കാര്‍ബണിലെ കാര്‍ബണിക രസതന്ത്രം…

കാർബൺ – നമ്മുടെ ലോകത്തിന്റെ നിലനില്പിനാവശ്യമായ എലമെന്റുകളിലൊന്ന്. നിത്യജീവിതത്തിൽ നാമുപയോഗിക്കുന്ന ഏകദേശം എല്ലാ വസ്തുക്കളിലും ചെറിയ തോതിലെങ്കിലും സാന്നിധ്യമറിയിക്കുന്ന രാസഘടകം. അത് ഒരു മലയാള സിനിമയുടെ പേരായി വരിക; സിനിമ ഗൗരവമായി നിരീക്ഷിക്കുന്നവർക്ക് വലിയ കൗതുകമുണ്ടാക്കുന്ന കാര്യമാണത്. പടത്തിന്റെ ടൈറ്റിൽ ഡിസൈനും, ഡയമണ്ടിനെ, ബെൻസീനിനെ, കാർബണിക സംയുക്തങ്ങളുടെ ഘടനയെ ഓർമ്മപ്പെടുത്തുന്ന പോസ്റ്ററുകളും പുറത്തിറങ്ങിയപ്പോഴേക്കും ഈ കൗതുകം വർദ്ധിച്ചു.

ക്ലിഷേ ഫോർമുല സിനിമകളിൽ നിന്നും പ്രമേയപരമായ പുതുമകളിലേക്കും, അവിടെ നിന്ന് റിയലിസ്റ്റിക് ആഖ്യാനരീതികളിലേക്കും ചുവടുമാറ്റം നടത്തിയ നടത്തികൊണ്ടിരിക്കുന്ന നമ്മുടെ സിനിമയ്ക്ക് പുതുവഴി തുറന്നു കൊടുക്കുന്നുണ്ട് കാർബൺ. സിനിമയെ പറ്റി പൂർണ്ണമായി പറയാതെ അത് പ്രേക്ഷകരുടെ ചിന്താശേഷിക്ക് കൂടി വിട്ടുകൊടുക്കുകയെന്നത് നമുക്ക് അധികം പരിചയമില്ലാത്ത കഥാകഥന രീതിയാണ്. മുന്നറിയിപ്പിൽ താൻ തന്നെ പരീക്ഷിച്ച ഈ ശൈലി കുറച്ചുകൂടി വലുതായി ഉപയോഗിക്കുകയാണ് വേണു കാർബണിൽ.

പേരിനെ പറ്റിയുള്ള ദുരൂഹതകൾ മാറ്റി വച്ചാൽ സിബിയെന്ന പാലക്കാരൻ യുവാവിന്റെ ജീവിത യാത്രയാണ് സിനിമയുടെ പ്രമേയം. പണമുണ്ടാക്കാൻ തന്റെ മണ്ടൻ ഐഡിയക്കൾക്ക് പിറകെ പോവുകയാണ് അയാൾ. ഒടുവിൽ സാഹചര്യങ്ങൾക്ക് അടിപ്പെട്ട് കാടിന് നടുവിലെ ഒരു ബംഗ്ലാവിന്റെ മാനേജറായി അയാൾക്ക് ജോലി ചെയ്യേണ്ടി വരുന്നു. അവിടെ നിന്നും നിധി തേടി അയാൾ വീണ്ടും യാത്ര തുടരുകയാണ്. തുടർന്ന് അയാൾക്ക് ഒരു മാറ്റം സംഭവിക്കുന്നു. ഏറ്റവും പുറമേ നിന്ന് നോക്കിയാൽ ഇതാണ് കാർബൺ എന്ന വേണുവിന്റെ സിനിമ. വെറുതെ ഒരു സിനിമക്ക് പോയ്കളയാം എന്ന് കരുതി ഇറങ്ങി ടിക്കറ്റ് എടുത്ത് കാണേണ്ട സിനിമയല്ല കാർബൺ. അതു കൊണ്ട് തന്നെ ഒരു സാധാരണ സിനിമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ടപ്പെടുമോയെന്നും പറയാൻ പറ്റില്ല. സിനിമ വിദ്യാർത്ഥികളും സിനിമയെന്ന മീഡിയത്തോട് കൗതുകം പ്രകടമാക്കുന്നവരും നിർബന്ധമായും കണ്ടിരിക്കണം ഈ സിനിമ.

