ന്യൂഇയര്‍ @ ഗോവ. അതായിരുന്നു ഡിസംബര്‍ അവസാനവാരം വരെ ഞങ്ങളുടെ ന്യൂഇയര്‍ പ്ലാന്‍. പക്ഷേ പുതുവര്‍ഷം അടുത്തെത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒപ്പം പ്ലാനുകളും. പോണ്ടിച്ചേരി, ധനുഷ്ക്കൊടി, കുടക് ഇങ്ങനെ പല സ്ഥലങ്ങള്‍ ആലോചിച്ച് അത് അവസാനം നമ്മുടെ സ്വന്തം മൂന്നാറില്‍ ചെന്നവസാനിച്ചു.
ഈ ആലോചനകള്‍ക്കിടെയാണ് സുഹൃത്തും ഞങ്ങളുടെ സംഘാഗവുമായ മനു അവന്‍റെ മൂന്നാറിലെ സുഹൃത്തിനെ വിളിക്കുന്നത്. അദ്ദേഹമാണ് ഞങ്ങള്‍ക്ക് കേരള ഫോറെസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പറേഷന്‍റെ ഒരു പാക്കേജ് നിര്‍ദ്ദേശിച്ചത്.
” മൂന്നാറില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകത്താണ് ബേസ്ക്യാമ്പ്. അവിടെ ടെന്റില്‍ താമസം പിറ്റേന്ന് രാവിലെ ഒരു ട്രെക്കിംഗ് രണ്ട് പേര്‍ക്ക് 3500 രൂപ എങ്ങനെയാണ് പുള്ളി പറഞ്ഞു തുടങ്ങിയത്. ”
” മൂന്നാറില്‍ എവിടെയാ ഇതു സ്ഥലം…”
” ഇത് മീശപുലിമല….”
ആ പേര് കേട്ടതും ചാര്‍ളി മനസിലേക്ക് പറന്നു വന്നു. ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച ശേഷം കനിയോട് ചാര്‍ളി ചോദിക്കുകയാണ്.
വേട്ടക്കാരനെ കണ്ടിട്ടുണ്ടോ…??
മാജിക് മഷ്രൂം കണ്ടിട്ടുണ്ടോ…?
മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്ന കണ്ടിട്ടുണ്ടോ…??
ഈ രംഗം കണ്ടുകൊണ്ടിരുന്നപ്പോള്‍ ചുമ്മാ കൊതിച്ചിരുന്നു അവിടെ ഒന്ന് പോകാന്‍.
” യെസ് ഡിയര്‍സ് ഇതു മതി മീശപുലിമല….” ഞാന്‍ പറഞ്ഞു.
പിന്നീടാണ് കാര്യങ്ങള്‍ ശരിക്കും അന്വേഷിച്ചത്.
കെ.എഫ്.ഡി.സിയുടെ ഓഫീസ് വഴി പാക്കേജുകള്‍ ആദ്യം ബുക്ക് ചെയ്യണം. രണ്ട് തരം പാക്കേജുകള്‍ മീശപുലിമലയിലേക്ക് ലഭ്യമാണ്. മരം കോച്ചുന്ന തണുപ്പില്‍ മലയടിവാരത്ത് ഒരു രാത്രിയിലെ താമസവും ഭക്ഷണവും, പിറ്റേ ദിവസം മീശപുലിമലയിലേക്ക് ട്രെക്കിങ്ങും ഉള്‍പ്പെടുന്നതാണ് പാക്കേജ്. താമസത്തിന് മുറിയും ടെന്റും ലഭ്യമാണ്. ആറുപേര്‍ക്കായി മൂന്ന്‍ ടെന്റ് അടങ്ങുന്ന പാക്കേജ് കെ.എഫ്.ഡി.സിയുടെ മാനേജര്‍ ജോണ്‍സണ്‍ സാര്‍ വഴി ഞങ്ങള്‍ ബുക്ക് ചെയ്തു.
