ഉപാസന എക്സ്പ്രസ്സിൽ ഉറങ്ങിതീർക്കേണ്ടത് പതിമൂന്ന് മണിക്കൂറുകളായിരുന്നു. ഏകദേശം എണ്ണൂറോളം കിലോമീറ്ററുകൾ. കഴിഞ്ഞ രാത്രിയിൽ മനുഷ്യർ ഇരമ്പിയാർക്കുന്ന ഹരിദ്വാറിലെ ഒരു ഹോട്ടലിൽ നിന്ന് ധൃതിപ്പെട്ട് ഭക്ഷണവും കഴിച്ച് കയറിയതാണ് ഈ യാത്രയിലേക്ക്. പന്ത്രണ്ട് മണിയോടടുപ്പിച്ചായിരുന്നുവത്. ട്രെയിനിന്റെ താരാട്ട് പാട്ടിലും തൊട്ടിലിന് സമാനമായ അതിന്റെ ചലനങ്ങളിലും ഉറക്കം സുഖകരമായ അനുഭവം തന്നെയായിരുന്നു.
ഇടയ്ക്കെപ്പോഴോ ഉറക്കത്തിന്റെ തുടർച്ച നഷ്ടപ്പെട്ട് ഞാൻ അപ്പർ ബർത്തിൽ നിന്ന് താഴോട്ടിറങ്ങി. വെളിച്ചം പരന്നിട്ടില്ല. ഉത്തരപ്രദേശിന്റെ വിജനതയുടെ കുതിച്ച് പായുകയാണ് തീവണ്ടി. വണ്ടിയുടെ വാതിൽക്കൽ തന്നെ നിലത്തിരുന്ന് ഉറക്കം തൂങ്ങുകയാണ് സന്യാസിയുടെ രൂപഭാവാദികളുള്ള വൃദ്ധനായ ഒരു മനുഷ്യൻ. ഇയാളും വാരാണസിയിലേക്കായിരിക്കുമോ ?
ഞാൻ എസ് വൺ ബോഗിയിലേക്ക് നടന്നു. മുകുൾ ഉറങ്ങുന്നത് അവിടെയാണ്. ഞങ്ങൾ നാലുപേർക്ക് എസ് ഫൈവിലും ഒരാൾക്ക് മാത്രം എസ് വണ്ണിലുമായിരുന്നു സീറ്റ്. എല്ലാ കമ്പാർട്ട്മെന്റുകളും നിദ്രയിലാണ്. വാതിലുകളുടെയടുത്തും കക്കൂസുകളിലും മാത്രം മഞ്ഞവെളിച്ചം കത്തി നിൽപ്പുണ്ട്. എസ് വണ്ണിൽ മുകുളും ഉറക്കത്തിലാണ്. അവനെ ശല്യപ്പെടുത്താതെ ഞാൻ തിരിച്ചു നടന്നു. സമയം അഞ്ചുമണിയാവുന്നതെയുള്ളൂ. ഞാൻ വീണ്ടും മുകളിലേക്ക് കയറി. ഇനി കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ വാരാണസി എത്തുകയായി. സത്യത്തിൽ എനിക്ക് വേണ്ടി, എന്റെ സ്വാർത്ഥത കാരണം ഉണ്ടാക്കിയ ഏച്ചുകെട്ടലാണ് ഈ ഉത്തരാഖണ്ഡ് യാത്രയ്ക്കിടെയിലെ വാരാണസി. അത് മുഴച്ചു തന്നെ നിൽക്കുന്നുമുണ്ട്. ഡെറാഡൂണും മുസൂറിയും കേദാർനാഥും ബദരിയും ചോപ്തയും തുംഗനാഥും നൈനിറ്റാലും ഔളിയുമടക്കം ലിസ്റ്റിൽ ഉണ്ടായിരുന്ന ഉത്തരാഖണ്ടിന്റെ പ്രകൃതിരമണീയതകളെ മുഴുവൻ തഴഞ്ഞും അളന്നുതൂക്കി ലഭിച്ച ഒൻപത് ദിനരാത്രങ്ങളിലെ ഒരു രാത്രിയെയും അരപകലിനെയും തീവണ്ടിപാളങ്ങളിൽ ഉപേക്ഷിച്ചതും എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി തന്നെയാണ്. ഇനി അഥവാ പ്രതീക്ഷകൾക്ക് വിരുദ്ധമായി എന്നെ ഭ്രമിപ്പിക്കാൻ പോന്ന അല്ലെങ്കിൽ കേട്ടറിഞ്ഞതിനെ ആധാരമാക്കി മനസ്സിൽ വരച്ചിട്ടതിന്റെ ഒരുപടി താഴെയെങ്കിലും നിൽക്കുന്ന കാഴ്ചകൾ വാരാണസി തന്നില്ലെങ്കിൽ…??? ഇല്ല അങ്ങനെയുണ്ടാവില്ല. ഞാൻ കണ്ണുകളടച്ചു.

മിത്തുകളുടെ നാടാണ് വാരാണസി. അതിനെ കുറിച്ച് പറയുന്ന യാഥാർഥ്യങ്ങളിൽ പോലുമുണ്ട് ഒരു ഭ്രമാത്മകത. വെറുതെയൊരു രസത്തിന് ചിന്തിച്ചു; ചിലപ്പോൾ കാലഭൈരവന്റെ കല്പനയാവും ഞാൻ കാരണം ഇവർ നാലുപേരും കൂടി ആ മണ്ണിൽ എത്താൻ. എം.ടിയുടെ വാക്കുകൾ കടം കൊണ്ടതാണ്. വാരാണസിയെന്ന നോവലിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്.
” കാലഭൈരവന്റെ നിശ്ചയമാണ്; ആരൊക്കെ വരണം, ആരൊക്കെ സ്ഥലം വിടണമെന്ന് നിശ്ചയിക്കുന്നത് നഗരത്തിന്റെ കൊത്ത്വാളായ കാലഭൈരവനാണ്. യമനും ചിത്രഗുപ്തനും ഇവിടെ അധികാരമില്ല. കണക്കുവെയ്ക്കുന്നത് ഭൈരോനാഥനാണ്. എല്ലാ ശിക്ഷകളും ചേര്‍ത്ത് അല്‍പ്പസമയം കൊണ്ട് കൊടുംയാതന നല്കിക്കഴിയുമ്പോള് ശിവന് അരികിലെത്തുന്നു. വലത്തെ ചെവിയില്‍ താരകമന്ത്രമോതുന്നു. പിന്നെ യാത്ര ക്ലേശകരമല്ല, പുനര്‍ജന്മമില്ല. സംസാരദു:ഖങ്ങളില്‍ നിന്നാകെ മോചനം. ”
സംസാരദു:ഖ ങ്ങളിൽ നിന്നുള്ള മോചനമെന്നാൽ മരണമാണ്. വാരാണസിയുടെ / കാശിയുടെ ഇഷ്ടവിഷയമാണത്. പാപങ്ങൾ പേറാൻ ഒരു നദിയും അതിന്റെ കരയിൽ മരണം കൊണ്ട് വ്യാപാരം നടത്തുന്ന ഒരു നഗരവും, ലോകത്തിൽ എവിടെയുമില്ല ഇതു പോലൊരിടം. ഭാവന സൃഷ്ടികൾ പോലും പിന്നിലായി പോകുന്ന ഭൂമിക.
