ഉത്തരഭൂമിയിലൂടെ – 4

ആദ്യഭാഗങ്ങള്‍ വായിക്കാം

ആ മലയുടെ മുകൾഭാഗം മുഴുവനും പ്രശാന്തസുന്ദരമായ പുൽമേടാണ്. ഇടയിൽ ഒറ്റയോറ്റയായുള്ള കുറെ മരങ്ങളുമുണ്ട്. പാതിയുറക്കത്തിൽ എന്തോ സ്വപ്നം കണ്ടെന്ന പോലെ നിൽക്കുകയാണവ. ആകാശത്തെ ചുംബിച്ചു നിൽക്കുന്ന പർവ്വതങ്ങളാണ് ഡിയോറിയക്ക് ചുറ്റിലും. ഒരു വശത്തായി അകലെ മഞ്ഞിൽ മറഞ്ഞിരിക്കുന്ന ഹിമാലയം കാണാം. ടെന്റിൽ നിന്നും കുറച്ചകലെയായി ഒരു വാച്ച് ടവർ നിൽപ്പുണ്ട്. അവിടെ നിന്നും കുറച്ചു കൂടി നല്ല കാഴ്ച ലഭിക്കുമെന്ന് ഞാൻ ഊഹിച്ചു. പിന്നെയുള്ളത് വ്യക്തമായ ആകൃതിയില്ലാതെ പരന്നു കിടക്കുന്ന വലിയ തടാകമാണ്. ഡിയോറിയ താൽ. കണ്ടാൽ അസൂയ തോന്നും വിധം നിശ്ചലമായി ഉറങ്ങുകയാണത്. കയ്യിൽ കിട്ടിയ ഒരു ചെറിയ കമ്പ് അതിന്‍റെ സ്വകാര്യതയിലേക്കെറിഞ്ഞ് അതുണ്ടാക്കിയ അസ്വസ്ഥതയുടെ അലകൾ കണ്ട് ഞാൻ ആഹ്ലാദിച്ചു. ചിലപ്പോഴൊക്കെ ഞാനും ഒരു സാഡിസ്റ്റാണ്.

തടാകത്തിന് സമാന്തരമായി ഏതോ മലമുകളിലേക്ക് നീണ്ടു പോകുന്ന ഒരു വഴി കാണാം. അനാഥമായി നീളുന്ന കരിങ്കല്ലു പാകിയ ആ വഴിയിൽ ഉണക്കം ബാധിച്ചു തുടങ്ങിയ ഇലകൾ ഒരു അലങ്കാരമെന്ന വണ്ണം വീണു കിടപ്പുണ്ട്. മേശയും ചുറ്റിലും ഇരുമ്പുബെഞ്ചുകളുമുള്ള ഒരിടത്തേക്കാണ് അത് ചെന്നു കയറുന്നത്. ഞാൻ പതുക്കെ അങ്ങോട്ട് നടന്നു. ബാക്കിയെല്ലാവരും എന്‍റെ മുന്നിലായി നടന്നു പോയിരിക്കുന്നു. സൂര്യോദയം ഞങ്ങളാരും കണ്ടില്ല. പുലർച്ചേ അഞ്ചുമണിക്ക് ഫോണിന്‍റെ ബഹളം കേട്ട് ഉണർന്നപ്പോഴേക്കും രാത്രിക്കുപ്പായം അഴിച്ചു വച്ച് പുറത്ത് പ്രകൃതി ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു. വലിയ ഓക്ക് മരത്തിന്‍റെ ചുവട്ടിലുള്ള ആ മേശയും ബെഞ്ചുകളും മഴയും മഞ്ഞു കൊണ്ട് കുതിർന്നിരിക്കുകയാണ്. മഞ്ഞു തുള്ളികളെ വിരലിൽ മോതിരം പോലെ കോർത്ത് നിർത്തിയിരിക്കുകയാണ് ആ മരത്തിന്‍റെ നീളമുള്ള ഇലകൾ. വഴികിരുവശവും നിറയെ പൂക്കളും ചെറിയ കുറ്റിച്ചെടികളുമാണ്. അതിനുമപ്പുറം ആ തടാകവും.

വാച്ച് ടവറിന്‍റെ സ്റ്റെപ്പുകളിൽ ചിലതിന് ബലം കുറവാണ്. ഞാൻ മുകളിലേക്ക് കയറി. മേഘങ്ങൾ നിറഞ്ഞ ആകാശവും മഞ്ഞും കാരണം ഹിമാലയത്തിന്‍റെ കാഴ്ച വ്യക്തമല്ല. നവംബർ മുതൽ മാർച്ച് വരെയാണ് ഡിയോറിയ കാണേണ്ട സമയം. ഉമേദ് ഭട്ടും ഇന്നലെ അതു തന്നെയാണ് പറഞ്ഞത്. അവിടെ നിന്നും പിന്നെയും മുന്നോട്ട് പോയാൽ അടച്ചിട്ടിരിക്കുന്ന ഒരു ഗസ്റ്റ് ഹൗസാണ്. ഇപ്പോഴാണ് മനസിലായത് അതിന്‍റെ വശത്തു കൂടിയുള്ള വഴി നീളുന്നത് ഏതോ മലമുകളിലേക്കല്ല; ചോപ്തയിലേക്കാണ്. ഉമേദ് പറഞ്ഞത് എനിക്കോർമ്മ വന്നു. എന്നെങ്കിലും വീണ്ടും വരണം ഇവിടേക്ക് ചോപ്ത തുംഗനാഥ്‌ ട്രെക്കിങ്ങ് ചെയ്യാൻ. മുകുളും സുരമ്യയും ആ വഴിയിലെ വ്യൂ പോയിന്റിൽ നിന്ന് തിരിച്ചു വരികയാണ്. അവരോടൊപ്പം ഒരു പട്ടിയുമുണ്ട്. കഴിഞ്ഞ രാത്രിയിലും കണ്ടിരുന്നു അതിനെ.

