രാത്രിയിൽ കൃത്യമല്ലാത്ത ഇടവേളകളിൽ മുറിഞ്ഞു വീണ ഓർമ്മകൾക്കിടയിൽ നിന്നും ബോധത്തെ വീണ്ടെടുത്ത് പുതിയ പ്രഭാതത്തിലേക്ക് മിഴികൾ തുറന്നപ്പോഴേക്കും നേരം വൈകിയിരുന്നു. ധീരജ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. സൺറൈസ് ബോട്ടിങ്ങിന്റെ സമയമെല്ലാം കഴിഞ്ഞു പോയിരിക്കുന്നു. കിഴക്ക് വെള്ളകീറി കഴിഞ്ഞ സൂര്യനിപ്പോൾ ഗംഗയിലെ ഓളങ്ങളോട് കിന്നാരം പറഞ്ഞിരിക്കുകയാവും. ഒരുപക്ഷേ ദശാശ്വമേധഘട്ടിലെ ബോട്ടുകളുടെ സമ്മേളന സ്ഥലത്ത് മോത്തി ഞങ്ങൾക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടാവാം. നേരിട്ടു കണ്ടാൽ മുഖം തിരിക്കുമെങ്കിലും നീളൻ തൂണുകൾക്ക് മുകളിലെ നിയോൺ വെളിച്ചത്തിൽ, മങ്ങിതുടങ്ങുന്ന ഇരുട്ടിന്റെ അവ്യക്തതയിൽ ഗംഗ ചിലപ്പോൾ അവൾക്ക് നേരെ നീണ്ട നിഴലുകളിൽ എന്നെ പരതിയിരുന്നിരിക്കാം. അല്ലെങ്കിലിത് ചിലപ്പോൾ കാശിയുടെ ഭൈരോനാഥന്റെ നിശ്ചയമാവും, ഈ മണ്ണിലേക്ക് ഞാൻ വീണ്ടും വരുമെന്ന ഉറപ്പിൽ നിദ്രാദേവതയെ പരിചാരികയാക്കി എന്റെ ഒരു അരികിലേക്കയച്ചതുമാവാം…
എന്ത് രസമുള്ള തോന്നലുകളാണ്…!
ഞാൻ ഡോർമിൽ നിന്ന് താഴോട്ടിറങ്ങിയപ്പോൾ മുകുളും സുരമ്യയും മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് കുളി കഴിഞ്ഞ് മുറിക്ക് പുറത്തേക്കിറങ്ങിയപ്പോൾ ഹാളിലിരുന്ന് ടി.വി കാണുകയാണ് ഇരുവരും. രമ്യയും റിനിയും അപ്പോഴും ഉറക്കമാണ്. ഭാംഗിന്റെ പിടുത്തം ചെറിയ രീതിയിൽ എവിടെയൊക്കെയൊ ഉണ്ട്. കൂടാതെ നല്ല വിശപ്പും. രമ്യയെയും റിനിയെയും ഉറങ്ങാൻ വിട്ട് ഞങ്ങൾ പുറത്തേക്കിറങ്ങി. സോസ്റ്റലിന് മുന്നിലെ റോഡിലൂടെ അൽപദൂരം കൂടി മുന്നോട്ട് പോയാൽ ഒരു കടയുണ്ട്. അവിടെ നിന്നും ബ്രെഡും ബട്ടറും ബിസ്ക്കറ്റും വാങ്ങി ഞങ്ങൾ തിരിച്ചു നടന്നു. മുകളിലെ കഫേ ഒഴിഞ്ഞു കിടക്കുകയാണ്. ക്യാഷ് കൗണ്ടറിൽ ഒരു പയ്യൻ ഇരിപ്പുണ്ട്. കുക്കും അവൻ തന്നെയാവണം. അവന്റെ അടുത്ത് ചെന്ന് മൂന്ന് കാപ്പി കൂടി ഓർഡർ ചെയ്ത് ഞങ്ങൾ ഉയരം കുറഞ്ഞ മേശയ്ക്ക് ചുറ്റിലും നിരത്തിയിട്ടുള്ള കുഷ്യനിൽ വന്നിരുന്നു. ബ്രെഡും ബട്ടറും ആർത്തിയോടെ തിന്നുതീർക്കുകയാണ് ഉള്ളിലെ വിശപ്പ്. എല്ലാം കഴിഞ്ഞ് ആ പയ്യൻ കൊണ്ട് വന്നു തന്ന കടുപ്പം കൂടിയ മധുരം കുറഞ്ഞ കാപ്പി കുടിച്ചു കൊണ്ടിരിക്കവേയാണ് ധീരജ് വീണ്ടും ഞങ്ങളുടെ അരികിലേക്ക് വന്നത്. ഞങ്ങൾ അത്രയും നേരത്തെ എഴുന്നേറ്റതിൽ തന്നെ അയാൾ അത്ഭുതം കൊണ്ടു. ഒരു കാപ്പി കപ്പുമായി അയാളും ഞങ്ങളോടൊപ്പം ചേർന്നു. അയാളുടെ പഴയ ജീവിതകഥക്കൊപ്പം ആ രുചിയില്ലാത്ത കാപ്പി ഞങ്ങൾ കുടിച്ചു തീർത്തു.
കഥകൾ ആരു പറഞ്ഞാലും കേൾക്കാൻ എനിക്കിഷ്ടമാണ്. ഇതുവരെ പരിചയപ്പെട്ടില്ലാത്ത ചുറ്റുപാടിലേക്കുള്ള യാത്രയാണത്.

