മുഴുവനായും വിട്ടുമാറാത്ത ഉറക്കത്തിന്‍റെ ആലസ്യവും പേറി കിടക്കയിൽ ഇരിക്കുമ്പോഴാണ് മുകുൾ എന്‍റെ അടുത്തേക്ക് വന്നത്. അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങിയിരിക്കുകയാണ് അവൻ.
റിസപ്‌ഷനിൽ വച്ച് പരിചയപ്പെട്ട ഒരാൾ അവനോട് മൻസാ ദേവി, ചണ്ഡി ദേവി ക്ഷേത്രങ്ങളിലേക്കുള്ള റോപ്പ് വേയിൽ കേറാനുള്ള ടിക്കറ്റ് എടുത്തു തരാമെന്ന് പറഞ്ഞുവത്രെ. പക്ഷെ നൂറു രൂപ അധികമായി കൊടുക്കണമെന്നു മാത്രം. അതത്ര നഷ്ടമുള്ള ഡീലല്ല. കാരണം ഈ ടിക്കറ്റുകൾക്ക് വേണ്ടി കൗണ്ടറുകളിൽ രാവിലെ മുതൽ വലിയ ക്യൂ ഉണ്ടാകുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഹരിദ്വാറിൽ ഞങ്ങൾക്ക് പ്രധാനമായും കാണാനുള്ളത് ഗംഗാ ആരതിയാണ്. പിന്നെയുള്ളത് ഈ റോപ്പ് വേയും, ഭക്തജന ബാഹുല്യം മൂലം ശ്വാസം മുട്ടുന്ന നഗരത്തിന്‍റെ വഴിയോരകാഴ്ചകളുമാണ്. ഏജന്റിനോട് സംസാരിക്കാനായി മുകുൾ പുറത്തേക്ക് പോയി; ഞാൻ കിടക്കയിൽ നിന്നെഴുന്നേറ്റ് കുളിക്കാനും.
ഋഷികേശിലെ ശിവശക്തി ഹോസ്റ്റലിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഹോട്ടൽ അൽപ്പനയിലുള്ള ബെഡ് ഹബ്ബ്സിന്‍റെ ഡോർമെട്രി കുറച്ചു കൂടി വലുതും അതു പോലെ തന്നെ അതിഥികളെ കൊണ്ട് നിറഞ്ഞതുമായിരുന്നു. എല്ലാവരും ഹരിദ്വാറിന്‍റെ തിരക്കിലേക്കിറങ്ങാനുള്ള ഒരുക്കത്തിലാണ്.
വിറ്ററിനെയും ജുനോയെയും ഞങ്ങൾ പരിചയപ്പെട്ടത് അപ്പോഴായിരുന്നു. കയ്യിലോരു ക്യാമറ ബാഗ് കണ്ടതു കൊണ്ടാവണം ഫോട്ടോഗ്രാഫറാണോ എന്നാണ് അയാൾ എന്നോട് ആദ്യം ചോദിച്ചത്. കോളേജ് അധ്യാപകനാണ് ബ്രസീലുകാരനായ വിറ്റർ. അയാളുടെ പെൺസുഹൃത്ത് ജൂനോ വിദ്യർത്ഥിനിയാണ്. വെറുതെയുള്ള കുശാലാന്വേഷങ്ങൾക്കപ്പുറം കാര്യമാത്രപ്രസക്തമായ കാര്യങ്ങൾ സംസാരിക്കാനായിരുന്നു അയാൾക്ക് താൽപര്യം. ഇന്ത്യയുടെ സാമൂഹികജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അയാൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. തിരിച്ച് ബ്രസീലിനെ പറ്റി ഞങ്ങളും. യോഗ്യതയുള്ളവർക്ക് കോളേജ് ലെവൽ വരെ സൗജന്യമായി പഠിക്കാൻ സാധിക്കുന്ന അവിടത്തെ പൊതു വിദ്യാഭ്യാസത്തെ പറ്റിയും കാശുള്ളവർക്ക് എന്തൊക്കെ യോഗ്യത കുറവുണ്ടെങ്കിലും പഠിക്കാൻ സൗകര്യമൊരുക്കുന്ന സ്വകാര്യവിദ്യാഭ്യാസ മേഖലയെ കുറിച്ചും വിറ്റർ സംസാരിച്ചു കൊണ്ടേയിരുന്നു.
അയാൾ ക്ഷീണിതനായത് രാവിലെയുള്ള ഹരിദ്വാറിലെ ഇളവെയിലിന്‍റെ മുന്നിലാണത്രെ.
” രാവിലെ പുറത്തേക്കിറങ്ങിയ ഞങ്ങൾ വെയിലും തിരക്കും കണ്ടാണ് മുറിയിലേക്ക് തന്നെ മടങ്ങിയത്… ”
വാക്കുകൾ പെറുക്കി പെറുക്കിയെടുത്താണ് അയാൾ സംസാരിച്ചത്. അതിനുള്ള കാരണവും അയാൾ തന്നെ പറഞ്ഞു. അവരുടെ പ്രധാനഭാഷ ഇംഗ്ലീഷല്ല, സ്പാനിഷാണ്.
ഇന്ത്യ കാണാനുള്ള ആഗ്രഹത്തിന്‍റെ പേരിൽ ഇറങ്ങി തിരിച്ച അവർക്ക് സ്ഥലം തിരഞ്ഞെടുത്തതിലാണ് തെറ്റു പറ്റിയതെന്നെനിക്കു തോന്നി. ഹരിദ്വാറിലെ ഈ ചൂടും തിരക്കും അവർക്ക് താങ്ങാവുന്നതിലുമപ്പുറം തന്നെയാണ്. ഗംഗാ ആരതിക്കായി ഞങ്ങൾ അവരെ ക്ഷണിച്ചെങ്കിലും അവരത് സ്നേഹപൂർവ്വം നിരസിച്ചു. അതിനുമപ്പുറം ഒരുതരം മടുപ്പും പ്രതീക്ഷാഭംഗവുമാണ് അവരുടെ മുഖത്തു നിന്നും വാക്കുകളിൽ നിന്നും ഞാൻ കണ്ടെടുത്തത്. ഞങ്ങളുടെ ഇന്ത്യ അങ്ങിനെയാണ് സുഹൃത്തുക്കളെ അത് വൈവിധ്യങ്ങളുടെ നിലമാണ്, അത് കണ്ണുകളാൽ കണ്ടല്ല മനസു കൊണ്ട് അനുഭവിക്കേണ്ട അത്ഭുതമാണ്. നിങ്ങളുടെ ഇഷ്ടത്തിനൊത്തത് യാത്രയ്ക്കൊരുങ്ങും മുൻപേ അറിഞ്ഞു വെക്കണമായിരുന്നു. അവരോട് നന്ദി പറഞ്ഞു പുറത്തിറങ്ങുന്നതിനിടയിലുള്ള മൗനത്തിന്‍റെ നിമിഷങ്ങൾ അത്രമേൽ വാചാലമായിരുന്നു.
പുറത്ത് കത്തിക്കാളുന്ന സൂര്യന്‍റെ താഴെ ഇരമ്പിയർക്കുന്നുണ്ട് ഹരിദ്വാർ. മോക്ഷം വച്ചു നീട്ടി പരന്നോഴുകുന്നുണ്ട് ഗംഗ. രമ്യയ്‌ക്ക് ഗംഗാനദിയിൽ മുങ്ങിക്കുളിക്കണം, എന്തു കൊണ്ടോ ഞാൻ ഉൾപ്പെടെ ബാക്കിയാർക്കും അങ്ങനെയൊരു ആഗ്രഹം തോന്നിയില്ല. ഹോട്ടൽ അല്പനയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഗംഗനദി. പുതിയ കാഴ്ചകളിലേക്കെത്താൻ മനസ് ധൃതി കൂട്ടി.
ഞങ്ങൾ മുറിയ്ക്ക് പുറത്തേക്കിറങ്ങി.
അപ്പോഴേക്കും റിസപ്‌ഷനിൽ ഞങ്ങൾക്കുള്ള ടിക്കറ്റുകളുമായി അയാൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.മനോഹര്‍ എന്നാണ് അയാളുടെ പേര്. മൻസാ ദേവി ക്ഷേത്രത്തിലേക്കുള്ള ടിക്കറ്റ് മാത്രമേ അയാൾക്ക് കിട്ടിയുള്ളൂ. അവിടെ അത്രയ്ക്ക് തിരക്കായിരുന്നുവത്രെ. അയാൾ ടിക്കറ്റ് മുകുളിനെ ഏൽപ്പിച്ച ശേഷം അടുത്ത ചോദ്യമെറിഞ്ഞു. ഒരാൾക്ക് 200 രൂപ വീതം തന്നാൽ ആരതി നടക്കുന്ന പടവുകളുടെ ഏറ്റവും അടുത്ത് ഇരിപ്പിടം തരപ്പെടുത്താം.
ഞങ്ങൾ റിസപ്‌ഷനിലെ വിശാലമായ സോഫകളിലൊന്നിൽ ഇരിക്കുകയാണ്.
മനോഹര്‍ ഞങ്ങളുടെ മുന്നിൽ നിന്ന് അത് തന്നെ പറഞ്ഞു കൊണ്ടേയിരുന്നു.