അപ്പോഴേക്കും എല്ലാവരും വാച്ച്ടവറിന്‍റെ അടുത്തെത്തി. സമയം ആറുമണിയാവുന്നതെയുള്ളൂ. ചെറിയ നൂലു പോലെ മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. ക്യാമറ ഞാൻ ബാഗിനകത്ത് ഭദ്രമാക്കി. ഇന്നലെ രാത്രിയിൽ ഉണ്ടായിരുന്ന അതെ നൂലൻ മഴ. എവിടേയോ വായിച്ചിട്ടുണ്ട് ആർത്തലച്ച് തുള്ളിക്കൊരു കുടമെന്ന രീതിയിൽ നിമിഷങ്ങൾക്കകം പെയ്തൊഴിയുന്ന വലിയ മഴയല്ല ചിണുങ്ങി ചിരിച്ചു കൊണ്ട് എല്ലാവരുടെ വഴക്കും കേട്ട് മണിക്കൂറുകളോളം നൂലു പോലെ പെയ്യുന്ന ശല്യക്കാരൻ മഴയാണ് പ്രകൃതിക്ക് ആവശ്യമെന്ന്. പെയ്യട്ടെ, പതുക്കെ പെയ്യട്ടെ. ഞാൻ മഴയെ നോക്കി നിന്നു.

ഒരു മഴയ്ക്ക് ശേഷം ആ മഴ നനഞ്ഞു നിന്ന എല്ലാത്തിനും ഭംഗി കൂടുമെന്നാണ് സാധാരണ പറയാറ്. ഡിയോറിയയെ കൂടുതൽ സുന്ദരിയാക്കിയ ശേഷം ആ നൂലൻ മഴ ഏതോ മേഘത്തിന്റെ ചിറകിലേറി എവിടെയ്ക്കോ പോയിരിക്കുന്നു. ഞങ്ങൾ തടാകത്തിന്‍റെ അടുത്തേക്ക് നടന്നു. ഒരു വലിയ മരം ഒരറ്റത്ത് നിന്നും തടാക മധ്യത്തിലേക്ക് വീണു കിടക്കുകയാണ്. ഫോട്ടോഷൂട്ടിന് പറ്റിയ ഇടമാണ്. ക്യാമറയുടെ ഷട്ടർ അവിടെ പലതവണ തുറന്നടഞ്ഞു. തടാകത്തിന്‍റെ അരികിലൂടെയുള്ള ചെറിയ വഴിയിലൂടെ നടക്കാൻ ശ്രമിക്കുകയാണ് മുകുൾ. മറ്റു മൂന്നുപേരും വന്ന വഴിയിലൂടെ തന്നെ തിരിച്ചു നടക്കുകയാണ്. എട്ടുമണി വരെയേ ഇവിടെ നിൽക്കാൻ അനുവാദമുള്ളൂ. അതിനു മുൻപേ ടെന്റും സ്ലീപ്പിങ് ബാഗും തിരികെ വാങ്ങാൻ അയാൾ എത്തും. വീണ്ടും ഞാനാണ് ഏറ്റവും പിന്നിൽ. ഒറ്റയ്ക്ക് നിൽക്കുന്ന മരങ്ങളും ബാക്ക്ഗ്രൗണ്ടിൽ നീലനിറമുള്ള ആകാശവും മനോഹരമായ ഫ്രെയിമാണത്. ഇവിടെ ആകാശ നീലിമ കുറവാണ്. പക്ഷെ മരത്തിനപ്പുറം ഒറ്റപ്പെട്ട് നിൽക്കുന്ന വാച്ച്ടവറിനെയും കൂടി ഉൾപ്പെടുത്തി ഞാൻ ഒരു ഫോട്ടോയ്ക്ക് ശ്രമിച്ചു.

ഞാൻ അവിടെ എത്തുമ്പോഴേക്കും ഞങ്ങളുടെതല്ലാത്ത അടുത്ത ടെന്റിലെ താമസകാരോട് സംസാരിക്കുകയായിരുന്നു മുകുൾ. പ്രശാന്ത് എന്നാണ് പേര്. ഹാഫ് മലയാളി. ഫോട്ടോഗ്രാഫറാണ്. അയാളും കൂടെയുള്ള പെൺകുട്ടിയും ചോപ്ത ട്രെക്കിന് പോകുന്നു. ക്യാമറയിൽ മഴ വീഴാതെ നോക്കാൻ അയാൾ എന്നെ ഉപദേശിച്ചു.

പറഞ്ഞ സമയത്ത് തന്നെ ഉമേദ് എത്തി. ഞങ്ങൾ ടെന്റുകളും സ്ലീപ്പിങ് ബാഗുകളും അയാൾക്കായി വിട്ടു നൽകി. അപ്പോഴേക്കും അകലെ കോടമഞ്ഞും മേഘങ്ങളും വിട്ടൊഴിഞ്ഞ് ഹിമാലയം കുറച്ചു കൂടി വ്യക്തതയോടെ ദൃശ്യമായി തുടങ്ങുന്നുണ്ടായിരുന്നു.

സമയം ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു. കാഴ്ചകൾ പാതിയിൽ അവസാനിപ്പിച്ച് മടക്കയാത്രയ്ക്കൊരുങ്ങി ഞങ്ങളെത്തുമ്പോഴേക്കും ഉമേദിന്റെ അടുക്കളയിൽ മാഗിയും ചായയും തയ്യാറായിരുന്നു. ഉമേദിന്‍റെ അടുക്കളയ്ക്ക് പുറത്തെ പ്ലാസ്റ്റിക് കസേരകളിലിരുന്ന് പൗഡിഗാഡ്‌വാൾ പട്ടണത്തിന്‍റെ വിദൂരദൃശ്യവും കണ്ടുകൊണ്ട് ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചു. ഇനി മൂന്ന് കിലോമീറ്റർ മലയിറക്കം. സരിയിൽ നിന്ന് രുദ്രപ്രയാഗിലേക്ക് വണ്ടി സംഘടിപ്പിക്കണം. രുദ്രപ്രയാഗിൽ ചെന്ന് ഹോട്ടലിൽ നിന്ന് ബാഗുകളെടുത്ത് ഹരിദ്വാറിലേക്ക്. ആ രാത്രിക്ക് മുൻപ് ചെയ്യണ്ട കാര്യങ്ങൾ ഞാൻ മനസിലോർത്തു.

