” സെന്റ് പീറ്റര്‍സ്ബര്‍ഗില്‍ ഇപ്പോള്‍ വിന്റെറാണ്; നീനയുടെ മനസ് പോലെ…“
അപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു ഒരു നല്ല സിനിമ ജനിക്കുന്നുവെന്ന്. ആദ്യദിവസം തന്നെ നീന കണ്ടിറങ്ങിയപ്പോള്‍ മനസ് നിറഞ്ഞത് ആ തോന്നല്‍ ശരിയായത് കൊണ്ട് മാത്രമല്ല. രണ്ടാംഭാവം, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്ലെസ് തുടങ്ങിയ നല്ല ലാല്‍ജോസ് സിനിമകളുടെ നിരയിലേക്ക് ചേര്‍ത്തുവെക്കാന്‍ മറ്റൊരു മനോഹരചിത്രം കൂടി കിട്ടിയ സന്തോഷം കൊണ്ട് കൂടിയായിരുന്നു.
മനോഹരമായ ഒരു കഥയെ മികച്ച വിഷ്വല്‍സിന്റെയും ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന്റെയും അകമ്പടിയോടെ പ്രേക്ഷകമനസ്സില്‍ എളുപ്പമൊന്നും മാഞ്ഞുപോകാത്ത വിധം വരച്ചിടുന്നു സംവിധായകന്. സിനിമയ്ക്ക് ചേര്‍ന്ന സംഗീതവുമായി ബിജിബാലും, മികച്ച ദൃശ്യങ്ങളുമായി ജോമോനും നീനയില്‍ വ്യക്തിമുദ്രപതിപ്പിക്കുന്നു.
പലതരം സാഹചര്യങ്ങള്‍ മനുഷ്യമനസുകളില്‍ തീര്‍ക്കുന്ന സങ്കീര്‍ണ്ണതകളാണ് നീനയുടെ പ്രമേയം. വിനയ്പണിക്കരുടെയും ഭാര്യ നളിനിയുടെയും ചെറിയ ലോകത്തിലേക്ക് അസാധാരണ സ്വാഭാവവിശേഷങ്ങള്‍ ഉള്ള നീന കടന്നു വരുന്നതും തുടര്‍ന്ന് അവരുടെ ബന്ധങ്ങളിലും മനസുകളിലും സംഭവിക്കുന്ന കയറ്റിറക്കങ്ങളും അതിഭാവുകത്വമില്ലാതെ പറയുന്നു ലാല്‍ജോസ്. ആദ്യപകുതിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ രണ്ടാം പകുതിക്ക് കെട്ടുറപ്പ് കുറവാണെങ്കിലും മനോഹരമായ തിരക്കഥ തന്നെയാണ് പുതുമുഖം വേണുഗോപാലിന്റെത്. പക്ഷെ തനിഷ്ടക്കാരിയും തന്റെടിയുമായ പ്രധാന കഥാപാത്രത്തെ നല്ല കുട്ടിയാക്കി അവസാനിപ്പിച്ചാലേ സിനിമ കേരളത്തിലെ സാദാചാരികളുടെ സമൂഹം സ്വീകരിക്കു എന്നൊരു മുന്‍ധാരണ തിരക്കഥാകൃത്തിനു ഉണ്ടെന്നു തോന്നും രണ്ടാംപകുതി കണ്ടാല്‍. ഉപദേശപ്രസംഗം ആയിപോകാവുന്ന രണ്ടാം പകുതിയെ കുറെയൊക്കെ രക്ഷിച്ചെടുക്കാന്‍ സംവിധായകന് കഴിഞ്ഞെങ്കിലും ചെറിയ ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. നേരത്തെ പറഞ്ഞ സദാചാര ഭയം നിമിത്തമാണെന്ന് തോന്നുന്നു, ഇടവേളയ്ക്ക് ശേഷം നീനയെ അവളുടെതായ പാതയില്‍ നിന്നും മാറ്റി നടത്തുന്ന രചയിതാവ് പിന്നീട് ക്ലൈമാക്സില്‍ മാത്രമാണ് അവളെ തുറന്നു വിടുന്നത്.
പൊതുവേ പതിഞ്ഞ താളമാണ് ചിത്രത്തിന്, അത് തന്നെയാണ് നീനയുടെ സൗന്ദര്യവും. വേലക്കാരിയുടെയും ചില സമയങ്ങളില്‍ നീനയുടെയും ഡബ്ബിങ്ങിലെ പ്രശ്നങ്ങള്‍ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറച്ച് കൂടി നല്ല അനുഭവമായേനെ ഈ ചിത്രം.
ദീപ്തി പുതുമുഖത്തിന്റെ ആകുലതകള്‍ ഇല്ലാതെ നീനയായി ജീവിച്ചപ്പോള്‍ വിനയ് പണിക്കരുടെ സൂക്ഷ്മഭാവങ്ങള്‍ പോലും അവതരിപ്പിച്ച് വിജയ്ബാബു അത്ഭുതപ്പെടുത്തി. ആനും നല്ല പ്രകടനം നടത്തി.
സമീപകാല ചിത്രങ്ങള്‍ പരിശോധിച്ചാല്‍ പ്രതിഭാനഷ്ടത്തിന്റെ ലക്ഷണം കാണിച്ചു തുടങ്ങിയ ലാല്‍ജോസ് തനിക്ക് മാത്രം സ്വന്തമായ ക്ലാസ് കഥ പറച്ചില് രീതിയുമായി തിരിച്ചുവരുന്ന കാഴ്ചയും നീനയില്‍ കാണാം. ഒരു സാധാരണ വാണിജ്യസിനിമയ്ക്ക് വേണ്ട പല ഘടകങ്ങളും ഇല്ലാത്ത ഈ ചിത്രം എല്ലാവരെയും തൃപ്തിപ്പെടുത്തുമോ എന്ന കാര്യം സംശയമാണ്. ചിത്രം നടത്തുന്ന ചില തുറന്നു പറച്ചിലുകളും എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ദഹിക്കണമെന്നില്ല. തികച്ചും പൂര്‍ണത കൈവരിച്ചു എന്ന് പറയാനാകിലെങ്കിലും ലാല്‍ജോസിന്റെ ഏറ്റവും ധീരമാര്‍ന്ന ഒരു പരീക്ഷണമാണ് നീന. പുതുമയുള്ളതും കാവ്യാത്മകവുമായ ആഖ്യാനപരീക്ഷണം കാണാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില് നീനയ്ക്ക് ടിക്കറ്റെടുക്കാം. കണ്ടു കഴിഞ്ഞാല്‍ ഒരു പക്ഷെ തിയേറ്റര്‍ വിട്ടിറങ്ങിയാലും അവള് നിങ്ങളെ പിന്തുടര്ന്നേക്കാം ; ഒരു നോവായി അവശേഷിച്ചേക്കാം.



0 Comments.