ഒരു തേങ്ങാ കഥ

പണ്ട് ഇത് പോലൊരു വിഷു കഴിഞ്ഞ് സദ്യയും കഴിച്ച് ഏറണാകുളത്തിന് വണ്ടി കേറിയതാണ്. തലശ്ശേരിയും വടകരയും കൊയിലാണ്ടിയും താണ്ടി നാല് മണിക്ക് വണ്ടി കോഴിക്കോടെത്തി. ആര്‍ത്തിയോടെ കാത്തുനിന്ന ഒരു കൂട്ടം ജനങ്ങള്‍ വണ്ടിയുടെ തുറന്നു കിടക്കുന്ന അനവധി വാതിലുകളില്‍ കൂടി അകത്തേക്ക് കയറി ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഇരിക്കാനും, തലക്ക് മുകളിലുള്ള റാക്കുകളില്‍ ബാഗുകളും ലഗേജുകളും തള്ളികയറ്റാനും തമ്മില്‍ മത്സരിച്ചു. എല്ലാ ബഹളവും തള്ളികയറ്റവും അവസാനിച്ച ശേഷം വര്‍ദ്ധിച്ച ജനപിന്തുണയോടെ ട്രെയിന്‍ വീണ്ടും യാത്രയാരംഭിച്ചു. ഉറക്കത്തിന്റെ ഭാരം കാരണം കണ്‍പോളകള്‍ അടഞ്ഞു കൊണ്ടിരിക്കുന്നതിനിടെയാണ് അത് സംഭവിച്ചത്.

ഡിം….

എന്താണ് സംഭവിച്ചതെന്നറിയാന് കുറച്ചു സെക്കന്റുകള്‍ എടുത്തു. ഒരു ബാഗ് തലയില്‍ വീണതാണ്.

” ഓ സോറി . എന്റെ ബാഗാണ്. ഐ ആം സൊ സോറി…”
കണ്ടാല്‍ മാന്യന്‍ എന്ന് തോന്നുന്ന ഒരാള് തിരക്കില്‍ നിന്നും സീനിലേക്ക് വന്ന്‍ ക്ഷമ പറഞ്ഞു.

” ബാഗൊക്കെ നോക്കി വെക്കണ്ടേ ചേട്ടാ…”

” സോറി. തിരക്ക് കാരണം … കുഴപ്പമൊന്നുമില്ലല്ലോ…?? ” അയാള്‍ ചോദിച്ചു.

” ഹേ ഇല്ല..”

” തലയ്ക്ക് വേദനയൊന്നും ഇല്ലല്ലോ…” അയാളുടെ വക വീണ്ടും സുഖവിവരാന്വേഷണം.

” ഇല്ല…”

” തൊട്ടുനോക്കുമ്പോഴും വേദന ഇല്ലല്ലോ….”

” ഇല്ലാന്നു പറഞ്ഞില്ലേ ചേട്ടാ. ഇനി ബാഗ്‌ വെക്കുമ്പോള്‍ ഒന്ന്‍ ശ്രദ്ധിച്ചാ മതി…” ഞാന്‍ തെല്ലു അനിഷ്ടത്തോടെ പറഞ്ഞു.

” അല്ല ആ ബാഗിലെ ഒരു ചെറിയ തേങ്ങയ്ണ്ടാരുന്നു… അതാണെ ചോദിച്ചത്…” അയാള്‍ നിഷ്കളങ്കമായി പറഞ്ഞു.

എന്ത് പറയണമെന്നറിയാതെ തല പതുക്കെ തടവിക്കൊണ്ട് അയാളെ നോക്കിയൊന്നു ചിരിക്കാന്‍ ശ്രമിച്ചു.

എല്ലാവര്‍ക്കും നിഷകളങ്കമായ വിഷു ആശംസകള്‍…!!

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>