ഉമേദിനോട് നന്ദി പറഞ്ഞ് അയാളുടെ കൂടെ ഒരു സെൽഫി കൂടിയെടുത്ത് സ്റ്റെപ്പുകൾ ഇറങ്ങുമ്പോഴാണ് താഴെ നിന്നും മരങ്ങൾക്കിടയിലൂടെ ഒരു സ്ത്രീ കയറി വന്നത്. തലയിൽ തുണികൊണ്ട് കെട്ടിയിട്ടുണ്ട് ചുമലിൽ ഈറ്റ കൊണ്ട് നിർമ്മിച്ചതുപോലെയുള്ള കൊട്ടയും. ഉയരങ്ങൾ കയറാനുള്ള എളുപ്പത്തിനാണെന്നു തോന്നുന്നു അവരുടെ കയ്യിൽ നല്ല ബലമുള്ളതും നന്നായി ചെത്തി മിനുക്കിയതുമായ ഒരു വടിയുമുണ്ടായിരുന്നു.
ഏതോഭാഷയിൽ അവർ ഞങ്ങളുടെ അടുത്ത് വന്നു നിന്ന് എന്തോ പറഞ്ഞു.

” അവർ കാട് വൃത്തിയാക്കുന്ന ജോലിക്കാരിയാണ്. ടിപ്പ് പ്രതീക്ഷിച്ച് വന്നതാണ് ..” ഉമേദ് വിശദീകരിച്ചു.

അവർക്ക് തൃപ്തിയായിലെങ്കിലും ചെറിയൊരു തുക അവർക്ക് നൽകി ഉമേദിനോട് വീണ്ടും നന്ദി പറഞ്ഞ് കഴിഞ്ഞ രാത്രിയിൽ വന്ന അതേ വഴിയിലൂടെ തന്നെ ഞങ്ങൾ മലയിറക്കം ആരംഭിച്ചു. ആ സ്ത്രീ ഉമേദുമായി തർക്കിച്ചു കൊണ്ടിരിക്കുകയാണ്. അയാളുടെ അടുക്കളയിലെ ഹരിയാനിപാട്ടിന്‍റെ താളത്തിനും ഏറെ ഉയരെയായിരുന്നു അപ്പോൾ ആ സ്ത്രീയുടെ ശബ്ദം.

കഴിഞ്ഞ രാത്രിയിൽ ഈ വഴി കയറിപോകുമ്പോൾ ഇരുട്ടിൽ ആണ്ടുനിന്നിരുന്ന കാഴ്ചകളാണ് ചുറ്റിലും. ഉമേദ് തന്ന വിസിറ്റിംഗ് കാർഡ് വായിച്ചശേഷം ഞാൻ അയാളെ കുറിച്ചാലോചിക്കുകയായിരുന്നു. ഇൻറർനെറ്റ് വഴി അറിഞ്ഞപ്പോൾ ഏജന്റിനെ പോലെ തോന്നി, സരിയിൽ വച്ച് ഗൈഡിനെ പോലെ, പിന്നെ റൂംബോയ് പിന്നെ കുക്ക് ഒടുവിൽ ഈ വിസിറ്റിംഗ് കാർഡിൽ പറയുന്നു ഗ്രീൻ മിയാഡോസ് ക്യാമ്പിന്‍റെ പ്രൊപ്പറേറ്ററാണ് ഉമേദെന്ന്. രാവിലെ മുകളിൽ ഉണ്ടായിരുന്ന പട്ടി വീണ്ടും ഞങ്ങളുടെ പിന്നാലെ എത്തിയിരിക്കുന്നു. പണ്ട് അഗസ്ത്യമല കയറുമ്പോൾ കേട്ടിരുന്നു സഞ്ചാരികളുടെ കൂടെ കയറ്റത്തിലും ഇറക്കത്തിലും അനുഗമിക്കുന്ന ഒരു പട്ടിയെ കുറിച്ച്.

ഞങ്ങളിറങ്ങുന്ന കൽവഴികളുടെ ഒരു ഭാഗത്ത് ഇരുമ്പ് കൊണ്ട് നിർമിച്ച വലിയ കുടയ്ക്ക് ചുറ്റിലും മേശയും ഇരിപ്പിടങ്ങളുമുണ്ട്. അകലെ കാണുന്നത് പൗഡിഗാഡ്‌വാൾ പട്ടണം തന്നെയാവണം. ദൂരെ പാടങ്ങളും ചെറിയ ചെറിയ വീടുകളും കാണാം. ഞങ്ങള്‍ പിന്നെയും മുന്നോട്ട് നടന്നു.

