മലേഷ്യന്‍ മണ്ണില്‍….. – Part 3

ആ വൈകുന്നേരം ഞങ്ങള്‍ തീരുമാനിച്ചത് ട്വിന്‍ പെട്രോണാസ് കാണാനാണ്. ഞങ്ങളുടെ മുറിയില്‍ നിന്ന് കണ്ടിട്ടുണ്ട് കഴിഞ്ഞ രാത്രികളില്‍; പ്രകാശദീപ്തമായ ആ ഇരട്ട കെട്ടിടങ്ങളെ. ഇനി അടുത്തു നിന്ന് കാണണം. കോലാലംപൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ആ നഗരത്തെ പരിചയമുള്ള ആരും ഓര്‍ത്തെടുക്കുന്ന പേരുകളിലൊന്നാണ്‌ പെട്രോണാസ്‌ ടവര്‍. നാഗരികതയുടെ സൗന്ദര്യവും കെട്ടിട നിര്‍മ്മാണത്തിലെ വൈദഗ്ധ്യം വിളിച്ചോതുന്ന ഇരട്ട കെട്ടിടങ്ങള്‍. കാണാതെ പോയാല്‍ മോശമാണ്.
എവിടെയോ വായിച്ചതാണ് ഒരിക്കല്‍ ശ്രീ മോഹന്‍ലാലിനോട്‌ ജീവിതത്തിലെ ഏറ്റവും വലിയ അദ്‌ഭുതങ്ങളിലൊന്നൊ, സ്വപ്‌നസാക്ഷാത്‌കാരങ്ങളിലൊന്നൊ അല്ലെങ്കില്‍ അവിസ്‌മരണീയമായ അനുഭവങ്ങളിലൊന്നൊ പറയാനാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രേ ഒരു രാത്രി, മലേഷ്യയിലെ ഒരു ഹോട്ടല്‍മുറിയില്‍ അലസമായിരുന്ന്‌ പെട്രോണാസ്‌ ടവറുകള്‍ കണ്ടിരുന്നതാണ്‌ അതെന്ന്‌.
ഹോട്ടലില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളൂ ഞങ്ങള്‍ക്ക് പെട്രോണാസിലേക്ക്. കോലാലംപൂരിന്‍റെ നാഗരികഭംഗി ക്യാമറയില്‍ പകര്‍ത്തികൊണ്ട് ഞങ്ങള്‍ നടന്നു.മലേഷ്യന്‍ സമയം അഞ്ചരയോടെ ഞങ്ങള്‍ പെട്രോണാസിന് മുന്നിലെത്തി. ആകാശത്തെ വെല്ലുവിളിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന എണ്‍പത്തിയെട്ട് നിലകളുള്ള ഇരട്ട കെട്ടിടം. ഇരുകെട്ടിടങ്ങളേയും ബന്ധിപ്പിക്കുന്ന ആകാശപ്പാലം. ടവറിന്റെ മുന്നില്‍ ദീപലങ്കരങ്ങളും കൃത്രിമ അരുവിയും കളിസ്ഥലങ്ങളുമടക്കമുള്ള മനോഹരമായ കെ.എല്‍.സി പാര്‍ക്ക്‌. പക്ഷെ ഉള്ള നിമിഷങ്ങളില്‍ ഗോപുരങ്ങളുടെ ഭംഗി ആസ്വദിക്കുന്നതിന് പകരം ഫോട്ടോയില്‍ പകര്‍ത്താന്‍ മത്സരിക്കുകയായിരുന്നു സഞ്ചാരികളില്‍ ഭൂരിപക്ഷവും.

സന്ധ്യയായതോടെ പെട്രോണാസില്‍ ലൈറ്റുകള്‍ തെളിഞ്ഞുതുടങ്ങി. രാത്രിയുടെ മാറ്റ് കൂടുന്നതിനനുസരിച്ച് പെട്രോണസിന്റെ തിളക്കവുമേറി വന്നു. മനോഹരമായ കാഴ്ച കണ്‍കുളിര്‍ക്കെ കണ്ട് ഞങ്ങള്‍ മുറിയിലേക്ക് നടന്നു. വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന കെട്ടിടങ്ങളും പാതകളും പുതിയതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. ദീപാലങ്കാരങ്ങള്‍ ആ നഗരവീഥികളെ അത്രയേറെ പരിവര്‍ത്തനപ്പെടുത്തിയിരുന്നു.

പക്ഷെ നടപ്പിന്റെ ദൂരം കൂടുന്നതിനനുസരിച്ച് ഞങ്ങള്‍ക്ക് മനസിലായി ദീപാലങ്കരങ്ങളുടെ പരിവര്‍ത്തനത്തിനപ്പുറം ഞങ്ങള്‍ക്ക് വഴി തെറ്റിയതാണ് വഴികള്‍ പുതിയതായി തോന്നാന്‍ കാരണമെന്ന്. പെട്രോണസിനെ കണ്ട ആവേശത്തില്‍ ഫോണിന്റെ ചാര്‍ജ് നോക്കാതെ ഫോട്ടോ ക്ലിക്കിയ കാരണം ഞങ്ങള്‍ രണ്ടുപേരുടെയും ഫോണുകള്‍ ശവങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ദിക്കറിയാതെ ദിശയറിയാതെ ഞങ്ങള്‍ ആ മഹാനഗരത്തിന്‍റെ നടുവില്‍ പകച്ചു നിന്നു. മനസ് പറഞ്ഞ വഴികളില്‍ കൂടി സഞ്ചരിച്ചു. വഴിയില്‍ കണ്ട പലരോടും ഹോട്ടലിലേക്കുള്ള വഴി ചോദിച്ചെങ്കിലും ആര്‍ക്കും ഞങ്ങളെ സഹായിക്കാനായില്ല.

പിന്നെയങ്ങോട്ട്‌ അലഞ്ഞു തിരിയുകയായിരുന്നു ഞങ്ങള്‍ അറിഞ്ഞുകൊണ്ട് വരാന്‍ സാധ്യതയില്ലാത്ത സ്ഥലത്തെ ആ നഗരഭംഗി കണ്ടും ഷോപ്പിംഗ്‌മാളുകളില്‍ കയറി ഇറങ്ങിയും, വഴിവക്കില്‍ നിന്ന് ജ്യുസ് വാങ്ങി കഴിച്ചും ബസ്‌ ഷെല്‍ട്ടറുകളില്‍ വിശ്രമിച്ചും എത്ര ദൂരം നടന്നുവെന്ന് അറിയില്ല. ഒടുവില്‍ ഒരു തദ്ദേശീയരായ രണ്ടു ചെറുപ്പക്കാര്‍ ഞങ്ങളെ മോണോറെയില്‍ സ്റ്റേഷന്‍ വരെ കൊണ്ടെത്തിക്കാം എന്ന് പറഞ്ഞു. അവരോടൊപ്പം ഒന്ന് രണ്ട് കിലോമീറ്റര്‍ നടന്ന്‍ ബൂകിറ്റ്ബിന്ടാന്ഗ് മോണോറെയില്‍ സ്റ്റേഷനടുത്തെത്തി. ചെയ്ത സഹായത്തിന് നന്ദി പോരാ എന്നറിയാമായിരുന്നിട്ടും മനസ്സില്‍ തട്ടിയ ഒരു നന്ദിപറച്ചിലോടെ ഞങ്ങള്‍ ഹോട്ടലിലേക്ക് നടന്നു. വഴിയരികില്‍ കണ്ട ഒരു ക്ലോക്കില്‍ അപ്പോള്‍ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>