ചിന്തകളുടെ വെള്ളിനൂലുകളിൽ നിന്ന് വഴുതി മനസും ശരീരവും ഉറക്കത്തിലേക്ക് ആണ്ടുകൊണ്ടിരിക്കേ ഫോണിലെ അലാറം ശബ്ദിച്ചു തുടങ്ങി. സമയം എഴുമണിയായിരിക്കുന്നു. തീവണ്ടിയുടെ കമ്പാർട്ട്മെന്റില്‍ ചായയുടെയും കാപ്പിയുടെയും ബഹളമാണ്. ഞാൻ വീണ്ടും താഴേക്കിറങ്ങി. വാതിലിനടുത്ത് ചെന്നു നിന്നു. പാളത്തിന്റെ ഇരു വശങ്ങളിലും പച്ചപ്പാണ്. വിശാലമായ വയലുകൾ. അതിനിടയിൽ ചെറിയ റോഡുകൾ. ഇടയ്ക്ക് തലയുയർത്തി ഒറ്റയായി നിൽക്കുന്ന മരങ്ങൾ. ഇങ്ങനെ ട്രെയിനിന്റെ വാതിലുകള്‍ക്കപ്പുറത്ത് നിറയെ കാഴ്ചകളാണ്. യുണിഫോം ധരിച്ച് സ്കൂളില്‍ പോകുന്ന കുട്ടികള്‍, പിറകില്‍ ചാക്കുകെട്ടുമായി സൈക്കിളില്‍ പോകുന്ന വേറെയൊരു കുട്ടി. അതിരാവിലെ തന്നെ വയലുകളിലെത്തി ജോലി തുടങ്ങിയ സ്ത്രീകള്‍. ട്രാക്റ്ററുമായി പോകുന്നവര്‍. കുഴല്‍ കിണറുകളില്‍ നിന്നും കഷ്ടപ്പെട്ട് വെള്ളമെടുക്കുന്ന ഒരമ്മയും മകളും. ഇന്ത്യയുടെ ഉത്തരഭൂമിയിലെ ജീവിതമാണ്, അതിന്റെ കാഴ്ചകളാണ് വഴിനീളെ. ഓരോ യാത്രയ്ക്കിടയിലും ഞാൻ ആലോചിക്കാറുണ്ട്, തലയ്ക്ക് ചുറ്റും കണ്ണുകൾ ഉണ്ടായിരുന്നെങ്കിലെന്ന് ; അല്ലെങ്കിൽ ഒരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാനുള്ള കഴിവ് സിദ്ധിച്ച് ട്രെയിനിന്റെ രണ്ടു വാതില്ക്കലും ഒരേ സമയം നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ; വഴിയോരങ്ങളിൽ നിന്ന് ഒന്നും ഒന്നും നഷ്ടമാകാതിരിക്കാൻ…!!!

പകൽ കൂടുതൽ സജീവമാകാൻ തുടങ്ങിയതോടെ ട്രെയിൻ കമ്പാർട്ട്മെന്റുകൾ ഉറക്കചടവ് വിട്ട് ഉണർന്ന് എഴുന്നേറ്റിരിക്കാൻ തുടങ്ങിയിരിക്കുന്നു. ഉത്തരപ്രദേശിന്റെ തലസ്ഥാന നഗരമായ ലക്നൗവിന്റെ പ്രാന്തപ്രദേശങ്ങളിൽ കൂടിയാണ് ട്രെയിൻ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. നവാബുമാരുടെ നാടാണ്. മാത്രവുമല്ല കൊതിയൂറുന്ന മധുര പലഹാരങ്ങൾക്ക് പേരു കേട്ടയിടവും. എന്റെ ആഗ്രഹങ്ങളുടെ പട്ടികയിൽ ഉള്ള സ്ഥലപേരു കൂടിയാണ് ലക്നൗ.
വാതിൽക്കൽ ഏതോ ഒരു സ്റ്റേഷനിൽ ഇറങ്ങാൻ നിൽക്കുകയാണ് ഒരു കുടുംബം. എതൊക്കെയോ കുറ്റിചെടികൾ നിറഞ്ഞ തോട്ടങ്ങള്‍ക്കിടയിലൂടെ ട്രെയിൻ സഞ്ചരിച്ചു കൊണ്ടിരിക്കവേ കുടുംബനാഥനോട് ഞാൻ സംസാരിച്ചു തുടങ്ങി. അയാൾ ഏതോ ബന്ധുവിന്റെ ഗ്രാമത്തിലേക്കുള്ള യാത്രയിലാണ്. വഴിയരികിൽ കാണുന്നതിനുപ്പുറമുള്ള മനോഹരമായ കാഴ്ചകൾ കാണാനായി അയാൾ എന്നെ ഉത്തർപ്രദേശിലേക്ക് ക്ഷണിച്ചു. ആളനക്കം കുറഞ്ഞ ഏതോ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ അയാളും കുടുംബവും ഇറങ്ങിപോയി. ഇന്നലെ രാത്രി മുതൽ വാതിൽക്കൽ ഇരിക്കുന്ന സന്യാസിയോടായി അടുത്ത നേരമ്പോക്ക്. അയാൾ വാരാണസിയിലേക്കല്ല. പാറ്റ്നയിലേക്കാണ്. ബിഹാറിൽ നിന്നും ഹരിദ്വാറിലേക്ക് വന്നതാണത്രേ. വൈകുന്നേരം ആറുമണിയാണ് ഉപാസന എക്സ്പ്രസ് പാറ്റ്നയിലെത്തുന്ന സമയം. അതുവരെ നിലത്ത് വിരിച്ചിട്ട പത്രകടലാസിലിരുന്ന് ഉറക്കം തൂങ്ങുകയെന്നത് മാത്രമേ അയാൾക്ക് ചെയ്യാനുള്ളു. അവിടെ കമ്പാർട്ട്മെന്റിൽ ഞങ്ങളുടെ അടുത്ത സീറ്റിൽ ഇരിക്കുന്ന മധ്യവയസ്ക്കനും പാറ്റ്നയിലേക്ക് തന്നെയാണ്. അമർനാഥിൽ തീർത്ഥാടനത്തിന് പോയി വരുന്ന അയാൾക്ക് പക്ഷെ ഡെറാഡൂൺ മുതൽ പാറ്റ്ന വരെ റിസർവ് ചെയ്ത സീറ്റ് സ്വന്തമായുണ്ട്. ആ മനുഷ്യനും ഉറങ്ങുകയാണ്. നമ്മുടെ നാട്ടിൽ മനുഷ്യർ കുറച്ചെങ്കിലും സമന്മാരാകുന്നത് ഇതു പോലെയുള്ള യാത്രയ്ക്കിടയിൽ മാത്രമാണ്. പിന്നെ സമത്വം നേടുന്നത് മരണത്തിലും.
ഗോവിന്ദിന്റെ വളരെ ചെറിയ ഒരു റിക്ഷയിലാണ് വാരാണസി റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കിലോമീറ്റർ ദൂരെയുള്ള സോസ്റ്റൽ എന്ന ഹോസ്റ്റൽ വരെയുള്ള ദൂരം ഞങ്ങൾ പിന്നിട്ടത്. കേരളത്തിന്റെ സാക്ഷരത ശതമാനത്തെ പറ്റിയും ജീവിതനിലവാരത്തെ പറ്റിയും നല്ല ബോധ്യമുണ്ടായിരുന്നു അയാൾക്ക്. മക്കളെ കൃത്യമായി സ്കൂളിൽ വിടണമെന്നും നല്ല വിദ്യാഭ്യാസം നേടികൊടുക്കണമെന്നുമുള്ള ആഗ്രഹങ്ങൾ അയാളിലെ പിതാവ് ഞങ്ങളോട് പങ്കുവച്ചു. വാരാണസിയുടെ കാഴ്ചകളെ പറ്റി, ബനാറസ് പട്ടിനെ പറ്റി, ബാംഗ് ലസ്സിയെ പറ്റി, മോഡിജിയെ പറ്റി, ഔറംഗാബാദ് ലെക്സാ റോഡിലുള്ള സോസ്റ്റലിൽ എത്തുന്നതു വരെ അയാൾ സംസാരം തുടർന്നു കൊണ്ടേയിരുന്നു.
ഋഷികേശിലെ ശിവശക്തിയെക്കാളും, ഹരിദ്വാറിലെ ബെഡ്ഹബ്സിനെക്കാളും വലുതും പേരുകേട്ടതുമായ ഹോസ്റ്റൽ ഗ്രൂപ്പാണ് സോസ്റ്റൽ. പേരിനൊത്ത പെരുമയുണ്ടായിരുന്നു അവരുടെ അകത്തളങ്ങൾക്ക്. നല്ല വൃത്തിയുള്ള റൂമുകൾ. വിശാലമായ കോമൺ ഏരിയകൾ. മുകളിലത്തെ നിലയിൽ മനോഹരമായൊരു കഫേ. ടി.വി, ബീൻ ബാഗുകൾ അങ്ങനെ പലതും.

” വാരാണസിയിൽ എതു നിമിഷവും വൈദ്യുതി മുടങ്ങിയേക്കാം. ഞങ്ങൾ നിസ്സഹായരാണ്. നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. ”
പുറത്ത് റിസപ്ഷനിൽ ചുവരിൽ തൂക്കിയ ബോർഡിൽ എഴുതിവച്ചത് ഞാൻ വായിച്ചു. പെട്ടെന്ന് ഓർമ്മ വന്നത് ഏതാനം മിനിറ്റുകൾക്ക് മുൻപ് ഗോവിന്ദ് പറഞ്ഞതാണ്.