സമയം പത്തുമണിയാവാറായിരിക്കുന്നു. ഞങ്ങൾ മുറിയിലേക്ക് നടന്നു. ഉണർന്നിരിക്കുകയായിരുന്നു രമ്യയും റിനിയും. ആറേകാലിനുള്ള മരുധ എക്സ്പ്രസ് വാരാണസി ജംഗ്ഷനിൽ വരുന്നത് വരെയേ ഞങ്ങള്‍ക്ക് ഇവിടെ സമയമുള്ളു. ഏറിയാലൊരു പത്തുമണിക്കൂര്‍. എല്ലാവരും പെട്ടെന്ന് തയ്യാറായി പുറത്തേക്കിറങ്ങി. ബ്രേക്ക്ഫാസ്റ്റിനു ശേഷം മണികർണിക ഘട്ടാണ് ലക്ഷ്യം. സോസ്റ്റലിൽ നിന്ന് വാരാണസിയുടെ ഹൃദയഭാഗത്തേക്ക് എത്താൻ ഒരുപാട് വഴികളൊന്നുമില്ല. അതുകൊണ്ടു തന്നെ ഇന്നലെ വൈകുന്നേരം നടന്നുപോയ, നിറയെ കുരങ്ങൻമാരുള്ള, ചുറ്റും പഴയ കെട്ടിടങ്ങൾ നിറഞ്ഞ കോൺക്രീറ്റ് ഇടവഴി തന്നെ ഞങ്ങൾ തിരഞ്ഞെടുത്തു. കുഴികള്‍ നിറഞ്ഞ, ഒരേ നിരപ്പിലല്ലാത്ത ആ വഴിയില്‍ പലയിടത്തും വെള്ളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. ഗലിക്ക് ചുറ്റിലുമുള്ള കെട്ടിടങ്ങള്‍ക്കിടയില്‍പ്പെട്ട് ശ്വാസംമുട്ടുന്ന വായുവിന് ചാണകത്തിന്റെ ഗന്ധം.
വാരാണസിയെ പറ്റിയുള്ള യാത്രാവിവരണത്തില്‍ എഴുതാനുള്ള ഒരു വരി ഞാന്‍ വെറുതെ ഓര്‍ത്തുവച്ചു.
“ ചാണകത്തിന്റെ ഗന്ധമായിരുന്നു അന്ന് വാരാണസിയുടെ തെരുവുകള്‍ക്ക്…”
ഇനി ഒരുപക്ഷേ ഞാനൊരു കൃത്യമായ നീരിക്ഷണബോധമുള്ള പത്രപ്രവര്‍ത്തകനാണെങ്കില്‍ ചിലപ്പോള്‍ എന്റെ വാക്കുകള്‍ പരിവര്‍ത്തനപ്പെട്ടേക്കാം. അതിന്റെ രൂപവും ഭാവവും വേറെയാകാം.
“ മോഡിയുടെ വാരാണസിയില്‍ ചാണകം മണക്കുന്ന തെരുവുകള്‍…”
എന്തൊരു വ്യത്യാസമാണ് !
വളര്‍ന്ന ചുറ്റുപാടുകള്‍, ലഭിച്ച വിദ്യാഭ്യാസം, ചെയ്യുന്ന തൊഴില്‍, ഇടപെടുന്ന വ്യക്തികള്‍, ഇങ്ങനെ അറിയുന്നതും അറിയാത്തതുമായ പലതരം ഘടകങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് അനുനിമിഷം പരിണാമങ്ങള്‍ക്ക് വിധേരായി കൊണ്ടിരിക്കുകയല്ലേ നാമോരോരുത്തരും…
ഭ്രാന്തന് ചിന്തകളുടെ ചിറകിലേറി ഞാനങ്ങനെ പറന്നു നടന്നു.
മുളങ്കമ്പുകൾ കൊണ്ട് രണ്ടായി പകുത്ത റോഡിന്റെ ഓരങ്ങളിൽ മനസിനിഷ്ടപ്പെട്ട ഒരു ഭക്ഷണശാല പോലും കണ്ടെത്താനായില്ലയെന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ പ്രധാന ദു:ഖം. രുചിവൈവിധ്യങ്ങള്‍ക്ക് പേരുകേട്ട കാശിയുടെ തെരുവുകള്‍ക്ക് ഞങ്ങളുടെ ആ അവസ്ഥ ഒരപമാനം തന്നെയാവും. ഒടുവിൽ തൃപ്തിയില്ലാതെ കഴിച്ച ബ്രേക്ക്ഫാസ്റ്റിന് ശേഷം ഞങ്ങൾ മണികർണ്ണിക ഘട്ടിലേക്ക് നടന്നു. ഭാംഗ് ലെസ്സി ഒരു നേർത്ത ലഹരിയായി ഉള്ളിലപ്പോഴും ഉണ്ടായിരുന്നു. റിനിക്കായിരുന്നു കൂടുതൽ ക്ഷീണം. ഭക്ഷണം കഴിച്ചിട്ടും ലെസ്സിയുടെ ഹാങ്ങോവർ അവളെ വിട്ടുപോയതേയില്ല.
