ഈ മ യൗ , വീണ്ടും കയ്യടിക്കാം ലിജോയ്ക്ക് വേണ്ടി.

നിറയെ സ്‌പോയിലേഴ്‌സാണ് പറഞ്ഞില്ലെന്നു വേണ്ട 😀

തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരത്തിലേക്ക് ആർത്തലച്ചെത്തുന്ന ഒരു മഴ പോലെയാണ് മരണം. അതിന്റെ ബഹളങ്ങൾ ഒടുങ്ങി കഴിഞ്ഞാലും അങ്ങിങ്ങായി ചിലതെല്ലാം ബാക്കി കിടപ്പുണ്ടാവും. മഴയ്ക്ക് ശേഷവും മണ്ണിൽ മുളയ്ക്കാതെ ബാക്കിയുള്ള വിത്തുകൾ പോലെ. തീയറ്ററിനുള്ളിൽ മഴയും കാറ്റും കഴിഞ്ഞ് കുറച്ചു നേരം കൂടി ഇരുന്നു മെല്ലേ അരിച്ചിറങ്ങുന്ന പ്രശാന്ത് പിള്ളയുടെ സംഗീതത്തോടൊപ്പം. എന്റെ മനസിലും എന്തൊക്കെയോ ബാക്കിയായിരുന്നു. പിന്നെ ഉള്ളിൽ മരണത്തിന്റെ പോലെ ഒരു തണുപ്പും.

സിനിമാ കൊട്ടകയ്ക്ക് പുറത്തിറങ്ങിയിട്ടും മനസ്സിൽ നിറയെ കുറെ ചിന്തകളും, കുറെ മുഖങ്ങളും…
തന്റെ അച്ഛന്റെ ശവമടക്ക് പോലെയൊരു ഗംഭീര ശവമടക്കിന് കൊതിക്കുന്ന വാവച്ചൻ മേസ്തിരിയുടെ, അത് അതിനേക്കാൾ ഗംഭീരമായി നടത്തികൊടുക്കുമെന്ന് വാക്ക് പറയുന്ന മകൻ ഈശിയുടെ. ഭാര്യയുടെ താലിമാല മാത്രം സമ്പാദ്യമായുള്ള അയാൾ അതുമായി വാക്ക് പാലിക്കാനായി പരക്കം പായുകയാണ്. മരണത്തിനുശേഷവും നിലനിൽക്കുന്ന ആഗ്രഹസാഫല്യത്തിന് വേണ്ടി.
മരണം കൂടാൻ വരുന്നവരുടെ മുന്നിൽ ഒഴിഞ്ഞ കഴുത്തുമായി നില്ക്കാൻ മടിയുള്ള, അതിനായി കരിമണി മാല കടം വാങ്ങുന്ന ഈശിയുടെ ഭാര്യ സബത്ത്, കാമുകിയുടെ അപ്പന്റെ മരണം ഒരു കാരണമായി കണ്ട് അവളുടെ വീട്ടിലെത്തി ഒരു ചുമരിനപ്പുറം നിന്ന് കൊണ്ട് തന്റെ വിശപ്പ് തീർക്കാൻ ശ്രമം നടത്തുന്ന കാമുകനായ ശിവപ്പൻ, ശവത്തെ മുൻനിർത്തി ശവമായി പോകുന്ന ശരീരത്തിന്റെ മേലെയുള്ള അടങ്ങാത്ത ആഗ്രഹങ്ങൾ ! എന്തൊരു കാഴ്ചയാണത്.

മുഖങ്ങൾ ഇനിയും ബാക്കിയാണ്;
കണ്ണോക്ക് പാട്ടിന്റെ ഈണത്തിൽ മരുമകളുടെ വീട്ടുകാരോട് പോരെടുക്കുന്ന പെണ്ണമ്മയുടെ, വാവച്ചനിൽ നിന്ന് കിട്ടിയ തല്ലിന് പ്രതികാരമെന്നോണം അയാളുടെ മരണം കണ്ട് നിഗൂഢമായി ആനന്ദിക്കുന്ന ആ കരക്കാരന്റെ, മരണത്തിലും തീരാത്ത കണക്കു പറച്ചിലുകളാണ് മനുഷ്യർക്ക്.