” 5 വർഷം കൊണ്ട് ഇവിടം മാറാൻ പോവുകയാണ്. ഇപ്പോൾ തന്നെ ഒരു ജപ്പാനീസ് കമ്പനി ഇവിടെ വന്ന് പഠനം നടത്തി. വൈദ്യുതി കമ്പികൾ മണ്ണിനടിയിലൂടെയാക്കാൻ പോകുന്നു… ”
ഇതാണ്, അടിസ്ഥാനആവശ്യങ്ങളിൽ സ്ഥിരത നേടാതെ പുറംമോടികളെ പറ്റി പറഞ്ഞ് സാധാരണക്കാരെ സ്വപ്നം കാണിക്കുന്ന ഭരണവർഗ്ഗത്തിന്റെ ഇന്ത്യ. നിസ്സഹായതയുടെ മുഖമാണ് പലപ്പോഴും എന്റെ രാജ്യത്തിന്.
ഞങ്ങള്‍ അകത്തേക്ക് കയറി. ഡോർമെട്രിയിൽ ഞാനും മുകുളും സുരമ്യയും സംസാരിച്ചിരിക്കുമ്പോഴാണ് ലെക്സംബർഗുകാരനായ ഒരാൾ മുറിയിലേക്ക് കയറി വന്നത്. വന്നയുടനെ സോറിയെന്ന മുഖവുരയോടെ അയാൾ പറഞ്ഞു.
” Please don’t kill me; im a meat eater, i heard that your PM hates meat eaters ”
” അതൊരു പ്രശ്നമുള്ള കാര്യമല്ല. ഞങ്ങളും മാംസം കഴിക്കുന്നവരാണ്. ” ഞാൻ പറഞ്ഞു.
” you all are indians..?”
” അതെ തെക്കേഅറ്റത്തുള്ള കേരളത്തിൽ നിന്നുള്ളവരാണ്.”
എയർപോർട്ടിലേക്ക് പോകാൻ സമയമായതിനാൽ ഞങ്ങളോട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അയാൾ ഉണക്കാൻ വിരിച്ചിട്ട തുണികളെടുത്ത് ധൃതിയിൽ പുറത്തേക്ക് പോയി.
എല്ലാവരും കുളിച്ച് വേഷം മാറിയ ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. സമയം നാലുമണിയാവാറായിരിക്കുന്നു. ഹോസ്റ്റലിൽ നിന്നും രണ്ടുരണ്ടര കിലോമീറ്റർ ദൂരമേയുള്ളൂ ദശാശ്വമേധഘട്ടിലേക്ക്. അവിടെ ചെന്നാൽ ഗംഗാ ആരതി കാണാം. ഞങ്ങൾ ഗൂഗിൾ മാപ്പിൽ കാണിച്ചു തന്ന വഴിയിലൂടെ നടന്നു. നിലത്ത് കോൺക്രീറ്റ് വിരിച്ച ചെറിയ ഒരു വഴിയാണ്. അവിടെ കുരങ്ങന്മാർ ധാരാളമായുണ്ട്. പോകുമ്പോൾ കണ്ടു, സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നടക്കുന്ന ഒരു തള്ള കുരങ്ങ്.

ഇടയ്ക്കിടയ്ക്ക് തദ്ദേശീയരായ ചിലർ ഒറ്റയ്ക്കും കൂട്ടമായും പോകുന്നുണ്ടെന്നതൊഴിച്ചാൽ ശാന്തമാണ് ആ വഴികൾ. ഇരുവശങ്ങളിലുമുള്ള നിറം മങ്ങിയ കെട്ടിടങ്ങളിൽ പലതും വീടുകളും ചെറിയ ഹോട്ടലുകളുമാണ്. അതിന്റെ ഇടയിലൂടെ ഞങ്ങൾ നടന്നു. കുറച്ചകലെയുള്ള ഒരു പ്രധാന റോഡില്‍ ആ വഴിയവസാനിച്ചു; വാരാണസി ശാന്തമാണ് എന്നയെന്റെ തോന്നലും.
അരയാളിന്റെ ഉയരത്തിൽ മുളന്തടി കൊണ്ട് വേലിപോലെ കെട്ടിയുണ്ടാക്കി റോഡിനെ നെടുകെ പകുത്തിരിക്കുകയാണ്. ഹരിദ്വാറിൽ കണ്ടതുപോലെ മനുഷ്യസമുദ്രത്തിന്റെ ഏകാധിപത്യമില്ല വാരാണസിയിലെ റോഡുകളിൽ. മനുഷ്യരും പശുക്കളും പട്ടികളും, കുതിരവണ്ടികളും, സൈക്കിളും സൈക്കിൾ / മോട്ടോർ / ഓട്ടോ റിക്ഷകളും കാറുകളും യഥേഷ്ടം വിഹരിക്കുന്നുണ്ട് കാശിയുടെ തെരുവുകളിൽ. റോഡിന്റെ ഇരുവശത്തും നിറയെ കടകളാണ്. വിശ്വനാഥക്ഷേത്രത്തിലേക്കും വിവിധ ഘട്ടുകളിലേക്കുമുള്ള വഴികൾ വലിയ ബോർഡുകളിൽ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. ആ വഴിയിലെ ഒരു ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടാണ് കാശി വിശ്വനാഥക്ഷേത്രം. കുറച്ചു പൊലീസുകാർ അതിന്റെ ഗേറ്റിനു പുറത്ത് കാവൽ നിൽപ്പുണ്ട്.
” സർ ബോട്ട്…”
” ഗൈഡ്…”
ഒരുപാട് ഏജന്റുമാർ പിന്നാലെ വരുന്നുണ്ട്. കാശിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് പറഞ്ഞ് കൂടെ കൂടാൻ ശ്രമിക്കുകയാണവർ. വാരാണസിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദമാണ് ഗംഗയിലൂടെയുള്ള ബോട്ടിങ്ങ്. ആരതി സമയത്തും സുര്യോദയത്തിന്റെ നേരത്തുമാണ് ബോട്ടിങ്ങിന് ഏറ്റവും തിരക്കേറുക.
” ഹൗ മെനി പീപ്പിൾ സർ ” കൂടെ കൂടിയവരിൽ ഒരാൾ മാത്രം തിരക്കിൽ എന്റെയൊപ്പം നടക്കുകയാണ്.
ദശാശ്വമേധഘട്ടിലെ ആരതി കാണാനായി വലിയ ജനക്കൂട്ടമാണ് അങ്ങോട്ടൊഴുകുന്നത്. അതിനിടയിലൂടെ ചവിട്ടികയറുന്നുണ്ട് സൈക്കിൾ റിക്ഷകൾ. ആൾക്കൂട്ടത്തിനിടയിൽ വിചിത്രരൂപികളായ സന്യാസിമാരെ കാണാൻ സാധിക്കുമെന്നുള്ളതാണ് വാരാണസിയിലെ ആൾക്കൂട്ടകാഴ്ചയുടെ സവിശേഷത. ഒരു ജന്മം മുഴുവനായും വിശ്വനാഥസമക്ഷത്തിൽ സമർപ്പിച്ച് എല്ലുന്തിയ ശരീരത്തിൽ ഭസ്മം വാരി പൂശി കഴുത്തിലും കൈകാലുകളിലും രുദ്രാക്ഷമാലകളുമണിഞ്ഞ് ജടകെട്ടിയ മുടിയുമായി അവർ കാത്തിരിക്കുന്നത് മോക്ഷമെന്ന സങ്കൽപ്പത്തെയാണോ ? അറിയില്ല. എല്ലാവരുടെയും ജീവിതം മരണത്തിലേക്കുള്ള യാത്ര തന്നെയാണ്. പക്ഷെ ആ യാത്രയെ ജീവിത ലക്ഷ്യം തന്നെയായി കണ്ട് ഇത്രമേൽ ആർഭാടകരമാക്കുന്നതാണ് അതിലെ കൗതുകം. ചിലപ്പോൾ സംസാര ദുഃഖങ്ങളിൽപ്പെട്ടുഴലുന്ന, അല്ലെങ്കിലതൊരു ദുഃഖമാണെന്ന് പോലും തിരിച്ചറിയാതെ സന്തോഷിക്കുന്ന സാദാ മനുഷ്യജീവികൾക്ക് നിർവചിക്കാനാവാത്ത ഒരുതരം ആനന്ദം ചിലപ്പോൾ അവർക്ക് ലഭിക്കുന്നുണ്ടാവാം. പണ്ടൊരിക്കൽ കഞ്ചാവ് കഴിച്ചാലുണ്ടാകുന്ന അനുഭൂതിയെ പറ്റി ഏറ്റവും ചെറിയ രീതിയിൽ വിശദീകരിച്ചു തരാൻ അത് ഉപയോഗിച്ച് പരിചയമുള്ള എന്റെയൊരു സൃഹൃത്തിനോട് ഞാൻ ആവശ്യപ്പെടുകയുണ്ടായി.