മുന്നില്‍ ഇടുങ്ങിയ ഗലിയാണ്. മാലിന്യക്കൂമ്പാരം, പശുക്കള്‍, എരുമകള്‍, വിസര്‍ജ്ജ്യങ്ങള്‍ അതെല്ലാം ചേർന്നുള്ള ഗന്ധം. ആ ഗലിയിലേക്ക് വാതിൽ തുറക്കുന്ന പഴയ പാണ്ടികശാലകളും, കടകളും, വീടുകളും, ലോഡ്ജുകളും. മുന്നോട്ടുള്ള വഴിയിൽ പിന്നീട് വിറകുപുരകളും സുഗന്ധദ്രവ്യങ്ങളുടെ കടകളും കാണാൻ തുടങ്ങി. അത്രയൊന്നും അകലത്തിലല്ലാതെ ഗംഗയുണ്ട്, അതിന്റെ കരയിൽ മണികർണ്ണികയെന്ന മഹാശ്മാശാനവും. കൊച്ചിയിലെ സുഹൃത്തുക്കൾക്ക് വേണ്ടി വാട്ട്സാപ്പിൽ വീഡിയോ ചാറ്റ് ഓൺ ചെയ്ത് ഞാൻ മുന്നോട്ട് നടന്നു. കാറ്റിന് പുകയുടെ ഗന്ധമാണ്. ഇനി മുന്നോട്ടില്ലയെന്നു പറഞ്ഞ് പാതി വഴിയില്‍ വച്ചു തന്നെ പിന്മാറി റിനി . വിറകുപുരകൾ അതിരിടുന്ന ആ ഗലി അവസാനിക്കുന്നത് ഗംഗാ നദിയിലേക്കാണ്. അവിടേക്ക് നീളുന്ന വഴിയുടെ വലതുഭാഗത്ത് തകര്‍ന്നു വീഴാറായതു പോലെയുള്ള ഒരു പഴയ കെട്ടിടം. ചുമരുകള്‍ക്കിടയിലെ വിശാലമായ കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചാല്‍ ചെന്നെത്തുന്നത് കത്തിക്കൊണ്ടിരിക്കുന്ന ചിതകള്ക്കരികിലാണ്. വാരാണസിയിലെ രണ്ട് ശ്മശാന ഘട്ടുകളിലൊന്നിൽ; മണികര്‍ണ്ണിക ഘട്ടിൽ. പല ഭാഗങ്ങളിലായി കത്തിയെരിയുന്നുണ്ട് മൂന്ന് നാല് ചിതകൾ. അതിൽ നിന്നും ഉയരുന്ന പുക ചുരുളുകളും പൊടിയും. ചിതയിലേക്കുള്ള വഴിയിൽ കാത്തുകിടക്കുകയാണ് സർവ്വ അലങ്കാരങ്ങളോടും കൂടി രണ്ടു ശവങ്ങൾ. കരയാന്‍ അതിന് ചുറ്റിലും ബന്ധുക്കളില്ല. ഊഴം കാത്തുകിടക്കുന്ന ശരീരം അധികം വൈകാതെ അഗ്നിയിലേക്ക് നീക്കപ്പെടും. എരിഞ്ഞമരും. സാധാരണ ഒരു ചിതയെരിഞ്ഞാല്‍ ഉയരുന്ന ശവഗന്ധമൊന്നും ഇവിടെയില്ല. കത്തുന്ന ചിതകള്‍ക്കിടയില്‍ കാണാം നിർവികാരമായി ജോലി ചെയ്യുന്ന മനുഷ്യരെ. വിറകും ജഡവും ഒരേ വികാരത്തോടെ ആളുന്ന തീയിലേക്ക് തള്ളുന്ന ഇവര്‍ക്ക് മുന്നില്‍ ജന്മവും പുനര്‍ജന്മവും മോക്ഷവും അപ്രസക്തമാകുന്നു. ജീവിതം അവസാനിക്കുന്നിടത്ത് നിന്നും മണികർണ്ണികാ ഘട്ടിലെ കാഴ്ചകൾ തുടങ്ങുന്നു.
ഇവിടെ ശവദഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിനടത്തുന്നത് ദോം എന്ന വിഭാഗത്തില്‍പ്പെട്ട ആളുകളാണ്. മുളകൊണ്ടുള്ള മഞ്ചത്തില്‍ മൃതദേഹം കൊണ്ട് വരുന്നതു മുതല്‍ ഗംഗാജലം തളിച്ച് ശുദ്ധമാക്കിയ ശരീരം ചിതയിലേക്ക് വച്ച് തീ കൊളുത്തി അത് ദഹിച്ചു തീരുന്നത് വരെയുള്ള എല്ലാകാര്യങ്ങളും വിധിപ്രകാരം അവർ നിർവ്വഹിക്കുന്നു. ഞങ്ങൾ ഗംഗയ്ക്ക് അഭിമുഖമായി എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചിതയുടെ അരികിലേക്ക് നടന്നു. എന്റെ കയ്യിലെ ഉയർത്തി പിടിച്ചിരിക്കുന്ന മൊബൈൽ ഫോൺ കണ്ടതുകൊണ്ടാവണം ശ്മശാന ജോലിക്കാരിൽ ഒരാൾ എന്നോട് ഫോൺ ഓഫ് ചെയ്യാൻ ആംഗ്യം കാണിച്ചു. പിന്നെയയാൾ പതുക്കെ ഞങ്ങളുടെയടുത്തേക്ക് വന്നു. ആവശ്യപ്പെടാതെ തന്നെ സംസാരിച്ചു തുടങ്ങി. മുൻനിരയിൽ രണ്ടു പല്ലുകളില്ലാത്തതിന്റെ അപൂർണ്ണത അയാളുടെ സംസാരത്തിലും നിഴലിച്ചിരുന്നു. ഘട്ടിനെകുറിച്ചുള്ള പഴങ്കഥകളിൽ തുടങ്ങി ഇന്ന് നടത്തുന്ന മരണാനന്തരക്രിയകൾ വരെയുള്ള കാര്യങ്ങളുടെ ഒരു ലഘുവിവരണം അയാൾ ഒരു ഗൈഡിനെ പോലെ പറഞ്ഞു തീർത്തു. 