ഞാനൊഴികെ ബാക്കിയെല്ലാവരും നമുക്ക് നോക്കാം എന്ന മട്ടിലായിരുന്നു. എന്‍റെ പ്രശ്‌നം 200 രൂപയായിരുന്നില്ല. മറിച്ച് ഒരു സംശയമായിരുന്നു. ഇത്രയും ആയിരങ്ങൾ തടിച്ചു കൂടുന്ന ഒരിടത്ത് അതും ഒരു നദിക്കരയിലെ പടവിൽ ഞങ്ങൾക്കു ഇരിക്കാനുള്ള സ്ഥലം കാത്തുവെക്കാൻ കഴിയുന്നത് എങ്ങനെയാണ്…?
ഒടുവിൽ വേണമെങ്കിൽ പറയാം എന്ന ഉത്തരത്തോടെ ഞങ്ങൾ അയാളെ മടക്കിയയച്ചു.
ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി റോഡിലൂടെ വലതു ഭാഗത്തേക്ക് നടക്കണം ഹർ കി പൗരിയിലെത്താൻ. നല്ല തിരക്കാണ് ആ വഴിയിൽ. ഗംഗാ നദിയിൽ സ്നാനം ചെയ്യാൻ ആഗ്രഹമുള്ള ഭക്തർ മുഴുവനുമുണ്ട്. വഴിയിലൊരിടത്ത് ഒരു കടയുടെ മുന്നിൽ ഇരുന്ന് വലിയ ഉരുളിയിൽ പാല് തിളപ്പിക്കുകയാണ് ഒരാൾ. കടയുടെ അകത്ത് നിറയെ പേഡയും കുൽഫിയുമാണ്. അവിടെ തന്നെ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു.

അതിനുമപ്പുറം വേറെയൊരു കടയിൽ അരമനുഷ്യന്‍റെ ഉയരത്തിൽ കുങ്കുമം കൂട്ടിയിട്ടിരിക്കുകയാണ്. ഭസ്മവും കുങ്കുമവുമടക്കം പല നിറത്തിലുള്ള പൊടികൾ അവിടെ പല പാത്രങ്ങളിൽ നിരത്തി വച്ചിരിക്കുന്നത് കാണാം.

തിരക്ക് ഏറെയുള്ളത് കൊണ്ട് തന്നെ മുന്നിലുള്ള ജനക്കൂട്ടത്തോട് വഴി മാറാൻ പറയാനാണെന്നു തോന്നുന്നു, പലരുടെയും ചുണ്ടിൽ ഒരു വിസിലുമുണ്ട്. പലതരം ബഹളങ്ങൾക്കിടയിൽ പലപ്പോഴും ഉയർന്നു കേൾക്കുന്നത് വഴിമാറാൻ കൽപ്പിച്ചു കൊണ്ട് പിന്നിൽ നിന്നും മുഴങ്ങുന്ന ഈ വിസിൽ വിളികളാണ്. നടന്നു പോകുന്നതിനിടയിൽ മൻസാ ദേവിക്ഷേത്രത്തിലേക്കുള്ള വഴി കണ്ടു. കുറെ കൂടി ഇടുങ്ങിയ വഴിയാണത്. ഹരിദ്വാറിലെ ഗംഗയെ കണ്ടു കഴിഞ്ഞാൽ ഇനി പോകേണ്ടത് അങ്ങോട്ടാണ്. കയ്യിൽ ചുവന്ന അടപ്പുള്ള വെള്ളനിറത്തിലുള്ള പാത്രങ്ങളുമേന്തി നടക്കുന്ന ജനക്കൂട്ടത്തിനൊപ്പം വഴികള്‍ നോക്കാതെ ഞങ്ങളും ഹര്‍ കി പൗരിയിലേക്ക് ഒഴുകി ചെന്നു.
ആ ചെറിയ റോഡിലൂടെ തിക്കിതിരക്കി നീങ്ങി ഒടുവിൽ എത്തുന്നത് വിശാലമായ നദിക്കരയിലാണ്. അതാണ് ഹര്‍ കി പൗരി. ഗംഗാ ജലത്തിലുള്ള കുളിയും, പൂക്കളും തിരിയുമടങ്ങുന്ന പേപ്പർ ബോട്ട് ഒഴുക്കലും, തന്നെയാണ് ഹർ കി പൗരിയിലെ പ്രധാന പരിപാടികൾ. കുറച്ച് പൂക്കളും കര്‍പ്പുരവും എണ്ണയില്‍ മുക്കിയെടുത്ത ഒരു തിരിയും നിറച്ച പേപ്പര്‍ബോട്ടിനെ ഫ്ലവര്‍ ബോട്ട് എന്നാണവര്‍ വിളിക്കുന്നത്. അതു വാങ്ങി തിരി കത്തിച്ച ശേഷം ഗംഗയില്‍ ഒഴുക്കി വിടുകയെന്നതാണ് ചടങ്ങ്.

കച്ചവടക്കാരും ഭിക്ഷക്കാരും ഭക്തരും കാഴ്ചക്കാരുമടങ്ങുന്ന തിരക്കുനിറഞ്ഞ തീരത്തിന് സമാന്തരമായി പരന്നോഴുകുന്ന ഗംഗ. അതിലെ മഞ്ഞിന്‍റെ തണുപ്പുള്ള വെള്ളത്തിൽ മുങ്ങി നിവരുന്നവർ, സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും ഗംഗമാതാവിനെ എത്തിക്കാനായി കുപ്പിയിലും കന്നാസിലും നദിജലം നിറയ്ക്കുന്നവർ, ആവശ്യമില്ലാത്ത കവറുകളും പാത്രങ്ങളും അതെ നദിയിലേക്ക് തന്നെ വലിച്ചെറിയുന്നവർ, ഇവരെല്ലാവരും വിശ്വാസികളാണ്. ആ മഹാനദിയുടെ ഭക്തരാണ്. പക്ഷെ ഇവരാരും അവളെ സ്നേഹിക്കുന്നില്ല. ഭക്തിയെന്നാൽ സഹജീവി സ്നേഹമല്ല, പ്രകൃതിയിലെ അത്ഭുതങ്ങളോടുള്ള ആരാധനയുമല്ല, പകരം അവനവനിലേക്ക് മാത്രം നോക്കുന്ന തികഞ്ഞ സ്വാർത്ഥതയല്ലാതെ മറ്റെന്താണത്…?? ഹർ കി പൗരിയിലെ ഘട്ടുകളിൽ ഏതോ ഒന്നിൽ നിന്നും ഐശ്യര്യം കാംഷിച്ച് ആരോ ഒരാൾ ഒഴുക്കിവിട്ടൊരു ഫ്ലവർ ബോട്ട് നദിയിൽ ഉപേക്ഷിക്കപ്പെട്ട കന്നാസിനോടൊപ്പം ചേർന്ന് അതിന്‍റെ മറവിൽ തിരികെടാതെ ഒഴുകി പോകുന്നത് ഞാൻ വെറുതെ നോക്കി നിന്നു.
എല്ലാവരും മുന്നോട്ട് നടന്നു കഴിഞ്ഞിരിക്കുന്നു. ആൾക്കൂട്ടത്തിലൂടെ ഞങ്ങൾ നദിയുടെ ഒരു പടവിലെത്തി. വശങ്ങളിൽ ചങ്ങലകളുണ്ട്. ഞാൻ പതുക്കെ ഇറങ്ങി ഋഷികേശിൽ ചെയ്തതു പോലെ കാലുകൾ വെള്ളത്തിലേക്കാഴ്ത്തി. നല്ല തണുപ്പാണ് വെള്ളത്തിന്. ഹിമാലയൻ ഗിരിശൃംഗങ്ങളിലൂടെ ഒഴുകി വരുന്ന ഗംഗ സമതലപ്രദേശത്തിലേക്ക് പ്രവേശിക്കുന്നത് ഹരിദ്വാറിൽ വച്ചാണ്. ഒരു കനാൽ വഴി നദിയെ നഗരത്തിനകത്തേക്ക് വഴി തിരിച്ചു വിട്ടിരിക്കുകയാണിവിടെ. പുരാതന ഇന്ത്യയിലെ രാജാവായ വിക്രമാദിത്യൻ തന്‍റെ സഹോദരന്‍റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചതാണ് ഹരിദ്വാറിലെ ഘട്ടുകൾ എന്നാണ് പറയപ്പെടുന്നത്.
“ നീ ഇറങ്ങുന്നില്ലേ…?”
ഗംഗയിൽ കുളിക്കാനൊരുങ്ങി വന്ന രമ്യയോട് ഞാൻ ചോദിച്ചു.
“ ഇല്ല. ഇത് കണ്ടിട്ട് കുളിക്കാൻ തോന്നുന്നില്ല.” അവൾ പറഞ്ഞു.
