മായാനദിക്കരയിൽ

ഒരു സിനിമ കണ്ടു കഴിഞ്ഞിട്ട് രണ്ടു ദിവസമായിരിക്കുന്നു. ഇപ്പോഴും കൺ മുൻപിലുണ്ട് സോഡിയം വെളിച്ചത്തിൽ റോഡിലേക്കു ചാഞ്ഞു കിടക്കുന്ന മെട്രോ പാലത്തിന്റെ തൂണുകളുടെ നീണ്ട നീണ്ട നിഴലുകൾ. അതിലൂടെ കുബൂസിന്റെ പാർസൽ പൊതിയുമായി നടന്നു നീങ്ങുന്ന അപ്പു.
അവൾ കാതോർക്കുന്നുണ്ട്…
” അപ്പു എനിക്ക് ഒന്ന് സംസാരിക്കണം “- എന്ന മുഖവുരയോടെ തുടങ്ങുന്ന മാത്തന്റെ ശബ്ദത്തിനായി.

മാത്തനു അവളോട് പ്രണയമാണ്. പക്ഷെ അവൾക്ക് ഒരു ആശയകുഴപ്പമുണ്ട്; പ്രണയത്തിൽ മാത്രമല്ല ജീവിതത്തിൽ, അവളുടെ ഐഡന്റിറ്റിയിൽ വരെ. പക്ഷെ അവൾക്ക് ബോധ്യമുണ്ട് സ്വപ്നങ്ങൾക്ക് പിന്നാലെ ഓടുന്നതിനിടയിൽ തനിക്ക് കാലിടറിപോയാൽ ഒരു ആത്മവിശ്വാസകുറവ് അനുഭവപ്പെട്ടാൽ ഒരു വിളിപ്പുറത്ത് അവനുണ്ടാകുമെന്ന്. അവനെക്കുറിച്ച് അവൾക്ക് ആവലാതികളില്ല. അവൾക്കറിയാം അവൻ ഒരു സർവൈവാറാണെന്ന്. അപ്പു അവളുടെ ജീവിതത്തിനും സ്വപ്നത്തിനും പിറകെയാണ്, മാത്തൻ അവൾക്ക് പിറകെയും. അവൾ മാത്രമാണ് അവന്റെ സ്വപ്നവും ജീവിതവും. ഒരു മായാനദിപോലെ ഒഴുകുകയാണ് അവരുടെ പ്രണയവും ജീവിതവും സ്വപ്നങ്ങളും.

ഇവരെ കൂടാതെയും കുറെ മനുഷ്യരുണ്ട്.
സ്‌ക്രൂഡ്രൈവർ കൊണ്ട് വൈൻ ബോട്ടിൽ കുത്തി തുറന്ന് ബാൽക്കണിയിൽ ഇരുന്ന് പാട്ടുപാടുന്ന അപ്പുവിന്റെ രണ്ടു കൂട്ടുകാരികൾ. അതിൽ ഒരാൾ സിനിമനടിയാണ്. സ്വന്തം ഇക്കയെ പേടിക്കുന്ന ഇമേജിനെ പേടിക്കുന്ന ഒരു സിനിമാക്കാരി. മാത്തന്റെ ഒരു ആശാനുണ്ട്. പഴയകാല ഗുണ്ടായിസ ജീവിതത്തിന് ഷട്ടറിട്ട് അതിൽ നിന്നും മാറി നടക്കുന്ന ഒരു ആശാൻ. പിന്നെ നല്ലവരെന്നോ ചീത്തകളെന്നോ തിരിച്ചറിയാത്ത രണ്ട് പൊലീസുകാർ. അവരോടൊപ്പം ജോലിയോട് കൂറുള്ള മറ്റൊരു പൊലീസുകാരൻ. സമൂഹത്തിന്റെ മുന്നിൽ സ്റ്റാറ്റസ് നിലനിർത്താൻ കഷ്ടപ്പെടുന്ന ഒരു അമ്മ. ഒരേ സമയം പൂർണ്ണവും അപൂർണവുമായ കുറെ മനുഷ്യർ. ഇവരുടെയൊക്കെ ഉള്ളിലെന്താണെന്ന് ആർക്കറിയാം.

യാഥാർഥ്യവും ഫിക്ഷനും ഇഴചേരുന്ന ഒരു നേർത്തവരയിലുടെയാണ് സിനിമയുടെ സഞ്ചാരം. ജീവിതത്തിന്റെ അസ്ഥിരതയാണ് സത്യത്തിൽ സിനിമയുടെ പ്രമേയം. അത് ഉൾക്കൊണ്ടുള്ള അതിജീവനമാണ് സിനിമ ബാക്കിവെക്കുന്നതും.