ഞാനും റിനിയും വെറുതെ സംസാരിക്കുകയായിരുന്നു. ഇതു പോലെയുള്ള ഏതെങ്കിലും ഒരു നോർത്ത് ഇന്ത്യൻ ഗ്രാമത്തിൽ സഞ്ചാരികൾക്കായി ഹോംസ്റ്റേ തുടങ്ങുന്നതിനെ പറ്റി. പഠിപ്പിക്കാൻ ടീച്ചിങ് എക്സ്പീരിയൻസുകളുടെ ആർഭാടം ആവശ്യമില്ലാത്ത ഇവിടങ്ങളിലെ ഏതെങ്കിലും ചെറിയ വിദ്യാലയത്തിൽ സ്കൂൾ ടീച്ചർ ആകുന്നതിനെ പറ്റി. ഇതു പോലെയുള്ള ഇടങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയുള്ള എൻ.ജി.ഓകൾ രൂപീകരിക്കുന്നതിനെ പറ്റി. അല്ലെങ്കിൽ അത്തരം എൻ.ജി.ഓ കളിൽ ജോലി ചെയ്യുന്നതിനെ പറ്റി. പക്ഷെ ഒന്നുമൊന്നും രാഷ്ട്ര പുനർനിർമാണത്തിന് വേണ്ടിയോ ഇൻഡ്യയെന്ന മഹാരാജ്യത്തെ മറ്റേതെങ്കിലും തരത്തിൽ ഉയർത്താനോ അല്ല. ശ്വാസം അടക്കിപ്പിടിച്ച് ആദ്യമായി സ്വന്തം പേരെഴുതി തീർത്ത ശേഷം, അല്ലെങ്കിൽ ഒരു വലിയ വാക്യം ഇടർച്ചകളില്ലാതെ വായിച്ച ശേഷം വലിയൊരു ലോകം വെട്ടിപിടിച്ച മട്ടിൽ അവരുടെ മുഖത്ത് വിരിയുന്ന ഒരു ചിരിയുണ്ട് അത് കാണാൻ. പണ്ടെപ്പോഴോ അക്ഷരപുലരി ക്ലാസ്സുകളിൽ വച്ച് പലതവണ ഞാൻ കണ്ടതാണ് അത്. അത് വീണ്ടും കാണാൻ. അതിനുമപ്പുറം ആരോ വരച്ചു വച്ച പലരും നടന്നു നടന്ന് പുല്ലുപോലും കിളർക്കിതായ ആ വഴിയിലൂടെയല്ല ; ഭ്രാന്തമായ എന്‍റെ സ്വപ്നങ്ങളിലൂടെയാണ് ഞാൻ ജീവിതം നടന്നു തീർത്തതെന്ന് ആരോടെങ്കിലും എപ്പോഴെങ്കിലും ഗർവ്വോടെ പറയാൻ. ചിന്തകൾക്ക് അകലെ ചൗഖാംബ മലനിരകൾക്കപ്പുറമുള്ള തുംഗനാഥ് മന്ദിരത്തേക്കാൾ ഉയരമാണ്.

ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു. അവിടെ അടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഇന്നലെ ഒരു മലയാളി ശബ്ദം കേട്ടത്. ഇന്നലെ കണ്ട ആളാണോയെന്നറിയില്ല ആരോ ഒരാൾ അവിടെ ഫോൺ ചെയ്ത് നിൽക്കുന്നുണ്ട്.

” ഹേയ്…” അയാൾ ഞങ്ങളെ കൈകാട്ടി വിളിച്ചു.

” മലയാളീ ആണോ..”
” അതെ ”

” വാ വാ കം ഇൻസൈഡ്. ”

ഞാനും റിനിയും അയാൾ കാണിച്ച വഴിയെ മുറ്റത്തേക്ക് കയറി.

” നിങ്ങൾ മാത്രേ ഉള്ളോ..”

” അല്ല മൂന്ന് പേര് പിറകിൽ വരുന്നുണ്ട്…”

” ഓക്കേ നോ പ്രോബ്ലം. ” കൂടെ നിൽക്കുന്ന തദ്ദേശിയനായ ചെറുപ്പകാരനോട് അവർ വന്നാൽ അകത്തേക്ക് വിളിക്കാനേല്പിച്ച് അദ്ദേഹം ഞങ്ങളെയും കൂട്ടി അകത്തേക്ക് കയറി. സജീഷ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്.

മനോഹരമായ രീതിയിൽ ഇന്റീരിയർ ചെയ്ത അദ്ദേഹത്തിന്‍റെ CafeBuransh ലിരുന്ന് ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഞങ്ങൾ നേരത്തെ ചിന്തിച്ചു കൂട്ടിയതിൽ പലതും ജീവിതത്തിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ് ആ മനുഷ്യൻ. ബാംഗ്ലൂരിലെ ഒരു കോർപ്പറെറ്റ് ലൈഫിൽ നിന്നും സരി വിലേജിൽ ഒരു കഫേയും ലോഡ്ജിങ്ങുമെന്ന ആശയത്തിലേക്ക് എത്തിയതിനെ പറ്റിയും CafeBuranshന്‍റെ എൻ.ജി. ഓ പ്ലാനുകളെ പറ്റിയും തുടങ്ങിയ ഞങ്ങളുടെ സംസാരം സരി ഗ്രാമത്തിലെ കഥകളും യാത്രാനുഭവങ്ങളുമൊക്കെയായി നീണ്ടു നീണ്ടു പോയി. അപ്രതീക്ഷിതവും ഹൃദ്യവുമായ ആ സൽക്കാരത്തിനൊടുവിൽ ഞങ്ങൾക്ക് തിരികെ രുദ്രപ്രയാഗ് വരെ ചെന്നെത്താനായി CafeBuransh ന്‍റെ വണ്ടിയും അദ്ദേഹം വിട്ടു തന്നു.

ഞങ്ങള്‍ വീണ്ടും സരി ലക്ഷ്യമാക്കി നടക്കുകയാണ്. ഭാരം നിറഞ്ഞ സഞ്ചികളും ചുമന്നു കൊണ്ട് മല കയറുകയാണ് കുറെ കഴുതകൾ. മലമുകളിലേക്കും അവിടെ നിന്ന് താഴേക്കും ചരക്കുഗതാഗതത്തിന് കഴുതകളെയാണ് ഇവിടെ ആശ്രയിക്കുന്നതെന്ന് സജീഷ് പറഞ്ഞത് ഞാനോർത്തു. അടിമകളായ ആ മൃഗങ്ങളെ നിയന്ത്രിച്ചു കൊണ്ട് പിന്നിലായി നടക്കുകയാണ് രണ്ട് ചെറുപ്പക്കാർ. ഏതോ ഭാഷയിൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുകയാണവർ. കഷ്ടപാടിന്‍റെ കഥകളും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമാവണം. ഇവയെക്കുറിച്ചല്ലാതെ ഇന്ത്യയിലെ ഭൂരിപക്ഷ മധ്യവർഗത്തിന് മറ്റെന്താണ് പറയാനുള്ളത്.