7000 രൂപയോളമാണത്രെ സാധാരണയായി ഒരു ശവം ദഹിപ്പിക്കാനായി അവിടെ നൽകേണ്ടത്. പണത്തിനപ്പുറം അഞ്ചു തരം ശവങ്ങൾക്ക് മണികർണ്ണിക തീണ്ടാപാടകലെയാണ്. കുഞ്ഞുങ്ങൾ, ഗർഭിണികൾ, ആത്മഹത്യ ചെയ്തവർ, സന്യാസിമാർ, കെട്ടിവെക്കാൻ കാശില്ലാത്തവർ ഇവരുടെയൊന്നും മൃതശരീരങ്ങൾക്ക് ആ മഹാശ്മശാനത്തിൽ സ്ഥാനമില്ല. മരണം പുൽകിയ ശരീരത്തിനും അയിത്തം. ഞാൻ അറിയാതെ ചിരിച്ചുപോയി. മണികർണ്ണികയിൽ സ്വീകരിക്കാത്ത ശവശരീരങ്ങളെ ബോട്ടുകാരുടെ കയ്യിൽ പണം കൊടുത്തേല്പിച്ച് ഗംഗയുടെ മധ്യത്തിൽ കൊണ്ടു പോയി കെട്ടി താഴ്ത്തുമത്രേ. തിരസ്കൃത ശവങ്ങൾ മോക്ഷം പൂകുന്നത് അങ്ങനെയാണ്. മരണാനന്തരവും പിൻവാതിൽ പ്രവേശനത്തിന്റെ സാധ്യതകൾ തിരയുന്ന ജനത നമ്മളല്ലാതെ ഈ ലോകത്തിൽ വേറെയുണ്ടാവാൻ തരമില്ല. വ്യക്തമല്ലാത്ത ശബ്ദത്തിലും ഭാഷയിലും അയാൾ പിന്നെയും കുറെ കാര്യങ്ങൾ പറഞ്ഞു. ഒടുക്കം തൊട്ടടുത്ത തറയിലെ കനലുകൾ കെട്ടടങ്ങിയ ചാരകൂമ്പാരത്തിൽ നിന്ന് ഒരു നുള്ള് ചാരമെടുത്ത് അയാൾ എന്റെ നെറ്റിയിലേക്ക് തൊട്ടു. ചാണകം ഉരുട്ടി കത്തിച്ചുണ്ടാക്കുന്ന ചാരമല്ല; ഒരു മനുഷ്യന്റെ മജ്ജയും മാംസവും കത്തിയെരിഞ്ഞുണ്ടായ ചുടലഭസ്മമാണത്. എന്തു കൊണ്ടോ എനിക്ക് പേടി തോന്നിയില്ല. മണികർണ്ണികയിലെ ശ്മശാനഭൂമി നേരിട്ടുകാണാൻ, വാരാണസിയിലെ മരണത്തിന്റെ കച്ചവടത്തെക്കുറിച്ച് നേരിട്ടറിയാൻ വർഷങ്ങൾ കാത്തിരുന്നവന് ഇത് ആനന്ദമല്ലാതെ മറ്റെന്താണ് ? രംഗം കണ്ടു നിന്ന മുകുളും രമ്യയും സുരമ്യയും പുറകിലേക്ക് ഓടി മാറി. ഭസ്മവുമായി അയാൾ അവരുടെ അടുത്തേക്ക് ചെന്നെങ്കിലും മൂവരും അത് നിരസിച്ചു. ജോലി ചെയ്തു തീർത്ത അയാൾക്ക് അടുത്തതായി വേണ്ടത് പണമായിരുന്നു. ശ്മശാനത്തിന് ചുറ്റുമുള്ള അന്തേവാസികൾക്കായി ഒരു സഹായമെന്ന രീതിയിലാണ് അയാൾ അതാവശ്യപ്പെട്ടത്. ഒടുവിൽ അയാൾക്ക് അത്രയും നേരത്തെ ഗൈഡ് ജോലിയുടെ കൂലിയെന്ന നിലയിൽ നൂറുരൂപ നൽകി ഞങ്ങൾ തിരിച്ചു നടന്നു.

മനുഷ്യരെക്കാൾ പശുക്കൾ ഉള്ള ധാരാളം ഇടവഴികൾ നിറഞ്ഞ തെരുവുകളിലൂടെ അലഞ്ഞ് വിശ്വനാഥ ക്ഷേത്രത്തിന്റെ കവാടത്തിനടുത്തെത്തുമ്പോഴേക്കും നേരം ഉച്ചകഴിഞ്ഞിരുന്നു. റിനിയും മുകുളും നന്നായി തളർന്നിരിക്കുകയാണ് . ഇനിയുള്ള കാഴ്ചകൾക്കായി കാത്തു നിൽക്കാതെ വൈകുന്നേരം വരെ ഹോസ്റ്റലിൽ വിശ്രമിക്കുകയെന്നതായിരുന്നു അവരുടെ തീരുമാനം. അസിഘട്ടിനടുത്തെവിടെയോ ഉള്ള താലിമീൽസിന്റെ രുചി, ബനാറസ് പട്ട്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും മുക്തിഭവനും സാരനാഥും, അതിനുമപ്പുറം ബാക്കിയുള്ള 82 ഘട്ടുകളും ഗംഗയിലെ സൂര്യോദയവും. ഇങ്ങനെ അറിയപ്പെടുന്നതും അല്ലാത്തതുമായി വാരാണസിയിൽ കാണാനും അറിയാനും കാഴ്ചകളും രുചികളും ഇനിയും ബാക്കിയാണ്. സമയമാണ് ഇവിടെ ഞങ്ങളുടെ വില്ലൻ. ഈ ഭൂമിയെ പൂർണ്ണമായും മനസിലാക്കാൻ യാത്രകൾ ഇനിയും വേണ്ടിവരുമെന്നുറപ്പാണ്. പക്ഷെ ഇവിടെ ഞങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പ് ആവശ്യം തന്നെയാണ്. പട്ടു വാങ്ങുകയെന്നത് എന്റെയും രമ്യയുടെയും പ്രധാന ആവശ്യമായിരുന്നു. അതു കൊണ്ടു തന്നെ ആദ്യം അടുത്തുള്ള പട്ടുനിർമ്മാണ ഫാക്ടറിയിലേക്ക് പോകാൻ ഞങ്ങള്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ നിന്ന് കയറിയ ഓട്ടോറിക്ഷാ ഡ്രൈവർ ഗോവിന്ദ് പറഞ്ഞത് ബനാറസ് പട്ടിനായി ബേലുപൂരിൽ പോകാനാണ്. സൈക്കിൾ റിക്ഷകളും ടുക്ക് ടുക്കെന്ന് വിളിപ്പേരുള്ള മോട്ടോർ സൈക്കിള്‍ റിക്ഷകളും സുലഭമാണ് കാശിയുടെ തെരുവുകളിൽ. ഒരു സൈക്കിൾ റിക്ഷയിൽ മുകുളിനെയും റിനിയെയും കയറ്റിവിട്ട ശേഷം ബേലുപൂരിലേക്ക് പോകാനായി മറ്റൊരു റിക്ഷയൊ ടുക്ക് ടുക്കോ തേടി ഞങ്ങൾ മുന്നോട്ട് നടന്നു.
