന്ദ്നിചൗക്ക്. അതിലൂടെ ഭാരമേറിയ ബാഗുകളുമായി നടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതൊഴിവാക്കാനുള്ള ഉപായമന്വേഷിച്ച് നടക്കവെയാണ് വഴിയരികിലെ ഒരു മൂന്നാംകിട ലോഡ്‌ജ് കണ്ണിൽപ്പെട്ടത്. അകത്തേക്ക് കയറിയതും കാര്യങ്ങൾ സംസാരിച്ചതും മുകുളായിരുന്നു. മുന്നൂറ്റിയമ്പത് രൂപയാണ് ചാർജ്. ആ ചെറിയ മുറിയിൽ ബാഗുകൾ അടുക്കി വച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി.

ചാന്ദ്‌നിചൗക്ക്, കടകളും, വഴിവാണിഭക്കാരും, നിറഞ്ഞു നിൽക്കുന്ന തെരുവ്. പച്ചക്കറികൾ മുതൽ ചൈനീസ് ഇലക്ട്രോണിക് സാധനങ്ങൾ വരെ വാങ്ങി വലിയ സഞ്ചികളുമായി നടന്നു നീങ്ങുന്ന ജനക്കൂട്ടം. ആ തിരക്കിനിടയിലേക്ക് കയറിവരുന്ന ഇരുചക്ര വാഹനങ്ങൾ സൈക്കിൾ റിക്ഷകൾ. പാതയോരത്തെ ഉന്തുവണ്ടികളിൽ ചെറിയ തീയിൽ അവരുടെ ചീനചട്ടികളിലായി തിളക്കുന്ന പലഹാരങ്ങൾ. തെരുവിന്റെ കോലഹലങ്ങൾക്ക് മേലെ ഉയർന്നുകേൾക്കുന്ന വിലപേശലുകൾ. ഇടയ്‌ക്കെത്തുന്ന ചാറ്റൽ മഴയിൽ കുതിർന്ന് ജലദോഷം പിടിച്ച് മുക്കോലിപ്പിച്ചത് പോലെ വൃത്തികെട്ട് കിടക്കുന്ന ഇടവഴികൾ. പക്ഷെ ചാന്ദിനി ചൗക്കിൽ പോകേണ്ടിയിരുന്നത് ഇതു പോലെ ഞായറാഴ്ചയായിരുന്നില്ല. കുറച്ചുകൂടി തിരക്കുള്ള ദിവസമായിരുന്നു.

ചെറിയ ഷോപ്പിംഗ് പരിപാടികളുമായി തിരക്കിലായിരുന്നു രമ്യയും റിനിയും. ഞങ്ങളിൽ ബാക്കിയുള്ളവർ വ്യത്യസ്ത രുചികൾ തേടി തെരുവുകളിൽ അലഞ്ഞു നടന്നു. ബിസ്‌കറ്റുകളും എണ്ണ പലഹാരങ്ങളും ജ്യൂസുകളും പരീക്ഷിച്ചു. ഇടയ്‌ക്കെത്തിയ ചാറ്റൽ മഴയോട് കെറുവിച്ച് ഞങ്ങൾ ആ തെരുവിനെ ഉപേക്ഷിച്ചു.

മധ്യവയസ്കനായ പ്യാരിയുടെ യൂബർ ടാക്സിയിൽ എയർപോർട്ടിലേക്ക് പോകുമ്പോൾ ക്ഷമ ചോദിക്കാണെന്ന വണ്ണം ചാറ്റൽ മഴയും ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അതിനെ ശ്രദ്ധിക്കാതെ പ്യാരിയോട് നന്ദി പറഞ്ഞ് ഞങ്ങൾ എയർപോർട്ടിന്റെ അകത്തേക്ക് ഓടി കയറി. എയർപോർട്ടിന്റെ അതിവിശാലമായ മുറ്റത്ത് നിന്ന് ആ മഴ ഏങ്ങിയേങ്ങി കരഞ്ഞു.

“എന്ത് മഴയായിത് അല്ലെ…? ” കാപ്പിയും ബർഗറും സോഫയ്ക്ക് മുന്നിലുള്ള ഉയരം കുറഞ്ഞ മേശമേലെ വെക്കുമ്പോൾ രമ്യ പറഞ്ഞു.

പക്ഷെ ഡിയോറിയയിൽ ചാറ്റൽ മഴയുടെ ഭംഗി ഈ മഴയ്ക്കില്ല. വല്ലാത്തൊരു ഗർവ്വോടെ പെയ്യുകയാണിവിടെ.