സരി ഗ്രാമത്തിൽ കഴിഞ്ഞ വൈകുന്നേരം വണ്ടിയിറങ്ങിയ അതെ സ്ഥലത്ത് സജീഷിന്‍റെ ഏർട്ടിഗയും ഡ്രൈവറും ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. സമയം ഉച്ചയോടടുക്കുകയാണ്. രാത്രിക്ക് മുൻപ് ഹരിദ്വാറിൽ എത്തേണ്ടതാണ്. കഴിഞ്ഞ ദിവസം വന്ന അതെ വഴികളിലൂടെ തന്നെ പായുകയാണ് ഞങ്ങൾ. ഞാനും സുരമ്യയുമൊഴികെ ബാക്കിയെല്ലാവരും ഉറക്കത്തിലേക്കാണ്ടു പോയിരിക്കുന്നു. അതോ ഇനി പുതിയ കാഴ്ചകൾ ഇല്ലാത്തത് കൊണ്ട് കണ്ണുകൾ അടച്ചതാണോ. പക്ഷെ വഴികൾ മാത്രമല്ലേ ആവർത്തിക്കുന്നുള്ളൂ. വഴിയോരകാഴ്ചകൾ പുതിയത് തന്നെയല്ലേ..?

ഹോട്ടൽ ഗോവിന്ദിൽ ചിലവഴിക്കാൻ ഞങ്ങൾക്ക് അധിക സമയമുണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് കുളിച്ച് വേഷം മാറി ഞങ്ങൾ പുറത്തേക്കിറങ്ങി. ഹോട്ടലിന്‍റെ റിസപ്ഷന്‍ തൊട്ടടുത്ത കടയാണ്. അവിടെയുള്ള ചേച്ചിയുടെ കൈവശം ഞങ്ങള്‍ താക്കോല്‍ തിരിച്ചേല്‍പ്പിച്ചു. ഹോട്ടലിന്‍റെ മുന്നില്‍ നിന്നു തന്നെ ജീപ്പ് കിട്ടുമെന്നും അവര്‍ പറഞ്ഞു. അവര്‍ പറഞ്ഞതു പോലെ ഷെയർ ജീപ്പിനെ കാത്ത് അധികനേരം നിൽക്കും മുന്‍പേ. അഞ്ചു സീറ്റുകൾ മാത്രം ബാക്കിയുള്ള ഒരു ജീപ്പ് ഞങ്ങളുടെ മുന്നിൽ വന്നു നിന്നു. ജീപ്പിന്‍റെ ഡ്രൈവർ തുടർച്ചയായി ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഹരിദ്വാറിലേക്ക് പോകാൻ രുദ്രപ്രയാഗിനെക്കാൾ നല്ലത് ശ്രീനഗറാണെന്നായിരുന്നു അയാളുടെ അഭിപ്രായം. ശ്രീനഗർ വരെ ഞങ്ങളെയെത്തിച്ച് കൂടുതൽ കാശു വാങ്ങാനാണെന്ന് സംശയിച്ച് മുകുൾ അയാളോട് തർക്കിച്ചു കൊണ്ടേയിരുന്നു. പക്ഷെ രുദ്രപ്രയാഗ് നിന്നും നേരിട്ട് ഹരിദ്വാറിലേക്ക് ബസുകൾ ഇല്ലാത്തതിനാൽ അയാൾ പറഞ്ഞത് ഒരു പരിധി വരെയെങ്കിലും സത്യമായിരിക്കാമെന്ന് എനിക്ക് തോന്നി. ഒടുവിൽ ശ്രീനഗർ വരെ അതെ ജീപ്പിൽ തന്നെ പോകാൻ ഞങ്ങൾ തീരുമാനിച്ചു.

” പുറമെ നിന്ന് വരുന്നവർക്ക് ഒരു തോന്നലുണ്ട്. ഞങ്ങൾ എല്ലാവരും ഈ ടൂറിസ്റ്റുകളെ ചതിക്കാൻ നിൽക്കുന്നവരാണെന്നു. എത്ര പറഞ്ഞാലും അവർക്ക് ഞങ്ങളെ വിശ്വാസം വരില്ല. ”
അയാളുടെ സംസാരം ഞാൻ തിരിച്ചറിഞ്ഞു.
പിറകിലെ സീറ്റിലിരുന്ന ഞങ്ങൾ നാലു പേരും പരസ്പരം നോക്കി ചിരിച്ചു.

ശരിയാണ് കുഞ്ഞുനാൾ മുതൽ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ നമ്മളിൽ പലരെയും പറഞ്ഞും പറയാതെയും പഠിപ്പിച്ച കുറെ കാര്യങ്ങൾ ഉണ്ട്. ബസിൽ നിങ്ങളെ പോക്കറ്റടിക്കാനും ട്രെയിനിൽ ഭക്ഷണം തന്ന് മയക്കി കവർച്ച ചെയ്യാനും ദേവാലയങ്ങളിൽ ചെരുപ്പ് മോഷ്ടിക്കാനും അപരിചിതമായ മറ്റിടങ്ങളിൽ എന്തും ചെയ്യാനും തക്കം പാർത്ത് കുറെ മനുഷ്യർ നടപ്പുണ്ടെന്ന്‍. ആ ‘ കുറെ ‘ ആരാണെന്ന് തിരിച്ചറിയാനുള്ള കഴിവില്ലാത്തതിനാൽ നിങ്ങൾ എല്ലാവരെയും സംശയിക്കുക. തെറ്റു ചെയുന്ന പത്തു ശതമാനത്തിന്‍റെ പേരിൽ നിങ്ങൾ ബാക്കി വരുന്ന തൊണ്ണൂറിനെയും കുറ്റക്കാരാക്കുക. ഞാന്‍ ആലോചിക്കുകയായിരുന്നു ട്രെയിനിൽ നിന്ന് ഞാനൊരു തവണയെ സഹയാത്രികാരുടെ കയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിട്ടുള്ളൂ. കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ തലകറങ്ങി വീണപ്പോൾ എന്‍റെ അനുവാദത്തിന് കാത്തു നിൽക്കാതെ ചായയും കേക്കും വാങ്ങി കൊണ്ടു വന്ന തൃശൂരിലെ ചില ചേട്ടന്മാരുടെ കയ്യിൽ നിന്ന്… ഒന്നും അയാളോട് പറഞ്ഞില്ല.