എന്‍റെ ചില വട്ട് തോന്നലുകൾ മാത്രമാണ് ഇനിയങ്ങോട്ട് എഴുതി പിടിപ്പിച്ചിരിക്കുന്നത്.

കാട്ടിലെ യാത്രയ്ക്ക് തന്നോടോപ്പം വന്ന സമീറയെയും സ്റ്റാലിനെയും ആദിവാസി ബാലനെയും തനിച്ചാക്കി യാത്ര ചെയ്യുന്ന സിബി ആദ്യം തിരിച്ചറിയുന്നത് വെള്ളത്തിന്റെ വിലയാണ്. ഒരു പക്ഷെ തലക്കാണിയിൽ ശുദ്ധജലം കിട്ടില്ല എന്നറിയുന്നത് കൊണ്ടാവും പാണ്ടിപ്പത്തിൽ തന്നെ ടെന്റടിക്കാൻ സ്റ്റാലിൻ നിർബന്ധം പിടിച്ചത്. അത് സിബി തിരിച്ചറിയുന്നത് വെള്ളം കിട്ടാതാവുമ്പോൾ മാത്രമാണ്.
സത്യത്തിൽ നമ്മളെ നമ്മളായി നില നിർത്തുന്ന ചുറ്റിലുമുള്ള നിധികൾ തിരിച്ചറിയാതെ ഇല്ലാത്തതിന്റെ പിറകെ തേടി പോകുന്ന മനുഷ്യരുടെ പ്രതിനിധിയാണ് സിബി. മറ്റൊരുതരത്തിൽ പറഞ്ഞാൽ നമ്മുടെയെല്ലാം ഉള്ളിൽ ഒരു സിബിയുണ്ട്. നമ്മുടെ നന്മ ആഗ്രഹിക്കുന്നവരും, നമ്മുടെ
വഴികാട്ടികളും, ഇപ്പോൾ അനുഭവിക്കുന്ന സുഖങ്ങളും എല്ലാം ഒരു തരത്തിൽ നമുക്ക് കിട്ടിയ നിധികളാണ്. ഒടുവിൽ വിഷകൂൺ ഭക്ഷിച്ച് ജീവൻ പോകുന്ന അവസ്ഥയിൽ വായിലേക്ക് മഴതുള്ളികൾ ഇറ്റു വീഴുമ്പോൾ സിബി തിരിച്ചറിയുന്നത് ഇതാണ്.
നിധിയെന്നത് ഒരു സങ്കല്പമാണ് ചുറ്റുപാടിനനുസരിച്ച് അത് മാറികൊണ്ടേയിരിക്കും.
ഒടുവിൽ തന്റെ മനസ്സിൽ അനാവശ്യമായ മോഹം ജനിപ്പിച്ച ആ വാൾപിടി വഴിയിൽ ഉപേക്ഷിച്ച് അവൻ മലയിറങ്ങുന്നു.
പക്ഷെ അവൻ എത്തിച്ചേരുന്നത് അവന്റെ ജീവിതത്തിൽ നിന്നും ഏറെ അകലെയാണ്. അവന് മടങ്ങിയെത്തേണ്ടത് ചീങ്കണ്ണിപാറയിലാണ്. ജീവിതത്തെ കുറിച്ചും യഥാർത്ഥ നിധിയെ കുറിച്ചുമുള്ള തിരിച്ചറിവ് നേടിയ അവന്റെ മുന്നിൽ മടങ്ങിപോക്ക് ഒരു വിഷയമേയായിരുന്നില്ല.
സിബി ഉയർത്തിക്കാട്ടുന്ന സ്വർണ്ണനാണയം യഥാർത്ഥത്തിൽ അവന്റെ തിരിച്ചറിവാണ്.
ടൈറ്റിലിലെ ആഷസ് ആൻഡ് ഡയമണ്ട് എന്നതുമായി ചേർത്ത് വായിച്ചാൽ തിരിച്ചറിവ് നേടിയാൽ ഏത് കരിക്കട്ടയ്ക്കും വജ്ര തുല്യമാവാം എന്ന് സാരം.

