ഫൂള്‍

ഏപ്രില്‍. പരീക്ഷയുടെ ചൂട് ഒഴിഞ്ഞ് സുര്യന്റെ ചൂടേല്‍ക്കാന്‍ കുട്ടികളിറങ്ങുന്ന ദിനങ്ങള്‍. കണിക്കൊന്നയുടെ ശോഭ കണ്ണില്‍ തെളിയുന്ന മധുര മാമ്പഴത്തിന്റെ സ്വാദ് നാവില്‍ കിനിയുന്ന വിഷുകൈനിട്ടത്തിന്റെ നിറവില്‍ മനസ് നിറയുന്ന ആ ദിനങ്ങള്‍ എനിക്കേറ്റവും പ്രിയപെട്ടതായിരുന്നു. ആ ദിവസത്തിന്റെ ഓര്‍മ്മകളില്‍ എന്റെ സ്വപ്‌നങ്ങള്‍ എന്നും സ്വര്ന്നകൂട്ടില്‍ അടച്ച ഒരു കിളിയെപോലെ ബന്ധിതമായിരുന്നു.

വെയില്‍ പടിയിറങ്ങുന്ന വൈകുന്നേരങ്ങളില്‍ പുല്‍ മൈതാനങ്ങളില്‍ നിന്നും വയലുകളില്‍ നിന്നും ഉയരുന്ന പോട്ടിചിരികള്‍ക്കും സന്തോഷങ്ങള്‍ക്കും ചെവിയോര്‍ത്തു വിശാലമായ പൂമുഖത്തിരുന്നു ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു. ഞാനും അവരിലൊരാളായി കൂട്ടുകൂടുന്നത്‌………

ഇനിയൊരാള്‍ ആ വീട്ടില്‍ നിന്ന് നശിച്ചു പോകരുത് എന്ന ചിന്തയായിരിക്കാം എന്നെ അതുപോലൊരു സ്വര്‍ണ്ണ കൂട്ടിലടയ്ക്കാന്‍ അവരെ എന്റെ അച്ഛനമ്മമാരെ പ്രേരിപ്പിച്ചത്. എന്നും മാതാപിതാക്കളുടെ സ്വപ്നം അവരുടെ മക്കളുടെ ശോഭനമായ ഭാവി മാത്രമാണല്ലോ..??

വെയിലും വസന്തവും ഓണവും വിഷുവും മാറി മാറി വന്നു. ഒരുനാള്‍ എന്റെ സ്വപ്നവും പൂവണിഞ്ഞു. മനോഹരമായ ഒരു കുട്ടിക്കാലം നഷ്ടമായെങ്കിലും കൗമാരം ഇതള്‍ വിടരുമ്പോഴേക്കും എനിക്കും കൂട്ടുകാരുണ്ടായി.
അവന്‍ , അവനായിരുന്നു എല്ലാറ്റിനും മുന്നില്‍ നിന്നത്. സ്ഥിരമായി വീട്ടില്‍ വരികയും ചങ്ങാത്തം കൂടി അവന്റെ വീട്ടിലേക്കും ചങ്ങാതി കൂട്ടത്തിലേക്കും ക്ഷണിച്ചതും. ക്ഷണിക്കാതെ തന്നെ ഞാന്‍ അവന്റെ മനസ്സില്‍ ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ടാവണം……
ഒരു നാരങ്ങ മിട്ടായിയുടെ രുചിയുണ്ടായിരുന്നു പിന്നിടുള്ള സൗഹൃദത്തിന്റെ നാളുകള്‍ക്ക്…….

കാലം എന്റെ ചങ്ങതികൂട്ടത്തെ വളര്‍ത്തികൊന്ടെയിരുന്നു. കാലം എന്നും അങ്ങിനെയാണ്. തളിര്‍ത്തതിനെ വളര്‍ത്തും. വളര്‍ന്നതിനെ തളര്‍ത്തും. തളര്‍ന്നതിനെ വിസ്മരിപ്പിക്കും.