ശ്രീനഗറിലേക്ക് ഇനിയും 40 കിലോമീറ്റർ യാത്രയുണ്ട്. ബാഗുകൾ അടുക്കി വച്ച് ഞാൻ ഒന്നുകൂടി വിശാലമായി ഇരുന്നു.
” എന്‍റെയൊരു ബാഗ് എടുക്കാൻ മറന്നു ” രമ്യയാണ് പറഞ്ഞത്.
” ഭായ് ഗാഡി കോ രോക്ക് സക്തേ ഹേ നാ. ബാഗ് ലേജാനാ ഭൂൽ ഗയാ..” അവൾ ഡ്രൈവറോട് വിശദീകരിച്ചു..

ഞങ്ങൾ അവിടെ നിന്നും അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്തിരിക്കുന്നു. ഇനി ഇവിടെ നിന്നും ഗോവിന്ദ് ഹോട്ടലിലേക്ക് വണ്ടി ലഭിക്കുമോയെന്നും അറിയില്ല.
മനസ്സിൽ ഞാൻ പുതിയ പ്ലാനുകൾ തിരയുന്നതിനിടെ ” പേടിക്കേണ്ട മേം സാബ് ” എന്നും പറഞ്ഞ് അയാൾ വണ്ടി തിരിച്ചു കഴിഞ്ഞിരുന്നു. ജീപ്പിൽ നടുക്കുള്ള സീറ്റുകളിൽ മുകുളിന്‍റെ അരികിലായി ഇരുന്ന രണ്ടു പേർ തിരിച്ചു വരുമ്പോൾ കയറി കൊള്ളാമെന്നു പറഞ്ഞ് അതിനടുത്തുള്ള പെട്രോൾ പമ്പിന്‍റെ മുന്നിൽ ഇറങ്ങുകയും ചെയ്തു.
സിഗരറ്റ് പുകയ്‌ക്കാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു.

ഞങ്ങൾ ഹോട്ടൽ ഗോവിന്ദിലേക്ക് പോകവേ മുൻസീറ്റിൽ ഇരുന്ന ഒരു ചെറുപ്പക്കാരൻ ഡ്രൈവറോട് ചോദിക്കുന്നത് കേട്ടു.

” അവർ വേറെ വണ്ടിയിൽ പോയാൽ നിങ്ങൾ എന്തു ചെയ്യും ”
ചിരിച്ചു കൊണ്ട് ഡ്രൈവർ പറഞ്ഞു

” അവർക്ക് ഇനി പോകാൻ പറ്റില്ല. അവരുടെ മൊബൈൽ ഫോണുകൾ ഇവിടെ ചാർജിങ്ങിലാണ്. ”
അയാളുടെ മറുപടി കേട്ട് ജീപ്പിലുള്ള സകല മനുഷ്യരും പൊട്ടിച്ചിരിച്ചു.

അതെ സമയം ഹോട്ടൽ ഗോവിന്ദിലെത്തി ചോദിച്ചപ്പോഴാണ് മനസിലായത് റിസപ്‌ഷനിലുള്ള ചേച്ചി രമ്യ ബാഗ് എടുക്കാൻ മറന്നത് കണ്ട് അതവരുടെ റൂംബോയുടെ കൈയിൽ കൊടുത്തു വിട്ടിരിക്കുന്നു. ബാഗ് ഇപ്പോള്‍ അവന്‍റെ കയ്യിലാണ്. അവന്‍ ചിലപ്പോള്‍ ഞങ്ങളെ അന്വേഷിച്ച് രുദ്രപ്രയാഗില്‍ കറങ്ങുകയാവും. പിന്നീടങ്ങോട്ട് സീനിൽ നിറഞ്ഞത് ഞങ്ങളുടെ ഡ്രൈവർ ഭയ്യയായിരുന്നു. ചേച്ചിയുടെ കയ്യിൽ നിന്നും റൂം ബോയ് പയ്യന്‍റെ ഫോൺ നമ്പർ വാങ്ങിയ അയാൾ അവനോട് നേരത്തെ രണ്ടു യാത്രക്കാരെ ഇറക്കി വിട്ട അതെ പെട്രോൾ പമ്പിൽ കാത്തു നില്ക്കാൻ ആവശ്യപ്പെട്ടു.
ഞങ്ങൾ അവിടെ തിരിച്ചെത്തുമ്പോഴേക്കും ബാഗുമായി അവനും സിഗരറ്റ് പുകച്ചു കഴിഞ്ഞ ആ രണ്ട് യാത്രക്കാരും അവിടെ ഹാജരായിരുന്നു. പരസ്പരമുള്ള നന്ദി പറച്ചിലുകൾക്ക് ശേഷം ഞങ്ങൾ യാത്ര പുനരാരംഭിച്ചു, ശ്രീനഗറിലേക്ക്. അതിനു മുൻപ് ഡ്രൈവർ മുഖം തിരിച്ച് ഞങ്ങളോടായി പറഞ്ഞു.
” സുഹൃത്തുക്കളെ ഇത് ഉത്തരാഖണ്ടാണ് ഞങ്ങൾ നിങ്ങളെ ചതിക്കാൻ നില്കുന്നവരല്ല.”