പിന്നെയവിടെ നിൽക്കേണ്ട കാര്യമില്ല. ഞങ്ങൾ മുന്നോട്ട് നടന്നു. പ്രഭാത ഭക്ഷണമാണ് ലക്‌ഷ്യം. ഹർ കി പൗരിയുടെ ഒരു വശം മുഴുവനും കടകളാണ്. പക്ഷേ ഹോട്ടലുകൾ നന്നേ കുറവ്. കുറച്ചുകൂടി ദൂരെയായി ഈ വഴി ഒരു പാലത്തിൽ ചെന്നു കയറുകയാണ്. സത്യത്തിൽ അവിടെ നെടുകെയും കുറുകെയും പാലങ്ങളാണ്. അതിനുമപ്പുറം ഒരു വലിയ ക്ലോക്ക് ടവറും, പുറം തിരിഞ്ഞു നിൽക്കുന്ന ശിവന്‍റെ വലിയൊരു പ്രതിമയും. അകലെ നിന്ന് നോക്കുമ്പോൾ ഉറുമ്പിൻകൂട്ടം പോലെ മനുഷ്യർ പാലങ്ങളിലൂടെ നീങ്ങുന്നത് കാണാം. കണ്ണുകൾ നിറയെ കാഴ്ചകളാണ്. അതിനിടയിൽ ഒരു ഭോജനശാല കണ്ണിൽപ്പെട്ടു. രണ്ടു നിലകളിലായാണ് അതിന്‍റെ പ്രവർത്തനം. ഞങ്ങൾ മുകളിലേക്ക് തന്നെ കയറി. ഗംഗയ്ക്ക് അഭിമുഖമായുളള ഭാഗത്ത് സുതാര്യമായ ചുമരാണ്. അകത്ത് ഞങ്ങളുടെ എതിർവശത്തുള്ള മേശയിൽ കുറച്ചു വനിതാ പോലീസുകാരാണ്. മെനുവിലൂടെ കണ്ണോടിച്ചു. വിഭവങ്ങൾ പതിവു തന്നെ. ദാലും റൊട്ടിയും നാനും പിന്നെ കൂട്ടത്തിൽ ചേരാതെ ഒരു ബ്രെഡ് റോസ്റ്റും. ഓരോരുത്തരും അവരവർക്ക് വേണ്ടത് ഓർഡർ ചെയ്ത് കാത്തിരുന്നു. ഗംഗാസ്നാനത്തിന്‍റെ കാഴ്ചകൾ ആ ഉയരത്തിൽ നിന്ന് വ്യക്തമായി കാണാമായിരുന്നു.
ഭക്ഷണത്തിനുശേഷം ഞങ്ങൾ വീണ്ടും നടക്കാനാരംഭിച്ചു. ആരതി നടക്കുന്ന സ്ഥലം കണ്ടുപിടിക്കുകയെന്നതായിരുന്നു അടുത്ത ലക്‌ഷ്യം. ഉയർത്തി പിടിച്ചിരിക്കുന്ന കൈകളിൽ പലതരം മാലകളും തൂക്കി വഴി നീളെ അലയുകയാണ് വാർദ്ധക്യത്തോട് അടുത്തുനിൽക്കുന്ന ഒരു സ്ത്രീ. ഇവർ മാത്രമല്ല കൈകൾ നിറയെ വില്പനവസ്തുക്കളുമായി ആൾക്കൂട്ടത്തിനിടയിലൂടെ അലയുന്നുണ്ട് കുട്ടികളടക്കം ഒരുപാട് പേർ. ചിലപ്പോൾ ഏതെങ്കിലും വലിയ കച്ചവടക്കാരന്‍റെ ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കടകളായിരിക്കും ഇവരൊക്കെയും.
പാലത്തിന്‍റെ വശങ്ങളിലും താഴെയുള്ള ഗംഗയുടെ പടവുകളിലും പ്ലാസ്റ്റിക്ക് പാത്രങ്ങൾ വിൽക്കുന്നവരാണ് കൂടുതൽ. ഞങ്ങൾ പാലത്തിന് മുകളിലേക്ക് കയറി. നേരത്തെ കണ്ട ക്ലോക്ക് ടവറും, ശിവപ്രതിമയും ഇപ്പോൾ കുറെ കൂടി വ്യക്തമാണ്. താഴെ സ്നാനഘട്ടുകളാണ്. അവിടെ ഫ്ലവര്‍ ബോട്ടുകളുമായി കുറെ പേർ ഇരിപ്പുണ്ട്. ആളുകള്‍ ബോട്ടുകള്‍ വാങ്ങി ഒഴുക്കുന്നുമുണ്ട്. പ്രാർത്ഥനയുടെ ഭാരവും പേറി ആ ഒഴുക്കിലൂടെ എത്ര ദൂരം അവയ്ക്ക് അങ്ങനെ പോകാനാകും…?
ചിന്തകളുടെ തേരിൽ നിന്നറങ്ങി ഞാൻ ചുറ്റും നോക്കി, ബാക്കി മൂന്നുപേരെയും കാണാനില്ല. ഹരിദ്വാറിലെ ജനത്തിരക്കിലൂടെ അവർ എവിടെയ്ക്കോ ഒഴുകി പോയിരിക്കുന്നു. മൊബൈൽ സിഗ്നലുകളും തിരക്കിലാണ്. ഒടുവിൽ ഫോൺ വഴി പരസ്പരം സംസാരിച്ചപ്പോൾ മനസിലായി രമ്യയും സുരമ്യയും ഒരുമിച്ചുണ്ട്. മുകുൾ കൂട്ടം തെറ്റി പോയിരിക്കുന്നു. ഞങ്ങൾ നിൽക്കുന്നയിടം അവർക്കോ അവർ നിൽക്കുന്നയിടം ഞങ്ങൾക്കോ കണ്ടുപിടിക്കാനാവില്ലയെന്ന മുൻവിധിയോടെ എല്ലാവരും ഹോട്ടൽ അൽപ്പനയിൽ എത്തിച്ചേരാൻ തീരുമാനിച്ചു.
ഹർ കി പൗരിയിലേക്ക് വന്നതു പോലെ എളുപ്പമല്ല തിരിച്ചുപോക്ക്, നേരത്തെ ഞങ്ങളും ആൾത്തിരക്കിനൊപ്പമായിരുന്നുവെങ്കിൽ ഇവിടെ നിന്നും ഹോട്ടലിലേക്കുള്ള വഴിയിൽ ജനങ്ങളുടെ ഒഴുക്ക് ഞങ്ങളുടെ എതിർദിശയിലേക്കാണ്. കൂട്ടം തെറ്റി പോകാതിരിക്കാനായി കൈകൾ ചേർത്ത് പിടിച്ച് വിസിൽ വിളിയുമായി ഞാനും റിനിയും എതിരെ വരുന്ന തിരക്കിനോട് കലഹിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ഗംഗ തീരത്തിനടുത്തുള്ള ചെറിയ വഴി പിന്നിട്ടപ്പോൾ കുറച്ച് ആശ്വാസം ലഭിച്ചു. ഗംഗാസ്നാനത്തിന് പ്രത്യേകിച്ച് സമയമൊന്നുമില്ലാത്തതിനാൽ വഴികളിൽ തിരക്ക് പൂർണ്ണമായും ഒഴിയുകയെന്നത് അസംഭവ്യമാണ്. നേരത്തെ കണ്ടതിലുമധികം ചെറിയ വഴികളും ജംഗ്ഷനുകളും ഉള്ളതു പോലെയെനിക്ക് തോന്നി. ഊഹം വച്ചുള്ള നടപ്പാണ് അതുകൊണ്ട് തന്നെ ഒന്നുരണ്ടടിങ്ങളിൽ ഞങ്ങൾക്ക് വഴി തെറ്റി. അതിൽ ഒരിടത്ത് കുറച്ചു ദൂരം ചെന്ന് വലിയ റോഡിലേക്ക് കയറാനുള്ള സ്റ്റെപ്പിൽ എത്തിയപ്പോഴാണ് വഴിതെറ്റിയെന്നത് തന്നെ മനസിലായത്. കുങ്കുമകടക്കാരനും പേടയുടെ കടയും ഞങ്ങൾക്ക് വഴികാട്ടികളായി.
ഹോട്ടൽ അല്പന എത്തിയപ്പോഴാണ് മനസിലായത് എനിക്കും റിനിക്കും മാത്രമല്ല മറ്റുള്ളവരും വഴി തെറ്റിയും തിരുത്തിയുമൊക്കെ തന്നെയാണ് ഹോട്ടലിൽ തിരികെയെത്തി ചേർന്നതെന്ന്. മുകുൾ അവന്‍റെ വഴിയന്വേഷണം മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോയായി റെക്കോർഡ് ചെയ്യുക വരെ ചെയ്തു.
ഞങ്ങൾ ഡോർമേട്രിയിൽ തിരിച്ചെത്തുമ്പോൾ വിറ്ററും ജൂണോയും അവിടെ തന്നെയുണ്ടായിരുന്നു. മൻസാ ദേവി ചന്ദി ദേവി റോപ്പ് വേയിലേക്കുള്ള ടിക്കറ്റിനായി റൂംബോയ്യുമായി സംസാരിക്കുകയായിരുന്നു അവർ. ഇനിയടുത്ത ദിവസം മാത്രമേ ടിക്കറ്റ് ലഭിക്കുവെന്ന് ഞങ്ങൾ അവരെ പറഞ്ഞു മനസിലാക്കി. ഒപ്പം വൈകുന്നേരത്തെ ആരതിക്ക് വീണ്ടും ക്ഷണിച്ചു. നോക്കാമെന്നുള്ള രീതിയിൽ മറുപടി പറഞ്ഞെങ്കിലും അവർക്ക് അതിൽ താല്പര്യമില്ലാത്തതു പോലെയാണ് എനിക്ക് വീണ്ടും തോന്നിയത്.