ആ വഴിയിൽ വലതുഭാഗത്തായാണ് മുക്തി ഭവൻ. കാശി ലാഭ് മുക്തി ഭവനെന്നാണ് മുഴുവൻ പേര്. മരണത്തെ പ്രതീക്ഷിച്ച് വാരാണസിയിലെത്തുന്നവർക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ് ആ പഴയ കെട്ടിടം. 12 മുറികളും ഒരു നടുമുറ്റവുമൊക്കെയുള്ള മുക്തി ഭവനിൽ ആർക്ക് വേണമെങ്കിലും സൗജന്യമായി 15 ദിവസം താമസിക്കാം. വൈദ്യുതിക്കും വെള്ളത്തിനും ഭക്ഷണത്തിനുമൊക്കെയായി നിസ്സാര തുകമാത്രം കൊടുത്താൽ മതിയാകും. പക്ഷെ അവിടെ നിങ്ങൾ ചെല്ലുന്നത് മരണത്തെ കാത്തു കിടക്കാൻ വേണ്ടി മാത്രമായിരിക്കണം. പതിനഞ്ച് ദിവസത്തിന് ശേഷവും മുക്തി ഭവനിൽ താമസിക്കണമെങ്കിൽ മാനേജരുടെ പ്രത്യേക അനുവാദം നേടേണ്ടിവരും. ആ കെട്ടിടത്തെയങ്ങിനെ നോക്കി നിൽക്കവേ ഇന്നലെ ഗംഗാ ആരതിയുടെ നേരത്ത് ഞങ്ങളുടെ ബോട്ട് ഡ്രൈവർ പറഞ്ഞത് ഞാനോർത്തു.
“ മുക്തിഭവനിൽ കിടന്നു മരിച്ചവരുടെ ആത്മാക്കൾ പിന്നീട് ആരെയും ശല്യം ചെയ്യാൻ വരില്ല. ജനനമരണങ്ങളുടെ തുടർചക്രത്തിൽ നിന്നും അവർ മുക്തി നേടിയിരിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ അതൊരു പുണ്യകേന്ദ്രമാണ്. മുക്തി ഭവന്റെ അകത്തുള്ള ക്ഷേത്രത്തിലെ പുരോഹിതൻ പ്രാർത്ഥിക്കുന്നത് അവിടത്തെ അന്തേവാസികൾക്ക് എത്രയും പെട്ടെന്ന് മോക്ഷപദം ലഭിക്കണമേയെന്നു മാത്രമാണ്.”
അവിടെയൊരാൾ മരിച്ചാൽ മരിച്ചുവെന്നല്ല മോക്ഷം ലഭിച്ചു എന്നാണത്രെ പറയാറ്. മരണമെന്ന വാക്കിന് പോലും അവിടെ സ്ഥാനമില്ല. പകരം അതിനെയവർ വിശ്വാസങ്ങളുടെ വർണ്ണകടലാസിൽ പൊതിഞ്ഞ് മോക്ഷമെന്ന് വിളിക്കുന്നു.
മണികർണ്ണികയിലെ ശ്മശാനജോലിക്കാർ, ഘട്ടുകളിൽ ആത്മാക്കൾക്ക് നിത്യത സമ്മാനിക്കുന്ന പാണ്ഡകൾ, ജ്യോത്സ്യൻമാർ, മൃതദേഹം ഗംഗാജലം കൊണ്ട് ശുദ്ധി ചെയ്യുന്ന പുരോഹിതർ, വിറകുപുരകളുടെ നടത്തിപ്പുകാർ, മുക്തിഭവനിലെ മാനേജർ, അങ്ങനെ എത്രയെത്ര ആളുകൾ; ഓട്ടോറിക്ഷയിൽ ബേലുപുരയിലേക്ക് പോകുമ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു മരണം വിറ്റ് ജീവിതം പുലർത്തുന്ന വാരാണസിയിലെ ഒരു പറ്റം മനുഷ്യരെ പറ്റി.
നഗരത്തിലെ തിരക്കുള്ള വഴിയിലൂടെ തന്നെയാണ് റിക്ഷ സഞ്ചരിക്കുന്നത്. ബേലുപുരയില് പട്ടുവാങ്ങാന്‍ പോകാനാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ഫാക്ടറിയില്‍ കൊണ്ടു പോകാമെന്നാണ് ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. അയാള്‍ക്ക് പരിചയമുള്ള ഏതെങ്കിലും കടയിലേക്കാവും നമ്മളെ കൊണ്ടു പോകുന്നുണ്ടാവുക.പതിനഞ്ചു മിനുട്ട് നേരത്തെ യാത്രയ്ക്ക് ശേഷം ആഷ്ഫാക്ക് നഗറിലുള്ള ഏതോ ഒരു കെട്ടിടത്തിന്റെ മുന്പില് അയാള്‍ റിക്ഷ നിര്‍ത്തി. അധികം ജനത്തിരക്കുള്ള സ്ഥലമൊന്നുമായിരുന്നില്ല അത്. അയാളും ഞങ്ങളോടൊപ്പം അകത്തേക്ക് വന്നു. നാലഞ്ച് നിലകളുള്ള കെട്ടിടമാണ്. മൂന്നാമത്തെ നില മുതല്‍ മുകളിലേക്കാണ് വില്പനശാല. അവിടെ വൃദ്ധനായ ഒരു മനുഷ്യന് ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നു. വെളുത്തതാടിയും മുടിയുമുള്ള അയാള്‍ ധരിച്ചിരുന്ന ജുബയുടെയും പൈജാമയുടെയും നിറവും വെളുപ്പുതന്നെയായിരുന്നു. ഞങ്ങളെ അയാള്‍ക്ക് കൈമാറി ഓട്ടോ ഡ്രൈവര്‍ താഴേക്ക് തിരിച്ചു നടന്നു. മറ്റൊരു റിക്ഷ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകിലെങ്കിലും ഞങ്ങള്‍ക്ക് വേണ്ടി കാത്തുനില്ക്കാന് അയാള്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ടോ അതു നിരസിക്കാന്‍ തോന്നിയില്ല.
