ഞാന്‍ കണ്ട കമ്മട്ടിപ്പാടം

നഗരവല്‍ക്കരണത്തിന്റെയും മനുഷ്യത്വ വിരുദ്ധമായ വികസനങ്ങളുടെയും ഇടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിസഹായരായ കുറേ മനുഷ്യരുടെ കഥ, രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം. റിയലസ്റ്റിക്ക് സിനിമ ആഖ്യാനത്തിന്റെ മനോഹാരിത. സംവിധായകന്‍റെ ക്ലാസ് അതിനുമപ്പുറം ചില കാരണങ്ങളുണ്ട് എനിക്ക് ഈ ചിത്രത്തെ ഇഷ്ടപ്പെടാന്‍. തിരശ്ശീലയിലെ സിനിമ പ്രദര്‍ശനം അവസാനിച്ചു കഴിഞ്ഞാലും ചില ജീവിത ചിത്രങ്ങള്‍ നമ്മുടെ മുന്നിലേക്കെത്തിക്കുന്ന ചില സിനിമകള്‍ ഉണ്ട്. കമ്മട്ടിപ്പാടം എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അനുഭവമായിരുന്നു. സിനിമ അവസാനിച്ച സ്ക്രീനില്‍ എന്‍റെ തന്നെ ചില ഓര്‍മ്മ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുകയുണ്ടായി.

പണ്ട് അച്ഛന്‍ കണ്ണൂര്‍ ബര്‍ണ്ണശ്ശേരിയിലെ സ്കൂള്‍ ഹെഡ്മാസ്റ്ററായി ജോലി ചെയ്യുന്ന കാലം. സ്കൂളിലെ കഥകളെല്ലാം വള്ളിപുള്ളി വിടാതെ വീട്ടില്‍ വന്ന് പറയുമായിരുന്നത് കൊണ്ട് എല്ലാ അധ്യാപകരുടേയും ചില കുട്ടികളുടെയും പ്യൂണ്‍ തങ്കമണിയും കുട്ടികള്‍ക്ക് കഞ്ഞി വച്ച് കൊടുക്കാനായി വരുന്ന ഒരു ചിത്രലേഖയും അവരുടെ മകന്റെയും അടക്കം എല്ലാവരുടെയും ഒരു രേഖചിത്രം എന്‍റെ മനസ്സില്‍ ഞാന്‍ വരച്ചു വച്ചിട്ടുണ്ടായിരുന്നു. അന്ന് കണ്ണൂര്‍ താവക്കര ബസ്‌ സ്റ്റാന്‍ഡിനെ പറ്റിയുള്ള ആലോചനകള്‍ നടക്കുന്ന കാലമായിരുന്നു. ഒരു ദിവസം അച്ഛന്‍ പറയുന്നത് കേട്ടു ബസ്‌ സ്റ്റാന്റ്ന്‍റെ സ്ഥലം എടുപ്പില്‍ ചിത്രലേഖയുടെ വീടും സ്ഥലവും പോകുമെന്ന്. കുറച്ചു നാളുകള്‍ക്ക് ശേഷം അവര്‍ സ്കൂളിലെ ജോലി നിര്‍ത്തി വേറെ എവിടെക്കോ പോയിയെന്നും അച്ഛന്‍ പറയുന്നത് ഞാന്‍ കേട്ടു. ചിത്രലേഖയും അവരുടെ അഞ്ചു വയസ്സുള്ള മകനും അവരുടെ കഥ അവിടെ അവസാനിച്ചു. അതിമനോഹരമായ ബസ്‌ സ്റ്റാന്റ് താവക്കരയില്‍ യാഥാര്‍ത്ഥ്യമായി. പിന്നീട് റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍ സ്മാര്‍ട്ട്‌സിറ്റി ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരാറുണ്ട് സ്വന്തം കിടപ്പാടം വിട്ട് എങ്ങോട്ടോ വണ്ടി കയറിപോകേണ്ടി വരുന്ന ചിത്രലേഖയെ പോലെയുള്ളവരെ. കമ്മട്ടിപാടത്തിന്റെ ഒടുവില്‍ ഞാന്‍ ഓര്‍ത്തു ആ അമ്മയേയും മകനെയും.
Dulquer Salman Kammatti Paadam Movie First Look
കൃഷ്ണന്‍ എന്ന ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തിന്റെ ഓര്‍മ്മകളിലൂടെ മൂന്ന്‍ തലമുറകളില്‍ കൂടിയുള്ള സഞ്ചാരമാണ് ചിത്രം. കുട്ടിക്കാലം മുതല്‍ ഉള്ള കൃഷ്‌ണന്‍റെ ജീവിതം അതില്‍ കടന്നു വരുന്ന മനുഷ്യരുടെ ആത്മബന്ധങ്ങള്‍. ഒപ്പം നാഗരിക ജീവിതത്തിന്‍റെ വളര്‍ച്ചയും അതിലേക്കായി കുടിയിറക്കപ്പെടുന്ന ജീവിതങ്ങളും. ഇവയെല്ലാം പരാമര്‍ശിക്കുന്ന കമ്മട്ടിപ്പാടം സംസാരിക്കുന്നത് ഒരു നഗരത്തിന്റെ വളര്‍ച്ചയില്‍ ഇരകളായി തീര്‍ന്നവരുടെ പക്ഷം ചേര്‍ന്നാണ്.

