കലാലയരാഷ്ട്രീയം:- ചില നവചിന്തകള്‍

ഒരു കോളേജ് മാഗസിന് വേണ്ടി എഴുതിയത്.

നാം ജീവിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് ചുറ്റിലും നിലനില്‍ക്കുന്ന വ്യവസ്ഥിതികളോട് ആരോഗ്യകരമായ രീതിയില്‍ കലഹിക്കുക, പ്രതികരിക്കുക, പ്രതിഷേധിക്കുക തെറ്റുകള്‍ തിരുത്തി മുന്നോട്ട് നീങ്ങാന്‍ സമൂഹത്തെ പ്രാപ്തമാക്കുക ഒരു ജനാധിപത്യ സമൂഹത്തില്‍ ഏതൊരു പൗരന്റെയും കടമ ഇതാണ്. ആ കടമ ക്രിയാത്മകമായ രീതിയില്‍ നിര്‍വഹിക്കുമ്പോഴാണ് ജനാധിപത്യം അതിന്‍റെ സൗന്ദര്യത്തിലും ശക്തിയിലും പൂര്‍ണത സ്വന്തമാക്കുന്നത്.

രാഷ്ട്രീയം എന്നാല്‍ എതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിക്ക് പിന്നില്‍ അന്ധമായി അണിചേരലല്ല. അത് പൂര്‍ണ്ണമായ ബോധത്തോടെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രാഷ്ട്രത്തിനു വേണ്ടി അത് വഴി ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള നമ്മുടെ ചിന്തയാണ്. ഓരോ സമൂഹത്തിലേയും അടുത്ത തലമുറ ഉയര്‍ന്നു വരുന്നത് കലാലയങ്ങളില്‍ നിന്നുമാണ്. ആ നിലക്ക് ജനാധിപത്യ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന ഏതൊരു ആളുടേയും ജനാധിപത്യ – രാഷ്ടീയ സങ്കല്‍പ്പങ്ങള്‍ തീര്‍ച്ചയായും കലാലയങ്ങളില്‍ നിന്നും തന്നെ രൂപപ്പെടേണ്ടതുണ്ട്, പ്രത്യേകിച്ചും വോട്ടവകാശം ആരംഭിക്കുന്നത് 18 വയസ്സിലാണെന്നിരിക്കെ.

പോയ കാലത്തിലൂടെ കണ്ണോടിച്ചാല്‍ ലോകത്തിന്‍റെ പലഭാഗങ്ങളിലും യുവജനത തങ്ങളുടെ രാജ്യങ്ങളിലെ തെറ്റായ സാമുഹ്യവ്യവസ്ഥക്കും അനാചാരങ്ങള്‍ക്കും സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ നടത്തിയ പ്രതികരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. 1960-കളില്‍ അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ണ്ണ വിവേചനത്തിനും വിയറ്റ്നാം യുദ്ധത്തിനും കംബോഡിയ ആക്രമണത്തിനുമെതിരെ തെരുവിലിറങ്ങിയിരുന്നു. ചൈനയില്‍ ജനാധിപത്യത്തിനു വേണ്ടിയും ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയും വിദ്യാര്‍ഥികളും യുവജനങ്ങളും സമരങ്ങള്‍ നടത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് പിന്നിട്ട് നാം ഇരുപതാം നൂറ്റാണ്ടിലെത്തിയിട്ടും പുതിയ പ്രശ്നങ്ങള്‍ക്കെതിരെയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്ക് വേണ്ടിയും യുവജനത ഇപ്പോഴും കലഹിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. അടുത്തകാലത്ത് അണ്ണാഹസാരെയുടെ അഴിമതിക്ക് എതിരെയുള്ള സമരങ്ങള്‍ക്കും നിര്‍ഭയക്ക് നീതി നേടികൊടുക്കുവാനുള്ള സമരങ്ങള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നല്‍കിയ പിന്തുണ നാം കണ്ടതാണ്. അതു പോലെ രോഹിത് വെമുലയുടെ ആത്മഹത്യയും അതെ തുടര്‍ന്ന്‍ ഹൈദരാബാദ് , ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റികളില്‍ അരങ്ങേറിയ സംഭവങ്ങളുടെ ഉള്ളറകള്‍ പരിശോധിച്ചാല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെ ഒരു ഭരണകൂടം എത്രമാത്രം ഭയപ്പാടോടെയാണ് നോക്കി കാണുന്നത് എന്ന്‍ മനസിലാക്കാന്‍ സാധിക്കും. സമരമില്ലാത്ത കലാലയങ്ങളും പ്രതിഷേധമില്ലാത്ത സമൂഹവും എന്നും ജനാധിപത്യ വിരുദ്ധരുടെയും ഏകാധിപതികളുടേയും സ്വപ്ന ഭൂമികയാണ്. അത് കൊണ്ടാണ് ന്യായത്തിന് വേണ്ടിയും, തിരുത്തലിനു വേണ്ടിയും വിദ്യാര്‍ഥികള്‍ നടത്തുന്ന സമരങ്ങളെ അവര്‍ അടിച്ചമര്‍ത്താന്‍ ഒരുമ്പെടുന്നതും. ഇത്തരത്തില്‍ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്ക് ആ രാജ്യങ്ങളിലെ വിദ്യാഭ്യാസപരമോ സാമുഹ്യപരമോ ആയ കാര്യങ്ങളില്‍ നവ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ കാമ്പസുകളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പലപ്പോഴും സങ്കുചിതമായ ചിന്താഗതികളുമായി, രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി അധ:പതിച്ചു പോകുന്നുവെന്ന സത്യവും വിസ്മരിക്കാതെ വയ്യ.

