അച്ഛന്‍

ശ്യാമിന്റെ വിവാഹം നാളെയാണ്. നാളെ പോകാന്‍ കഴിയില്ല. പക്ഷെ പോകാതിരിക്കാനും കഴിയില്ല. ശരത് വല്ലാതെ നിര്‍ബന്ധിക്കുന്നുമുണ്ട് . അവസാനം തീരുമാനിച്ചു ഇന്നു പോകാന്‍ ; ശരത് വിളിച്ചാല്‍ മാത്രം……. ബാലേട്ടന്‍ ഹോസ്പിറ്റലില്‍ ആണ് ; മെഡിക്കല്‍ കോളേജില്‍. ചെന്നു കാണണം. ഒരു പുസ്തകം കൊടുക്കാന്‍ തന്നു വിട്ടിട്ടുണ്ട്. .
തിരക്കാണ്. അതുകൊണ്ടുതന്നെയാവണം ട്രെയിനിനു വേഗത കുറവാണെന്ന് തോന്നി. സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. എകനായുള്ള ട്രെയിന്‍ യാത്രകള്‍ ഇപ്പോഴും വിരസമാണ്. ഇന്നും അതുപോലെതന്നെ.
ഒന്ന് രണ്ടു പേര്‍ നല്ല ഉറക്കത്തിലാണ്. ചിലര്‍ വഴിയോരകാഴ്ചകള്‍ ആസ്വദിക്കുന്നു. മറ്റു ചിലര്‍ വായനയിലാണ്. ബാലേട്ടന് കൊടുക്കാന്‍ തന്ന നോവല്‍ വായിക്കാന്‍ ഒരു ശ്രമം നടത്താമെന്ന് തോന്നി.
എന്റെ അടുത്ത് നിന്ന ഒരു വൃദ്ധന്റെ പ്രസംഗം കാരണം അതും നടന്നില്ല. അല്‍പനേരം അയാളുടെ പ്രസംഗത്തിന് ചെവിയോര്‍ത്തു. ഇന്നത്തെ ഡോക്ടര്‍ മാരുടെ ഉത്തരവാദിത്വമില്ലയ്മയും അധിക ഫീസുമാണ് വിഷയം. കേള്‍വിക്കാരന്‍ വലിയ ശ്രദ്ധ കൊടുക്കുന്നതായി തോന്നിയില്ല.