തുടർന്നുള്ള യാത്രയിലുടനീളം ഡ്രൈവർ ഭയ്യ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ അയാൾ അപകടങ്ങളെ കുറിച്ച് വാചാലനായി. ചിലയിടങ്ങളെ ചൂണ്ടി അവിടെ മുൻപ് നടന്ന സംഭവങ്ങൾ ഉദാഹരണങ്ങളായി നിരത്തി. ഒന്നരമണിക്കൂർ നേരത്തെ സംഭവ ബഹുലമായ യാത്രയ്ക്കൊടുവിൽ ഞങ്ങൾ ശ്രീനഗറിലെത്തി.

ശ്രീനഗറിൽ നിന്നും ഹരിദ്വാറിലേക്കെത്താൻ ബസുകളും സമാന്തര സർവീസുകളും ടാക്സികളുമുണ്ട്. ഞങ്ങൾ ശ്രീനഗറിലെത്തിയപ്പോൾ ഋഷികേശിലേക്കുള്ള ബസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതു തന്നെ യാത്രക്കാരെ കാത്തു കിടക്കുകയാണ്. സമയം നോക്കിയല്ല സീറ്റുകൾ നിറയുമ്പോഴാണ് അവ പുറപ്പെടുക. ടാക്സിക്ക് മൂവായിരം രൂപയോളമാണ് ചാർജ്. കൂട്ടത്തില്‍ സമയവും പണവും വച്ചു നോക്കുമ്പോള്‍ ലാഭം സമാന്തര സര്‍വീസുകളാണ്. ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ് ആണെന്നതാണ് ഇവരെ പറ്റിയുള്ള ഒരേയൊരു ആക്ഷേപം.

അവിടെയുള്ള ഒരു സുമോയുടെ അരികിൽ ഒരു കുടുംബം ഹരിദ്വാറിലേക്ക് സഹയാത്രക്കാരെ തേടുന്നുണ്ടായിരുന്നു. ഞങ്ങളും അവരോടൊപ്പം ചേർന്നു. ബാഗുകൾ മുകളിൽ കെട്ടി വച്ച് പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച് ഭദ്രമാക്കിയ ശേഷം ഞങ്ങൾ ഹരിദ്വാറിലേക്ക് യാത്ര തുടങ്ങി.

ഒരു വശത്ത് പർവ്വതങ്ങളും കാടും, മറുവശത്ത് ഗംഗയോ പോഷക നദികളോ. ആ ജീപ്പിൽ ഞാനും സുരമ്യയും റിനിയുമൊഴികെ മറ്റെല്ലാവരും അവനവനിലേക്ക് തന്നെ ചുരുങ്ങിയിരിപ്പായിരുന്നു. കഥകളും തമാശകളും, അടുത്ത യാത്ര പ്ലാനുകളുമായി ഞങ്ങൾ ഹരിദ്വാറിനെ കാത്തിരുന്നു.

ഋഷികേശ് എത്തുന്നതിന് മുൻപേ ചായയുടെ ഇടവേളയ്ക്കായി വണ്ടി നിർത്തി. വലിയ കൊക്കയുടെ അരികിലായിരുന്നു ആ ചായക്കട. തീൻധാരയിൽ കണ്ടത് പോലെ ഈ കടയുടെയും ഒരുവശത്തുള്ള വരാന്തയിൽ നിന്ന് നോക്കിയാൽ ചെറുതായി ഒഴുകുന്ന ഗംഗയെയും ആകാശം മുട്ടെ ഉയരമുള്ള മലകളെയും കാണാം.

യാത്ര തുടരുകയാണ്. കാടും മേടും വിട്ടകന്നുകൊണ്ടിരിക്കവേ പതുക്കെ തിരക്ക് കൂടുകയാണ് റോഡിൽ. ഓറഞ്ച് വസ്ത്രധാരികളെയും ധാരാളമായി കണ്ടു തുടങ്ങിയിരിക്കുന്നു. ഋഷികേശിനോട് അടുക്കുന്നുവെന്നർഥം. ഋഷികേശിൽ നിന്നും നാല്പത്തിയഞ്ചു കിലോമീറ്റർ ദൂരമുണ്ട് ഹരിദ്വാറിലേക്ക്. ആ വഴികൾ മുഴുവനും തിരക്കാണ്. ലോറികളിലും തുറന്ന ജീപ്പുകളിലും മുഴുവൻ മനുഷ്യർ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. ഉച്ചത്തിലുള്ള ഭക്തിഗാനങ്ങളും പ്രാർത്ഥനകളും കൊണ്ട് ശബ്ദമയമാണ് അന്തരീക്ഷം. ശിവരൂപങ്ങളും എഴുത്തുകളും കൊണ്ട് നിറഞ്ഞ ഫ്ലെക്സുകൾ നിരത്തിയ വാഹനങ്ങൾ. ഇവർക്കെല്ലാവർക്കും ചെന്നെത്തേണ്ടത് ഹരിദ്വാറിലേക്കാണ്; തീർഥനഗരി ഹരിദ്വാറില്‍.

