കുറച്ചു സമയത്തിനകം തന്നെ ട്രെയിന്‍ വന്നു. മനോഹരമായ ഉള്‍വശം. ഞങ്ങള്‍ ഇരുന്നതിന്റെ തൊട്ടടുത്തായി ഒരു സിക്ക് മതവിശ്വാസി എന്ന് തോന്നുന്നോരാള്‍ വിദേശ ടൂറിസ്റ്റ് ദമ്പതികളോട് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. വേറെ പണിയൊന്നും ഇല്ലാത്തതിനാല്‍ ഞങ്ങളും അവരുടെ സംസാരം ശ്രദ്ധിക്കാന്‍ തുടങ്ങി. ട്രെയിനില്‍ പതിച്ചിരിക്കുന്ന ചുംബന നിരോധന പോസ്റ്ററാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. അതിനെ കുറിച്ച് സിക്ക്കാരനോട് തര്‍ക്കികുകയണാവര്‍. കൊച്ചു കുട്ടികളെ ചുംബിക്കുന്നതില്‍ വിരോധമുണ്ടോ?? നല്ല പ്രായമുള്ളവര്‍ ചുംബിച്ചാല്‍ എന്താണ് കുഴപ്പം ?? ഇങ്ങനെ പോകുന്നു അവരുടെ സംശയങ്ങള്‍. ഒടുവില്‍ ചുംബിക്കാതിരിക്കണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ ചുണ്ടുകള്‍ ലോക്ക് ചെയ്തു വച്ചാലും എന്നും അവര്‍ പറഞ്ഞു. ഞങ്ങളും ചിരിച്ചു കൊണ്ട് അതിനെ സ്വാഗതം ചെയ്തു.
സിക്ക്കാരന്‍ തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങിയതോടെ ഞങ്ങള്‍ തമ്മില്‍ സംസാരം ആരംഭിച്ചു. കിം ആന്‍ഡ് ജോര്‍ജ് അതായിരുന്നു അവരുടെ പേരുകള്‍. ജിമെയില്‍ ചാറ്റ് വഴിയാണ് അമേരിക്കകാരിയായ കിം ഓസ്ട്രേലിയക്കാരനായ ജോര്‍ജിനെ പരിചയപ്പെടുന്നത് ചിന്താഗതികളും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഏകദേശം ഒരുപോലെയാണെന്ന് മനസിലാക്കിയ ജോര്‍ജ് തന്നെക്കാള്‍ അഞ്ചു വയസിനു പ്രായം കൂടിയ കിമ്മിനോടൊപ്പം ഇനിയുള്ള കാലം ജീവിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കിം അവരുടെ ജനമദേശം വിട്ട് മെല്‍ബണിലേക്ക് ചേക്കേറി.
ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു തുടങ്ങി. ഞങ്ങള്‍ ഐ.ടി പ്രൊഫെഷണല്‍സ് ആണെന്ന് പറഞ്ഞപ്പോള്‍ ജോലി സംബന്ധമായ കഥകളും ഒടുവില്‍ ജോലി മടുത്തപ്പോള്‍ ഐ.ടി കമ്പനി വിട്ട് ട്രക്ക് ഡ്രൈവറായതും ജോര്‍ജ് വിശദീകരിച്ചു. അടുത്ത അമ്പത് വര്‍ഷക്കാലം ലോകം ചുറ്റാനാണത്രെ അവരുടെ തീരുമാനം. ഞങ്ങളുടെ ഇരട്ടി പ്രായമുണ്ടായിട്ടും ഞങ്ങളെക്കാള്‍ ആവേശത്തോടെ പുതിയതിനെ കാണാനും മനസിലാക്കാനും അവര്‍ കാണിക്കുന്ന താല്പര്യവും ജീവിതത്തോടുള്ള മനോഭാവവും കണ്ട് എനിക്ക് മനസില്‍ അസൂയ തോന്നി. മൂന്നാംലിംഗക്കാരുടെ വിവാഹത്തെ സംബന്ധിച്ച് വന്ന നിയമത്തെ പറ്റി. ഇന്ത്യന്‍ പുരാണത്തെ പറ്റി ദൈവങ്ങളെ പറ്റി. അങ്ങനെ. ഇരുപത് മിനുട്ട് നേരത്തെ സംസാരത്തിനൊടുവില്‍ ഞങ്ങള്‍ ബട്ടൂവിലെത്തി.