എക്കാലത്തും അതത് കാലഘട്ടത്തിന്‍റെ പ്രതിഫലനങ്ങള്‍ തന്നെയാണ് കാമ്പസുകളും. ഒരു കാലത്ത് ചെമ്മീനും വേണുനാഗവള്ളിയും അനിയത്തിപ്രാവും ഓളങ്ങള്‍ സൃഷ്ടിച്ച അതെ കോളേജ് പറമ്പുകളില്‍ ഇന്നു ജോര്‍ജ് – മലര്‍ പ്രണയം അലയൊലികള്‍ സൃഷ്ടിക്കുന്നത് അതുകൊണ്ടാണ്. അതിനുമപ്പുറം പുതിയ കാലത്ത് നാം അറിയാതെ നമ്മിലേക്ക് എത്തിയ അതിരുകളില്ലാത്ത ഉപഭോഗസംസ്കാരം കിടമത്സരങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റ് ചിന്തകളുടെ വളര്‍ച്ച അനുദിനം സങ്കുചിതമായി കൊണ്ടിരിക്കുന്ന പൊതുബോധം ഇവയെല്ലാം നമ്മുടെ സമൂഹമനസ്സില്‍ സൃഷ്‌ടിച്ച എല്ലാ ജീര്‍ണ്ണതകളും നമ്മുടെ കാമ്പസുകളെയും ബാധിച്ചിട്ടുണ്ട്. രാഷ്ട്രത്തെകുറിച്ചും സമൂഹത്തെ കുറിച്ചും വ്യക്തമായ ബോധമില്ലാതെ വിദ്യാര്‍ഥികള്‍ അരാഷ്രീയവല്ക്കരിക്കപ്പെട്ടു പോകുന്നതാണ് ഇതിന് പ്രധാനകാരണം. ഈ സ്ഥിതിമാറണമെങ്കില്‍ സര്‍ഗാത്മകതയുടെ തുരുത്തുകള്‍ കാമ്പസുകള്‍ക്കകത്ത് സൃഷ്ടിക്കപ്പെടണം. സാമൂഹ്യ വികസനത്തിന് ഉതകുന്ന ചിന്തകള്‍ ഉയര്‍ന്നുവരണം. വര്‍ഗീയ ഫാസിസ്റ്റ് ആശയങ്ങളെ ചെറുക്കണം. ജനാധിപത്യപരമായതും സമൂഹത്തിന് ഫലപ്രദമായതുമായ ചര്‍ച്ചകള്‍ നടക്കാനുള്ള ഒരിടം കാമ്പസുകള്‍ക്കകത്ത് ഉണ്ടാവണം. ഈ ചിന്തകള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് സാധിക്കണം.

ഇത്തരത്തില്‍ പൊതുഇടങ്ങള്‍ സൃഷ്ടിച്ച് മാറുന്ന കാലത്ത് നവചിന്തകളുമായി ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഡിബെറ്റുകളും ആശയപ്രചരണങ്ങളും നടത്തി കൊണ്ട് അതുവഴി ഉണ്ടാവുന്ന ആരോഗ്യകരമായ നിര്‍ദേശങ്ങളെ സമൂഹമധ്യത്തില്‍ എത്തിച്ച് രാഷ്ട്രവളര്‍ച്ച വഴിക്കല്ലുകള്‍ നാട്ടുമ്പോഴാണ് നാം ഉത്തമ പൗരന്മാരാകുന്നത്, നമ്മുടെ മുന്‍ഗാമികള്‍ക്ക് അഭിമാനിക്കാവുന്ന പിന്മുറക്കാരാവുന്നത്, ഭാവി തലമുറയെ ഉയരങ്ങളിലേക്ക് വഴി നടത്തുന്നവരാകുന്നത്.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>