പാമ്പര്‍പൂരത്തെ ഞങ്ങളുടെ താമസസ്ഥലമായ പറമ്പ് നിറയെ സബര്‍ജെല്ലി മരങ്ങളുള്ള, വിശാലമായ മുറികളുള്ള, ഇളംതണുപ്പുള്ള കാറ്റ് തഴുകിയോഴുകികൊണ്ടിരിക്കുന്ന ആ ജെര്‍മ്മന്‍ കോട്ടേജ് വിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങിയത് ത്മിഴ് കാര്‍ഷിക ഗ്രാമങ്ങള്‍ ഇനിയുമേറെ സന്ദര്‍ശിക്കണമെന്ന അനിയന്ത്രിതമായ അഭിലാഷം കൊണ്ടുമാത്രമായിരുന്നു. കൊടൈക്കനാലിലേക്ക് തിരിച്ചു പോകുന്ന ഒരു ജീപ്പില്‍ ഞങ്ങള്‍ ബസ് സ്റ്റാന്‍ഡിലേക്ക് യാത്ര തിരിച്ചു. ബസ് സ്റ്റാന്‍ഡില്‍ പലമൂലകളിലായി ചിതറി കിടക്കുന്ന ടാക്സി ഡ്രൈവര്‍മാരില്‍ ഒരാളുടെ അടുത്ത് ചെന്ന് ഞങ്ങള്‍ കാര്യം അവതരിപ്പിച്ചു.
” ഞങ്ങള്‍ക്ക് തമിഴ് ഗ്രാമങ്ങള്‍ കാണണം ഇവിടെ അടുത്തുള്ള ഗ്രാമങ്ങള്‍ ഇതൊക്കെ….?? ”
ഞങ്ങളുടെ ചോദ്യവും ഉദ്ദേശവും ശരിക്കും മനസിലായ ഡ്രൈവര്‍ യെസ് മൂളി. ഒരു തുക പറഞ്ഞുറപ്പിച്ച ശേഷം ഞങ്ങള്‍ അയാളുടെ ഓംനിവാനില്‍ യാത്രയാരംഭിച്ചു.
കൊടൈക്കനാലിന്‍റെ വടക്കേ അതിര്‍ത്തികളായ വില്‍പ്പട്ടി, പല്ലങ്ങി ഗ്രാമങ്ങളാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു വ്യൂ പോയിന്റില്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ ഡ്രൈവറോട് കുശലാന്വേഷണം നടത്തി. അയാളും കുടുംബവും തലമുറകളായി ഒരു കൊടൈക്കനാലുകാരാണ്. പക്ഷേ ഇപ്പോഴും വാടക വീട്ടിലാണത്രെ താമസം. ഇപ്പോഴത്തെ സ്ഥിതി വച്ച് ഇനി ഒരിക്കലും അവര്‍ക്ക് ഇവിടെ സ്വന്തമായി വീടും സ്ഥലവും വാങ്ങാന്‍ സാധിക്കുകയും ഇല്ല. അയാള്‍ വിഷമം പങ്കുവച്ചു.
ഇന്നലെ പൂമ്പാറയില്‍ കണ്ടത് പോലെയുള്ള തോട്ടങ്ങള്‍ കടന്ന് ഞങ്ങള്‍ വില്‍പ്പട്ടിയില്‍ എത്തി. നിറയെ വീടുകളാണ്. ഞങ്ങള്‍ ഇറങ്ങിയ സ്ഥലത്ത് കുറേ ആളുകള്‍ സംഘം ചേര്‍ന്നിരിപ്പുണ്ട്. നാട്ടുക്കൂട്ടമാണോ അതോ ചിട്ടിയാണോ എന്നറിയില്ല. വീടുകള്‍ക്കിടയിലുള്ള ചെറിയ വഴിയിലൂടെ ഞങ്ങള്‍ നടക്കാനാരംഭിച്ചു. കുതിര ചാണകത്തിന്‍റെ മണമാണ് ആ തെരുവിന്. ഒരു സാധാരണ തമിഴ് സിനിമയിലെ സംഘട്ടന രംഗത്തിന് മുന്നോടിയായുള്ള ഓട്ടം ഷൂട്ട് ചെയ്യുന്നത് ഇതു പോലുള്ള സ്ഥലത്തായിരിക്കണം. ചെറിയ ഒറ്റ മുറി വീടുകളുടെ ഉമ്മറത്തിരുന്ന് അപരിചിതരായ ഞങ്ങളെ നോക്കുകയാണ് കുട്ടികളും അമ്മൂമ്മമാരും.
” എന്നാമ്മ സൗഖ്യമാ…” വഴിയിലിരിക്കുന്ന ഒരു അമ്മൂമ്മയോട് ചോദിച്ചു.