സ്റ്റേഷന്റെ പുറത്തു നിന്നു തന്നെ കാണാം മലനിരകളും പടുകൂറ്റന്‍ മുരുകന്റെ പ്രതിമയും. റെയില്‍വേ സ്റ്റേഷന്റെ പുറത്ത് വച്ചിട്ടുള്ള ഹനുമാന്‍റെ പ്രതിമ കണ്ട് ജോര്‍ജ് ഹനുമാനെ പറ്റി വിശദീകരിക്കാന്‍ ആവശ്യപെടുകയുണ്ടായി. ഇന്ത്യന്‍ പുരാണങ്ങള്‍ അറിയാനുള്ള അവരുടെ താല്പര്യം ഒരു അതിശയം തന്നെയാണ്.
ഏകദേശം നൂറുമീറ്റര്‍ ഉയരത്തിലാണ് മുരുകന്‍റെ ക്ഷേത്രം. അവിടേക്ക് ചെന്നെത്താന്‍ ഇരുന്നൂറ്റിഎഴുപത്തിരണ്ട് സ്റ്റെപ്പുകളും. സ്റ്റെപ്പുകള്‍ക്ക് മുന്നിലായുള്ള പടുകൂറ്റന്‍ മുരുകന്‍ പ്രതിമയാണ് അവിടത്തെ പ്രധാന ആകര്‍ഷണം. ഏകദേശം നാല്‍പത്തിരണ്ടു മീറ്റര്‍ ഉയരമുണ്ട് ആ മുരുകപ്രതിമയ്ക്ക്. ചുണ്ണാമ്പ് കല്ലുകളാല്‍ നിര്‍മ്മിതമാണത്രേ ബട്ടൂ മലനിരകള്‍. താഴെയായി ഒരു ഗുഹാക്ഷേത്രവും ഗുഹയ്ക്കുള്ളില്‍ ഒരു മ്യുസിയവുമുണ്ട്. കിമ്മും ജോര്‍ജും ഫോട്ടോകള്‍ എടുത്തും പലരോടും സംസാരിച്ചും വളരെ പതുക്കെ മാത്രം നടക്കുന്നതിനാല്‍ അവരെ ഉപേക്ഷിച്ച് ഞങ്ങള്‍ സ്റ്റെപ്പുകള്‍ കയറി. മുകളില്‍ ഉള്ള ചെറിയകടകള്‍ നടത്തുന്നവരില്‍ പലരും തമിഴന്‍മാരാണ്. ഹിന്ദുദൈവങ്ങളുടെ ചെറിയ പ്രതിമകളും, മാല, മോതിരങ്ങള്‍ തുടങ്ങിയവയാണ് വില്പനയ്ക്ക് വച്ചിരിക്കുന്ന പ്രധാന വസ്തുക്കള്‍.
ചെങ്കുത്തായ പാറക്കെട്ടുകള്‍ക്ക് നടുവിലാണ് പ്രധാന മുരുകക്ഷേത്രം. മുകളില്‍ നിന്നും താഴേക്ക് തൂങ്ങി കിടക്കുന്ന വേരുകള്‍ പോലെ കൂര്‍ത്ത ചുണ്ണാമ്പ് കല്ലുകള്‍. അതിന്റെ ഇടയിലൂടെ കാണുന്ന ആകാശത്തിന് വികൃതമായ രൂപമാണ്. അത്യാര്‍ഭാടങ്ങളോന്നുമില്ലാത്ത ചെറിയൊരു കെട്ടിടം അതാണ് ക്ഷേത്രം. ഞങ്ങള്‍ ഫോട്ടോസെഷന്‍ തുടങ്ങിയപ്പോഴേക്കും ജോര്‍ജും കിമും വീണ്ടുമെത്തി. പിന്നെ അവിടെയുള്ള പല നാട്ടുകാരെയും ചേര്‍ത്ത് നിര്‍ത്തി കൈകൂപ്പി നിര്‍ത്തി ഒരു ഫോട്ടോയങ്ങ് ക്ലിക്കി.
