ആർട്ടിക്കിൾ_15

” എല്ലാവരും തുല്യരായാൽ ആര് രാജാവാകും…?” മനുസ്മൃതിയിൽ അധിഷ്ഠിതമായ സമൂഹ്യക്രമം പ്രവർത്തിക്കുന്ന ഒരു നാട്ടിൽ വളരെ പ്രസക്തമായ ചോദ്യമാണ് തന്റെ ഡ്രൈവർ ആയൂൻ രഞ്ജൻ എന്ന പോലീസ് ഓഫീസറോട് ചോദിക്കുന്നത്.
ലാൽഗാംവ് എന്ന ഉത്തരേന്ത്യൻ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ അതിർത്തിൽ നടന്ന മൂന്ന് പെണ്കുട്ടികളുടെ തിരോധാനത്തിനെ പറ്റി അന്വേഷണം നടത്തുകയാണ് ആയുൻ. ഗോതമ്പ് പാടങ്ങൾ നിറഞ്ഞ ഗ്രാമീണ പാതകളിലൂടെ അയാൾ നടത്തുന്ന യാത്രയിൽ തെളിയുന്നത് ജാതിവ്യവസ്ഥകൾ അത്രമേൽ ജീർണിപ്പിച്ച ഉത്തരപ്രദേശിന്റെ സാമൂഹ്യ ജീവിതമാണ്. റോഡിൽ തല്ലുകൊള്ളുന്ന, കൊലചെയ്യപ്പെടുന്ന നിരന്തരം ബലാൽസംഗങ്ങൾ നടക്കുന്ന, മേല്ജാതിക്കാർ മൃഗതുല്യമായി പോലും കാണാൻ കൂട്ടാക്കാത്ത ദളിത്ജീവിതങ്ങളെ അവരുടെ നിസ്സഹായതകളെ അയാൾ അടുത്തറിയുകയാണ്. വലിയൊരു മാറ്റം തനിക്ക് സാധ്യമാകില്ല എന്നറിഞ്ഞിട്ടും നിലനിൽക്കുന്ന വ്യവസ്ഥിതിക്ക് എതിരെ അയാൾ ഒരു മാറ്റത്തിന് ശ്രമിക്കുന്നു.


മതം ,ജാതി , വർഗം, ജെൻഡർ, ജനന സ്ഥലം തുടങ്ങി ഒന്നിന്റെയും പേരിൽ ഒരു ഇന്ത്യൻ പൗരനും വിവേചനം നേരിടാൻ പാടില്ല എന്ന് പറയുന്ന ആർട്ടിക്കിൾ 15 , ഭരണഘടനയിൽ നിലനിൽക്കുന്ന നമ്മുടെ രാജ്യത്തിൽ നിർഭാഗ്യവശാൽ ഏറ്റവും അധികം ലംഘിക്കപെടുന്നതും ഈ നിയമമാണ് എന്ന സത്യത്തെയാണ് ചിത്രം ഓർമ്മിപ്പിക്കുന്നത്. ആളുകളെ അടിച്ചമർത്താൻ അല്ലെങ്കിൽ സ്ത്രീകൾക്കെതിരെ ഒരു ശിക്ഷാവിധിയായി റേപ്പിനെ ഉപയോഗിക്കുന്ന സാമൂഹ്യ ചിന്തയെയും സിനിമ ചർച്ച വെക്കുന്നുണ്ട്.
കൂടെ ജോലി ചെയ്യുന്ന പൊലീസുകാരോട് ആയുൻ ജാതി ചോദിക്കുന്ന ഒരു രംഗമുണ്ട് സിനിമയിൽ. ജാതിയും ഉപജാതിയുമായുള്ള തരംതിരിവുകളിലും നേരിടേണ്ടി വരുന്ന അസമത്വങ്ങളുടെ ഇടയിലും തങ്ങളിൽ കുറഞ്ഞവരെക്കാൾ താൻ മുകളിലാണ് എന്നതിൽ അഭിമാനം കൊള്ളുന്ന ഒരു ജനതയെ പരിചയപ്പെടുത്തുണ്ട് സംവിധായകൻ ആ ഒരു കൂട്ടം പൊലീസുകാരിലുടെ.
ഇന്ത്യയെ അറിയുന്നവർക്ക് അറിയാത്തത്തൊന്നും ആർട്ടിക്കിൾ 15 പറയുന്നില്ല. പക്ഷെ പഴയ കാലത്തിൽ നിന്ന് മാറി പുതിയരീതിയിലേക്ക് ഇന്ത്യ മോഡിഫൈഡ് ആയി എന്ന് പറയുന്നവരും ഉത്തരേന്ത്യൻ ജീവിതനിലവാരത്തെ പറ്റി വാതോരാതെ പ്രസംഗിക്കുന്നവരും കാണേണ്ടത് പലതും സിനിമയിലുണ്ട്.
എല്ലാവരും തുല്യരായാൽ പിന്നെ രാജാവ് എന്തിനാണ് എന്ന ബോധ്യത്തിലേക്ക് ബഹുഭൂരിപക്ഷ ഇൻഡ്യൻ ജനത അടുത്തകാലത്തോന്നും എത്തിച്ചേരാൻ പോകുന്നില്ല എന്ന പൂർണ്ണബോധ്യത്തിന്റെ ഇടയിലും നമുക്ക് ആർട്ടിക്കിൾ 15 നായി കൈയടിക്കാം കാരണം സമത്വവും സ്വാതന്ത്ര്യവും വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയ്ക്ക് മുകളിലേക്ക് മനുസ്മൃതിയൻ ചിന്തകൾ വളരുന്ന കാലഘട്ടത്തിൽ തീർച്ചയായും പ്രസക്തമാണ് അനുഭവ് സിൻഹയുടെ ഈ സിനിമാശ്രമം.
#ആർട്ടിക്കിൾ_15

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>