ചെറിയൊരു വിശ്രമത്തിനും കുളിക്കും ശേഷം ബെഡുകൾ ഒഴിഞ്ഞു കൊടുത്ത്, ബാഗുകൾ ഹോട്ടലിലെ സ്റ്റോർ മുറിയിലേക്ക് മാറ്റിയ ശേഷം ഞങ്ങൾ വീണ്ടും റോഡിലേക്കിറങ്ങി. മൻസാ ദേവിക്ഷേത്രത്തിലുള്ള റോപ്പ് വേയാണ് ഞങ്ങളുടെ ലക്‌ഷ്യം. ഹരിദ്വാറിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ശിവാലി കുന്നിന്‍റെ മുകളിലാണ് ഈ ക്ഷേത്രം. ഹർ കി പൗരിയിലേക്ക് നടന്ന അതെ വഴി തന്നെയാണ് കുറച്ചു ദൂരം വരെ. അതുവഴി നടന്നാൽ ഇടതു വശത്തേക്ക് ഒരു ചെറിയ വഴി കാണാം. അതു ചെന്നെത്തുന്നത് താറിട്ട ഒരു വലിയ റോഡിലേക്കാണ് അവിടെ നിന്ന് മുന്നോട്ടാണ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളെല്ലാം.
ഹോട്ടൽ അല്പനയിലെ സാധുവായ റിസപ്ഷനിസ്റ്റ് പറഞ്ഞതനുസരിച്ച് മൻസാ ദേവി ക്ഷേത്രത്തിന്‍റെ ഗേറ്റുകൾ തിരക്ക് കൂടുന്നതിനനുസരിച്ച് കാവൽക്കാർ അടച്ചു തുടങ്ങും എത്രയും പെട്ടെന്ന് ചെന്നാൽ അത്രയും നേരത്തെ ഏതെങ്കിലും ഗേറ്റുകൾ വഴി അകത്തേക്ക് കയറാം.
ഞങ്ങൾ വേഗത്തിൽ നടന്നു. കുറച്ചു ദൂരെയായി റോഡരികിൽ ഒരാൾക്കൂട്ടത്തെ കാണാം അതു തന്നെയാവണം ആദ്യ ഗേറ്റ്. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ഗേറ്റ് അടച്ചു കഴിഞ്ഞിരുന്നു. അടുത്ത ഗേറ്റ് എത്ര ദൂരെയാണെന്നറിയില്ല. ഗൂഗിൾ മാപ്പിനെ അനുസരിച്ച് മുന്നോട്ട് നീങ്ങി. കത്തിക്കാളുകയാണ് സൂര്യൻ. പ്രധാന റോഡിൽ നിന്നും വിട്ട് വലതു ഭാഗത്തേക്കുള്ള ഒരു വഴിയാണ് ഗൂഗിൾ പറഞ്ഞത്. തിരക്ക് നിയന്ത്രിക്കാനായി ആ വഴികളിൽ കുറെ പൊലീസുകാരുണ്ടായിരുന്നു. റോഡരികിലുള്ള കടയിൽ നിന്ന് വെള്ളം വാങ്ങി കുടിച്ച് അവിടെ അടുത്തുണ്ടായിരുന്ന പോലീസുകാരനോട് വഴി ചോദിച്ചുറപ്പിച്ച ശേഷമാണ് ഞങ്ങൾ മുന്നോട്ട് നടന്നത്. റോഡിന് മുകളിലുള്ള മേല്പാലത്തിലൂടെ പതുക്കെ സഞ്ചരിക്കുകയാണ് ഒരു തീവണ്ടി. അതിന്‍റെ സ്റ്റെപ്പുകളിൽ ഇരിക്കുന്ന മനുഷ്യരുടെ കഴുത്തിൽ മാല പോലെ തൂക്കിയിട്ടിരിക്കുകയാണ് ഹർ കി പൗരിയിലെ ചുവന്ന അടപ്പുള്ള കന്നാസുകൾ. തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പുണ്യജലവുമായി പോവുകയാണ് അവരൊരുത്തരും. ഒരുപക്ഷെ അതിനെ പ്രതീക്ഷിച്ച് ഗ്രാമക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളോ, വീട്ടിലൊരു അമ്മയോ, രോഗശയ്യയിൽ കിടക്കുന്ന ഏതെങ്കിലും ബന്ധുവോ കാത്തിരിക്കുന്നുണ്ടാവാം. യഥാർഥത്തിൽ ഈ ജലം ഒരു ഇന്ധനമാണ് പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരുടെ മനസിന് ധൈര്യം പകരുന്ന ഇന്ധനം. വിശ്വാസങ്ങളെ പുണർന്ന് ജീവിക്കുന്നവരുടെ നാട്ടിൽ ചിന്തകൾ തടവറയ്ക്കുള്ളിലാണ്. അതു കൊണ്ട് അവർ തിരിച്ചറിയുന്നില്ല അന്ധവിശ്വാസങ്ങളല്ല ആത്മവിശ്വാസമാണ് മനസിന് സ്ഥിരമായ ധൈര്യം നൽകുന്നതെന്ന്.
മൻസാ ദേവിക്ഷേത്രത്തിലേക്കുള്ള രണ്ടാമത്തെ ഗേറ്റും തിരക്കുകാരണം പോലീസ് അടച്ചു കഴിഞ്ഞു. മുന്നിലും പിന്നിലുമുള്ള ജനക്കൂട്ടം മുഴുവനും അടുത്ത ഗേറ്റാണ് ലക്ഷ്യം വെക്കുന്നത്.. ഞങ്ങൾ വേഗത്തിൽ നടന്നു. പാട്ടും മേളവുമൊക്കെ കേൾക്കുന്നുണ്ട്. അവിടെ നിന്നിരുന്ന ഒരു പോലീസുകാരൻ മൂന്നാമത്തെ ഗേറ്റ് ഞങ്ങൾക്ക് കാണിച്ചു തന്നു. ആ വഴിയിൽ മുഴുവനും തീർത്ഥാടകരുടെ വാഹനങ്ങളാണ്. ബസിലും ലോറിയിലുമൊക്കയായി വന്നിരിക്കുകയാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍. ആ റോഡിലൂടെ ചെന്നാല്‍ രണ്ടു രീതിയില്‍ മന്‍സാ ദേവിയുടെ ക്ഷേത്രത്തിലെത്താം. ഒന്ന്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന ഒരു ചെറിയ മലകയറ്റമാണ്. അതിന് ബദലായുള്ള സംവിധാനമാണ് റോപ്പ് വേ. അതിന്‍റെ സ്റ്റേഷനിലെക്കുള്ള വഴി താഴേക്കാണ്. ടിക്കറ്റ് ലഭിക്കാനായി ബഹളം കൂട്ടുകയാണ് ജനങ്ങള്‍. രാവിലെ തന്നെ ലഭിച്ച ടിക്കറ്റിന്‍റെ അഹങ്കാരത്തില്‍ ഞങ്ങള്‍ അകത്തേക്ക് കയറി. സുരക്ഷാപരിശോധനകള്‍ക്ക് ശേഷം മാത്രമേ റോപ്പ് വേ സ്റ്റേഷന്‍റെ അകത്തേക്ക് കടത്തി വിടുന്നുള്ളു. നാല് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന കാബുകള്‍ അവിടെ യാത്രക്കാരെ പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. ഞങ്ങള്‍ അഞ്ചുപേര്‍ രണ്ടു കാബുകളിലായി കയറി. ശിവാലി കുന്നിലേക്ക് വലിച്ചുകെട്ടിയ ഇരുമ്പ് ചരടുകളിലൂടെ ഞങ്ങളുടെ കാബുകള്‍ ഉയരത്തിലേക്ക് നീങ്ങി. അധികനേരമില്ലെങ്കിലും ഹരിദ്വാറിന്‍റെ മനോഹരമായ ഒരു വിഹഗവീക്ഷണം ഈ കേബിള്‍കാറുകളില്‍ നിന്ന്‍ സാധ്യമാകും. ഞങ്ങള്‍ മുകളിലെത്തി. അവിടെ നിന്ന്‍ പുറത്തേക്കിറങ്ങുമ്പോഴും പരിശോധനയുണ്ട്. കുട്ടിത്തം വിട്ടുമാറാത്ത ഒരു പയ്യനായിരുന്നു അവിടെ ഞങ്ങളുടെ പരിശോധകന്‍. ഇങ്ങോട്ട് ലഭിച്ചതിനേക്കാള്‍ നല്ലൊരു പുഞ്ചിരി അവന് സമ്മാനിച്ച് കൊണ്ട് ഞങ്ങള്‍ ക്ഷേത്രത്തിന്‍റെ അകത്തേക്ക് നീളുന്ന വഴിയിലേക്ക് നടന്നു. അതിഭീകരമായ തിരക്കായിരുന്നു ക്ഷേത്രത്തിന്‍റെ അകത്തേക്ക് പ്രവേശിക്കാന്‍. അത്രയും സാഹസത്തിന് മുതിരാന്‍ താല്പര്യമില്ലാത്തതിനാല്‍ ഞങ്ങള്‍ മുകളിലേക്ക് നടന്നു. കേബിള്‍ കാര്‍ സ്റ്റേഷന്‍റെ പുറത്തുള്ള ഒരു പൂന്തോട്ടമാണത്. അവിടെ നിന്നു നോക്കിയാല്‍ കേബിള്‍ കാറുകള്‍ വരുന്നതും കാണാം. വിദൂരതയില്‍ ഗംഗയും അതിന്‍റെ തീരത്ത് ഹരിദ്വാര്‍ പട്ടണവും കാണാം.