സിനിമയെന്ന മാധ്യമത്തിന്റെ കലാപരമായ സൗന്ദര്യത്തിനുമപ്പുറം മായാനദി പറഞ്ഞുവെക്കുന്ന ചിലതുണ്ട്. ഒരു പക്ഷെ വ്യക്തമായ സാമൂഹ്യരാഷ്ട്രീയ ബോധ്യമുള്ള തിരക്കഥാകൃത്തുകൾക്കും സംവിധായകനും മാത്രം സാധ്യമാകുന്ന ചിലത്.
സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് അപർണ പറയുമ്പോൾ അത് സത്യത്തിൽ
ശാരീരികബന്ധമെന്നത് പെണ്ണിന്റെ ശരീരത്തെയും മനസിനെയും കീഴടക്കലാണെന്ന ആണിന്റെ ഗർവ്വിനേൽക്കുന്ന മുഖമടച്ചുള്ള അടിയാണ്. മറ്റൊരു ഘട്ടത്തിൽ വൺസ് മോർ എന്ന് പറഞ്ഞ് മാത്തനോട് ചുംബനം ചോദിച്ചു വാങ്ങുന്ന അപർണ്ണയും നമ്മുടെ സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത നായികാമുഖമാണ്.
അതിനുമപ്പുറം രാത്രി തനിക്ക് വേണ്ടി വീട്ടിലെത്തിയ ആൺസുഹൃത്തിനെ മുറിക്ക് പുറത്തേക്കിറക്കി അമ്മയ്ക്ക് പരിചയപ്പെടുത്തുന്ന പെണ്ണ് നമുക്ക് ഒരു അത്ഭുതവുമാണ്. ഇതിനെ ചൊല്ലിയൊക്കെയും സാംസ്ക്കാരിക മൂല്യച്യുതിയെന്ന് പറഞ്ഞുള്ള കലഹങ്ങളും ഉണ്ടായേക്കാം. പ്രണയവും രതിയും സ്വപ്നങ്ങളും ജീവിതവുമടക്കം തനിക്ക് വേണ്ടതിനെ കുറിച്ചെല്ലാം വ്യക്തമായ നിലപാടുകൾ ഉള്ള
അതിജീവനത്തിന് വേണ്ടി തന്റെ കുറവുകളോട് പൊരുതുന്ന വ്യക്തിത്വമുള്ള ഒരു സ്ത്രീകഥാപാത്രത്തെ സൃഷ്ടിച്ചുവെന്നത് സാധാരണഗതിയിൽ ഒരു വലിയ കാര്യമൊന്നുമല്ല. പക്ഷെ പെണ്ണിന്റെ അഭിപ്രായപ്രകടനങ്ങൾ വരെ ചോദ്യം ചെയ്യപ്പെടുന്ന നാട്ടിൽ അതൊരു വിപ്ലവമാണ്. പക്ഷെ ഇതൊന്നും സിനിമ നമ്മളിൽ അടിച്ചേല്പിക്കുന്നില്ല. വരികൾക്കിടയിലൂടെ നോക്കിയാൽ വ്യക്തമായി കാണാമെന്ന് മാത്രം.

ജീവിതത്തിന്റെ അസ്ഥിരതയെ അടയാളപ്പെടുത്തി ഒരു നോവും പ്രതീക്ഷയും ബാക്കി വച്ച് വെള്ളിത്തിരയിൽ നിന്നും മനസിലേക്ക് മായാനദി ഒഴുകി തീരുമ്പോൾ നമ്മൾ എത്തിനിൽക്കുന്നത് ആ സോഡിയം വേപ്പർ വെളിച്ചത്തിന്റെ താഴെ ഒരു മെട്രോ പില്ലറിന്റെ നിഴലിലായിരിക്കും. കണ്ണടച്ചാൽ കാണുന്നത് ആളൊഴിഞ്ഞ നഗര വഴികളിലൂടെയും പാലത്തിന് മുകളിലൂടെയും നടന്നു പോകുന്ന, പെട്ടികടയിൽ നിന്ന് ബൂസ്റ്റ് കുടിക്കുന്ന മാത്തനേയും അപ്പുവിനെയുമാണ്. പ്രണയത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യാവിഷ്കരങ്ങളാണ്. കണ്ണു തുറന്നാലും ചിലപ്പോൾ കാണാനായേക്കും പകുതിയും അടച്ചുകഴിഞ്ഞ ഏതെങ്കിലും ഹോട്ടലിൽ നിന്ന് പാർസലും വാങ്ങി വീട്ടിലേക്ക് നടക്കുന്ന അപ്പുവിനെ പോലെ മറ്റൊരാളെ. കൂടെ നടക്കാനും വല്ലപ്പോഴുമൊക്കെയോന്നു വിളിക്കാനും മാത്തനെ പോലെയൊരാളെ ചിലപ്പോൾ അവരും പ്രതീക്ഷിക്കുന്നുണ്ടാവും.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>