പണ്ട് ഒരു മത്തായി എന്ന ഒരാള്‍ വയറു വേദനയുമായി ഡോക്ടറെ കാണാന്‍ ചെന്ന കഥയാണു ഇഷ്ടന്‍ പറയുന്നത്
കേള്‍വിക്കാരന്‌ ഇപ്പോള്‍ രസം പിടിച്ചു എന്ന് തോന്നി. ” നിങ്ങളുടെ പേര് ….? ” കേള്‍വിക്കാരന്‍ ചോദിച്ചു.
“നാരായണന്‍ നമ്പ്യാര്‍ …..” നിറഞ്ഞ പ്രൌഡിയോടെ അയാള്‍ പറഞ്ഞു.
“അല്ല ഞാന്‍ എങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് ഡോക്ടര്‍മാരോട് മുഷിവുണ്ട് എന്നൊന്നും അര്‍ത്ഥമില്ല ട്ടോ ….. എന്റെ മകന്‍ ; മുത്തവന്‍ ഡോക്ടറാ …”
“അപ്പൊ ഞാന്‍ ഇറങ്ങായി ; പരിചയപെട്ടതില്‍ സന്തോഷം …” കേള്‍വിക്കാരന്‍ കളം ഒഴിഞ്ഞു.
“ഓ ശരി ദൈവം രക്ഷിക്കട്ടെ……” കൂപ്പു കയ്യോടെ നമ്പ്യാര്‍.
എന്റെ മുന്നിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു. നമ്പ്യാര്‍ അതിലൊന്നില്‍ ഇരുന്നു. “ഇന്ന് ട്രെയിന്‍ അരമണിക്കൂര്‍ വൈകിയാ ” അയാള്‍ അടുത്ത ഇരയെ പിടിച്ചു കഴിഞ്ഞു.
ഞാന്‍ വാച്ചിലേക്ക് നോക്കി അഞ്ചു മണി. ശരത് ഇനിയും വിളിച്ചിട്ടില്ല. സ്റ്റേഷനില്‍ നിന്നും എത്ര ദൂരമുണ്ട് എന്നും അറിയില്ല. ആദ്യം ബാലേട്ടനെ കാണണം.
പുതിയ ഇര അത്ര നല്ലതല്ലാത്തത് കൊണ്ടാവണം അയാള്‍ എനിക്ക് നേരെ ചുണ്ട എറിഞ്ഞു.
“നിങ്ങള്‍ എവിടെയ്ക ..?”
“ഇവിടെ അടുത്തുവരെ ..”
“എന്ത് ചെയ്യുന്നു …?”
“സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ആണ്.. ഗള്‍ഫില്‍…. ” പറഞ്ഞത് സത്യമായിരുന്നില്ല.
“എന്റെ മകനും സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ആണ് ; ഇളയവന്‍….”
“സര്‍ എന്ത് ചെയ്യുന്നു ..? ” ഞാനും ചോദിച്ചു ?
“പേര് നാരായണന്‍ നമ്പ്യാര്‍ ഒരു പ്രൈമറി സ്കൂള്‍ മാഷാ…. ഭാര്യ ഹൈസ്കൂള്‍ ടീച്ചരാ ട്ടോ….” അയാള്‍ നിര്‍ത്തിയില്ല.
കുടുംബത്തെ സ്നേഹിക്കുന്ന മക്കളില്‍ അഭിമാനിക്കുന്ന ഒരു പാവം മനുഷ്യനെ ഞാന്‍ അയാളില്‍ കണ്ടു. അയാള്‍ പറഞ്ഞ ഒരു പാട് പഴയ കാര്യങ്ങള്‍ എനിക്ക് പുതിയതായിരുന്നു. അയാളെ കുറിച്ച് മനസില്‍ പറഞ്ഞ പലതും തെറ്റാണെന്ന് ഞാന്‍ തന്നെ ബോധ്യപെടുകയായിരുന്നു.
വികൃതമായ ഒരു ചിത്രത്തിലെ വരകള്‍ സ്ഥാനം മാറി അതിമനോഹരമാകുന്ന ഒരു പരിണാമത്തിനു സാക്ഷിയവുന്നതിനു തുല്യമായിരുന്നു അത്.
” ആ പുസ്തകം ഒന്ന് തരുമോ …?” ഇല്ല എന്ന് പറയാന്‍ എനിക്കാകുമായിരുന്നില്ല.
ഉയര്‍ന്നനില ഉണ്ടായിരുന്നിട്ടും ലളിതമായ അയാളുടെ വേഷവും സംസാരവും ആ മനുഷ്യന്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ശരത്തിന്റെ ഫോണ്‍ വന്നു. സിഗ്നല്‍ കുറവാണു. ഞാന്‍ വാതിലിനടുത്തേക്ക് നടന്നു. ഒരു സ്റ്റേഷന്‍ എത്തിയിരിക്കുന്നു. അടുത്ത സ്റ്റേഷന്‍ലാണ് എനിക്ക് ഇറങ്ങേടത്. സിഗ്നല്‍ കുറവായതു കൊണ്ട് ലൈന്‍ കിട്ടുന്നില്ല. ട്രെയിന്‍ പതുക്കെ നീങ്ങവേ ഞാന്‍ കണ്ടു പ്ലാറ്റ്ഫോര്‍മിലുടെ നടന്നുപോകുന്ന നമ്പ്യാര്‍.
ബാലെട്ടെന്റെ പുസ്തകം……
ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഇറങ്ങുന്നത് കുറ്റകരമാണ് അറിയാം വേറെ വഴിയില്ല. ബാഗുമായി ഞാനും ചാടിയിറങ്ങി
എക്സിറ്റ് എന്നെഴുതിയ വഴിയിലുടെ പുറത്തിറങ്ങി. അയാളുമായി ഒരു ഓട്ടോ റോഡിലേക്കിറങ്ങുന്നു.
“ചേട്ടാ ആ വണ്ടിക്ക് പിറകെ …..” ഞാന്‍ മറ്റൊരു ഓട്ടോയില്‍ കയറി.
ഒരു വളവു തിരിഞ്ഞപ്പോള്‍ അയാളുടെ ഓട്ടോ എതിരെ . അയാള്‍ നടന്നു കയറിയ ഒരു വലിയ ഗേറ്റിനുമുന്നില്‍ ഞാനും ഇറങ്ങി.
ആ മൂന്നു നില കെട്ടിടത്തിന്റെ കമാനകൃതിയിലുള്ള ഗേറ്റില്‍ ഞാന്‍ ഇങ്ങനെ വായിച്ചു.
‘ആശ്രയ വൃദ്ധ സദനം..’
ശരത്തിന്റെ ഫോണ്‍ വീണ്ടും വന്നു. പച്ച ബട്ടണ്‍ അമര്‍ത്തി ചെവിയോടു ചേര്‍ത്തെങ്കിലും സംസാരിക്കാന്‍ എനിക്കപ്പോള്‍ ശബ്ദമുണ്ടയിരുന്നില്ല…

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>