വളര്‍ച്ചയുടെ പാതയിലേക്ക് കൊച്ചി നഗരം കാലെടുത്ത് വച്ച് തുടങ്ങിയ കാലത്ത് ശരിയും തെറ്റുമെന്തെന്നു തിരിച്ചറിയാതെ മാഫിയകള്‍ക്ക് വേണ്ടി ഗുണ്ടാപണി ചെയ്ത കൃഷണനും, ഗംഗനും ബാലനും. തങ്ങള്‍ പണി ചെയ്ത ചേറില്‍ നെല്ലിനു പകരം കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ പടര്‍ന്ന്‍ പന്തലിക്കുന്നതും തന്‍റെ ചെറുമക്കള്‍ അവര്‍ക്ക് വിടുപണി ചെയ്യുന്നതും കണ്ട് നെഞ്ചുതകര്‍ന്ന്‍ മരിക്കുന്ന അച്ചാച്ചന്‍. ഒപ്പം സിനിമയുടെയും കൊച്ചിയുടെയും വളര്‍ച്ചയ്ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് ഒന്നുമല്ലാതായി പോകുന്ന കുറേ ജീവിതങ്ങള്‍. അവരുടെ നിസ്സഹായത തന്‍റെ ദൃശ്യഭാഷയിലൂടെ അനുഭവവേദ്യമാക്കുന്നുണ്ട് രാജീവ്‌ രവി.
വളരെ പതിഞ്ഞ താളമാണ് ചിത്രത്തിന്റെത്. മൂന്ന്‍ മണിക്കൂര്‍ ദൈര്‍ഘ്യവുമുണ്ട്. കഥപറച്ചിലിലും സാങ്കേതിക വശങ്ങളിലും മികച്ചു നില്‍ക്കുന്ന ചിത്രം പ്രേക്ഷകരെ യഥാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നത് കാസ്റിംഗിലാണ്. കഥാപാത്രങ്ങളുടെ ചെറുപ്പകാലം അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ മുഖത്തിലും രൂപത്തിലുമുള്ള സാമ്യതകൾ അത്ഭുതപ്പെടുത്തുന്നതാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കളും നല്ല പ്രകടനം തന്നെ നടത്തി. ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു സംഭാഷണങ്ങള്‍.

ഗംഗ എന്ന വേഷത്തില്‍ എത്തുന്ന വിനായകനാണ് ചിത്രത്തിലെ ഏറ്റവും മികച്ച പെര്‍ഫോമര്‍. ബാലന്‍ എന്ന വേഷത്തില്‍ മണികണ്ടനും നല്ല പ്രകടനം നടത്തി.

സിനിമാ തിരഞ്ഞെടുപ്പിലും കഥാപാത്ര അവതരണത്തിലും വ്യത്യസ്തത തുടരുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മൂന്ന്‍ ഗെറ്റപ്പുകളിലായി മിതത്വമാര്‍ന്ന അഭിനയം കാഴ്ചവെക്കുന്നു ദുല്‍ഖര്‍. മലയാള സിനിമയിലെ വിലപ്പിടിപ്പുള്ള ഒരു യൂത്തനായിട്ടും തട്ടുപൊളിപ്പന്‍ മസാല സിനിമകള്‍ ചെയ്യാതെ തന്‍റെ കമെഴ്ഷ്യല്‍ വാല്യൂ ഉപയോഗിച്ചു ഇതു പോലുള്ള നല്ല സിനിമകളെ മുഖ്യധാരയില്‍ എത്തിക്കുന്നു എന്നതു തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടിയും മലയാള സിനിമ വ്യവസായത്തോടും ദുല്‍ഖര്‍ ചെയ്ത ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ കാര്യം.

ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ മാസാല ചിത്രങ്ങളുടെ പ്രേക്ഷകരെ രസിപ്പിക്കില്ല കമ്മട്ടിപ്പാടം. എന്നാല്‍ സിനിമ സംസാരിക്കുന്ന രാഷ്ട്രീയവും അതിന്‍റെ അവതരണത്തിലെ ഭംഗിയും കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല രാജീവ്‌ രവി.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>