കുടുംബക്ഷേത്രങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെ

” കുടുംബക്ഷേത്രങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് ? ”

” കുടുംബക്ഷേത്രങ്ങൾ ഉണ്ടാവുകയല്ലല്ലോ ഉണ്ടാക്കുകയല്ലേ…”

“ആ എങ്കിൽ ഉണ്ടാക്കുന്നത് എങ്ങനെയാണ്?”

” ആദ്യം നമ്മൾ പോയി ഒരു ജോത്സ്യനെ കാണണം .

മക്കൾക്ക് ജോലി കിട്ടുന്നില്ല കല്യാണം നടക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ മുതൽ വീട്ടിനകത്ത് ഭയങ്കര ചൂടാണ് കറികൾ ഫ്രിഡ്ജിൽ വച്ചാലും മൂന്ന് ദിവസം കഴിയുമ്പോ കേടാവുന്നു എന്നൊക്കെ പറയുക.
ഇതു പോലെയുള്ള ഒന്നോ രണ്ടോ മൂന്നോ സിറ്റിംഗ്ങ്ങിനു ശേഷം അവർ കുടുംബ ദേവതയുടെ അതൃപതിക്ക് പാത്രമാണ് നിങ്ങളും കുടുംബത്തിൽ പിറന്ന മറ്റുള്ളവരും എന്നു പ്രഖ്യാപിക്കും
ഇനി നിങ്ങളുടെ കുടുംബത്തിന് സ്വന്തമായി ദൈവമുണ്ടെങ്കിൽ ആ ക്ഷേത്രത്തിൽ എസി ഫിറ്റ് ചെയ്യുക അല്ല സോറി മേൽക്കൂരയിൽ ചെമ്പ് തകിട് പതിക്കുക മുറ്റം ഇന്റർലോക്ക് ചെയുക ചുറ്റും പന്തലിടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാം.
ഇനി സ്വന്തമായി ദൈവം ഇല്ലെങ്കിൽ വർഷങ്ങൾ പഴക്കമുള്ള ഒന്നിനെ കണ്ടെത്തി ആവാഹിച്ചു കൊണ്ട് വന്ന് ഒരു സ്ഥലത്ത് ഇരുത്തണം . സ്ഥലം കുടുംബസ്നേഹികൾ ഷെയർ ഇട്ടു വാങ്ങുന്നതോ അല്ലെങ്കിൽ പൂത്ത പണമുള്ള മൂത്ത കുടുബസ്നേഹികളിൽ നിന്ന് ദാനം കിട്ടുന്നതോ ആവാം. പിന്നെ ആർഭാടത്തോടെ കുടുംബക്ഷേത്രം പണി ആരംഭിക്കാം.

കുടുംബത്തിലെ സകലരെയും വിളിച്ചു ചേർത്ത് അതിൽ കാശ് ഉള്ളവരെ മാത്രം വച്ച് കമ്മിറ്റി ഉണ്ടാക്കുക. എന്നിട്ട് കമ്മിറ്റിയിൽ ഉള്ളവരും കാശുകാരുമായ കുടുംബപ്രേമികൾ എന്റെ വക ഒരു ലക്ഷം ഞാൻ അമ്പതിനായിരം എന്നിങ്ങനെ തുകകൾ വാഗ്ദാനം ചെയ്യണം അത് കേട്ട് എല്ലാം നമ്മുടെ കൂടി നന്മക്കാണല്ലോ എന്നോർത്ത് പാവങ്ങൾ ലോൺ എടുത്തും പട്ടിണി കിടന്നും സംഭാവന ചെയ്യും. ആ പണം കൊണ്ട് ഗംഭീരമായി പണി തീർന്നാലും പുതിയ പ്ലാനുകൾ ഓരോ മീറ്റിങ്ങിലും പറഞ്ഞു കൊണ്ടിരിക്കണം.
പിന്നെ പണി കഴിഞ്ഞ് കുടുംബസ്നേഹികൾക്കായ് ക്ഷേത്രം തുറന്നു കൊടുക്കുന്ന ദിവസം എവിടെയെങ്കിലും കുറിച്ചിടണം അടുത്ത വർഷം മുതൽ കളിയാട്ടം നടത്താനുള്ളതല്ലേ.

(ഇതു ഒരു മതവിരുദ്ധ പോസ്റ്റ് അല്ല. കുടുംബ വിരുദ്ധ പോസ്റ്റ് ആണ്. കുടുംബസ്നേഹികൾ സദയം ക്ഷമിക്കുക.)

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>