കൃമികള്‍ നുരയ്ക്കുമ്പോള്‍….

പുതുവര്‍ഷത്തിനു പ്രായം ഒരാഴ്ച. ആഘോഷത്തിന്റെ ലഹരി നഗരത്തെ പൂര്‍ണമായും വിട്ടു മാറിയിട്ടില്ല. ഉറക്കം നഷ്ട്ടപെട്ട കണ്ണുകളുമായി രാത്രിയുടെ സൗന്ദര്യം വിരസമായി നോക്കി കൊണ്ട് കാറിന്റെ പിന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു പ്രിയ. ശരീരത്തിലാകമാനം കൃമി നുരയ്ക്കുന്നതു പോലൊരു തോന്നല്‍. വഴിയരികിലെ ഒരു പടുകൂറ്റന്‍ കെട്ടിടത്തിന്റെ ചുമരിലെ ക്ലോക്കില്‍ നിന്നും സമയം പുലര്‍ച്ചെ 3 മണിയായി എന്ന് അവള്‍ തിരിച്ചറിഞ്ഞു. ഫ്ലാറ്റിന്റെ മുന്നില്‍ കാര്‍ നിന്നു.
” മാഡം….. ” ഡ്രൈവറുടെ ശബ്ദം അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. ചുണ്ടിലെ മുറിവില്‍ ഉമിനീരു നനഞ്ഞപ്പോള്‍ വല്ലാത്തൊരു നീറ്റല്‍. ഉറങ്ങി കൊണ്ടിരിക്കുന്ന കാവല്‍ക്കാരനെ ബുദ്ധിമുട്ടിക്കാതെ അവള്‍ അകത്തേക്ക് നടന്നു. വാതില്‍ തുറന്ന് അവളുടെ ഫ്ലാറ്റിലേക്ക് കയറി. അമ്മ ഉറങ്ങുകയാണ്‌.

jan – 09 മനോഹരമായ ചില്ലു മേശക്കു മുകളിലിരുന്നു ഡിജിറ്റല്‍ ക്ലോക്ക് ദിവസം വിളിച്ചു പറഞ്ഞു. തന്റെ ശരീരത്തില്‍ കൃമികള്‍ നുരയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. അപരിചിതമായ കൈകള്‍ ഇഴഞ്ഞു തുടങ്ങിയത് പോയ്‌ മറഞ്ഞ ജനുവരിയിലെ ഓര്‍മയിലില്ലാത്ത ഒരു പ്രഭാതത്തില്‍. കഴിഞ്ഞ ഒരു വര്‍ഷമായി മനസ്സില്‍ സൂക്ഷിച്ചു കൊണ്ടിരിക്കുന്ന ഭാരം ഇറക്കിവയ്ക്കാന്‍ പോകുന്നു. ഹരിയെ കണ്ടു സംസാരിക്കണം. ദിവസങ്ങള്‍ക്കു മുന്‍പേ എടുത്ത തീരുമാനം ഒന്നു കൂടി ഉറപ്പിച്ചു കൊണ്ട് അവള്‍ കട്ടിലിലേക്ക് വീണു. ഉറക്കം നഷ്ടപെട്ട ആ കണ്ണുകള്‍ വെറുതെ അടച്ചു.

ഒരു വര്‍ഷത്തിനുശേഷം ഹരി സ്റ്റേറ്റ്സില്‍ നിന്നും തിരിച്ചു വന്നിരിക്കുന്നു . കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ഓഫീസിലെത്തി. ട്രെയിനില്‍ വച്ച് കാണാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ആ യാത്രയില്‍ തന്നെ അവനെ ബുദ്ധിമുട്ടിക്കണോ എന്ന് പലവട്ടം ചിന്തിച്ചതാണ് . പക്ഷെ ഇനിയും വയ്യ ,ഇതു താങ്ങാന്‍. അവന്റെ ഓരോ ചാറ്റിനും പ്രണയ സല്ലാപങ്ങള്‍ക്കും മറുപടി നല്‍കുമ്പോള്‍ ശരീരം ചുട്ടു പഴുക്കുമായിരുന്നു. ഇനിയും ഒന്നും അറിയിച്ചിലെങ്കില്‍ വിവാഹം വരെ സംഭവിക്കും. എല്ലാം അവസാനിക്കണം.

കഴിഞ്ഞ പുതുവര്‍ഷത്തിലെ ആദ്യ ദിനങ്ങളില്‍ തുടങ്ങിയതാണ് വലിയ ഹോട്ടലുകളിലെ രാത്രി ശയനങ്ങള്‍. അമ്മ പറയും എല്ലാ കാര്യം തുടങ്ങാനും ഒരു മുഹുര്‍ത്തമുണ്ട് എന്ന്.
അച്ഛന്‍ കെട്ടിട കാവല്‍ക്കാരനായി ജോലി ചെയ്യുന്ന നഗരം , ഇന്റര്‍വ്യൂവിനു പോകാനും ആ ദിവസം രാത്രി അച്ഛന്റെ മുറിയില്‍ താമസിക്കാനും തീരുമാനിച്ചത് ചിലപ്പോള്‍ ഒരു ‘ നല്ല ‘ മുഹുര്‍ത്തതിനായിരിക്കും. ലോകം മാറിയതറിയാതെ കണ്‍ മുന്നില്‍ കണ്ട ഒരു തെറ്റ് പോലീസില്‍ അറിയിച്ചതിനു അച്ഛനെതിരെ പ്രതികാരം ചെയ്യാന്‍ നഗര ദൈവങ്ങള്‍ ഉപയോഗിച്ചതും അതേ രാത്രിയെ.
ചെയ്യാതെ അകപെട്ടിട്ടുള്ള തെറ്റിന്റെ ആഴം മനസിലായപ്പോള്‍ ഓര്‍മ്മയും ബോധവും നഷ്ട്ടപെട്ടു. അച്ഛനോടൊപ്പം വന്നു നേടിയ ജോലിയുടെ നിയമന കടലാസുകള്‍ ഹൃദയം പൊട്ടി മരിച്ച ആ മനുഷ്യന്റെ കൂടെ വീട്ടിലേക്കു കൊണ്ട് പോയി.
പിന്നിടങ്ങോട്ട് ജീവിതം ഡ്രൈവ് ചെയ്തത് തന്റെ കൈകളായിരുന്നില്ല . പുതിയ ജോലി , പുതിയ ബന്ധങ്ങള്‍.

