പുതിയ അനുഭവമായ് പെണ്‍നടന്‍…

Weekend ആയിട്ട് ഇന്ന്‍ വൈകീട്ടെന്താ പരിപാടീന്നു ചോദിച്ചവരോടൊക്കെ പറയാന്‍ നല്ല ഉഗ്രന്‍ മറുപടി ആ വെള്ളിയാഴ്ച എന്‍റെ കയ്യിലുണ്ടായിരുന്നു.
” വൈകുന്നേരം ഏഴു മണിക്ക് നാടകം – പെണ്‍നടന്‍ ഏറണാകുളം ഫൈനാര്‍ട്സ് ഹാളില്‍ അത് കഴിഞ്ഞ് ഒരു മസാലദോശ കാപ്പി ഫ്രം ഇന്ത്യന്‍ കോഫീഹൗസ്. രാത്രി കൃത്യം പത്തു മണിക്ക് ലാല്‍ജോസിന്റെ ഇന്ന്‍ റിലീസായ പടം നീന സിനിമാക്സില്‍…”
നീനയും മസാലദോശയും തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ നമുക്ക് പെണ്‍നടനെ കുറിച്ച് പറയാം. വളരെ യാദൃശ്ചികമായി എന്‍റെ സുഹൃത്ത് മുകുളിന്‍റെ കൂടെ അവന്‍റെ ഒരു പരിചയക്കാരനെ കാണാന്‍ പോയപ്പോഴാണ് ഞാന്‍ ശ്രീ സന്തോഷ്‌ കീഴാറ്റൂരിനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തെ പരിചയമില്ലാത്തവര്‍ക്കായി ഒന്ന് പരിചയപ്പെടുത്താം.
സന്തോഷ്‌ കീഴാറ്റൂര്‍
 (വിക്രമാദിത്യനിലെ കള്ളന്‍ കുഞ്ഞുണ്ണി,  എന്നും എപ്പോഴുമിലെ ടാക്സി ഡ്രൈവര്‍)
ഒരു സിനിമാനടന്‍റെ താരജാഡകള്‍ ഇല്ലാതെ അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. അതിനിടയിലാണ് പുതിയതായി അവതരിപ്പിക്കാന്‍ പോകുന്ന പെണ്‍നടന്‍ എന്ന ഏകാംഗനാടകത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. എന്തായാലും ചെല്ലാമെന്ന് ഉറപ്പുകൊടുത്താണ് ഞങ്ങള്‍ അന്ന് അവിടെ നിന്നിറങ്ങിയത്.
ഉത്സവപ്പറമ്പുകളിലും യുവജനോത്സവവേദികളിലും കണ്ടിട്ടുണ്ടെന്നതല്ലാതെ ഒരു പ്രൊഫഷണല്‍ നാടകം ഞാന്‍ അതുവരെ കണ്ടിട്ടില്ലായിരുന്നു. ഇതാണെങ്കില്‍ ഏകാംഗനാടകവുമാണ്. വളരെ പ്രതീക്ഷയോടുകൂടി തന്നെയാണ് അന്ന് വൈകുന്നേരം ഫൈനാര്‍ട്സ് ഹാളില്‍ എത്തിയത്.
സ്ത്രീകള്‍ നാടകാഭിനയത്തിനു മടിച്ചിരുന്ന കാലത്ത് പെണ്‍വേഷംകെട്ടി പെണ്ണുങ്ങളെപ്പോലും വിസ്മയിപ്പിച്ചിരുന്ന പ്രതിഭയായിരുന്നു ശ്രീ ഓച്ചിറ വേലുക്കുട്ടി ആശാന്‍. ആശാന്റെ ജീവിതകഥയാണ് പെണ്‍നടന്‍ എന്ന സന്തോഷ്‌ അരങ്ങില്‍ അവതരിപ്പിച്ചത്. ആംഗികം, വാചികം, സാത്വികം, ആഹാര്യം അഭിനയത്തിന്റെ ഈ നാല് ഉപാധികളും നൃത്തമുദ്രകളും തന്‍റെ മെയ്‌വഴക്കവും സമന്വയിപ്പിച്ച് സന്തോഷിലെ നടന്‍ ഒരേ സമയം ഒരു നാടകനടനായും അയാളുടെ പെണ്‍കഥാപാത്രങ്ങളായും നിറഞ്ഞാടി. അഭിനയത്തിന്‍റെ സൂക്ഷ്മാംശങ്ങളില്‍പോലും ശ്രദ്ധ ചെലുത്തുന്നതായിരുന്നു ഒരു മണിക്കൂര്‍ നേരം നീണ്ട ആ അവതരണം.