ചങ്ങാതികൂട്ടത്തോടൊപ്പം ഞങ്ങളും വളര്‍ന്നു. വിദ്യാഭ്യാസം ഉന്നതമായ നിലയിലെത്തി. പലരും ജീവിതത്തെ നേരിടാന്‍ വേണ്ടി വഴിപിരിഞ്ഞു. ഗള്‍ഫിലേക്ക്, ബംഗ്ലുരിലേക്ക്, മറ്റ് അന്നയ നാടുകളിലേക്ക്……
അവനും ഞാനും അടങ്ങുന്ന ബാക്കിയായവര്‍ ഒഴുക്ക് തുടര്‍ന്നുകൊണ്ടിരുന്നു. പ്രായത്തിന്റെ വികൃതിയില്‍ ഒരു പ്രണയം അവനിലും മൊട്ടിട്ടു. അധികം വൈകാതെ പുഷ്പ്പിച്ചു. മൊബൈല്‍ സന്ദേശങ്ങളിളുടെ ജന്മാന്തരങ്ങള്‍ക്ക്‌ അപ്പുറത്തുള്ള ഒരു ബന്ധമായി അത് മാറി. പ്രിയതമന്റെ സുഹ്രത്ത് എന്നനിലയില്‍ ഞാനും അവളുടെ സുഹ്രത്തായി മാറി.

പ്രായോഗിക ജീവിതത്തിന്റെ തുലാസില്‍ അളന്നാല്‍ അവള്‍ താഴ്ന്ന തട്ടിലാണെന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചെങ്കിലും അവന്റെ ജീവിതത്തില്‍ അവള്‍ക്കു ഉയര്‍ന്ന തട്ടിലായിരുന്നു സ്ഥാനം.
ഒഴുക്കുകള്‍ കൈവഴികളിലേക്ക് വീണ്ടും പിരിഞ്ഞു.
അവന്‍ ഗള്‍ഫിലേക്ക് പറക്കാന്‍ തീരുമാനിച്ചു.നമ്മുക്ക് കിട്ടിയ ഈ ജീവിതം സന്തോഷത്തോടെ ചുറ്റുമുള്ളവരുടെ കൂടെ ആഘോഷിച്ച് അതില്‍ തൃപ്തിയടയുക എന്ന എന്റെ സിദ്ധാന്തത്തോട് അവനു താല്പര്യമില്ലായിരുന്നു.

പ്രകൃതിയുടെ പച്ചപ്പും മഞ്ഞുതുള്ളിയുടെ കുളിരും നാരങ്ങ മിട്ടായിയുടെ രുചിയും ഉപേക്ഷിച്ച് മണല്ക്കാട്ടിലേക്ക് ജീവിതം വിറ്റു കാശാക്കാന്‍ അവന്‍ വണ്ടി കയറി.
അവള്‍ പൊട്ടികരഞ്ഞു.
മറ്റുള്ളവര്‍ അവന്റെ ഭാഗ്യത്തില്‍ സന്തോഷിച്ചു. ചിലര്‍ അസൂയപെട്ടു.
കൈവഴികളായി പിരിഞ്ഞ ഒഴുക്കുകള്‍ എവിടെയോ നിലച്ചിരിക്കുന്നു.

പുല്‍ മൈതാനങ്ങളിലും വയലുകളിലും ആല്‍മരത്തിലെ ഏറ്റുമാടത്തിലും കാക്കയും കുയിലും തവളകളും മാത്രമായി.വെയില്‍ പടിയിറങ്ങുന്ന വൈകുന്നേരങ്ങള്‍ നിശബ്ധമായി രാത്രിയെ കാത്തിരുന്നു.