![]()
അങ്ങനെ ജനുവരി ഒന്നാം തീയ്യതി ഉച്ചയ്ക്ക് രണ്ട് മണിയോടെ കെ.എഫ്.ഡി.സിയുടെ ഓഫീസില്‍ ഞങ്ങള്‍ എത്തി. തുടര്‍ന്ന്‍ ജീപ്പില്‍ ബേസ്ക്യാമ്പിലേക്ക്. മൂന്നാര്‍ സൈലന്റ്വാലി എന്നറിയപ്പെടുന്ന സ്ഥലത്താണ് ബേസ്ക്യാമ്പ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെമി ഓഫ്റോഡ് യാത്രയാണത്. ബേസ്ക്യാമ്പിലെത്തുമ്പോഴേക്കും ചായയും ടെന്റുകളും റെഡിയായിരുന്നു. ഞങ്ങളെ കൂടാതെ ആന്ധ്രാപ്രദേശില്‍ നിന്നും വന്ന ആറുപേരുടെ സംഘവും ജര്‍മ്മനിയില്‍ നിന്നെത്തിയ രണ്ട്പേരും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
വൈകുന്നേരം ചായകുടിക്ക് ശേഷം ഞങ്ങള്‍ ക്യാമ്പ് പരിസരം കാണാനിറങ്ങി. കാട്ടിനുള്ളിലൂടെ അല്‍പദൂരം നടന്നു. ഒരു വ്യൂ പോയിന്റില്‍ വച്ച് അകലെ മനോഹരമായ വെള്ളച്ചാട്ടം കണ്ടു. കുറിഞ്ഞിവാലി എന്നാണത്രേ അതിന്‍റെ പേര്. ആനയിറങ്ങുമോയെന്ന പേടി കാരണം അധികം നേരം ചുറ്റി കറങ്ങാതെ ഞങ്ങള്‍ പതുക്കെ തിരിച്ചു വന്ന് ടെന്റിനകത്ത് കയറി. പരമാവധി സമയം പ്രകൃതിയുടെ തണുപ്പില്‍ തന്നെ നില്‍ക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. പക്ഷേ നേരം ഇരുട്ടും തോറും തണുപ്പ് കൂടി കൂടി വന്നു. ഉറങ്ങിയും ഉറങ്ങാതെയും തണുപ്പില്‍ സ്ലീപിംഗ് ബാഗിനുള്ളില്‍ ആ രാത്രി കഴിച്ചു.
പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു. ശരീരത്തിലേക്ക് കുത്തികയറുന്ന തണുപ്പിനെ അവഗണിച്ച് കുളിക്കാനിറങ്ങി. മരവിച്ച അവസ്ഥയിലായിരുന്നു ശരീരം കുറച്ചു നേരത്തേക്ക്. ബ്രേക്ക്‌ഫാസ്റ്റിന് ശേഷം ഞങ്ങള്‍ ട്രെക്കിംഗ് ആരംഭിച്ചു. തലേദിവസം ഞങ്ങള്‍ നടന്ന വഴിയില്‍ കൂടിയായിരുന്നു തുടക്കം. ഏകദേശം അഞ്ചു കിലോമീറ്റര്‍ നടത്തത്തിനോടുവില്‍ ഞങ്ങള്‍ റാഡോ മാന്‍ഷനിലെത്തി. അവിടെ നിന്നും ആറോ ഏഴോ മലകള്‍ കയറി ഇറങ്ങണമെന്ന് ഞങ്ങളുടെ ഗൈഡ് ശിവന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ പലര്‍ക്കും ശ്വാസം പോയി, രണ്ടു പേര്‍ അവിടെ വച്ച് തന്നെ ട്രെക്കിംഗ് നിര്‍ത്തി.
ഞങ്ങളുടെ പതുക്കെയുള്ള നടത്തം കാരണം ഉദ്ദേശിച്ച സമയത്ത് ട്രെക്കിംഗ് അവസാനിക്കില്ലയെന്നു മനസിലായതോടെ ഷോര്‍ട്ട്കട്ടിലൂടെ പോകാമെന്ന് ശിവന്‍ ചേട്ടന്‍ പറഞ്ഞു. പിന്നീടുള്ള നടത്തം പുല്‍മേടുകളില്‍ കൂടിയും വലിയ മലകളുടെ താഴ്വരകളില്‍ കൂടിയുമൊക്കെയായിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം വല്ലാതെ കൂടുന്നത് ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. അരയ്ക്കൊപ്പം വളര്‍ന്നു നില്‍ക്കുന്ന പുല്‍മേടുകളില്‍ വഴിവെട്ടിയും ചെറിയ തടാകത്തില്‍ നിന്ന് വെള്ളം കുടിച്ചും ഇടയ്ക്ക് വിശ്രമിച്ചും. ഞങ്ങള്‍ പുലിമലയുടെ അടുത്തെത്തി.