“കമ്പനിയുടെ ആതിഥ്യ മര്യാദ എപ്പോഴും പാലിക്കണം ,അവര്‍ക്ക് വേണ്ടത് എന്താണോ അത് നമ്മള്‍ കൊടുക്കണം. ക്ലയിന്‍ട് സിന്റെ സംതൃപ്തിയാണ് കമ്പനിക്ക്‌ വലുത് …. ഐ ഹോപ്‌ യു ഗോട്ട് ദി പോയിന്റ്‌ .” ഒരു വലിയ കുത്തക കമ്പനി യുടെ ഐ ഡി കാര്‍ഡ്‌ കഴുത്തിലണിയാന്‍ തന്നു കൊണ്ട് പ്രതാപ്‌ ശങ്കര്‍ പറഞ്ഞതായിരുന്നു ഈ വാചകം.
ശരീരത്തില്‍ കൃമികള്‍ നുരയ്ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ആദ്യമായി ഇഴഞ്ഞ കൈകളുടെ ഉടമയും പ്രതാപ്‌ ശങ്കര്‍ ആയിരുന്നു. പിന്നിടങ്ങോട്ട് അപരിചിതമായ കൈകള്‍ ഇഴഞ്ഞു കൊണ്ടേയിരുന്നു….

വെറുതെ അടച്ചുവച്ച കണ്ണുകളില്‍ നിന്നും കണ്ണീര്‍ത്തുള്ളികള്‍ അണപൊട്ടി ഒരു നീര്‍ചാലുണ്ടാക്കി കിടക്കയെ നനച്ചു. പ്രിയ എഴുന്നേറ്റ് വാഷ്‌ ബെയ്സിനില്‍ ചെന്ന് മുഖം കഴുകി.

* * * * *

റെയില്‍വേ സ്റ്റേഷനിലെ തിരക്കിനിടയിലും എ സി കമ്പാര്‍ട്ട് മെന്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഹരിയെ അവളുടെ കണ്ണുകള്‍ തിരിച്ചറിഞ്ഞു.

“വണ്‍ ഓഫ് ദി ബെസ്റ്റ് കമ്പനിയുടെ എച് ആര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വര്‍ക്ക്‌ ചെയ്തിട്ടും നിനക്ക് കോസ്റ്റ്യും സെന്‍സ് തീരെയില്ല. ” അവന്‍ കുസൃതിയോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു. അവള്‍ വികാരമില്ലാതെ ചിരിച്ചു.
പഴയ പ്രിയയാകാന്‍ നടത്തിയ ഒരു ശ്രമം.

” പിന്നെ….. ഡിയര്‍ ഒരു ചെറിയ പ്രോബ്ലം.. നിന്റെ ടിക്കറ്റ്‌ ഓക്കേ ആയില്ല. എനിക്ക് തന്നെ ഒരു വിധത്തില്‍ കിട്ടി എന്നേയുള്ളു…. ഇതു പിന്നെ ജസ്റ്റ്‌ ഫോര്‍ ഓര്‍ ഫൈവ് ഡെയ്സ് ട്രിപ്പ്‌ അല്ലെ ….” അവളെ സംസാരിക്കാന്‍ അനുവദിക്കാതെ ഹരി സംസാരിച്ചു കൊണ്ടേയിരുന്നു.
“ഇവിടെ ടു മിനുട്ട്സ് മാത്രേ ഉള്ളു.” നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക്‌ അവന്‍ ചാടി കയറി. അവളെ നോക്കി കൈവീശി . അലസമായി അവനെ തന്നെ നോക്കി കൊണ്ടിരുന്ന പ്രിയ അകലങ്ങളില്‍ അലിഞ്ഞില്ലാതായപ്പോള്‍ ജീന്‍സിലും ടോപിലും നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു ശരീരം അവനോടു ചേര്‍ന്നു. ചെവിയില്‍ മൃദുവായി കടിച്ച് അവള്‍ അവനോട് എന്തോ സ്വകാര്യം പറഞ്ഞു. കുസൃതി നിറഞ്ഞ ഒരു ചിരിയോടെ അവളെ കെട്ടി പിടിക്കുമ്പോള്‍ പ്രകൃതിയുടെ നനുത്ത സ്പര്‍ശമേല്‍ക്കാതിരിക്കാന്‍ അവന്‍ ട്രെയിനിന്റെ വാതിലുകള്‍ ചേര്‍ത്തടച്ചു.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>