ഞങ്ങളുടെ അടുത്തുള്ള ഒരു സിമെന്റ് ബെഞ്ചില്‍ ഇരുന്ന്‍ ഭര്‍ത്താവിന് വേണ്ടി വെറ്റിലയും അടയ്ക്കയും പുകയിലയും ചേര്‍ത്തുവച്ച് മുറുക്കാന്‍ ഉണ്ടാക്കുകയാണ് ഒരു വൃദ്ധ. സ്നേഹത്തിന്‍റെ നിറമുള്ള ചില ജീവിതകാഴ്ചകള്‍. പതുക്കെ ഞാന്‍ അവരില്‍ നിന്നും കണ്ണുകള്‍ പിന്‍വലിച്ചു.അത് കണ്ടതുകൊണ്ടാവണം അവര്‍ അടക്കയുടെ ചെറിയ കുറച്ച് കഷണങ്ങള്‍ ഞങ്ങള്‍ക്ക് നേരെ നീട്ടിയത്. അവരോട് നിരസിക്കാതെ സുരമ്യ അതു വാങ്ങി ഞങ്ങള്‍ക്കായി വീതം വച്ചു. താഴെ റോഡിൽ തിക്കിത്തിരക്കി നടന്നു പോകുന്ന ജനക്കൂട്ടത്തിന്റെ പുതുമയില്ലാത്ത ദൃശ്യം മാത്രമേയുള്ളൂ. കേബിള്‍ കാര്‍ സ്റ്റേഷനില്‍ നിന്ന്‍ പുറത്തേക്ക് വരുന്നയാളുകള്‍ ഞങ്ങളുടെ മുന്നിലൂടെ നടന്നു പോകുന്നുണ്ട്. ആ കൂട്ടത്തില്‍ ഒരാളായാണ് നേരത്തെ കണ്ട കുട്ടിത്തം വിട്ടുമാറാത്ത പരിശോധകന്‍ ഞങ്ങൾക്ക് മുന്നിലെത്തിയത്. കണ്ടയുടനെ പരിചിതഭാവത്തില്‍ ചിരിച്ചു. ജിതേന്ദര്‍ സിംഗ് അതാണവന്‍റെ പേര്. ഉത്തരാഖണ്ട് സ്വദേശി. കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങള്‍ തീര്‍ക്കാനായി പഠിച്ചതും ജോലി നേടിയതുമടക്കമുള്ള കഥകള്‍ അവന്‍ ഞങ്ങളോട് പറഞ്ഞു. അധ്വാനിച്ചു നേടിയ വിജയത്തില്‍ അതിന്‍റെ സന്തോഷത്തില്‍ പങ്കുചേരുകയെന്നതും സന്തോഷമുള്ള കാര്യം തന്നെയാണ്.
“ ഞാനും നിങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ട്. ജടായുപ്പാറയിലെ റോപ്പ് വേ ഞങ്ങളുടെ കമ്പനിയാണ് നടത്തുന്നത്. എനിക്ക് അങ്ങോട്ട് ട്രാന്‍സ്ഫറാണ്. അവിടെ വച്ചു കാണാം. ” ജിതേന്ദര്‍ പറഞ്ഞു.
ഹരിദ്വാറില്‍ എന്താവശ്യമുണ്ടെങ്കിലും വിളിച്ചുകൊള്ളാന്‍ പറഞ്ഞ് ഫോണ്‍ നമ്പറും തന്ന്‍ അവന്‍ ഉച്ചഭക്ഷണം കഴിക്കാനായി കമ്പനി ഉദ്യോഗസ്തരുടെ മുറിയിലേക്ക് നടന്നു. ജീവിതത്തെ നോക്കി എന്നും എപ്പോഴും പുഞ്ചിരിക്കാന്‍ സാധിക്കുന്നത് ഒരു വലിയ കാര്യമാണ്.
മന്‍സാ ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്ന ശിവാലി കുന്നുകളുടെ നേരെ എതിര്‍വശത്തുള്ള ചണ്ഡി മലയിലാണ് ചണ്ഡി ദേവിക്ഷേത്രം. അവിടേയ്ക്കും റോപ്പ് വേയുണ്ട്. ഹരിദ്വാറിന്‍റെ ആകാശത്തെ മുറിച്ചു കൊണ്ടുള്ള കേബിള്‍ കാര്‍ സഞ്ചാരത്തിനാണ് ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കാതെ പോയത്.
കേബിള്‍ കാറില്‍ തന്നെ താഴോട്ടിറങ്ങി. വന്ന വഴികളിലൂടെ വീണ്ടും നടന്നു. ലക്ഷ്യം ഹര്‍ കി പൗരിയാണ്. സമയം രണ്ടുമണി കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കണം, പിന്നെ ഗംഗാആരതിയും കാണണം. അത്രയുമായാല്‍ ഹരിദ്വാറിനോട് വിടപറയാം. വൈകുന്നേരം ആറുമണിക്കാണ് ആരതിയെന്ന ഗംഗാപൂജ നടക്കുക. ഗംഗയുടെ തീരങ്ങളിലെ ആരതികളില്‍ ഏറ്റവും കേമം ഹരിദ്വാറിലെതെന്നാണ് കേട്ടിട്ടുള്ളത്. നേരത്തെ തിരക്കില്‍പ്പെട്ട് കൂട്ടം തെറ്റി പോയതിനാല്‍ ആരതി നടക്കുന്ന ഘട്ട് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.
വഴികളില്‍ രാവിലത്തേതിനെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. അങ്ങനെ ഞങ്ങള്‍ വീണ്ടും ഹര്‍ കി പൗരിയിലെത്തി. തീരത്തെ തിരക്കില്‍ അലഞ്ഞു നടന്ന ശേഷം രാവിലെ ഭക്ഷണം കഴിച്ച അതെ കടയില്‍ നിന്നു തന്നെ ഉച്ചഭക്ഷണവും കഴിച്ചു. തീര്‍ത്ഥാടകരും, അഘോരി സന്യാസിമാരും കച്ചവടക്കാരും, പൊരിവെയിലത്ത് പലതരം ജോലികള്‍ ചെയ്യുന്ന കുട്ടികളും വൃദ്ധരുമടങ്ങുന്ന നിസംഗത മുഖത്തണിഞ്ഞു നില്‍ക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ മാത്രമാണ് ആ നദി തീരത്തെ പ്രധാന കാഴ്ച. കാന്‍ഡിഡ് ഫോട്ടോഗ്രഫി പരീക്ഷണത്തിന് പറ്റിയ വേദിയാണ്. നെടുകെയും കുറുകെയുമുള്ള പാലങ്ങള്‍ മുഴുവനും ജനസാഗരത്തില്‍ മുങ്ങി നില്‍ക്കുകയാണ്. നേരത്തെ വഴി തെറ്റിയയിടമാണ്. അതുകൊണ്ടുതന്നെ ആലോചനകള്‍ക്ക് അവധി കൊടുത്ത് എല്ലാവരെയും ഒരു കണ്ണകലത്തില്‍ തന്നെ നിര്‍ത്തി കൊണ്ടാണ് ഞാന്‍ നടക്കുന്നത്.
മറ്റുള്ളവർ പോയ ദിശയിലേക്ക് തന്നെ ഞാനും റിനിയും പാലമിറങ്ങി ചെന്ന് നടന്നു. അവിടെ ഒരു ഘട്ടിന്‍റെയരികിൽ വെളുത്ത കുർത്തയണിഞ്ഞു നിൽക്കുന്ന സാത്വീകഭാവമുള്ള ഒരാളോട് സംസാരിച്ചു നിൽക്കുകയാണ് മുകുളും സുരമ്യയും രമ്യയും.
” കൂടെയുള്ളവരാണോ..?? ” പുതിയതായി വന്ന ഞങ്ങൾ രണ്ടുപേരെ കണ്ട് അയാൾ ചോദിച്ചു.
” അതെ..”
അയാൾ സംസാരം തുടർന്നു.
” ദാ ഇവിടെ നിന്ന് അത്രയും ദൂരത്തിൽ 21 പുരോഹിതർ നിന്ന് ഗംഗമയിയെ പൂജിക്കുന്ന ചടങ്ങാണ് ഇത്. ഇവിടെ ഇരുന്നു തന്നെ നിങ്ങൾക്ക് ആരതി കാണാം.” അയാൾ ആവശ്യത്തിനനുസരിച്ച് പല ദിക്കുകളിലേക്ക് വിരൽ ചൂണ്ടി.