അബ്ദുള്ള ഭായ് അതായിരുന്നു സാരി സെന്ററിലെ ആ വൃദ്ധന്റെ പേര്. ഞങ്ങള്‍ തെക്കെ ഇന്ത്യക്കാരണെന്നറിഞ്ഞപ്പോള് അതു വരെ സംസാരിച്ചിരുന്ന ഹിന്ദിയിലേക്ക് അല്പം തമിഴ് കൂടി കലര്‍ത്തിക്കൊണ്ട് ബനാറസിലെ പട്ടിന്റെ പാരമ്പര്യത്തെ കുറിച്ച് അയാള്‍ വാചാലനായി. ഹൈന്ദവ വിശ്വസങ്ങളിലൂന്നി പുണ്യനഗരമെന്ന വിളിപ്പേര് കൈയാളുമ്പോഴും ബനാറസിന് മറ്റൊരു മുഖം കൂടിയുണ്ട്, ഭാവനയും കരവിരുതും സമ്മേളിക്കുന്ന പട്ടു കൊണ്ട് പൊതിഞ്ഞ ഒരു മുസ്ലിം മുഖം. ബനാറസില്‍ വിറ്റഴിക്കപ്പെടുന്ന നല്ലൊരു വിഭാഗം പട്ടുവസ്ത്രങ്ങളും നിര്‍മ്മിക്കുന്നത് തെക്കന്‍ വാരാണസിയിലെ മുസ്ലിം കുടുംബങ്ങളാണ്. ഇന്ന് യന്ത്രത്തറികള്‍ വഴിയാണ് കൂടുതലും സാരികള്‍ ഉണ്ടാക്കിയെടുക്കുന്നതെങ്കിലും പാരമ്പര്യത്തിന്റെ ഗരിമ പേറി വൈദഗ്ധ്യവും സര്‍ഗ്ഗശേഷിയും ഇഴ ചേര്‍ത്ത് കൈകളാല്‍ നെയ്തെടുക്കുന്നവരും കുറവല്ല. അബ്ദുള്ള ഭായിയില്‍ നിന്നും കണ്ണെടുത്ത് ഞാന്‍ തുറന്നിട്ട ജനാലയിലൂടെ പുറത്തെ തെരുവിലേക്ക് നോക്കി. ചുടലഭസ്മം പൂശി മരണത്തിന്റെ ദല്ലാളായി നില്ക്കുന്ന വാരാണസിയല്ല പകരം മുത്തുകള്‍ പതിപ്പിച്ച, പല നിറങ്ങള്‍കൊണ്ട് ചിത്രങ്ങള്‍ വരച്ചിട്ട മനോഹരമായ പട്ടു ചുറ്റി നില്ക്കുന്ന മൊഞ്ചത്തിയായ ബനാറസ്. ഇതാണ് നമ്മുടെ നാടിന്റെ വൈവിധ്യം.

ചുമരുകളില്‍ നിറയെ മരം കൊണ്ട് നിര്‍മ്മിച്ച ഷെല്‍ഫുകളുള്ള ഒരു വലിയ മുറിയിലേക്ക് അയാള്‍ ഞങ്ങളെ ആനയിച്ചു. മുറിയില്‍ കസേരകളും മേശകളുമില്ല. പകരം മുറിയുടെ മധ്യഭാഗത്തായി നിലത്ത് വിരിച്ചിരിക്കുന്ന മെത്തകളിലാണ് ഇരിക്കേണ്ടത്. ചുറ്റുമുള്ള ഷെല്ഫുകളില് നിറയെ സാരികളാണ്. ഞങ്ങള്‍ അവിടെ ഇരുന്നതും പല നിറങ്ങളിലും പല രീതിയിലും നിര്‍മ്മിച്ച സാരികള്‍ ഞങ്ങള്‍ക്ക് മുന്പില് കുന്നുകൂട്ടി ഭായിയുടെ ജോലിക്കാര്‍. ഭംഗിയുള്ള ഡിസൈനുകള്‍. ചിലതില്‍ മുത്തുകള്‍ പോലെ എന്തൊക്കെയോ പതിപ്പിച്ചിരിക്കുന്നു.
പണ്ടെപ്പോഴോ വായിച്ച നാടോടികഥ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. ഒരു നെയ്ത്തുകാരനാണ് നായകന്. തറികളില്‍ സാരികള്‍ നെയ്യാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ അയാള്‍ നഷ്ടപ്പെട്ടുപോയ തന്റെ പ്രണയിനിയെ ഓര്‍ത്തുള്ള യാത്രയില്‍ അകപ്പെടും.. ഒറ്റയോറ്റയായി കിടക്കുന്ന പട്ടുനൂലുകള്‍ പോലെയുള്ള അവളുടെ മുടിയിഴകളെ, സദാ തിളങ്ങുന്ന നക്ഷത്രക്കണ്ണുകളെ, നീളന്‍ വിരലുകളെ, അതിന്റെ സ്പര്‍ശനങ്ങളെ, അങ്ങനെ സ്വപ്നവും പ്രണയവും ഇഴചേരുന്ന ഓര്‍മ്മകളുടെ അവസാനം യാഥാര്‍ഥ്യത്തിലേക്ക് അയാള്‍ തിരിച്ചെത്തുമ്പോഴേക്കും തറിയില്‍ ഒരു വിസ്മയം ഒരുങ്ങി കഴിഞ്ഞിരിക്കും. എന്റെ മുന്നില്‍ ഈ നിരത്തിയിരിക്കുന്ന ഏതെങ്കിലുമൊന്ന് അതു പോലെ ആരെങ്കിലും നിര്മ്മിച്ചതായിരിക്കുമോ..??
ഞാന്‍ പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ന്നു. സാരികളിലൊരോന്നിന്റെയും ഗുണവും മേന്മയും ഒരു കച്ചവടക്കാരന്റെ ചതുര്യത്തോടെ ഞങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു കൊണ്ടിരിക്കുകയാണ് അബ്ദുള്ള ഭായ്. അപാരമായ കൈ വഴക്കത്തോടെ സ്ത്രീകളെ പോലും നാണിപ്പിക്കുന്ന വേഗതയില്‍ രീതിയില്‍ സാരികള്‍ ഉടുത്തുവരെ കാണിച്ചു തന്നു അയാള്‍. ആയിരം മുതല്‍ ലക്ഷം വരെ വിലയുള്ള സാരികളുണ്ടായിരുന്നു ആ കൂട്ടത്തില്‍. അയാളുമായുള്ള കുറേ നേരത്തെ സംഭാഷണങ്ങള്‍ക്കും വിലപേശലുകള്‍ക്കുമൊടുവില്‍ നാല് സാരികള്‍ ഞങ്ങള്‍ വാങ്ങി. തിരക്കുപിടിച്ച കച്ചവടവും കൈമാറ്റവുമല്ല അവിടെ നടക്കുന്നത് അതിനുമപ്പുറം അവരുടെ ഉല്‍പ്പന്നത്തെ പരിചയപെടുത്തുകയും അതിന്റെ ചരിത്രവും പാരമ്പര്യവും വിശദീകരിച്ച് നമ്മളെ അതിനോടടുപ്പിക്കുകയുമാണ്. ഒരു പക്ഷേ, അവിടെ വരുന്നവര്‍ ഒരു ക്ഷണം പട്ടു തുണിയെങ്കിലും വാങ്ങാതെ തിരികെ പോകില്ലയെന്ന ഉറപ്പിന്റെ മേലെ അവര്‍ അവലംബിക്കുന്ന കച്ചവട രീതിയുമാവാമത്. നിറഞ്ഞ ചിരിയോടെ നര്‍മ്മ മധുരമായി സംസാരിച്ച് വീട്ടിലെ അതിഥികളെയെന്ന പോലെ അബ്ദുള്ള ഭായ് ഞങ്ങളെ യാത്രയാക്കി.