നാട് വിടാതെ തന്നെ സ്വന്തം ജീവിതത്തെ ഞാനും നേരിടാന്‍ തുടങ്ങി. സന്തോഷങ്ങളെ വില്‍ക്കാതെ തന്നെ.
ചങ്ങാതികൂട്ടത്തിലെ പലരും എല്ലാം മറന്നു. പക്ഷെ മനസ്സില്‍ നന്മ മാത്രം സൂക്ഷിക്കുന്ന അവനു അത് കഴിയുമായിരുന്നില്ല.
മണല്‍ക്കാട്ടില്‍ ചുറ്റു പൊള്ളുന്ന മനസുമായി അവന്‍ മാത്രം…….
മനസിന്റെ വേദന പങ്കുവച്ചപ്പോള്‍ എല്ലാവരും അവനെ കളിയാക്കി.

മനസ് നിറഞ്ഞ തൃപ്തിയോടെ ജോലി കഴിഞ്ഞെത്തി വിശ്രമിക്കുന്ന ഒരു സന്ധ്യ നേരത്താണ് അവള്‍ ആദ്യമായി വിളിച്ചത്.
പിന്നീടു പലവട്ടം. അവളുടെ ചോദ്യങ്ങള്‍ക്ക് ചേര്‍ന്ന മറുപടി നല്‍കിയെങ്കിലും പറഞ്ഞത് മനസായിരുന്നില്ല.. മനസിന്റെ ആഴങ്ങളില്‍ ഒരു ചോദ്യം പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു. ഈ രാത്രിയില്‍ പത്തിരുപതു മിനുട്ടുകള്‍ സംസാരിക്കാന്‍ ഞാന്‍ ഈ കുട്ടിയുടെ ആരാണ്..? ഒരു പരിചയക്കാരന്‍ എന്നതില്‍ കവിഞ്ഞു…..?? അവളുടെ അവന്റെ സുഹ്രത്ത് എന്നതില്‍ കവിഞ്ഞ്……
ഒരു പക്ഷെ ഞാന്‍ ചിന്തിക്കുന്നത് തെറ്റാണെങ്കില്‍….!
പക്ഷെ അവളുടെ മൊബൈല്‍ സന്ദേശങ്ങള്‍ എന്നെ ഇരുത്തി ചിന്തിപ്പിക്കാന്‍ തുടങ്ങി….
വ്യഴാഴ്ചകള്‍ പലതു കഴിഞ്ഞു.
സന്ദേശങ്ങളുടെ രൂപവും ഭാവവും മാറി മാറി വന്നു.

ഫെബ്രുവരിയിലെ പ്രണയ ദിനത്തില്‍ ഒരു പൊട്ടിത്തെറി ഞാന്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഞാന്‍ വീണ്ടും രണ്ടു തോണിയിലായി. പിന്നീടെത്തിയ ഏപ്രില്‍ ലെ വിഷു പക്ഷിയുടെ പാട്ടു കേട്ടിരിക്കുന്ന ഒരു സായാഹ്നത്തില്‍ എന്നെത്തേടി വീണ്ടും അവളുടെ മെസ്സേജ് എത്തി.രണ്ടു മാസം വൈകിയാണെങ്കിലും ആ ചോദ്യം വന്നു.
എഡിറ്റ്‌ ബട്ടണ്‍ അമര്‍ത്തി ബ്ലാങ്ക് ആയ ആ മൊബൈല്‍ പ്രതലത്തില്‍ ഞാന്‍ രണ്ടു മുഖങ്ങള്‍ കണ്ടു. തിളങ്ങുന്ന മുഖവുമായി
അവളെയും, പിന്നെ എന്റെ പ്രിയ ചങ്ങാതിയേയും….! അവന്റെ നെറ്റിയില്‍ ഫൂള്‍ എന്നെഴുതിയതായി എനിക്ക് തോന്നി.
ആര്‍ക്കു അയക്കും ഞാന്‍ ഒരു മെസ്സേജ്…..

പ്ലേറ്റില്‍ അവശേഷിച്ചിരുന്ന കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ അവസാനത്തെ കഷണം നാക്കിലെകെടുക്കുമ്പോള്‍ എന്റെ മനസ്സില്‍ സംശയം അശേഷമില്ലയിരുന്നു…………………

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>