” പോയിട്ട് ആറുമണിക്ക് വന്നോളൂ.. ഇവിടെ ഇരുന്നു തന്നെ ആരതി കാണാം. ” അയാൾ ശാന്തമായ സ്വരത്തിൽ പറഞ്ഞു.
ഈ ജനക്കൂട്ടത്തിന്റെ ഇടയിൽ സീറ്റ് റിസർവേഷൻ ഇയാൾക്ക് ഏങ്ങനെ സാധ്യമാകുമെന്നതായിരുന്നു എന്‍റെ ചിന്ത.
” നിങ്ങൾ വന്ന സമയം വളരെ നല്ലതാണ് ശ്രാവണമാസത്തിലെ ശിവരാത്രി സമയമാണിപ്പോൾ. ” അയാൾ തുടർന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമായാണ് അയാൾ സംസാരിച്ചു കൊണ്ടിരുന്നത്.
” സർ നിങ്ങളുടെ പേര്…? ” ഞാൻ ചോദിച്ചു.
” എന്‍റെ പേര് രാകേഷ്, ഗംഗാ സഭയുടെ ഒരു ബോർഡ് മെമ്പറാണ്. ”
ആ മറുപടി എന്‍റെ സംശയങ്ങൾ അകറ്റാൻ പോന്നതായിരുന്നു. ഹരിദ്വാറിൽ ആരതിയുടെ മേൽനോട്ടം മിക്കവാറും ഗംഗസഭയ്ക്ക് തന്നെയായിരിക്കും അപ്പോൾ അതിന്‍റെ ബോർഡ് മെമ്പർ അധികാരമുള്ളയാളാണ്.
” സാർ ഒരു ചോദ്യം. ഈ ശ്രാവണമാസത്തിലെ ശിവരാത്രിയും മഹാശിവരാത്രിയും തമ്മിലുള്ള വ്യത്യാസം എന്താണ്? ”
ഗംഗാമാതാവിന്‍റെ സംരക്ഷകർക്ക് ഏതെങ്കിലും ഒരു ചെറിയ പുരാണകഥയുടെ ഒറ്റവരി ആശയം കൊണ്ട് മറുപടി സാധ്യമാകുന്ന ചോദ്യമാണ്. പക്ഷെ മനോഹറിന് എനിക്ക് ഉത്തരം തരാൻ സാധിച്ചില്ല.
” ആരതി കാണുന്നതിന് എന്തെങ്കിലും ഫീസ് ഉണ്ടോ. ടിക്കറ്റൊ മറ്റോ ” ഞാൻ വീണ്ടും ചോദിച്ചു.
” ഇത് ഹരിദ്വാർ ആണ് ഇവിടെ ഇതിനൊന്നും ചാർജ് ഇല്ല. നിങ്ങൾക്ക് വരാം ഗംഗയിൽ കുളിക്കാം നിങ്ങളുടെ കുടുംബത്തിന്‍റെയും നല്ല ഭാവിക്ക് ഫ്ലവർ ബോട്ടുകൾ ഒഴുക്കാം.”
പ്രസന്നമായ മുഖത്തോടെ അയാൾ തുടർന്നു.
” നിങ്ങൾ കുളിച്ചോ ?? ”
” ഇല്ല. ” മുകുളാണ് മറുപടി പറഞ്ഞത്.
” പറ്റുമെങ്കിൽ ചെയ്യൂ. സ്വയം ശുദ്ധിയാവൂ. പിന്നെ പോയിട്ട് ആറു മണിക്ക് വരൂ. ”
അയാൾ ഞങ്ങൾ നേരെ കൈകൂപ്പി.
ഞങ്ങൾ ഘട്ടിൽ നിന്നും തിരക്കൊഴിഞ്ഞ ഒരു വശത്തേക്ക് മാറി നിന്നു. ആരതി കാഴ്ചയ്‌ക്ക് അരങ്ങൊരുങ്ങിയിരിക്കുന്നു.
“ ആരതി തുടങ്ങാന്‍ ഇനിയും രണ്ടരമണിക്കൂറോളം ബാക്കിയുണ്ടല്ലോ, വിറ്ററിനെയും ജൂണോയെയും വിളിച്ചു കൊണ്ട് വരാം…
പിന്നെ ഹോട്ടലില്‍ പോയി എ.സിയില്‍ ഇരിക്കുകയുമാവാം…“
ആശയം മുകുളിന്‍റെതായിരുന്നു. സുരമ്യയും റിനിയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ അവര്‍ക്ക് വരാന്‍ താല്പര്യമുണ്ടാകില്ലായെന്ന എന്‍റെ കണ്ടുപിടുത്തത്തില്‍ ഞാന്‍ ഉറച്ചു തന്നെ നിന്നു. എനിക്ക് പിന്തുണയുമായി രമ്യയും. ഒടുവിൽ ആറുമണിക്ക് ആരതി നടക്കുന്ന ഘട്ടില്‍ എത്താമെന്ന ഉറപ്പോടെ ഞങ്ങള്‍ അവരവരുടെ ഇഷ്ടമനുസരിച്ച് വഴിപിരിഞ്ഞു.

ഞാനും രമ്യയും വീണ്ടും തിരക്കിലേക്ക് നടന്നു. ഗംഗാസഭയുടെ സ്വാഗതബോർഡുകൾ വായിച്ച് പാലങ്ങൾ കയറി. പോലീസുകാര്‍ തടയുന്നിടം വരെ നടന്നുചെന്നു. തിക്കിത്തിരക്കുന്ന ജനസമുദ്രത്തിലൂടെ സമയത്തെ കുറിച്ച് വ്യാകുലപ്പെടാതെ ഒഴുകി. അലക്ഷ്യമായി നോക്കുമ്പോൾ മാത്രം കണ്ണിൽപ്പെടുന്ന ചില കാഴ്ചകളാൽ മനസ് നിറച്ചു. പാലത്തിന്റെ കൈവരികൾക്കടുത്ത് നിന്ന് നോക്കിയാൽ കനാലുകൾ നിർമ്മിച്ച് പട്ടണത്തിലേക്കോഴുക്കി വിട്ട ഗംഗയെ കുറച്ചുകൂടി ഭംഗിയായി കാണാം.
ഘട്ടുകൾ കാവൽനിൽക്കുന്ന ഭക്തർ തൊഴുതുവഴങ്ങുന്ന ഹരിദ്വാറിലെ പ്രൗഡയായ
ഈ നദിദേവിയെക്കാളും ചേല് രുദ്രപ്രയാഗിലേക്കുള്ള വഴിയിൽ കണ്ട പാറക്കൂട്ടങ്ങളോട് ഒളിച്ചുകളി നടത്തി കൊണ്ടൊഴുകുന്ന ആ കാട്ടാറിന് തന്നെയാണ്. ഒരു നദി പലമുഖങ്ങൾ പലഭാവങ്ങൾ. ഈയൊരു യാത്രയെ പറ്റി നാളെ ആരോടെങ്കിലും പറയുമ്പോൾ വെറുതെ ഒന്ന് ശ്രമിക്കണം ഗംഗയെ മാറ്റി നിർത്തിക്കൊണ്ട് വിവരണം നൽകാൻ. പക്ഷെ ഒരു വരിയിൽ ചുരുക്കാൻ പറഞ്ഞാൽ ഗംഗയുടെ തീരങ്ങളിലൂടെ ഒരു സഞ്ചാരം എന്നല്ലാതെ മറ്റൊന്നും പറയാൻ എനിക്ക് അറിയില്ല. ഇന്നലത്തെ ഡിയോറിയയിലെ തടാകവും അടുത്ത ദിവസങ്ങളിൽ അത്ഭുതമെന്ന അഹങ്കാരത്തിൽ മുന്നിലേക്കെത്താൻ പോകുന്ന താജ്മഹലും എന്നോട് അതൃപ്തി പ്രകടിപ്പിച്ചേക്കാം; പക്ഷെ എനിക്കിഷ്ടം ഒൻപത് ദിനരാത്രങ്ങളുടെ കാഴ്ചകളെ ആ ഒരുവരിയിൽ ചുരുക്കാനാണ്.
സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ ആരതി നടക്കുന്ന ഘട്ടിലേക്ക് നടന്നു.
മഴക്കാലത്ത് എന്റെ നാട്ടിലെ കുളങ്ങളിൽ തിമിർക്കുന്നത് പോലെ ഗംഗയിൽ കുളിച്ചും കളിച്ചും തിമിർക്കുകയാണ് കുട്ടികൾ. ഹർ കി പൗരിയിലെ പൊതു ഉച്ചഭാഷിണിയിൽ നിന്ന് അനൗൺസ്മെന്റുകൾ മുഴങ്ങുന്നുണ്ട്. കൂട്ടം തെറ്റി പോയവരുടെ പേരുകളാണ് വിളിച്ചു പറയുന്നതിൽ കൂടുതലും.