തിരിച്ചറിവിന്റെ കഥയ്ക്ക് എന്തിന് കാർബൺ എന്ന് പേരിടണം..??
ഇതിന് കുറച്ചു കൂടി രസതന്ത്രത്തിൽ ഊന്നിയ വിശദീകരണം ആവശ്യമാണ്.

കാർബൺ എന്ന മൂലകത്തിന്റെ ഒരു പ്രത്യേകത എലമെന്റ് ആയിട്ടുള്ള അവസ്ഥയിൽ അത് രാസപ്രവർത്തനത്തിൽ ഏർപ്പെടാറില്ല എന്നതാണ്. അതിന് പകരമായി സ്വന്തം ആറ്റങ്ങളുമായി സംയോജിച്ചും മറ്റു എലമെന്റസിന്റെ ആറ്റങ്ങളുമായി പലരീതിയിൽ കൂടി ചേർന്നും വളരെ എളുപ്പത്തിൽ സംയുക്തങ്ങൾ ഉണ്ടാക്കാൻ കാർബണിന് സാധ്യവുമാണ്. അങ്ങനെ കോടികണക്കിന് കൂട്ടൂകച്ചവടമാണ് രാസലോകത്ത് കാർബൺ നടത്തി കൊണ്ടിരിക്കുന്നത്. മറ്റു മൂലകങ്ങൾ കൂടി ചേർന്നുണ്ടാവുന്ന സംയുക്തങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ ഈ കാർബണിക സംയുക്തങ്ങൾ വളരെയധികം പ്രത്യേകതകൾ നിറഞ്ഞതുമാണ്.
ഇതിന് സമാന രീതിയിൽ സിനിമയിൽ ഒരു വ്യക്തി എന്ന നിലയിൽ ഒറ്റയ്ക്ക് ജോലി ചെയ്യാതെ മറ്റു പല കൂട്ടൂകച്ചവടങ്ങളിലുമാണ് സിബിയുടെയും ശ്രദ്ധ. എല്ലാം വളരെ വ്യത്യസ്തങ്ങളും സാധാരണക്കാർ ചെയ്യാത്തതുമാണ്. റിയൽഎസ്റ്റേറ്റിലോ, സ്വർണ്ണക്കടത്തിലൊ അവൻ ഏർപ്പെടുന്നില്ല.

ഈ സിനിമയുടെ പ്രമേയം തന്നെ കരിക്ക് തുല്യമായ അവസ്ഥയിൽ നിന്ന് വജ്ര തുല്യമായ മാനസിക നിലയിലേക്ക് സിബി പരിവർത്തനപെടുന്നതാണല്ലോ.

മുകളിൽ പറഞ്ഞ പോയിന്റിന്‍റെ അടിസ്ഥാനത്തിൽ സിബി കാർബണിന് സമമാണ് എന്ന് നമ്മൾ ഉറപ്പിക്കുകയാണ്.