എല്ലാം കണ്ടും ആസ്വദിച്ചും ഫോട്ടോകളെടുത്തും ഉച്ചയോടെ ഞങ്ങള്‍ പടവുകള്‍ ഇറങ്ങി. വഴിയില്‍ കണ്ട ഒരു ഹോട്ടലില്‍ നിന്നും മലേഷ്യന്‍ റൈസും ഡുറിയന്‍ പഴച്ചാറും കഴിച്ചു. മലേഷ്യയില്‍ ലഭിക്കുന്ന ഒരു പ്രധാന പഴമാണ് ഡുറിയന്‍. പഴങ്ങളുടെ രാജാവ് എന്നാണ് ഇവന്‍ അറിയപ്പെടുന്നത് തന്നെ. പക്ഷെ രുചിയേറെ ഉണ്ടെങ്കിലും വൃത്തികെട്ട ഗന്ധം കാരണം മുന്തിയ ഹോട്ടലുകളുടെയും എന്തിന് എയര്‍പോര്‍ട്ടിന്റെയും റെയില്‍വേ സ്റ്റേഷന്‍റെയും വരെ പടിക്ക് പുറത്താണ് ഇവന്റെ സ്ഥാനം. പക്ഷെ കോലാലംപൂരില്‍ പല സ്ഥലത്തും വിദേശികള്‍ക്കായി ഡുറിയന്‍ കൊണ്ട് മാത്രമുണ്ടാക്കിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഡുറിയന്‍ ഫെസ്റ്റുവെല്‍സ് നടത്താറുണ്ടത്രെ. അത്തരമൊരു പരിപാടിയില്‍ പോകാന്‍ പ്ലാനുണ്ടെന്നു ജോര്‍ജ് എന്നോട് പറഞ്ഞു. സമയപരിമിതി കാരണം അവരുടെ ക്ഷണം ഞങ്ങള്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.
വീണ്ടും റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. വീണ്ടും അടുത്തടുത്ത സീറ്റുകളില്‍ യാത്ര. പലതും സംസാരിക്കുന്ന കൂട്ടത്തില്‍ എങ്ങനെ എളുപ്പം ഓസ്ട്രേലിയന്‍ വിസ ലഭിക്കും എന്ന് ഞാന്‍ അവരോട് ചോദിച്ചു. ഏറ്റവും എളുപ്പമാര്‍ഗം ഓര്‍ഗാനിക് ഫാമുകളില്‍ ജോലിക്ക് അപേക്ഷിക്കുകയെന്നതാണത്രേ. അതിനായി ചില വെബ്സൈറ്റുകളുടെ പേരുകളും അവര്‍ എനിക്ക് പറഞ്ഞു തന്നു. പരസ്പരം ഫോട്ടോകളെടുത്തും ഒരുമിച്ച് സെല്‍ഫികളെടുത്തും ഞങ്ങള്‍ യാത്ര തുടര്‍ന്നു. കെ.എല്‍ സെന്‍ട്രലില്‍ എത്തിയപ്പോഴേക്കും ഞങ്ങള്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍വരേയായി കഴിഞ്ഞിരുന്നു. ഒരു ഗ്രൂപ്പ് സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഞങ്ങള്‍ അവരോട് യാത്രപറഞ്ഞ് മോണോറെയില്‍ സ്റ്റേഷനു നേരെ നടന്നു.



0 Comments.