” നീ ജീവിക്കുന്ന ലോകം ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കിൽ മരുന്ന് ഉള്ളിൽ ചെന്നാൽ അതെല്ലാം കളറായി മാറും. ” എത്ര ഭംഗിയുള്ള മറുപടി.
ഇതു പോലെ മനോഹരമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തരാൻ സാധിക്കുന്ന ഒരു സന്യാസിയെയാണ് എനിക്ക് പരിചയപ്പെടേണ്ടത്. വാരണാസിയിലെ ആൾക്കൂട്ടത്തിനിടയിൽ ഇപ്പോഴോ അല്ലെങ്കിൽ വരുംകാലങ്ങളിലോ അങ്ങനെയൊരാളെ ഞാൻ കണ്ടുമുട്ടുമോ എന്നെനിക്കറിയില്ല.
” ഹൗ മെനി പീപ്പിൾ സാർ ? ” മുഷിഞ്ഞ വസ്ത്രം ധരിച്ച, ഉയരം കൂടിയ, താടിയും മീശയും ചേർന്നുകിടക്കുന്ന നീളൻ മുഖമുള്ള അയാൾ ഇപ്പോഴും എന്റെ പിറകെയാണ്. സംസാരിച്ചപ്പോൾ കണ്ടു, അയാളുടെ പല്ലുകളിൽ പാൻമാസലയുടെ കറ.
ആരതിക്ക് മുൻപേ ഗംഗയിലെ എല്ലാ ഘട്ടുകളിലും കൂടിയുള്ള ഒരു റൗണ്ട് കറക്കം. പിന്നെ ആരതി നടക്കുന്ന സ്ഥലത്തിന് നേരെ എതിർവശത്ത് നദിയിൽ നിന്നു കൊണ്ട് ആരതി കാണാം. ഒരാൾക്ക് അഞ്ഞൂറു രൂപ. നിങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ബോട്ടായിരിക്കും. വേറെ ആരും അതില്‍ കയറില്ല.. പാക്കേജ് അയാള്‍ വിശദമാക്കി.
വില കേട്ടപ്പോൾ തന്നെ വേണ്ടയെന്ന മറുപടിയോടെ ഞങ്ങൾ മുന്നോട്ട് നടന്നു. വഴി രണ്ടായി പിരിയുകയാണ്. ഒന്ന് ദശാശ്വമേധഘട്ടിലെ ആരതിസ്ഥാനിലേക്കുള്ളതാണ്. രണ്ടാമത്തേത് അതിന്റെ തന്നെ ഒരു വശത്തുള്ള ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്നയിടത്തേക്കാണ്. വൃത്തിയില്ലാത്ത വഴിയാണ്. റോഡിൽ നിറയെ ചെളിവെള്ളം കെട്ടി നില്ക്കുന്നു. ചുറ്റിലും തോർത്തുകളും മറ്റും വിൽക്കുന്ന ചെറിയ തുണികടകള്‍. അയാളും ഞങ്ങള്‍ക്കൊപ്പം നടക്കുന്നുണ്ട്. വിലപേശലിന്റെ നേരങ്ങൾക്കിടയിൽ ഞങ്ങൾ ഗംഗയുടെ കരയിലെത്തി. പ്രിയ നദിയുടെ അടുത്ത മുഖം. ആറു ദിവസങ്ങൾക്ക് മുൻപ് ലക്ഷമൺ ജൂല പാലത്തിനരികെ വച്ചുള്ള ആദ്യ ദർശനം മുതൽ പ്രണയിക്കാൻ തുടങ്ങിയതാണ് ഞാന്‍ ഈ ദേവിയെ. അങ്ങനെയുള്ള എന്നെ കണ്ടഭാവം നടിക്കാതെ ഒഴുകുകയാണവൾ. മറ്റുള്ളവരുടെ കണ്ണുകളില്‍ തെളിഞ്ഞു കിടക്കുന്ന പ്രണയത്തെ കണ്ടിലെന്ന് നടിക്കുമ്പോൾ കിട്ടുന്ന സുഖത്തെ പറ്റി ആരായിരിക്കും ഇവൾക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടാവുക.?

തീരത്ത് നിരവധി വലുതും ചെറുതുമായ ബോട്ടുകൾ സഞ്ചാരികളെ കാത്തു കിടപ്പുണ്ട്. ഞങ്ങളും അയാളുമായുള്ള വിലപേശൽ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. ഒടുവിൽ ഒരാൾക്ക് ഇരുന്നൂറുരൂപ നിരക്കിൽ ഞങ്ങൾക്ക് മാത്രമായി ഒരു ബോട്ട് തരാമെന്ന് അയാൾ സമ്മതിച്ചു. ബോട്ട് ഓടിക്കുന്നത് അയാളല്ല. ബോട്ടിലേക്ക് ആള്‍ക്കാരെ എത്തിക്കുന്ന ഒരു ഇടനിലക്കാരന് മാത്രമാണയാള്‍. സംസാരത്തിന്റെ ഇടവേളയിലെപ്പോഴോ ഞാന്‍ ആ മനുഷ്യന്റെ പേര് ചോദിച്ചു. മോത്തി അങ്ങനെയാണ് അയാള്‍ പറഞ്ഞത്. ഞങ്ങളെയും ബോട്ടിനെയും നദിയുടെ ഓളങ്ങളിലേക്ക് തള്ളിവിട്ട് മോത്തി തിരികെ നടക്കുന്നത് അകലുന്ന ബോട്ടില്‍ നിന്ന് ഞാന്‍ നോക്കി നിന്നു. അവഗണനകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ സഞ്ചാരികളെ ബോട്ടിലേക്ക് കയറ്റി വിടുമ്പോള്‍ അയാള്‍ വിലപേശി നില്‍ക്കുന്നത് സ്വന്തം ജീവിതത്തോട് തന്നെയല്ലേ…?
സന്ധ്യാവര്ണ്ണവും കാര്‍മേഘങ്ങളും അലങ്കാരമായി ചാര്‍ത്തി നില്ക്കുന്ന ആകാശത്തിന്റെ താഴെ വാരാണസിയെന്ന സുന്ദരി വശ്യതയോടെ ചിരിക്കുന്നു.
ഘട്ടുകളിലെ നിയോണ്‍ വെളിച്ചം ഗംഗയിലെ ഓളങ്ങളില്‍ തട്ടി ചിന്നി ചിതറുന്നുണ്ട്. നദിയില്‍ ഒഴുകിനടക്കുന്ന പൂക്കളും തിരിയും. സ്നാനഘട്ടുകളില്‍ പാപഭാരങ്ങള്‍ കഴുകി കളഞ്ഞ് മനുഷ്യര്‍ ശരീരശുദ്ധിയോടെ തിരിച്ചു കയറുന്നു. സന്യാസിമാരില്‍ ചിലര്‍ ധ്യാനത്തിലാണ്. ദേഹമാസകലം ഭസ്മം പൂശിയ ഒരു അഗോരിസന്ന്യാസിയെ തൊഴുതു നില്‍ക്കുകയാണ് കുറച്ചുപേര്‍. മണികര്‍ണ്ണികയിലും ഹരിശ്ചന്ദ്ര ഘട്ടിലും വിറകുകള്ക്കൊപ്പം കത്തിയമരുകയാണ് മനുഷ്യശരീരങ്ങള്‍. ഇതൊന്നും ശ്രദ്ധിക്കാതെ ദൂരെ അസി ഘട്ടിനപ്പുറത്ത് സായന്തനത്തിന്റെ അപാരതയില്‍ വരുണാനദിയും അസിനദിയും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.
ബോട്ടില്‍ കയറിയതു മുതല്‍ ഒരു ഗൈഡിനെ പോലെ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഞങ്ങളുടെ ഡ്രൈവര്‍. കഥകളുടെ നാടാണ് വാരാണസി. ഈ നഗരത്തെ കുറിച്ച് പരാമര്‍ശിക്കാത്ത പുരാണങ്ങള്‍ ഇല്ലായെന്നുതന്നെ പറയാം. വാരാണസി, ബനാറസ്, കാശി, പേരുകളുടെ ഉത്ഭവത്തെ പറ്റി വരെ നിരവധി കഥകളാണ്. അതിനിടയില്‍ വിശ്വാസവുമായി നഗരത്തെ ബന്ധപെടുത്തുന്ന ചില കാര്യങ്ങളും അയാള്‍ പറഞ്ഞുപോകുന്നുണ്ട്. ചന്ദ്രകലയുടെ ആകൃതിയിലുള്ള ഗംഗനദിയെ കുറിച്ച്, വടക്ക് ഗോമുഖിൽ നിന്നാരംഭിച്ച് തെക്ക്കിഴക്ക് ഭാഗത്തേക്ക് ഒഴുകുന്ന ഗംഗയുടെ വാരാണസിയിലെ തിരിചൊഴുക്കിനെ കുറിച്ച്. പിന്നെ തെക്കേയറ്റത്തുള്ള അസിഘട്ടു മുതല്‍ വടക്ക് ആദികേശവ്ഘട്ട് വരെയുള്ള 84 സ്നാന ഘട്ടുകളെ കുറിച്ച്, അതിന്റെ ചരിത്രത്തെയും പഴമയെയും കുറിച്ച്. അയാള്‍ക്ക് അതൊക്കെ തന്നെയും അത്രയും ഹൃദിസ്ഥമായി തീര്‍ന്നിരിക്കുന്നു.