ഞങ്ങൾ കഴിച്ചുകൊണ്ടിരിക്കവേ ബാക്കി മൂന്നുപേരും നടപടികൾ പൂർത്തിയാക്കി തിരികെയെത്തി. ഋഷികേശിലെ ശിവശക്തി ഹോസ്റ്റലിന്റെ ടെറസ്സിൽ ഇരുന്ന് സംസാരിച്ച അതെ ഒഴുക്കോടെ ഞങ്ങൾ പലതും പറഞ്ഞ് കലഹിച്ചു കൊണ്ടേയിരുന്നു.
ബാംഗ്ലൂർ ഫ്ലൈറ്റിന്റെ ഗേറ്റ് നമ്പർ പതിനഞ്ചാണ്. ചെന്നൈ ഫ്ലൈറ്റിന്റെത് പന്ത്രണ്ടും. സുരമ്യയെയും റിനിയെയും മുകുളിനെയും അവരവരുടെ ഗേറ്റുകളിൽ ഉപേക്ഷിച്ച് ഞാനും രമ്യയും കൊച്ചി ഫ്ലൈറ്റിന്റെ വെയ്റ്റിംഗ് ലോബിയിലേക്ക് നടന്നു.

യാത്രകൾക്ക് അവസാനമില്ല. ഒന്നിൽ നിന്നും അടുത്തത് ആരംഭിക്കുന്നുവെന്നേയുള്ളൂ. നമ്മുടെ പരിമിതമായ ആയുസുകൊണ്ട് അറിഞ്ഞു തീരുന്നതിനപ്പുറം പരന്നു കിടക്കുന്നുണ്ട് ഈ ഭൂമി. മുൻവിധികൾ മാറ്റി വച്ച് ചെന്നാത്താവുന്നിടത്തോളം ദൂരം ചെല്ലുക. ഒരിക്കൽ കോലാലംപൂരിലൂടെയുള്ള ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട അമ്പത് പിന്നിട്ട അമേരിക്കൻ ദമ്പതികൾ എന്നോട് പറഞ്ഞത് ഇനിയുള്ള നൂറു വർഷക്കാലം അവർ യാത്രയ്ക്കായി മാറ്റി വച്ചിരിക്കുന്നുവെന്നാണ്. ശരിയാണ് അവരുടെ ചിന്തകൾ. ജീവിതത്തിന്റെ ഒടുക്കവും മരണവുമൊന്നും ഒരിക്കലും നമ്മുടെ ബാധ്യതയോ ഉത്തരവാദിത്വമോ അല്ല. അതുകൊണ്ടു തന്നെ അതിന്റെ അന്ത്യം നമ്മൾ കാത്തിരിക്കേണ്ട ആവശ്യവുമില്ല.

ഡൽഹി നിശബ്ദ എയർപോർട്ടാണ് അവിടെ അനൗൺസ്മെന്റുകൾ മുഴങ്ങില്ല. ഇൻഡിഗോ ഈ കാര്യം മെസേജ് അയച്ച് വീണ്ടുമോർമ്മിപ്പിച്ചു. ഞങ്ങളുടെ ഗേറ്റ് തുറന്നു കഴിഞ്ഞിരിക്കുന്നു. മഴയത്ത് മുഴുവനായും നനഞ്ഞ എയർപോർട്ട് ബസ് ഗേറ്റിനപ്പുറത്ത് ഞങ്ങളെ കാത്തുനിൽപ്പുണ്ട്. വരി വരിയായി നീങ്ങുന്ന കൊച്ചി തിരുവനന്തപുരം യാത്രക്കാർക്കൊപ്പം ഞങ്ങളും നടന്നു. ബസിലേക്കും പിന്നെ ഇൻഡിഗോയുടെ ആകാശനൗകയിലേക്കും.

അനൗൺസ്മെന്റുകളും ടെയ്‌ക്ക്ഓഫും കഴിഞ്ഞു. രാത്രിയായതിനാൽ സൈഡ് ജനാലയിലൂടെ കാണാൻ കാഴ്ചകളൊന്നുമില്ല. ഞാനും രമ്യയും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. യാത്രകൾ, സ്വപ്നങ്ങൾ, പഴങ്കഥകൾ, രാഷ്ട്രീയം, ജീവിതം, ജോലി അങ്ങനെ ക്രമത്തിലല്ലാതെ പലതും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. കൃത്യമായ ഇടവേളയിലല്ലെങ്കിലും ഇടയ്ക്കിടെ ലഭിച്ചു കൊണ്ടിരുന്ന മറുപടികളുടെയും എതിർപ്പുകളുടെയും പിന്തുണകളുടെയും വരവ് കുറഞ്ഞപ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചു നോക്കി. അവൾ ഉറക്കത്തിലേക്ക് വീണു തുടങ്ങിയിരിക്കുന്നു. സമയം പത്തുമണി. ഒന്നര മണിക്കൂർ കൂടിയുണ്ട് കൊച്ചിയുടെ മണ്ണിലെത്താൻ. നേരത്തെ എയർഹോസ്റ്റസിന്റെ കൈയിൽ നിന്നും വാങ്ങിയ ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന വെള്ളം കുടിച്ച് തീർത്ത് ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു. പിന്നെ പതുക്കെ കണ്ണുകൾ അടച്ചു.

( അവസാനിച്ചു )

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>