ചെറുപ്പം മുതല്‍ തന്നെ പെണ്‍വേഷങ്ങള്‍ മാത്രം ചെയ്യാന്‍ വിധിക്കപ്പെട്ട പാപ്പൂട്ടിക്ക് കുമാരനാശാന്റെ സ്ത്രീകഥാപാത്രങ്ങളെ നാടകമാക്കി അവതരിപ്പിക്കുന്ന ഒരു നാടകസമിതിയില്‍ മുഖ്യഅഭിനേതാവാകാന്‍ ക്ഷണം ലഭിക്കുകയും തുടര്‍ന്ന്‍ കുമാരനാശന്‍റെ സ്ത്രീകഥാപാത്രങ്ങളായ വാസവദത്തയായും ലീലയായും നളിനിയായും ചിന്താവിഷ്ടയായ സീതയായും പാപ്പൂട്ടി തിളങ്ങാനും തുടങ്ങുന്നു. അരങ്ങില്‍ നിന്നും അരങ്ങിലേക്കും, കഥാപാത്രങ്ങളില്‍ കഥാപാത്രങ്ങളിലേക്കുമുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ അയാള്‍ ജീവിതം തന്നെ മറക്കുന്നു. സ്വന്തം കാമുകിയെ പോലും മറക്കുന്നു. ഒരു ആണ്‍വേഷം ചെയ്യാന്‍ അയാള്‍ കൊതിച്ചിരുന്നുവെങ്കിലും അയാളെ പിന്നെയും പിന്നെയും തേടിയെത്തിയത് സ്ത്രീവേഷങ്ങള്‍ മാത്രമായിരുന്നു. പണവും പ്രശസ്തിയും ലഹരിയും അയാളെ പുതിയൊരാളാക്കി തീര്‍ക്കുന്നു.  തിരുവിതാംകൂറില്‍ നിന്നും ഒരു പെണ്‍കുട്ടി അഭിനയിക്കാന്‍ തയ്യാറായി സമിതിയിലേക്ക് വരുമെന്നുറപ്പായതോടെ പാപ്പൂട്ടിക്ക് ആ ജോലി നഷ്ടപ്പെടുന്നു. പണവും പ്രശസ്തിയും നഷ്ടമായ അയാളെ സ്വന്തം ഭാര്യ പോലും തള്ളിപ്പറയുന്നു. അയാള്‍ക്ക് എന്നും ഒരു പെണ്ണിന്റെ മണമായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ആ സമയത്ത് മാനസിക നിലതെറ്റിയ പഴയ കാമുകിയെ പാപ്പൂട്ടി  സന്ദര്‍ശിക്കണം എന്ന ആവശ്യവുമായി അവളുടെ ഭര്‍ത്താവിന്‍റെ തന്നെ കത്ത് അയാളെ തേടിയെത്തുന്നു. അങ്ങനെ അയാള്‍ കല്‍ക്കത്തയിലേക്ക് പുറപ്പെടുന്നു. ശയ്യാവലംബയായ പൂര്‍വകാമുകിക്ക് വേണ്ടി അയാള്‍ തന്‍റെ പ്രിയവേഷങ്ങള്‍ വീണ്ടും ആടുന്നു. അയാള്‍ക്ക് അവളിലുണ്ടായ സ്വന്തം മകനെ ഒരുനോക്ക് കാണാന്‍ സാധിക്കാത്തതിന്റെ ദുഖവും പേറി പാപ്പൂട്ടി വീട്ടില്‍ തിരിച്ചെത്തുന്നു. തന്നെ ഇനി സ്നേഹിക്കാന്‍ സ്വന്തം ഭാര്യ പോലുമില്ല എന്ന തിരിച്ചറിവിനോപ്പം അരങ്ങില്‍ മാത്രമല്ല ജീവിതത്തിലും തനിക്ക് വാസവദത്തയുടെ ഗതിയാണെന്ന് വേദനയോടെ അയാള്‍ മനസിലാക്കുന്നു.
ട്രൂപ്പ്‌ നാടകമായി തന്നെ ചെയ്യാമായിരുന്ന കഥയെ മനോഹരമായി അരങ്ങിലെത്തിക്കാന്‍ അഭിനേതാവിന് കഴിഞ്ഞിട്ടുണ്ട്. ഒന്നിലധികം രംഗങ്ങളില്‍ തന്‍റെ തന്മയത്വമാര്‍ന്ന അഭിനയശൈലി കൊണ്ടും ചടുലത കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ സന്തോഷിന് സാധിച്ചു. അരങ്ങില്‍ നിന്നുകൊണ്ട് തികച്ചും സ്ത്രൈണമായി അനായാസം സാരി ഉടുക്കുന്ന രംഗം വന്‍ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. അതു പോലെ തന്നെ കാമുകിയുമായുള്ള രതിക്രീഡയും, കര്‍ണ്ണനെ പോലുള്ള പുരുഷകഥാപാത്രങ്ങള്‍ ചെയ്യണമെന്ന സ്വപ്നരംഗവും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായി.  ശയ്യാവലംബയായ കാമുകിയോട് സംസാരിക്കുന്ന രംഗം മികവാര്‍ന്ന ഒരു അഭിനയമുഹൂര്‍ത്തവുമായി.
സംഗീതത്തിന്‍റെയും വെളിച്ചത്തിന്റെയും സാദ്ധ്യതകള്‍ അരങ്ങിലെ പ്രകടനത്തിന് മാറ്റുകൂട്ടുന്നവിധം അതിമനോഹരമായി ഉപയോഗിക്കാന്‍ സാധിച്ചു. മേക്കപ്പും ഗംഭീരമായി, പ്രത്യേകിച്ച് തലമുടി..
നാടകകല മരിച്ചിട്ടില്ലെന്നും അതിന് പുതിയ ഭാവങ്ങള്‍ നല്‍കാനും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താനും കഴിവുള്ളവര്‍ ഇവിടെയുണ്ടെന്ന്‍ ഇത്തരം അവതരണങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>