ഘട്ടുകള്‍ക്ക് മുന്നിലൂടെയുള്ള ബോട്ടിംഗിനു ശേഷം അയാള്‍ ഞങ്ങളെ ദശാശ്വമേധഘട്ടിന് മുന്നിലെ ആരതിസ്ഥാനിനു എതിര്‍വശത്ത് എത്തിച്ചു. നദിയില്‍ നിറയെ ബോട്ടുകളാണ്. കരയിലും നല്ല ജനക്കൂട്ടമുണ്ട്. ചുറ്റിലും കത്തി നില്ക്കുന്ന വെളിച്ചവും സന്ധ്യാനേരത്തിന്റെ ഭംഗിയും ഘട്ടുകളിലെ പൗരാണികമായ കെട്ടിടങ്ങളുടെ പ്രൌഡിയെ വര്‍ദ്ധിപ്പിക്കുന്നുണ്ടായിരുന്നു. ആരതി ആരംഭിക്കുകയാണ്. ഗംഗാമാതാവിനെ പൂജിക്കുന്ന ചടങ്ങിന് പ്രത്യേകിച്ച് മാറ്റമൊന്നുമിലെങ്കിലും ഈയൊരു യാത്രയില്‍ കണ്ട ഗംഗാപൂജകളില് അശേഷം കൃത്രിമത്വമില്ലാത്തതായി എനിക്ക് അനുഭവപ്പെട്ടത് വാരാണസിയിലെ ആരതിയായിരുന്നു. ആത്മാവുള്ള പ്രാര്‍ത്ഥന.
കാഴ്ചക്കാരുടെ കണ്ണും കാതും മനസും നിറയ്ക്കുന്ന രീതിയില്‍ ഭക്തിയും സംഗീതവും ഇഴചേര്‍ത്ത് നടപ്പാക്കിയ മികവാര്‍ന്ന ഒരു ഇനമായിരുന്നു ഋഷികേശിലെ ത്രിവേണിഘട്ടിലെ ആരതിയെങ്കില്‍, ആള്‍ക്കൂട്ടത്തിന്റെ നടുവിലെ ഒരു കെട്ടുകാഴ്ചയാണ് ഹരിദ്വാറില്‍ ഗംഗാആരതിയെന്ന പേരില്‍ ഞാന്‍ കണ്ടത്. എല്ലാം കണ്ടും കേട്ടും, പൂജകളും പ്രാര്‍ത്ഥനകളും ഏറ്റുവാങ്ങിയും അവള് നിശബ്ദയായി ഒഴുകുന്നു.
ആരതി കഴിയുമ്പോഴേക്കും സമയം എട്ടുമണിയോട് അടുത്തിരുന്നു. ഞങ്ങള്‍ ദശാശ്വമേധഘട്ടില്‍ നേരത്തെ കയറിയ ഇടത്ത് തന്നെ ബോട്ടിറങ്ങി. അവിടെ സ്റ്റെപ്പില്‍ എന്തോ ഗാഢമായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ് ഒരു കഷായ വസ്ത്രധാരി. മുന്നോട്ട് നടക്കവേ ഒരു കൂട്ടം ഹിജഡകള്‍ പണം ആവശ്യപ്പെട്ട് മുകുളിനെ വളഞ്ഞു. താലത്തില്‍ പൂക്കളും കുങ്കുമവുമായി വന്ന ഒരു വൃദ്ധ അതെന്റെ നെറ്റില്‍ തൊട്ടു വച്ചു. പണത്തിനായി കൈനീട്ടിയപ്പോള്‍ ഇല്ലെന്നു പറഞ്ഞയെന്നെ നോക്കി പിറുപിറുത്തു കൊണ്ട് അവര്‍ നടന്നു പോയി. വലിയ നിയോണ്‍ വെളിച്ചത്തിന്റെ താഴെ കമണ്ഠലുവും യോഗദണ്ഡുമൊക്കെയായി ഇരിക്കുകയാണ് ഒരു അഗോരി സന്ന്യാസി. ഓരോ നിമിഷവും പുതിയ പുതിയ കാഴ്ചകളാണ്. ഇതുവരെ അടുത്ത് നിന്ന് കണ്ടത് 84 ഘട്ടുകളില്‍ ഒന്നുമാത്രമാണ്. കാണാന്‍ കാഴ്ചകളും മനസിലാക്കാന്‍ കഥകളും അറിയാന്‍ രുചികളും ഈ മണ്ണില്‍ ഏറെയുണ്ട്. അറിയുന്തോറും സൗന്ദര്യം കൂടി വരികയാണ് വാരാണസിക്ക്.

ദശാശ്വമേധഘട്ടിന് പുറത്തുള്ള ഏറെ പ്രസിദ്ധമായ കാശി ചാറ്റ് ഭണ്ഡാറെന്ന കഫേ തേടി മുന്നില്‍ നടക്കുകയാണ് രമ്യയും റിനിയും. അവിടത്തെ ചാറ്റ് വിഭവങ്ങള്‍ പ്രസിദ്ധമാണെന്ന് ബോട്ട് ഡ്രൈവര്‍ പറഞ്ഞിരുന്നു. ഞാന്‍ ഒഴികെ ബാക്കിയെല്ലാവരും അത്തരം ഭക്ഷണ പ്രണയികളായതിനാല് അവര്‍ വയറുനിറയെ ചാറ്റ് കഴിക്കുമെന്നും ആ രാത്രി വേറെ ഹോട്ടല്‍ അന്വേഷിച്ച് പോകാനുള്ള മടികാരണം ഞാന്‍ മാത്രം പട്ടിണി കിടക്കേണ്ടി വരുമെന്നും ഞാന്‍ നേരത്തെ കണക്കുകൂട്ടി വയറിനെ പറഞ്ഞുപഠിപ്പിച്ചു. മനസിനെ അനുസരിക്കുന്ന വയറുള്ളത് ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഒരു ബോണസാണ്. ഒരര്‍ത്ഥത്തില്‍ യാത്രകളെന്നാല്‍ പുതിയ രുചികളുടെ അന്വേഷണം കൂടിയാണ്. കാശികഫെയെ അവര്‍ ഹൃദയം നിറഞ്ഞ് രുചിച്ചു. എന്റെ നഗരം അവരുടേത് കൂടിയായതില്‍ ഞാന്‍ ഹൃദയം നിറഞ്ഞ് സന്തോഷിച്ചു.
വാരാണസിയില്‍ ചെന്നെത്തിയാല്‍ നിര്‍ബന്ധമായും രുചിച്ചു നോക്കെണ്ടാതായിട്ടുള്ള വിഭവങ്ങളില്‍ ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിച്ച പേരുകളിലൊന്ന് ഭാംഗ് ലെസ്സിയുടെതായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഓട്ടോയാത്രയില്‍ ഗോവിന്ദും പറഞ്ഞു ഭാംഗ് ലെസ്സിയെ പറ്റി. കാശിവിശ്വനാഥ ക്ഷേത്രം കാണണമെന്ന രമ്യയുടെ ആഗ്രഹത്തെ പിന്തുടര്ന്ന് അങ്ങോട്ടുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. ദശാശ്വമേധഘട്ടില്‍ നിന്നുള്ള പ്രധാന റോഡിലെ ഒരു ജംഗ്ഷനില്‍ നിന്ന് വലതുഭാഗത്തേക്കുള്ള വഴിയാണ് ക്ഷേത്രത്തിലേക്ക് നീളുന്നത്. വലിയ ഗേറ്റും കാവലായി പോലീസും അവിടെയുണ്ട്. ഞങ്ങള്‍ അകത്തേക്ക് നടന്നു. ജനത്തിരക്ക് വളരെ കൂടുതലുള്ള ചെറിയ വഴി. വഴിയുടെ ഇരുവശങ്ങളിലുമുള്ള പലതരം കടകള്‍. തുണിത്തരങ്ങള്‍ മുതല്‍ സുഗന്ധദ്രവ്യങ്ങള്‍ വരെ. പെണ്‍കുട്ടികള്‍ മൂന്നുപേരും ഏതൊക്കെയോ കടകളില്‍ കയറിയിരിക്കുന്നു. സുഗന്ധമസാല ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയില്‍ പലതിന്റെയും രുചി നോക്കുകയാണ് മുകുള്‍. ഇഷ്ടപ്പെട്ടതില്‍ ചിലതൊക്കെ അവന് വാങ്ങുകയും ചെയ്തു. ആ കച്ചവടത്തിന്റെ ഇടയിലാണ് കടക്കാരനോട് ഭാംഗ് ലെസ്സിയുടെ ലഭ്യതയെ പറ്റി ഞങ്ങള്‍ ആദ്യമായി ചോദിച്ചത്. അത് ഇവിടെയൊന്നും ലഭിക്കില്ല അസി ഘട്ടിന്റെ സമീപത്ത് പോകണം എന്നായിരുന്നു അയാള്‍ പറഞ്ഞ ഉത്തരം.
ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു. പിന്നെ തിരക്കിലെപ്പോഴോ മുന്നോട്ടുള്ള വഴിയില്‍ ഞാന്‍ മാത്രം ഒറ്റപെട്ടു. വഴികളില്‍ കച്ചവടക്കാരും ഗൈഡുകളും നമ്മുടെ പിന്നാലെയാണ്. എത്ര തവണ വേണ്ടായെന്ന് ആവര്‍ത്തിച്ചാലും അസ്തമിക്കാത്ത പ്രതീക്ഷയുമായി അവര്‍ പിന്നാലെ വന്നു കൊണ്ടേയിരിക്കും. ക്ഷേത്രത്തിന്റെ അടുത്തെത്താറായപ്പോഴാണ് മനസിലായത് അവിടത്തെ സുരക്ഷാപരിശോധനയെ പറ്റി. ആള്‍ക്കൂട്ടത്തെ വടി കൊണ്ട് നിയന്ത്രിച്ചു കൊണ്ട് കയ്യിലുള്ള സാധനങ്ങള്‍ മൊബൈലും ക്യാമറയും തുടങ്ങിയവ പുറത്തുള്ള കടകളില്‍ സൂക്ഷിക്കാന്‍ കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് ഒരു പോലീസുകാരന്. അങ്ങനെ ചെയ്യാന്‍ എന്തുകൊണ്ടോ താല്പര്യം തോന്നിയില്ല. ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു. അതെസമയം പുറത്തുള്ള വഴിയില്‍ തിരക്കു കുറവുള്ള ഒരിടത്ത് കാത്തുനില്ക്കുകയായിരുന്നു മുകുളും സുരമ്യയും റിനിയും. ഞാന്‍ വീണ്ടും മുന്നോട്ട് നടന്നു. പുറത്ത് ഗേറ്റില്‍ പോലീസുകാരുടെ അരികിലായി നിന്നു.
രാത്രി രണ്ടുമണി വരെ തുറന്നിരിക്കുമത്രേ വിശ്വനാഥ ക്ഷേത്രം. അത്രയും നേരം ജനപ്രവാഹം ഉണ്ടാകുമെന്നുറപ്പാണ്. റോഡിലൂടെ ഗംഗ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ആള്‍ക്കൂട്ടത്തെ നോക്കി നില്ക്കാന് തന്നെ രസമാണ്. ഗൈഡുകളും റിക്ഷക്കാരും തിരക്കിലൂടെ തലങ്ങും വിലങ്ങും നടക്കുന്നു. നാളെയൊരു പകല്‍ കൂടിയുണ്ട് വാരാണാസിയില്‍. ഗംഗാനദിയിലെ സൂര്യോദയം, മണികര്‍ണ്ണിക ഘട്ട്, ബനാറസിലെ സില്‍ക്ക് ഫാക്ടറികള്‍, ബനാറസ് ഹിന്ദു സര്‍വ്വകലാശാല, മുക്തിഭവന്‍, അസിഘട്ട് അവിടെ അടുത്തുള്ള ഏതോ കഫെയിലെ താലി മീല്‍സ്, പിന്നെ തിരക്കൊഴിഞ്ഞ ഏതെങ്കിലും ഘട്ടില്‍ ചെന്ന് വെറുതെ ഗംഗയെ നോക്കിയിരിക്കണം. വാരാണസിയില്‍ നടപ്പാക്കേണ്ട എന്റെ ഭ്രാന്തന് ആഗ്രഹങ്ങള്‍ക്ക് ഒടുക്കമില്ല. ഇതു പോലെയൊരു ചെറിയ യാത്ര കൊണ്ട് പൂര്‍ത്തികരിക്കാന്‍ കഴിയുന്നതുമല്ല അത്.

“ വാ പോകാം..” മുകുളും മറ്റ് മൂന്നുപേരും തിരിച്ചെത്തിയിരിക്കുന്നു.
ഇനി സോസ്റ്റലിലേക്കാണ്. നടക്കാന്‍ തീരുമാനിച്ചു. നേരത്തെ വന്ന വഴികള്‍ ചെറുതായി ഓര്‍മ്മയിലുണ്ട്. ഭാംഗ് ലെസ്സിയെ കുറിച്ച് ഞാന്‍ മനപ്പൂര്‍വ്വം മറന്നിരിക്കുന്നു. ഇനിയുള്ള വരവിലാകാം.
“ അപ്പോ ലെസ്സി നോക്കണ്ടേ…” നടക്കുന്നതിനിടയില്‍ മുകുള്‍ ചോദിച്ചു.
“ ഇനിയിപ്പോ നടക്ക്വോ… അയാള്‍ പറഞ്ഞ സ്ഥലം ദൂരെയല്ലേ…”
“ ഹല്ലോ സാര്‍…” പിന്നില്‍ നിന്നായിരുന്നു ആ വിളി. ഞങ്ങള്‍ തിരിഞ്ഞു നോക്കി. മോത്തിയാണ്. ബോട്ടിന്റെ എജെന്റ്. അന്നത്തെ ജോലി കഴിഞ്ഞ് പോവുകയാണ് അയാള്‍. ഗംഗയില്‍ നിന്ന് സുര്യോദയം കാണാന്‍ താല്പര്യമുണ്ടെങ്കില് വിളിച്ചുകൊള്ളാന്‍ പറഞ്ഞ് അയാള്‍ എനിക്ക് നമ്പര്‍ പറഞ്ഞു തന്നു.
ലെസ്സിയെ പറ്റി ഇയാളോട് ചോദിച്ചാലോ… പിന്നെ മുറി ഹിന്ദിയില്‍ രണ്ടും കല്‍പ്പിച്ചുള്ള ചോദ്യമാണ്.
“ ഭായ് സാബ്\ ഹമേം ഭാംഗ് ലെസ്സി കഹാം മിലേഗി…? ”
കുറച്ചകലെയുള്ള ഒരു വലിയ ഹോട്ടലിന് താഴെയുള്ള കട അയാള്‍ മറുപടിയായി ചൂണ്ടി കാണിച്ചു. ഞങ്ങള്‍ ആ ഭാഗത്തേക്ക് നടന്നു. പൗരാണികമായ കെട്ടിടങ്ങള്‍ക്കും തെരുവുകള്ക്കുമൊപ്പം പുതിയ ഹോട്ടല്‍ സമുച്ചയങ്ങളുമുണ്ട്. വാരാണാസിയില്‍. മോത്തി വിരല്‍ ചൂണ്ടിയപ്പോള്‍ അടുത്താണെന്ന് തോന്നിയ ഹോട്ടല്‍ അത്ര അടുത്തൊന്നുമായിരുന്നില്ല. ഒടുവില്‍ ഞങ്ങള്‍ കടയുടെ അടുത്തെത്തി.
“ ഭാംഗ് ലെസ്സി “
“ ഹാ..”
ചെറിയ ലെസ്സി കടയാണ്. പുറത്തു തന്നെ വച്ചിട്ടുണ്ട് വലിയ ഒരു പാത്രം നിറയെ ലെസ്സി. കടയിലെ രണ്ടുപേരിലൊരാള്‍ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
“ സ്ട്രോങ്ങ് , നോര്‍മ്മല്‍…?? “
ഞങ്ങളില്‍ എല്ലാവര്ക്കും ലെസ്സി വേണമെന്നായിരുന്നു. അതുകൊണ്ട് തന്നെ പാര്‍സല്‍ വാങ്ങാനായിരുന്നു തീരുമാനം.