ഞങ്ങള്‍ക്കായി പുറത്ത് കാത്തുനില്ക്കുന്ന റിക്ഷയില്‍ തിരികെ വിശ്വനാഥ ഗലിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ മനസ്സില്‍ നിറയെ കാശിയുടെ വൈവിധ്യത്തെ കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു. സത്യത്തില്‍ എന്താണ് ഈ നഗരം ?
ശരീരമെന്നാല്‍ ഒരു നാള് ഉപേക്ഷിക്കപ്പെടുന്ന ഒന്നാണെന്നും ഈ കാണുന്ന ഭൗതിക സുഖങ്ങള്‍ക്കപ്പുറം മോക്ഷമാണ് സര്‍വ്വ പ്രധാനമെന്നും പറഞ്ഞു പഠിപ്പിച്ച് അതിനെ വില്പനയ്ക്ക് നിരത്തുന്ന കാശിയുടെ മറ്റൊരു കോണില്‍ നമ്മള് കാണുന്നത് ഭൗതികതയുടെയും ആഡംബരത്തിന്റെയും വര്ണ്ണശബളതയാണ്. പൊടിപൊടിക്കുന്ന പട്ടിന്റെ കച്ചവടമാണ്. പക്ഷേ കപടതയുടെ മുഖംമൂടി കാഴ്ചകളെ അവഗണിച്ച് നഗരത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നാല്‍ കാണാനാവുന്നത് മണികര്‍ണ്ണികയിലെ ദോമുകളുടെയും, തെക്കന്‍ വാരാണസിയിലെ പട്ടു നിര്‍മ്മാണ തൊഴിലാളികളുടെയും, നഗരത്തിന്റെ തിരക്കില്‍ ജീവിതം കരുപ്പിടിപ്പിക്കാനിറങ്ങുന്ന സമാനരായ മറ്റു മനുഷ്യരുടേയും കഷ്ടപാടിന്റെ കഥകളാവും. മോക്ഷമെന്ന മുക്തിയും, പട്ടിന്റെ നിറഭേദങ്ങളും, രാവേറെ ചെന്നിട്ടും നിലയ്ക്കാത്ത പ്രാര്‍ത്ഥനകളും ഇവരെ അലട്ടുന്നുണ്ടാവില്ല. കാരണം അന്നന്നത്തെ അന്നത്തിനുള്ള വക തേടിയിറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ ഭൗതികതയും ആത്മീയതും രണ്ട് കച്ചവട വസ്തുക്കള്‍ മാത്രമെന്നല്ലാതെ മറ്റെന്താണ് ?.

മഴയ്ക്ക് വഴിയോരുക്കാനൊരുങ്ങുന്ന ആകാശത്തിന്റെ താഴെ പിന്നീട് ഞങ്ങള്‍ തിരക്കില്ലായിരുന്നു. ബേലുപൂരയില് നിന്നുമുള്ള മടക്കയാത്രയ്ക്കിടെ സുരമ്യയുടെ ആഗ്രഹപ്രകാരം ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ വലുതും വിജനവുമായ ക്യാമ്പസിനകത്തു കൂടി ഒരു ഓട്ടോറിക്ഷയിലൂടെ നടത്തിയ ഓട്ട പ്രദക്ഷിണം. മഴ പെയ്യുന്ന വാരാണസിയില്‍, മുകുളിന്റെ ഇടയ്ക്കിടെയുള്ള ഫോണ്‍ കോളുകളെ അവഗണിച്ചു കൊണ്ട് റിക്ഷയിലും ടുക്ക് ടുക്കിലും, വഴികള്‍ ബന്ധിച്ച തെരുവുകളിലൂടെ നടന്നും പിന്നിട്ട ദൂരങ്ങള്‍. പിന്നെ രമ്യക്ക് രുദ്രാക്ഷ മാലകള്‍ വാങ്ങാനായി പോയ ഹരിശ്ചന്ദ്രഘട്ടിലെ പേരറിയാത്ത ഗലികളില്‍ കൂടി ഒരു സൈക്കിള്‍ റിക്ഷക്കാരന് മനുഷ്യന്റെ നിസ്സഹായതയ്ക്ക് നേര്‍സാക്ഷിയായി പിന്നില്‍ ഇരുന്നു ഞെരിപിരി കൊണ്ട നിമിഷങ്ങള്‍. കൂടുതല്‍ പറയാന്‍ കഥകളോ ചിന്തകളോ എന്റെ കയ്യിലില്ല. അങ്ങനെ ആ തിരക്കിന്റെ ഒടുക്കത്തില്‍ ഞങ്ങളെയും പിന്നിലിരുത്തി റോഡിലെ കയറ്റം ചവിട്ടി കയറ്റാനാവാതെ കിതച്ചു നിന്ന ആ മനുഷ്യനെയും അയാളുടെ റിക്ഷയും പാതിവഴിയില്‍ നിന്ന് മടക്കിയയച്ച് ഞങ്ങള്‍ സോസ്റ്റലിലേക്ക് നടന്നു.