പ്രകൃതിയിൽ ശുദ്ധമായ അവസ്ഥയിൽ കാർബൺ കാണപ്പെടുന്നത് രണ്ട് രീതികളിലാണ്. ഗ്രാഫൈറ്റ് അഥവാ കരിയുടെ ഒരു വകഭേദം, പിന്നെ വജ്രം.
ആധുനിക രസതന്ത്രം പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഗ്രാഫൈറ്റിൽ നിന്നും എങ്ങനെ വജ്രം ഉണ്ടാക്കാമെന്നത്. ആറ്റങ്ങളുടെ ക്രമീകരണത്തിൽ ഉള്ള വ്യത്യാസം കൊണ്ടാണല്ലോ കാർബണിന് ഗ്രാഫൈറ്റായും ഡയമണ്ടായും രൂപമാറ്റം ഉണ്ടാവുന്നത്. അപ്പോൾ ഗ്രാഫൈറ്റിൽ നിന്നും വജ്രം ഉണ്ടാക്കാനായി ചെയ്യുന്ന കാര്യം ഗ്രാഫൈറ്റിന്റെ മുകളിൽ അത്യാധികമായി പ്രഷർ അപ്ലൈ ചെയ്യുകയെന്നതാണ്. ആ സമയത്ത് കാർബൺ ആറ്റങ്ങളുടെ ക്രമീകരണത്തിൽ വ്യത്യാസം സംഭവിക്കുകയും ചെയ്യുന്നു. പക്ഷെ വജ്രത്തിന്റെ പരലുകൾ അടിയാൻ വേണ്ടി കാർബൺ ഓക്സിജൻ ഹൈഡ്രജൻ എന്നിവയടങ്ങിയ ദ്രാവക രൂപത്തിലുള്ള സംയുക്തങ്ങളുടെ അഥവാ ഒരു സൂപ്പർ ഫ്ലൂയിഡിന്റെ സാന്നിധ്യവും ഈ പ്രവർത്തനത്തിൽ ആവശ്യമാണ്.

സിനിമയിലേക്ക് തിരികെ വന്നാൽ ഇതേ രാസപ്രവർത്തനത്തിന് തുല്യമായ സീനുകൾ കാണാൻ സാധിക്കും.
കരിയുടെ അവസ്ഥയിൽ നിന്നും 3 പേരോടൊപ്പം സിബി യാത്ര തിരിക്കുന്നു.
( സിബിയെ കാർബൺ എലമെന്റ് ആയി സങ്കല്പിച്ചാൽ സമീറയെയും, സ്റ്റാലിനെയും ആദിവാസി ബാലനെയും മാറ്റ് ഏതെങ്കിലും മൂലകങ്ങളുടെ ആറ്റങ്ങളായി കണക്കാക്കാം. അവർ തമ്മിലുള്ള ബന്ധത്തെ ഓരോ കോവാലൻ ബോണ്ടുകളായും.)
പാതിവഴിയിൽ വച്ച് അവരെ തിരിച്ചയക്കുന്നു.
( ബോണ്ടുകൾ വേർപ്പെട്ടാൽ കാർബൺ അതിന്റെ പ്രാഥമിക രൂപമായ കരി അഥവാ ഗ്രാഫൈറ്റ് എന്ന അവസ്ഥയിലേക്ക് എത്തിചേരുന്നു എന്ന് ചിന്തിക്കാം; പൂർണ്ണമായും ശരിയല്ലെങ്കിൽ കൂടിയും )
അവൻ ഒറ്റയ്ക്ക് അത്യധികം സമ്മർദങ്ങളിലൂടെ കടന്നു പോകുന്നു. അങ്ങനെ മൃതപ്രായനായ സിബി മഴ പെയ്തുണ്ടായ വെള്ളം കുടിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ( മഴ ഇവിടെ രാസപ്രവർത്തനത്തിലേ സൂപ്പർ ഫ്ലൂയിഡിന്റെ റോൾ ചെയുന്നു. )
അവൻ കരി അവസ്ഥ വിട്ട് വജ്രതുല്യതയിലേക്ക് ഉയരുകയാണ്.

ഈ പറഞ്ഞത് എന്‍റെ മാത്രം തോന്നലുകളാണ്. ഓരോ പ്രേക്ഷകനും അവന് ഇഷ്ടപെടുന്ന രീതിയില്‍ ചിന്തിച്ചെടുക്കാന്‍ സാധിക്കുന്ന സിനിമ. ഓരോ പ്രേക്ഷകനും കാണുന്നത് അവന്‍റെ മാത്രം സിനിമ. എന്നെ സംബന്ധിച്ചിടത്തോളം കാര്‍ബണ്‍ ഒരു വ്യത്യസ്ത അനുഭവമാകുന്നത് ഇതു കൊണ്ടാണ്.

  1. a good review

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>