“ ദോ സ്ട്രോങ്ങ്, തീന് നോര്‍മല്‍. പാര്‍സല്‍ ” കര്‍ത്താവും ക്രിയയുമില്ലാതെ കര്‍മ്മത്തെ വച്ച് മാത്രമുള്ള സംസാരം.
അകത്തെ ഒരു പാത്രത്തില്‍ ഇലകള്‍ അരച്ചുവച്ചത് പോലെയുള്ള ഒരു സാധനം. അതില്‍ നിന്നും വലതും ചെറുതുമായ ഉരുളകള്‍ ഉണ്ടാക്കി അയാള്‍ അത് ഗ്ലാസിലെ ലെസ്സിയില്‍ ഇളക്കി ചേര്‍ത്തു. ലെസ്സി പ്ലാസ്റ്റിക് കവറുകളിലേക്ക് ഒഴിച്ചു.
“ കിത്തനെ ? “
“ ദോ സൗ “
ഞങ്ങള്‍ അതും വാങ്ങി റോഡിലൂടെ മുന്നോട്ട് നടന്നു. നേരത്തെ വന്ന വഴികള്‍ തന്നെയാണ്. പ്രധാന റോഡില്‍ ജനത്തിരക്കുണ്ട്. കുറച്ചു ദൂരം മാത്രമേ ആ റോഡിലൂടെ പോകേണ്ടതുള്ളൂ.

പിന്നെ വലത്തോട്ട് തിരിഞ്ഞാൽ ചെറിയ ഗലികളാണ്. കൃത്യമായ അകലത്തില്‍ തെരുവ് വിളക്കുകള്‍ ഉള്ളതിനാല്‍ നടപ്പ് ദുഷ്കരമല്ല. രാത്രി ആയതുകൊണ്ടാവണം തെരുവുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വിഹരിക്കുകയാണ് കന്നുകാലികള്‍. ചിലയിടങ്ങളില്‍ മാത്രം ആളുകള്‍ കൂട്ടം കൂടി നില്‍പ്പുണ്ട്. രണ്ടു കിലോമീറ്ററോളം നടന്ന് ഞങ്ങള്‍ ഹോസ്റ്റലിലെത്തി.
റിസപ്ഷനില്‍ നേരത്തെ ഉണ്ടായിരുന്ന ധീരജ് പാണ്ടേയെ കാണാനില്ല. ഇത് പുതിയ ആളാണ്. ആളെ അറിയിലെങ്കിലും അയാള്‍ക്ക് ഒരു ചിരി സമ്മാനിച്ച് ഞങ്ങള്‍ അകത്തേക്ക് നടന്നു. മുകളില്‍ ടിവി കാണുകയാണ് ചിലര്‍. ഞങ്ങളുടെ ഡോര്‍മെട്രിയിലെ മറ്റു രണ്ടു വിദേശി പെണ്‍കുട്ടികളും ഉറക്കമാണ്. ചെറിയൊരു വിശ്രമത്തിനു ശേഷം ഞങ്ങള്‍ മുകളിലുള്ള കഫേയിലേക്ക് നടന്നു. വിശാലമായ ആ വലിയ മുറിയില്‍ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ കവറുകളില്‍ നിന്ന് കയ്യിലുള്ള ഗ്ലാസ്സുകളിലേക്ക് ലെസ്സി പകര്‍ന്നു. തുവെള്ളയ്ക്ക് പകരം ഇളം പച്ച നിറത്തില്‍ അത് ഗ്ലാസില്‍ നിറഞ്ഞു നിന്നു. ഞാന്‍ പതുക്കെ ചുണ്ടോടു ചേര്‍ത്തു. വലിയ രുചി വ്യത്യാസമൊന്നുമില്ല. ലെസ്സിയില്‍ അരച്ചു ചേര്‍ത്തിരിക്കുന്ന ഭാംഗ് തരിതരിയായി നാവില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ഞാന്‍ എന്റെ ഗ്ലാസ് കാലിയാക്കി. സുരമ്യയും റിനിയും ബാക്കി വച്ചതും കൂടി ചേര്‍ത്ത് വീണ്ടും ഗ്ലാസ് നിറച്ചു. പതിയെ അതും തീര്‍ത്തു. ഒരു ദിവസത്തെ അലച്ചിലിന്റെ ക്ഷീണമുണ്ട് ശരീരത്തിന്. അതുമാറ്റാന്‍ ഒന്നു കുളിക്കണം. ഭാംഗ് തങ്ങളില്‍ ഒരു മാറ്റവും സൃഷ്ടിക്കുന്നില്ലല്ലോയെന്ന നിരാശയില്‍ കഫേയിലെ ഉയരം കുറഞ്ഞ കുഷ്യനുകളില്‍ ഇരുന്ന് ബില്‍ഡിംഗ് ബ്ലോക്ക്സ് കളിക്കുകയാണ് മറ്റു നാലുപേരും.
ഞങ്ങളുടെ മേശമേലെയുള്ള പാര്‍സല്‍ കവറുകളും ഗ്ലാസുകളും കണ്ടിട്ടാണെന്ന് തോന്നുന്നു അതു വഴി പോയ ധീരജ് പാണ്ടേ ഞങ്ങള്‍ക്കരികിലേക്ക് വന്നത്.
“ ഭാംഗ് ലെസ്സി…?? “
“ യെസ്….”
“ ബി കെയര്‍ഫുള്‍. കഴിഞ്ഞ ദിവസം മൂന്നു ഗ്ലാസ് ലെസ്സി കഴിച്ച ഒരാളെ ഹോസ്പിറ്റലില്‍ കൊണ്ടു പോകേണ്ടി വന്നു. സ്വീറ്റ്സും ചൊക്ലേറ്റ്സും ഇനി കഴിക്കണ്ട. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. ”
ഇംഗ്ലീഷിലും ഹിന്ദിയിലുമായി അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
ആഘോഷവേളകളില്‍ വ്യാപകമായി ഉപയോഗിക്കപെടുന്നുണ്ടെങ്കിലും ഒരുതരം മയക്കുമരുന്നു തന്നെയാണ് ഭാംഗ്. അതിന്റെ ലഹരി കുറയ്ക്കാന്‍ ചെറുനാരങ്ങ പിഴിഞ്ഞ വെള്ളം കുടിച്ചാല്‍ മതിയെന്നും ഉപദേശിച്ച് അയാള്‍ താഴേക്ക് നടന്നു.
“ ധീരജ് രാവിലെ സണ്‍റൈസ് എത്രമണിക്കാണെന്നറിയുമോ..?? ഗംഗയില്‍ ബോട്ടിംഗിന് പോകാനാണ്.” ഞാന്‍ അയാളെ പിന്നില്‍ നിന്ന് വിളിച്ചു.
“ ഗംഗയില്‍ ബോട്ടിംഗ് ആറര മണിക്ക് ആരംഭിക്കും. പക്ഷേ നാളത്തെ സണ്‍റൈസ് ബോട്ടിംഗിന് നിങ്ങള്‍ പോകുമെന്ന് ഞാന്‍ കരുതുന്നില്ല.” മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് അയാള്‍ തിരിഞ്ഞു നടന്നു. അയാളുടെ പിറകെ ഞാനും.
ഞാന്‍ മുറിയിലെത്തി, കുളിച്ച് വേഷം മാറി തിരികെ കഫെയിലെത്തുമ്പോള് കുഷ്യന് വിട്ട് നിലത്തിരിക്കുകയാണ് രമ്യ. നിര്‍ത്താതെ ചിരിച്ചു കൊണ്ടിരിക്കുന്നു ബാക്കി മൂന്നുപേര്‍.
“ ഇപ്പോ എന്തൊക്കെയോ തലയ്ക്ക് പിടിക്കുന്നുണ്ട് ” മുകുള്‍ പറഞ്ഞു.
“ വാ നമുക്ക് മുറിയിലേക്ക് പോകാം.” ഞാന്‍ എല്ലാവരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിച്ചു.
സ്റ്റെപ്പുകളിറങ്ങി താഴെ ഡോര്‍മെട്രിയിലെത്തി. എല്ലാവരും അവരവരുടെ ബെഡില്‍ ചെന്നിരുന്നു. ഞാനപ്പോള്‍ ഓര്‍ക്കുകയായിരുന്നു കുളി കഴിഞ്ഞ് മുകളില്‍ കഫേയിലേക്ക് പോയ ഞാന്‍ വീണ്ടും താഴെ മുറിയില്‍ എത്തിയത് എങ്ങനെയാണ്…??