” ദാ ആ കാണുന്നതാണ് മീശപുലിമല ” ശിവന്‍ ചേട്ടന്‍ തൊട്ടടുത്ത് നില്‍ക്കുന്ന മല മുകളിലേക്ക് കൈ ചൂണ്ടി. അപ്പോള്‍ സമയം ഏകദേശം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.
വര്‍ദ്ധിച്ച ആവേശത്തോടെ ഞങ്ങള്‍ ആ മല ചവിട്ടി കയറി. വളരെ പെട്ടെന്ന് മുകളിലെത്തി.
ഒടുവില്‍ എത്തിയിരിക്കുന്നു ഏകദേശം എണ്ണായിരം അടി ഉയരത്തില്‍… ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരത്തില്‍….
അവിടെ കണ്ടു തൊട്ടടുത്ത മലകളില്‍ മഞ്ഞ് മൂടി നില്‍ക്കുന്നത്….
കണ്ടു, നീലാകാശത്തെ മേഘങ്ങള്‍ക്ക് ഒപ്പം നിന്ന്….
ഇനി പറയാം മീശപുലിമലയില്‍ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടെന്ന്..
മലയുടെ മേലെ അരമണിക്കൂറോളം ചിലവഴിച്ച ശേഷം കണ്ണ് നിറയെ കണ്ട കാഴ്ചകളെയും താലോലിച്ച് ഞങ്ങള്‍ ഇറക്കം ആരംഭിച്ചു. ഏകദേശം പതിനഞ്ചിലധികം കിലോമീറ്റര്‍ നടന്നതിന്‍റെ ക്ഷീണം ശരീരത്തെ ബാധിച്ചിരുന്നു. ആവശ്യത്തിനു വെള്ളവും ഭക്ഷണ സാധനങ്ങളും കരുതാഞ്ഞത് ഞങ്ങളെ ശരിക്കും ബുദ്ധിമുട്ടിലാക്കി. ഒടുവില്‍ റാഡോ മാന്‍ഷനില്‍ നിന്ന് ജീപ്പിനു പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഫോണ്‍ റേഞ്ച് കണ്ടെത്തിയ സ്ഥലത്ത് വച്ച് തന്നെ ബേസ്ക്യാമ്പിലേക്ക് ഫോണ്‍ ചെയ്ത് ജീപ്പ് വരാനും ആവശ്യപ്പെട്ടു.
ഒടുവില്‍ നടന്നു തളര്‍ന്ന് വിശന്നും ദാഹിച്ചും ക്ഷീണിച്ചുമുള്ള അവസ്ഥയില്‍ ഞങ്ങള്‍ റാഡോ മാന്‍ഷനിലെത്തി. അവിടെ ജീപ്പ് ഞങ്ങളെ കാത്ത് കിടപ്പുണ്ടായിരുന്നു. സമയം മൂന്നര കഴിഞ്ഞിരിക്കുന്നു. ഭക്ഷണവും തയ്യാറാണ്. രുചി പോലുമറിയാതെ വയറു നിറയെ കഴിച്ചു ചോറും കറികളും. ഭക്ഷണത്തിനു ശേഷം എല്ലാവരോടും നന്ദി പറഞ്ഞ് ജീപ്പില്‍ ബേസ്ക്യാമ്പിലേക്ക് പുറപ്പെട്ടു.
ബേസ്ക്യാമ്പില്‍ എത്തുമ്പോള്‍ ജര്‍മ്മന്‍ ദമ്പതികളുടെ ടെന്റ് ജോലിക്കാര്‍ അഴിച്ചു തുടങ്ങിയിരുന്നു. അല്പനേരത്തെ വിശ്രമത്തിന് ശേഷം റാഡോ
മാന്‍ഷനില്‍ നിന്ന് വന്ന അതെ ജീപ്പില്‍ തന്നെ ഞങ്ങള്‍ മുന്നാറിലേക്ക് മടങ്ങി; അവിസ്മരണീയമായ ഒരു യാത്രാനുഭവവും പേറി…

0 Comments.