ആളുകൾ ഇപ്പോഴും കുളിക്കുന്നുണ്ട്, കുളികഴിഞ്ഞ് ഫ്ലവർ ബോട്ടുകൾ ഒഴുകുന്നുണ്ട്. നദിയിലേക്കിറങ്ങുന്ന പടവുകളിൽ ഫ്ലവർബോട്ടിന്റെയും പൂജാസാധനങ്ങളുടെയും കച്ചവടം പൊടിപൊടിക്കുകയാണ്. ചെറിയ മരക്കഷണങ്ങൾ കൊണ്ടോ കമ്പി കൊണ്ടോ ഉണ്ടാക്കിയ ഫ്രെയ്മിന് ചുറ്റും നീല പ്ലാസ്റ്റിക് ഷീറ്റുകൾ നിരത്തിയുള്ളതാണ് കഷ്‌ടി ഒരാൾക്ക് മാത്രം ഇരിക്കാൻ പാകത്തിനുള്ള
ഫ്ലവർബോട്ട് കടകൾ. അപൂർവ്വം ചില കടകളുടെ ചുവരുകളും മരപലകകൾ കൊണ്ടുണ്ടാക്കിയതാണ്.
പടവുകളിൽ പൂക്കളുടെയും പൂജാദ്രവ്യങ്ങളുടെയും അവശിഷ്ടങ്ങളും ചെളിയുമാണ്. അതിനുപുറമേ ഗംഗാസ്നാനം കഴിഞ്ഞ് ഈറൻമാറി പോകുന്ന ഭകതർ ഉപേക്ഷിച്ചു പോകുന്ന കടലാസുകളും പ്ലാസ്റ്റിക് സഞ്ചികളും അനാഥമായി കിടപ്പുണ്ട്. ഇത്രയും വൃത്തിഹീനമായ സ്ഥലത്ത് എങ്ങനെ ഇരിക്കും എന്നൊക്കെ ആലോചിച്ച് നിൽക്കുമ്പോൾ രാകേഷ് ജി യുടെ കൂടെ നേരത്തെ ഉണ്ടായിരുന്ന ചെറുപ്പക്കാരൻ ഞങ്ങളുടെ മുന്നിലെത്തി. മുട്ടറ്റം വരെ കയറ്റി വച്ച ജീൻസും ഒരു ഷർട്ടുമായിരുന്നു അയാളുടെ വേഷം. ഹിന്ദിയിലാണ് അയാൾ സംസാരിച്ചത്.
” കുളിക്കുന്നത് ഇപ്പോൾ നിർത്തും. ഇവിടെ മുഴുവൻ വൃത്തിയാക്കിയ ശേഷം നിങ്ങൾക്ക് ഇരിക്കാം. ഗംഗാമയിയുടെ പ്രധാന വിഗ്രഹം വെക്കുന്നത് അവിടെയാണ്. ഇപ്പോൾ നിങ്ങൾ ഇവിടെ ഇരുന്നോളൂ.”
തൊട്ടടുത്തുള്ള ഫ്ലവർ ബോട്ട് കച്ചവടക്കാരന്‍റെ അടുത്ത് മേശമേലെ അയാൾ സീറ്റ് തയ്യാറാക്കി.
അയാളുടെ ആതിഥ്യമര്യാദ കണ്ട് എനിക്ക് അതിശയം തോന്നി. ബോട്ട് കച്ചവടക്കാരന് ഞങ്ങൾ അവിടെയിരിക്കുന്നതിൽ അനിഷ്ടമൊന്നുമില്ല. അയാൾ പഴയപോലെ ജോലികളിൽ വ്യാപൃതനാണ്. ഞാൻ മുകുളിനെ വിളിച്ചു. അവർ ഹോട്ടലിൽ നിന്നും ഇറങ്ങി കഴിഞ്ഞു. എന്റെ ഊഹം പോലെ തന്നെ വിറ്ററും ജൂണോയും അവരോടൊപ്പമില്ല.
കുറച്ചു കഴിഞ്ഞ് അയാൾ വീണ്ടും വന്നു.
” സർ ചെരുപ്പ് പുറത്തുവെക്കണം. എന്റെ കൂടെ വരൂ. ”
ഘട്ടിന്‍റെ എതിർവശത്തായി വഴിയരികിലാണ് ചെരുപ്പ് സൂക്ഷിപ്പുകേന്ദ്രം.
അയാൾ തന്നെ ഞങ്ങൾക്ക് വേണ്ടി ടോക്കണുകളെടുത്ത് ചെരുപ്പുകൾ അകത്തേക്ക് കയറ്റി വച്ചു.
അപ്പോഴേക്കും പടവുകൾ വെള്ളമൊഴിച്ച് കഴുകാൻ തുടങ്ങിയിരുന്നു. നന്നായി വൃത്തിയാക്കുന്നുണ്ട് യൂണിഫോം ധരിച്ച ജോലിക്കാർ. തുടർന്ന് ഗംഗാസഭയുടെ ആളുകൾ അവിടെ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കാൻ ആരംഭിക്കുകയാണ്. അയാൾ ഞങ്ങളെ മുന്നിലേക്ക് ആനയിച്ചു.
“ നിങ്ങൾ എത്രപേരുണ്ട്..? “
“ അഞ്ചു പേർ. മൂന്നു പേർ ഇപ്പോൾ എത്തും.“
” ഇവിടെ ഇരുന്നോളു. നിങ്ങൾ ഫ്ലവർ ബോട്ട് ഒഴുക്കുന്നുണ്ടല്ലോ അല്ലെ.”
” ഉം.”
ഞാനും രമ്യയും മുന്നിൽ തന്നെ ചെന്നിരുന്നു. അപ്പോഴേക്കും മറ്റു മൂന്നുപേരും എത്തി. ഞങ്ങൾക്ക് പിന്നിലുള്ള പടവുകളിൽ തിരക്ക് കൂടുകയാണ്. ആരതി ചെയ്യുന്ന പൂജാരിമാർ അവിടെ നിൽപ്പുണ്ട്. കൂടെയുള്ളവർ ഗംഗമാതാവിന്റെ വിഗ്രഹത്തെ ഒരുക്കുകയാണ്.ചുവന്ന പട്ടുവിരിച്ച ഒരു സ്റ്റൂളിന്റെ മേലെ ഞങ്ങൾക്കഭിമുഖമായി വച്ചിരിക്കുകയാണ് ആ പ്രതിമ.

നദിയിൽ കുളിച്ചു കൊണ്ടിരിക്കുന്നവരെ മുഴുവനായും മാറ്റി കഴിഞ്ഞു. ആരതിയുടെ ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിക്കവെ ഒരു നാലംഗ കുടുംബത്തെയും കൂട്ടി വരികയാണ് രാകേഷ് ജിയുടെ അനുയായി. അയാൾ അവരെ മാത്രമായി ആളൊഴിഞ്ഞ ആ സ്നാനഘട്ടത്തിലേക്ക് ഇറക്കി വിട്ടു. കുളി നിർത്തിവച്ച ഘട്ടിൽ ആ കുടുംബം മാത്രം.
തുടർന്നയാൾ അഞ്ചു ബോട്ടുകളുമായി ഞങ്ങൾക്ക് നേരെ വന്നു.
” മൂന്നു പേർ വരൂ ” അയാൾ ഞങ്ങളെ നദിയുടെ പടവിലേക്ക് ക്ഷണിച്ചു.
” നിങ്ങൾക്കും കുടുംബത്തിനും ഐശ്വര്യം ഉണ്ടാവൻ ഗംഗമയിയോട് നമുക്ക് പ്രാർത്ഥിക്കാം.”
കർപ്പൂരത്തിനൊപ്പം എന്തോ കരിഞ്ഞു കത്തുന്ന മണം എനിക്ക് ലഭിച്ചു തുടങ്ങി 😛
ശ്ലോകങ്ങൾ…
ഗംഗാദേവി സ്തുതികൾ…
അയാൾ കണ്ണുകൾ തുറന്നു.
” നിങ്ങളുടെ കുലം ”
” അറിയില്ല” ( വീടുനടുത്ത് ഒരു കുളമുണ്ട് )
” ഗോത്രം..?”
” അറിയില്ല”
” ഒന്നോർത്തു നോക്കു…”
” ക്ഷത്രിയൻ ” വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു.
അച്ഛന്‍റെ പേര്, അമ്മയുടെ പേര്, മാരിഡ് ആണോ, ചോദ്യങ്ങൾ ഗംഗയിലെ ഓളങ്ങൾ പോലെ ഞങ്ങളുടെ നേർക്ക് ഒഴുകി വന്നു.
അവസാനം…
” സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടി ഗംഗമൈയിക്ക് നിങ്ങൾ എന്ത് കൊടുക്കും..?”
” 500 1000 2000 5000 ഓർ….”
” പറയ്യു ”
” 100….”
“എന്താ സാർ, ഫാമിലിക്ക് വേണ്ടി ഇത് കൂടി ചെയ്യാൻ പറ്റില്ലേ.”
” 500….”
ശരി തരു.
ഞാനും മുകുളും രമ്യയും അയാൾക്ക് അഞ്ഞൂറ് രൂപ വീതം നൽകി. പണം അയാൾ ജീൻസിന്റെ പിറകിലെ പോക്കറ്റിലേക്ക് തിരുകി അയാൾ വീണ്ടും കർമ്മത്തിലേക്ക് കടന്നു.
വീണ്ടും ശ്ലോകങ്ങൾ….
ഗംഗ ജലം തലയിൽ തൊട്ടു തരുന്നു.
ഫ്ലവർ ബോട്ട് കത്തിച്ചു തരുന്നു.