” ആമ പ്പാ ”
ഞങ്ങള്‍ മുന്നോട്ട് നടന്നു. എതിരെ വരികയാണ് രണ്ട് പയ്യന്മാര്‍. അവരെയും വെറുതെ വിട്ടില്ല. പത്താം ക്ലാസ് പഠിക്കുന്ന കുട്ടികളാണവര്‍.
” ശരി പത്താം ക്ലാസ് പഠിച്ച് മുടിച്ചത്ക്കപ്പുറം എന്ന പണ്‍റ പോരെ…”
ആ ചോദ്യം അവന് ശരിക്ക് മനസിലാവാത്ത കൊണ്ടാണെന്ന് തോന്നുന്നു. അവന്‍ നിന്ന് പരുങ്ങി.
” എന്ന ആംബീഷന്‍ വച്ചിറിക്കെ നിങ്ങഗ മനസില് ” ചോദ്യം ഞങ്ങള്‍ വേറെ രീതിയില്‍ ആവര്‍ത്തിച്ചു.
” ഹോട്ടല്‍ മാനെജ്മെന്റ് മുടിച്ചിട്ട് ഷെഫ് ആവ പോറെ…”
അത്രമാത്രം കൃത്യമായ ആഗ്രഹങ്ങള്‍ സൂക്ഷിക്കുന്നുണ്ട് കുട്ടി മനസുകള്‍. കോയമ്പത്തൂരിലോ ചെന്നൈയിലോ പോയി പഠിക്കാന്‍ കഴിയട്ടെ എന്നാശംസിച്ച് ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു.
പൊട്ടി പൊളിഞ്ഞ ഒരു കെട്ടിടം . അതിന് ചുറ്റിലും കെട്ടി തിരിച്ചിരിക്കുന്ന വേലിയുടെ ഒരു ഭാഗം വലിയ കൊക്കയാണ്. കുറച്ചകലെയായി കുട്ടികള്‍ വോളിബോള്‍ കളിക്കുന്നത് കണ്ടു. അവിടെ നിന്നാണ് സെന്തിലും അരശും വന്നത്. ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു.
ഒരു തവിട്ട് നിറത്തിലുള്ള കുതിര. അതിനുമപ്പുറം ഒരു വെള്ള കുതിര. ചുറ്റിലും പച്ചനിറത്തില്‍ ചെടികള്‍. അകലെ ഒരു മലയുടെ അടിവരമാണ്. അവിടെ ചെറിയ വീടുകളും തട്ടുതട്ടുകളായി തിരിച്ച പച്ചക്കറി തോട്ടവും കാണാം. ആ വീടുകള്‍ ലക്ഷ്യമാക്കി നടക്കവേ കാടു പിടിച്ചു കിടക്കുന്ന ഒരു ക്ഷേത്രവും കണ്ടു. ഇതിനകത്ത് ഏതെങ്കിലും ദൈവം പാര്‍പ്പുണ്ടോ ആവോ ചിലപ്പോള്‍ ഇവിടെ മാത്രമായിരിക്കും ദൈവങ്ങള്‍ ഇരിപ്പുണ്ടാവുക. ബഹളങ്ങള്‍ ഇല്ലാത്തെ സമാധാനത്തോടെ ഇരിക്കാലോ.
അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ നേരത്തെ കണ്ട വീടിന്‍റെ നേര്‍ക്ക് നടന്നു. മലയുടെ മുകളിലുള്ള ഒരു വീട്ടിലെ പട്ടി ഞങ്ങളെ നോക്കി നിര്‍ത്താതെ കുരയ്ക്കുകയാണ്. ഞങ്ങള്‍ വീടിന്‍റെ മുന്നിലെത്തി. ചുറ്റിലും പച്ചക്കറിത്തോട്ടങ്ങള്‍ അതിന്‍റെ ഒത്ത നടുവിലായാണ് വീട്. അമ്മൂമ്മ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ചുറ്റിലും കാണുന്ന തോട്ടങ്ങള്‍ മുഴുവന്‍ അവരുടെ മക്കളുടെതാണത്രെ അത് അവര്‍ അമ്മയെ നോക്കാന്‍ എല്‍പ്പിച്ചിരിക്കുകയാണ്. എല്ലാ മാസവും ഈ ജോലിയുടെ സ്വന്തം മക്കള്‍ നല്‍കുന്ന തുകയാണ് അവരുടെ ഏക ആശ്രയം. സമയം അഞ്ചുമണിയോടടുക്കുന്നു. രാത്രി ഭക്ഷണത്തിന് മുന്‍പ് ഞങ്ങള്‍ക്ക് പാമ്പര്‍പുരമെത്തണം. ഞങ്ങള്‍ നടന്ന വഴികള്‍ തിരിച്ചു നടക്കാനാരംഭിച്ചു.

0 Comments.