അവിടെ ബാഗുകള്‍ പാക്ക് ചെയ്ത് മുകുളും റിനിയും കാത്തു നില്‍ക്കുകയാണ്. മിനുട്ടുകള്‍ മാത്രം നീണ്ട ചെറിയ വിശ്രമം. ധീരജിനോട് ഒരു നന്ദി പ്രകാശനം. ഒടുവില്‍ ഫോണ്‍ നമ്പറും ഇമെയില്‍ അഡ്രസ്സും സന്ദര്‍ശകര്‍ക്കായുള്ള വലിയ ബുക്കില്‍ എഴുതി ചേര്‍ത്ത് ഞങ്ങള്‍ പുറത്തേക്കിറങ്ങി. അവിടെ ഞങ്ങള്‍ക്ക് വേണ്ടി ഒരു ടുക്ക് ടുക്ക് കാത്തിരിപ്പുണ്ട്. മരുധ എക്സ്പ്രസ് യാത്രയാരംഭിക്കുന്നത് വാരാണസിയില്‍ നിന്ന് തന്നെയാണ് അതുകൊണ്ട് ട്രെയിന്‍ വൈകാന്‍ വിദൂരമായ സാധ്യത മാത്രമേയുള്ളൂ. നേരത്തെ എത്തിയിലെങ്കിൽ ചിലപ്പോൾ ട്രെയിന്‍ നഷ്ടമായേക്കും.
വാരാണസി റെയില്‍വേ സ്റ്റേഷന്റെ ഒന്‍പതാമത്തെ പ്ലാറ്റ് ഫോമില്‍ നിന്നും മരുധ എക്സ്പ്രസ് നീങ്ങി തുടങ്ങുമ്പോള്‍ സമയം അത്രമേല്‍ കൃത്യമായിരുന്നു. ഹരിദ്വാറില്‍ നിന്ന് വന്നപ്പോള്‍ ഉള്ളതു പോലെയല്ല എല്ലാവര്ക്കും അടുത്തടുത്ത സീറ്റുകളാണ്. ഞാന്‍ എനിക്കായി തന്നെ ബുക്ക് ചെയ്തിരുന്ന സൈഡ് ലോവര്‍ സീറ്റിലാണ്. രാത്രിയിലെ ട്രെയിന്‍ യാത്രകളില്‍ അപരിചിതമായ വെളിച്ചങ്ങള്‍ പിറകിലേക്ക് നീങ്ങുന്നത് കാണാന്‍ എന്തോ എനിക്കിഷ്ടമാണ്. നൂലഴിച്ചു വിട്ട പട്ടം കണക്കെ മനസിനെ ട്രെയിന്റെ ഇരുമ്പ് ജനാലയിലൂടെ പുറത്തേക്ക് തുറന്ന് വിട്ട് കണ്ണിന്റെ ഫോക്കസ് നഷ്ടമാകുന്നത്രയും വിദൂരതയിലേക്ക് ഞാന്‍ കണ്ണയക്കും. അപ്പോള്‍ എവിടെ നിന്നൊക്കെയോ സുഖമുള്ള കാഴ്ചകള്‍ എന്റെ മുന്നിലേക്ക് ഓടിയെത്തും. കമ്പാര്‍ട്ട്മെന്ടിലെ ഇടനാഴിക്കപ്പുറമുള്ള വലിയ സീറ്റുകളിലിരുന്ന് ബഹളം കൂട്ടുകയാണ് സുരമ്യയും രമ്യയും റിനിയും മുകുളും. ഞാന്‍ കണ്ണുകള്‍ പതുക്കെ അടച്ചു. കണ്ണിന്റെ മുന്നില്‍ ഇപ്പോഴും വാരാണസിയാണ്.
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ എന്റെയൊരു സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുന്നു. പൂര്‍ണ്ണമായി കണ്ടിലെങ്കിലും എന്റെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് ചെറിയ രീതിയില്‍ അറിഞ്ഞിരിക്കുന്നു ഈ പുരാതന നഗരത്തെ. ഇനി എനിക്കും എഴുതണം എന്റെ അപക്വമായ ഭാഷ കൊണ്ട്, വ്യക്തതയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് വാരാണസിയെ പറ്റി. മനസ്സില്‍ എന്തൊക്കെയോ വന്നു നിറയുന്നുണ്ട്, അര്‍ത്ഥമറിയാതെ ഞാന്‍ എഴുതി തുടങ്ങി
എനിക്ക് പ്രിയപ്പെട്ട നഗരമേ
പൂര്‍ണ്ണമായും അജ്ഞനനാണ് ഞാന്‍;
നിന്നെ ചുറ്റുന്ന വിശ്വാസങ്ങളെ പറ്റിയും,
നിന്റെ ഭൈരോനാഥന്റെ നിശ്ചയങ്ങളെ പറ്റിയും.
നീ വച്ചു നീട്ടുന്ന ഒരു മോക്ഷപദവും എന്നെ മോഹിപ്പിക്കുന്നില്ല.
പക്ഷേ നിന്നെ തേടി ഞാന്‍ ഇനിയും വരും;
ഘട്ടുകളില്‍ ചെന്ന് ഗംഗയോട് കിന്നാരം പറഞ്ഞിരിക്കാന്‍,
നദി മുറിച്ചുകടന്ന് കിഴക്കേ ദിക്കില്‍ ചെന്ന് സൂര്യനെ വിളിച്ചുണര്‍ത്താന്‍,
നിന്റെ രുചികള്‍ അനുഭവിക്കാന്‍,
ഭാംഗിന്റെ ലഹരിയില്‍ ഓര്‍മ്മകളെ നഷ്ടപെടുത്തി രാത്രികളില്‍ അലഞ്ഞു നടക്കാന്‍,
കേള്‍ക്കാതെ ബാക്കിയുള്ള കഥകള്‍ കേള്‍ക്കാന്‍,
എല്ലാം കഴിഞ്ഞ് നിന്നെ ഉപേക്ഷിച്ച് എനിക്ക് മഗഹറിലേക്ക് പോകണം.
കാരണം അവിടെ വീണു മരിച്ചാല്‍ കഴുതയായി ജനിക്കുമെന്നത്രേ വിശ്വാസം.

0 Comments.