“ ഇനി ഗംഗമയിയെ ഒന്നു ഉഴിഞ്ഞ് പ്രാർത്ഥിച്ച് അത് ഒഴുക്കു… പ്രസാദം ആരതിക്ക് ശേഷം ഞാൻ തരാം…”
കബളിപ്പിക്കപ്പെട്ടുവന്ന തോന്നലു കാരണമാവാം പ്രാർത്ഥിക്കാൻ എന്‍റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ ഫ്ലവർ ബോട്ട് ഒഴുക്കി. ഓളങ്ങളിൽപ്പെട്ട് അകലേക്ക്… ആദ്യം മറിഞ്ഞത് എന്റെ ബോട്ടാണ്. ഈ ഒഴുകുന്ന ബോട്ടിനെ നോക്കി ലക്ഷണം കണ്ടുപിടിച്ച് ഒഴുക്കിയ ആളിന്‍റെ ഭാവി പ്രവചിക്കുകയെന്നൊരു കച്ചവട സാധ്യത അവിടെ ആരാലും ഉപയോഗിക്കാതെ കിടപ്പുണ്ട്.
ഒളിഞ്ഞുകിടക്കുന്ന സാധ്യതകളെ പ്രയോജനപെടുത്തുന്നതിലാണ് കച്ചവടത്തിന്റെ ഭംഗി.
പടവിലെ ഇരിപ്പിടത്തിനടുത്ത് നിൽക്കുകയാണ് സുരമ്യയും റിനിയും. അവരോട് 100 രൂപ കൊടുത്താൽ മതിയെന്ന് പറഞ്ഞ് ഞങ്ങൾ 500 രൂപ വിലയുള്ള പടവിൽ ചെന്നിരുന്നു. കുടുംബ ഐശ്വര്യത്തിന്‍റെ കോട്ടേഷനുമായി ഫ്ലവർ ബോട്ടുകൾ ഒഴുകി കൊണ്ടേയിരിക്കുന്നുണ്ട്. നേരത്തെ അയാളോടൊപ്പം വന്ന കുടുംബം കുളി കഴിഞ്ഞ് വേറെ ഏതോ പൂജയിലാണ്. ഗംഗ ആരതിക്കുള്ള പരസ്യ സംഭാവന ചോദിച്ചു കൊണ്ട് പടവുകളിൽ കൂടി നടക്കുകയാണ് വേറെയൊരാൾ. എല്ലാം ഗംഗാസഭയുടെ ആളുകളാണ്. അല്ലെങ്കിൽ ഭക്തിമാഫിയയുടെ കണ്ണികളായിരിക്കും രാകേഷ് ജി മുതൽ ഹോട്ടലിൽ വന്ന് ഇരുന്നൂറു രൂപയ്ക്ക് ആരതി കാണിക്കാമെന്നു പറഞ്ഞ മനോഹര്‍ വരെ.
ആരതി ആരംഭിച്ചു. മൈക്കുകളിലൂടെ ഋഷികേശിൽ കേട്ട അതെ ഗാനം.
ജയ് ഗംഗാമയ്യാ… ദേവി ജയ് ഗംഗാമയ്യാ…
ഋഷികേശിൽ കണ്ട അതെ അംഗവിക്ഷേപങ്ങൾ തന്നെയാണ് പൂജാരിമാരുടെ ഭാഗത്തു നിന്നും. വിളക്കുകൾ വലുതാണെന്നതും കുറച്ചു കൂടി ഇടുങ്ങിയ ഘട്ടിൽ കൂടുതൽ ജനപങ്കാളിത്തത്തോടെ നടക്കുന്നുവന്നതും മാറ്റി നിർത്തിയാൽ ത്രിവേണി ഘട്ടിലെ ആരതി പോലെ എന്‍റെ കണ്ണും കാതും മനസും നിറയ്ക്കാൻ ഹർ കി പൗരിക്കായില്ല.

ആരതി കഴിയുമ്പോഴേക്കും സമയം ഏട്ടു മണി കഴിഞ്ഞിരുന്നു. രാത്രി പതിനൊന്നര മണിക്കാണ് വാരാണസിയിലേക്കുള്ള ഉപാസന എക്സ്പ്രസ്. അതിനിടയിൽ രാത്രി ഭക്ഷണമെന്ന പ്രസക്തമായ കാര്യമൊഴികെ വേറെയൊന്നും ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നില്ല.
ഹോട്ടൽ അല്പനയിൽ നിന്നും യഥാർത്ഥത്തിൽ ഞങ്ങൾ ചെക്ക് ഔട്ട് ചെയ്തതാണെങ്കിലും സംസാരിച്ചപ്പോൾ അവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അവർ സമ്മതിച്ചു. കുളിച്ച് ക്ഷീണമകറ്റി ഒരു മണിക്കൂർ നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ റെയിൽസ്റ്റേഷനിലേക്ക് പോകാനിറങ്ങി. സാധുവായ റിസപ്ഷനിസ്റ്റ് ഹരിദ്വാറിനെക്കുറിച്ചും അവിടത്തെ സന്ദർശനത്തിനു പറ്റിയ സമയങ്ങളെ പറ്റിയും ഇറങ്ങുന്നതിന് തൊട്ടു മുൻപ് വരെ സംസാരിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ വീണ്ടും കാണാമെന്ന സ്ഥിരം പല്ലവിയിൽ ഞങ്ങൾ ആ മനുഷ്യനോടുള്ള യാത്രാമൊഴി ചുരുക്കി.
ഹർ കി പൗരിയിലേക്ക് പോയതിന്‍റെ എതിർദിശയിലേക്കാണ് റെയിൽവേ സ്റ്റേഷൻ. ബാഗുകളുടെ ഭാരവുമായി റോഡിലെ തിരക്കിലൂടെ നടക്കുമ്പോൾ മഞ്ഞവെളിച്ചത്തിൽ മങ്ങി ചിരിക്കുകയാണ് ഹരിദ്വാർ പട്ടണം.
എന്നെങ്കിലും ഒരു വരവ് കൂടിയുണ്ടാകുമോ ഇവിടേക്ക്..?? പട്ടണം തന്നെയാണോയെന്നറിയില്ല ആരോ ചോദിച്ചു.
അറിയില്ലായെന്നാണ് പറഞ്ഞ ഉത്തരമെങ്കിലും മനസ് മന്ത്രിച്ചത് ഇല്ലായെന്നാണ്.
അതു തിരിച്ചറിഞ്ഞതു പോലെ പട്ടണം വീണ്ടും മഞ്ഞപ്പല്ലു കാട്ടി എന്നെ നോക്കി ചിരിച്ചു.
“ വരില്ലയെന്നെനിക്കറിയാം നിർബന്ധമായും കണ്ടുതീർക്കേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് അനുദിനം നീണ്ടു നീണ്ടു വരുമ്പോൾ നിന്നെ പോലെയൊരു സഞ്ചാരിക്ക് എന്നെ ഒന്നിലധികം തവണ കണ്ടു നിൽക്കാനുള്ള നേരമുണ്ടാകില്ല.
സത്യസന്ധതയോടെ പറയട്ടെ അതിനുമാത്രമുള്ള ആകർഷണീയതയൊ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന നഗര സൗന്ദര്യമോ ആർഭാടമോയില്ലാത്ത ഒരുത്തരേന്ത്യൻ പട്ടണം മാത്രമാണ് ഞാൻ…”
തെല്ലിടനേരം ഞങ്ങൾക്കിടയിൽ നിലനിന്ന മൗനം ഭഞ്ജിച്ച് ഞാൻ തുടർന്നു.
“ അനിശ്ചിതത്വങ്ങൾ നിറഞ്ഞ നാളെയെ കുറിച്ചല്ല; എനിക്ക് പറയാനുള്ളത് നീയെനിക്ക് തന്ന ഇന്നത്തെ പകലിനെ കുറിച്ചാണ്. ആൾക്കൂട്ടത്തിന്‍റെ കാഴ്ചകൾ ഇത്ര മനോഹരമെന്ന് കാട്ടി തന്നതിന്, സ്നേഹത്തിന്റെ ചില മുഖങ്ങളെ പരിചയപ്പെടുത്തിയതിന്, ഭക്തിയെ നിഷ്കളങ്കതയുടെയും ഉന്മാദത്തിന്റെയും കച്ചവടത്തിന്റെയും പരിവേഷത്തോടെ വ്യത്യസ്ത ഭാവങ്ങളിൽ എന്റെ മുന്നിൽ നിരത്തിയതിന് പ്രിയപ്പെട്ട ഹരിദ്വാർ, നിനക്ക് നന്ദി. കാലമെത്ര തന്നെ കഴിഞ്ഞാലും ഭ്രാന്തമായ എന്‍റെ ചിന്തകളിൽ എവിടെയെങ്കിലും മാറാല പിടിച്ചെങ്കിലും നീ കിടപ്പുണ്ടാവും. “
അടുത്തൊരു മറുപടിക്ക് കാത്തുനില്‍ക്കാതെ മഞ്ഞ വെളിച്ചത്തെയും നിഴലുകളെയും പിന്നിൽ ഉപേക്ഷിച്ച് ഞാൻ ഇരുട്ടിലേക്കുള്ള നീളുന്ന വഴിയിലൂടെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.


Writing style superb