പിന്നേയുമുണ്ട്…
ഒരു വികാരവുമില്ലാതെ മരണവീട്ടിൽ ശവമടക്കിന്റെ ഒരുക്കങ്ങൾ നടത്തുന്ന മാണിക്കിന്റെ, കുറ്റാന്വേഷകനെ പോലെ നടിക്കുന്ന വൈദികന്റെ, പോലീസുകാരന്റെ, ബൈക്കിൽ പോകുന്ന നേഴ്‌സ് സാറാമ്മയുടെ, സുഹൃത്തിന്റെയൊപ്പം എന്തിനും നിൽക്കുന്ന മെമ്പർ അയ്യപ്പന്റെ, കുഴിയിൽ മരിച്ചു വീണ കുഴിവെട്ടുകാരന്റെ അങ്ങനെ പല പല മുഖങ്ങൾ.

ഇരുട്ടിൽ പോലും കടലിനെ വ്യക്തതയുള്ള കാഴ്ചയാക്കി നിർത്തുന്ന ഒരു ഫ്രെയ്മിന്റെ അകത്തേക്കും പുറത്തേക്കും കീഴാളരായ മനുഷ്യർ നടന്നു പൊയ്‌ക്കൊണ്ടൊരിക്കുന്ന ഒരു വൈകുന്നേരത്തിൽ കാരണമില്ലാതെ മരിച്ചു വീണ വാവച്ചന്റെ ശവത്തിന് ചുറ്റും ഒത്തുകൂടാൻ വന്നവരാണ് മേൽപറഞ്ഞവരെല്ലാം. അവർക്കിടയിലേക്ക് ആ ബഹളങ്ങളിലേക്ക്, അവരുടെ ഒളിഞ്ഞു നോട്ടങ്ങളിലേക്ക്, സ്വാർത്ഥതകളിലേക്ക്, ഉപ്പുകാറ്റ് വീശികൊണ്ടിരിക്കുന്ന ആ വീടിന്റെ ചുറ്റുവട്ടത്തുള്ള തെങ്ങിൻ ചുവട്ടിലേക്ക്, വാതിലുകൾ തുറന്നു കിടക്കുന്ന ജനാലയ്ക്കരിലേക്ക് പോകാൻ നമ്മുടെ കൈകൾ പിടിക്കുകയാണ് സംവിധായകൻ.

മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് മരണശേഷവും ഒളികണ്ണിടുന്ന അതിനെപറ്റി കഥകൾ മെനയുന്ന പൊതുസമൂഹം, തങ്ങളുടെ പ്രതീക്ഷകൾക്കപുറം പെരുമാറുന്നവരെ അപമാനിക്കുന്ന മനുഷ്യരുടെ കൂട്ടം, കൂടാതെ
മതവും മറ്റ് അധികാരസ്ഥാപനങ്ങളും നിസ്സഹായ ജീവിതങ്ങളുടെ മേലെ കടന്നു കയറുന്നതിന്റെ നേർസാക്ഷ്യങ്ങൾ. ഇങ്ങനെ വാവച്ചന്റെ മരണത്തിന് ശേഷമുള്ള കാഴ്ചകളിലെല്ലാം മനുഷ്യനെയും സമൂഹത്തെയും കൃത്യമായി തിരിച്ചറിഞ്ഞ എഴുത്തുകാരന്റെയും സംവിധായകന്റെയും സാന്നിധ്യമുണ്ട്.

ഒന്നുകൂടി കണ്ണും കാതും കൂർപ്പിച്ചാൽ സിനിമ നിറയെ രൂപകങ്ങളാണ്. കറുപ്പും വെള്ളയുമിട്ട് ശീട്ട് കളിക്കുന്ന രണ്ടുപേർ, അടിവശം തകർന്നു വീഴുന്ന കരിവീട്ടിയുടെ ശവപ്പെട്ടി, വാവച്ചാന്റെ വീട്ടിലെ മിന്നികൊണ്ടിരിക്കുന്ന ട്യൂബ്ലൈറ്റ്, എബിയുടെ പൊട്ടിയ ക്ലാർനെറ്റിന്റെ അപതാളം, എല്ലാം ജീവിതത്തെയും, മരണത്തെയും, വാവച്ചന്റെ പൂർവ്വ കാലത്തെയും, കുറിച്ച് പറയാതെ പറയുന്നു.