നഗരത്തോട് അടുത്തു കഴിഞ്ഞപ്പോഴേക്കും ഓട്ടോറിക്ഷകളും സൈക്കിൾറിക്ഷകളും കാറുകളും കാൽനടയാത്രക്കാരും കൂടി ചേരുകയാണ്. നഗരത്തെ രണ്ടായി പകുത്തു കൊണ്ട് ഒഴുകിയകലുന്ന ഗംഗാനദി. തിരക്കിന്‍റെ രാത്രി ദൃശ്യങ്ങള്‍ക്ക് അനുപമമായ ചന്തം.
ഞങ്ങളുടെ സുമോയിലെ യാത്രക്കാരിൽ പലരും പലയിടങ്ങളിലായി ഇറങ്ങി തുടങ്ങുകയാണ്. ഹർ കി പൗരിയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള അല്പന ഹോട്ടലിലാണ് ഞങ്ങളുടെ ഡോർമെട്രി. കുറച്ചു ദൂരം കൂടി മുന്നോട്ട് പോയ ശേഷം ഡ്രൈവർ വണ്ടി നിർത്തി. ഞാൻ ഗൂഗിള്‍ മാപ്പിൽ നോക്കി. രണ്ടു കിലോമീറ്റർ ദൂരമേയുള്ളു. ബാഗുകളുമായി ഞങ്ങൾ ഇറങ്ങിയതും ഒരു കൂട്ടം സൈക്കിൾ റിക്ഷകൾ ഞങ്ങളെ പൊതിഞ്ഞു.
നഹി ചാഹിയെ നഹി ചാഹിയെയെന്ന് പലയാവൃത്തി ഉരുവിട്ട് കൊണ്ട് തിരക്കേറിയ റോഡിലൂടെ നടക്കാനാരംഭിച്ചു. ഋഷികേഷിനെക്കാൾ വളരെ വീതി കൂടിയ റോഡുകളാണ് ഹരിദ്വാറിൽ. പക്ഷെ ആ റോഡുകളും ജനത്തിരക്കിനാൽ നിറഞ്ഞിരിക്കുകയാണ്. പലയിടങ്ങളിലും നിയന്ത്രണാതീതമാണത്.

പ്രധാന റോഡുകൾ പിന്നിട്ട് ഞങ്ങൾ ഒരു ചെറിയ റോഡിലേക്കെത്തി ചേർന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയാണത്. റോഡിന്‍റെ ഇരു വശങ്ങളിലും കടകളാണ്. ഭസ്മവും കുങ്കുമവും വിൽക്കുന്ന കടകൾ മുതൽ പേടയും കുൽഫിയും മുന്നിൽ വച്ച് ഉണ്ടാക്കി വിൽക്കുന്ന കടകൾ വരെ ആ തിരക്കിനിടയിൽ പ്രവർത്തിക്കുന്നു. ഗംഗാനദിയിലേക്കും ഹർ കി പൗരിയിലും ചെന്നെത്താനുള്ള വഴിയും ഇതു തന്നെയാണ്. അതു കൊണ്ടാവണം ഇത്രയ്‌ക്ക് തിരക്കെന്ന് ഞാൻ ഊഹിച്ചു.

ജനസഹസ്രങ്ങളെ മറികടന്ന് ഞങ്ങൾ ഹോട്ടൽ അല്പനയിലെത്തി. അലങ്കരപണി ചെയ്ത ഗ്ലാസുകൾ കൊണ്ട് നിർമിച്ച മനോഹരമായ വാതിൽ. അകത്ത് ഇരിക്കാനായി വളരെയധികം സോഫകളും കസേരകളും. ശാന്തത വഴിഞ്ഞൊഴുകുന്ന മുഖവുമായി റിസപ്ഷനിൽ ഇരിക്കുകയാണ് ഒരു മധ്യവയസ്കൻ. അയാൾ വളരെ പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്. അഡ്വാൻസ് ചെയ്തതു കഴിഞ്ഞുള്ള പണം അയാൾക്ക് നൽകിയ ശേഷം ഞങ്ങൾ അകത്തേക്ക് കയറി. 20 ബെഡുകൾ ഉള്ള വലിയ മുറിയാണ്. കൂടെ വന്നയാൾ ഞങ്ങളുടെ ബെഡുകൾ കാണിച്ചു തന്നു. എല്ലാവരും ക്ഷീണിച്ച് അവശരായിരിക്കുന്നു. ബാഗുകൾ കിടക്കകളിൽ നിരത്തി ഞങ്ങൾ ഭക്ഷണമന്വേഷിച്ച് പുറത്തേക്കിറങ്ങി. ആദ്യം കണ്ട ഒരു ചെറിയ ഹോട്ടലിൽ കയറി ഓർഡർ ചെയ്തു. ഒരു ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം മുൻ ദിവസങ്ങളിലെ പോലെ ആർക്കും ഭക്ഷണത്തോട് വലിയ താല്പര്യം ഉള്ളതായി തോന്നിയില്ല.

എന്‍റെ അഭിപ്രായത്തിൽ യാത്രയുടെ ക്ഷീണം പരിഹരിക്കുന്നത് വയറു നിറയെ കഴിക്കുന്ന ഭക്ഷണമല്ല. മറിച്ച് മനസും ശരീരവും തണുക്കുന്നത് വരെയുള്ള കുളിയാണ്. ഇനി എനിക്ക് വേണ്ടതും അതാണ്‌. തിരിച്ച് ഹോട്ടലിൽ എത്തിയ ഉടനെ ടവലുമായി ഞാൻ ഷവറിന്‍റെ ചുവട്ടിലേക്ക് നടന്നു. നോബ് കറക്കി ഒരായിരം വെള്ളത്തുള്ളികളെ എന്‍റെ മേൽ പതിപ്പിച്ചു. ഇത് ഗംഗാ ജലമായിരിക്കുമോ. അറിയില്ല. പക്ഷേ എത്രയധികം ജലവുമായി ഒരു നദി എത്ര അടുത്തുകൂടി ഒഴുകുമ്പോള്‍ മറ്റൊരു സ്രോതസിനെ പറ്റി ആലോചിക്കേണ്ട കാര്യമില്ലല്ലോ. ചിന്തകൾ വീണ്ടും കാടേറുമ്പോൾ ആ ദിവസം തിന്നു തീർത്ത ഊർജത്തെ തിരികെ എന്നിൽ നിറയ്ക്കാൻ പരസ്പരം മത്സരിക്കുകയായിരുന്നു കുറെ വെള്ളത്തുള്ളികൾ…

അടുത്ത ഭാഗം വായിക്കാം

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>