അതിനുള്ള ഉത്തരം കിട്ടിയിലെങ്കിലും വേറെയൊരു കാര്യം മനസിലായി എന്റെ ഓര്‍മ്മകള്‍ക്ക് മേല്‍ പിടുത്തം വീണിരിക്കുന്നു. ഞാന്‍ എന്റെ കിടക്കയിലേക്ക് വലിഞ്ഞുകയറി. പരസ്പരം നോക്കി ചിരിച്ചു കൊണ്ടേയിരിക്കുകയാണ് രമ്യയും റിനിയും. ഞാന്‍ ഡോര്‍മില്‍ നിന്നും താഴോട്ടിറങ്ങി ചെന്ന് അവരോട് പതുക്കെ സംസാരിച്ചു. അവിടെ ഉറങ്ങുന്ന വിദേശികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നതായിരുന്നു എന്റെ ആവശ്യം. അവര്‍ എനിക്ക് നേരെ കൈചൂണ്ടി കൊണ്ട് വീണ്ടും ചിരിച്ചു കൊണ്ടേയിരുന്നു. അതു കണ്ട മുകുളും സുരമ്യയും എഴുന്നേറ്റ് വന്ന് ചിരിക്കാനാരംഭിച്ചു. ഞാന്‍ വീണ്ടും ഓര്‍ത്തു. എന്റെ കിടക്കയിലേക്ക് വലിഞ്ഞുകയറിയ ഞാന്‍ എങ്ങനെയാണ് അതില്‍ നിന്നും താഴോട്ടിറങ്ങിയത്. പക്ഷേ അതിനും മുന്‍പ് മറന്നു പോയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ എനിക്കിപ്പോള്‍ സാധിക്കുന്നുണ്ട്. ചുറ്റും നടക്കുന്ന ഭ്രാന്തന് ചിരികളെയും, അതില്‍ അസ്വസ്ഥരായെക്കാവുന്ന വിദേശികളെയും ഉപേക്ഷിച്ച് ഞാന്‍ എന്നെ തന്നെ നിരീക്ഷിക്കാന്‍ ആരംഭിച്ചു. മറന്നു പോകുന്നത് കുറച്ചുനിമിഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങള്‍ മാത്രമാണ്. ഒന്നു മറക്കുമ്പോള്‍ അതിന് മുന്‍പേ മറന്നുപോയത് തിരികെ കിട്ടുന്നുമുണ്ട്.
ബെഡില്‍ കിടക്കാന്‍ ശ്രമിക്കുകയാണ് റിനി. കിടന്ന ഉടനെ തന്നെ അവള് എഴുന്നേല്ക്കുകയും ചെയ്യുന്നു. അവളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കിടക്കാനും ഇരിക്കാനും പറ്റണില്ല്യ. ഞങ്ങള്‍ ധീരജിന്റെ വാക്കുകളെ ഓര്‍ത്തു.
“എന്നാ ചെറുനാരങ്ങ വാങ്ങി കൊണ്ട് വരാം “ – മുകുള്‍ പറഞ്ഞു
“ വാ പോകാം.” ഞാന്‍ വാതിലിന് നേര്‍ക്ക് നടന്നു. പക്ഷേ വാതിലാണെന്ന് കരുതി മുകുള്‍ നടക്കുന്നത് ടോയിലറ്റിന്റെ നേര്‍ക്കാണ്. മാത്രവുമല്ല പുറത്തേക്കെന്ന വണ്ണം അവന് വാതില്‍ തുറന്ന് അതിന്റെ അകത്തേക്ക് കയറുകയും ചെയ്തു. അതോടെ അതുവരെ ചിരിക്കാതിരുന്ന ഞാന്‍ സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. വാതില്‍ തുറന്ന് പുറത്തേക്ക് വന്ന മുകുളും അവന് ചെയ്തതോര്‍ത്ത് നിര്‍ത്താതെ ചിരിച്ചു കൊണ്ടിരുന്നു.
ഒരുവിധം ചിരി കടിച്ചമര്‍ത്തി ഞങ്ങള്‍ പുറത്തേക്ക് നടന്നു. റിസ്പഷനില്‍ ധീരജ് ഉണ്ടായിരുന്നു. അയാള്‍ ഞങ്ങളെയും കൂട്ടി കഫേയിലെക്ക് നടന്നു. അവിടത്തെ അടുക്കളയില്‍ നിന്നും അയാള്‍ ചെറുനാരങ്ങ മുറിച്ച് കയ്യില്‍ തന്നു. അവിടെ ആളൊഴിഞ്ഞ കഫേയില്‍ ഒരാള്‍ ഇരിപ്പുണ്ട്. ആളെ എനിക്ക് മനസിലായില്ല. മുകുളിനും. സത്യത്തില്‍ നേരത്തെ നമ്മള് കണ്ട റിസപ്ഷന് ബോയ് തന്നെയായിരുന്നുവത്..
“ഹേ ഗയ്സ്…” അയാള്‍ ഞങ്ങളുടെ നേര്‍ക്ക് കൈ വീശി. ഉടനെ മുകുള്‍ അയാളുടെ അടുത്തേക്ക് ചെന്നു. പുതിയ ഒരാളെ പരിചയപെടുന്ന രീതിയില്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയാണവന്‍.
ഞങ്ങളുടെ ബോധമില്ലായ്മയുടെ സൗന്ദര്യം കണ്ട് പൊട്ടിചിരിച്ചു കൊണ്ട് അയാള്‍ ധീരജിനോട് പറഞ്ഞു. – “ മാന്‍ !!! ദീസ് ഗയ്സ് ആര് സ്ക്രൂഡ്…”
ഞങ്ങള്‍ മുറിയില്‍ തിരിച്ചെത്തുമ്പോഴും അവസ്ഥകള്‍ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല; ഇരിക്കാനും കിടക്കാനും പറ്റാതെ റിനിയും അവളെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന രമ്യയും. കയ്യിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് മുകുള്‍ റിനിക്ക് നല്കി. അപ്പോഴാണ് ഞങ്ങള്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത് സുരമ്യയെ കാണാനില്ല.
“ സുരമ്യ ഇവിടെ പോയി..??” ഞാന്‍ ചോദിച്ചു.
റിനി ഒന്നും ശ്രദ്ധിക്കാതെ വെള്ളം കുടിക്കുകയാണ്. രമ്യയാണ് മറുപടി പറഞ്ഞത്.
“ അവള് കുളിക്കുന്നു..”
“ സുരമ്യ.. “ ഞാന്‍ ബാത്ത്റൂമിന്റെ വാതിലില്‍ തട്ടി. അനക്കമൊന്നുമില്ല. വീണ്ടും കൂടുതല്‍ ബലത്തില്‍ ഒന്നുകൂടി തട്ടി.
“ ആ എന്തെ…” അകത്തു നിന്നും ശബ്ദം കേട്ടു. ഭാഗ്യം ജീവനുണ്ട്.
“ ഒന്നുമില്ല.”
അല്പസമയത്തിനുള്ളില് അവള് പുറത്തേക്കിറങ്ങി.
“ ഞാന്‍ പെട്ടെന്ന് അതിന്റെ അകത്ത് നിന്ന് ഉറങ്ങി പോയി.” അവള് പറഞ്ഞു.
“ ഉം. സമയം 2 മണിയായി ഇനിയെല്ലാവര്‍ക്കും ഉറങ്ങാം “
എല്ലാവരുടെയും ബെഡ് ലാമ്പുകള്‍ അണഞ്ഞ ശേഷം ഞാനും ഡോര്മിലേക്ക് കയറി ലാമ്പ് അണച്ചു. കണ്ണുകള്‍ അടച്ചപ്പോള്‍ തെളിയുന്നത് വ്യക്തതയില്ലാത്ത കുറേ കാഴ്ചകളാണ്. ചിലപ്പോള്‍ പിറക്കും മുന്‍പേ മരിച്ചുപോയ എന്റെ ഓര്മ്മകളാവുമത്. ഒരു കാര്യത്തില്‍ ആശ്വസിക്കാം ഈ മണ്ണില്‍ ജനിച്ചാലും മരിച്ചാലും പുണ്യമാണ്. മരിച്ചാല്‍ മോക്ഷവുമാണ്. അങ്ങനെയെങ്കില്‍ ഭാംഗ് കാരണം മരിച്ചു പോയ എന്റെ ഓര്‍മ്മകള്‍ ഇപ്പോള്‍ മോക്ഷപഥത്തിലേക്കുള്ള യാത്രയിലാവും. ചിന്തകളെ ആട്ടിപായിച്ച് ഞാന്‍ പുതപ്പ് വലിച്ച് മുഖത്തെക്കിട്ടു. കണ്ണുകള്‍ ഇറുക്കിയടച്ചു. ഒരുപക്ഷേ നാളെ ഉണര്‍ന്നില്ലെങ്കില്‍ എനിക്കും മോക്ഷമാണ്.

0 Comments.