കഥ വാവച്ചൻ മേസ്തിരിയുടെ മാത്രം മരണത്തെക്കുറിച്ചല്ല. വാവച്ചനോടൊപ്പം അല്ലെങ്കിൽ അടുത്ത മണിക്കൂറുകളിലായി മരിക്കുന്ന മറ്റു മൂന്ന് ജീവനുകളുടെ കൂടിയാണ്. കറിവെക്കാനായി വാവച്ചൻ വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു താറാവാണ് അതിൽ ആദ്യത്തേത്. പിന്നെ ആ രാത്രിയിലെ മഴയിൽ ചത്തു പോകുന്ന ഒരു നായയും, അവസാനത്തേത് വാവച്ചനു വേണ്ടി കുഴിവെട്ടുന്നതിനടയിൽ അതെ കുഴിയിൽ വീണു മരിച്ച കുഴിവെട്ടുകാരനുമാണ്. വാവച്ചാനെ പോലെ കുടുംബമോ സമൂഹമോ ആയി യാതൊരു ബന്ധവുമില്ലാത്ത മൂന്ന് ജീവനുകൾ. അതു കൊണ്ട് തന്നെ അവരുടെ മരണത്തിലും ആരുടേയും ഇടപെടലുകളില്ല, കൈകടത്തലുകളില്ല.

മനസിന്റെ തിരശീലയിൽ സിനിമ വീണ്ടും ഓടിക്കൊണ്ടിരിക്കുകയാണ്. ഒന്നോർത്താൽ ആദ്യം നേഴ്സും പിന്നീട് പോലീസും ഒടുവിൽ പള്ളിവികാരിയും തങ്ങളുടെ അധികാരവും ഗർവ്വും തരം പോലെ പുറത്തെടുക്കുമ്പോൾ കാലൂന്നി നിന്ന മണ്ണിൽ തന്നെ അലിഞ്ഞു ചേരുകയെന്നതിൽ കവിഞ്ഞ് മറ്റെന്താണ് ഒരു സാധാരണക്കാരന് ചെയ്യാനാവുക. ഗത്യന്തരമില്ലാതെ പള്ളിവികാരിക്ക് ഈശി കൊടുക്കുന്ന അടി നിസഹായരായ മനുഷ്യരുടെ ജീവിതങ്ങളെ അത്രമേൽ ദൂഷ്ക്കരമാക്കുന്ന അധികാരസ്ഥാനങ്ങളുടെയും, നമ്മുടെ പൊതുബോധത്തിന്റെയും ചെകിട്ടത്തുള്ളതാണ്.

മനസ്സിൽ ആ കഥയും അതിലെ കഥാപാത്രങ്ങളുമേയുള്ളു. ചെമ്പനില്ല ഈശി മാത്രം, അയ്യപ്പൻ മെമ്പറിൽ വിനായകൻ എവിടെയാണ്, പൗളിയല്ല പെണ്ണമ്മ മാത്രം. മതത്തിന്റെ കർക്കശ്യമല്ലാതെ മറ്റെന്താണ് പോത്തേട്ടന്റെ മുഖത്തുള്ളത്. മരണത്തിലും ജീവിതത്തിലും വാവച്ചൻ അത്രമേൽ ഒറിജിനലാണ്. അങ്ങനെ എല്ലാവരും അതിസാധാരണക്കാരാണ്. അതു കൊണ്ട് തന്നെ ഷൈജു ഖാലിദിന്റെ ഫ്രെയ്മുകൾക്ക് പുറത്ത് ഇവരെല്ലാം അസാധാരണക്കാരാണ്.
മാന്ത്രികരുടെ ലിസ്റ്റ് അവസാനിക്കുന്നില്ല, രംഗനാഥ്‌ രവി, പ്രശാന്ത് പിള്ള, മരണത്തിന്റെ കഥകളുടെ എഴുത്തുകാരൻ മാത്യൂസ്.

സിനിമ മുഴുവൻ കഴിഞ്ഞ് ഒരു ബ്ലാക്ക് ഔട്ടുണ്ട്. അതുകഴിഞ്ഞ് മെല്ലെ മനസിലേക്ക് ഇരച്ചു കയറുന്ന ഒരു സംഗീതമുണ്ട്. വെള്ള നിറമുള്ള സ്ക്രീൻ അപ്പോൾ അവർ നാലുപേരാണ് ; മരണം കൊണ്ട് ഒന്നിച്ചു ചേർന്ന ഒരു പക്ഷിയും ഒരു മൃഗവും പിന്നെ രണ്ടു മനുഷ്യരും.

താറാവും, നായയും വാവച്ചനും, കുഴിവെട്ടുകാരനും.

തണുപ്പുള്ള സംഗീതത്തിനൊപ്പം മനസും മരവിച്ചു നിൽക്കുമ്പോൾ സ്‌ക്രീനിൽ ടൈറ്റിൽ വീണ്ടും തെളിയുകയാണ്…
ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ.മ.യൗ.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>