സീന്‍ കൊണ്ട്ര…..

പണ്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാവുക എന്ന ജീവിതലക്ഷ്യത്തോടെ നാല് വര്‍ഷം പഠിച്ച് പണ്ടാരമടക്കിയ ബിടെക്ക്ന് ശേഷം തുടര്‍ന്ന്‍ കുറേ കാലം ജീവിതത്തിലുണ്ടായ ദുരിത പര്‍വ്വതത്തിന്റെ അവസാനകാലം ഞാന്‍ കഴിച്ചുകൂട്ടിയത് ഏറണാകുളം നോര്‍ത്തില്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ കോഴ്സ് ട്രെയിനിംഗ് ഇന്സ്ടിട്യുട്ടിന്റെ കെട്ടിടത്തിലെ നാലാമത്തെ നിലയിലായിരുന്നു. ബി.ടെക് എം.സി.എ പിള്ളേരുടെ അക്കാദമിക് പ്രോജെക്റ്റുകള്‍ തട്ടിക്കൂട്ടി ചെയ്തു കൊടുക്കുകയെന്നതായിരുന്നു ഞങ്ങളുടെ ജോലി. മരിച്ചിട്ടും മോക്ഷം കിട്ടാത്ത ആത്മാക്കളെ പോലെ ബിടെക് കഴിഞ്ഞിട്ടും ജോലി കിട്ടാത്ത എന്നെ പോലെയുള്ള കുറച്ചു ചെറുപ്പകാര്‍ അന്നവിടെ കാര്യമായ ശമ്പളമൊന്നുമില്ലാതെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു ഒരു വര്‍ഷകാലത്തിനു ശേഷം ഞാന്‍ അവിടെ നിന്നും പുറത്ത് ചാടി കാര്യമായിട്ട് ഒന്നുമായിലെങ്കിലും ചെറുതായിട്ട് എന്തോ ഒരു ജോലി കിട്ടി. സ്റ്റേഡിയം കെട്ടിടത്തിലുള്ള ഇന്‍ക്യുബേഷന്‍ സെന്റെറില്‍ ഉള്ള ഒരു ചെറിയ ഐ.ടി കമ്പനിയില്‍. അവിടെ ഇതുപോലുള്ള പത്ത് മുപ്പത് ഐ.ടി കമ്പനികള്‍ വേറെയും ഉണ്ടായിരുന്നു. ഈ മുപ്പത് കമ്പനികളിലെ ജീവനക്കാരും പരസ്പരം ചിരിച്ചും കളിച്ചും വായ്നോക്കിയും ലൈനടിച്ചും പരദൂഷണം പറഞ്ഞും, ഒരേ വാഷ്‌റൂമില്‍ നിന്ന് മുഖം കഴുകിയും ഒരേ ഡൈനിംഗ് റൂമില്‍ നിന്ന് ഭക്ഷണം കഴിച്ചും സസുഖം ജീവിച്ച് പോകുന്ന കാലത്താണ് അത് സംഭവിച്ചത്.

******

ഒന്ന് :
ആ പഴയ ട്രെയിനിംഗ് ഇന്സ്ടിട്യുട്ടില്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന ഒരു സുമുഖനായ ചെറുപ്പക്കാരന് ബാംഗ്ലൂര്‍ വിപ്രോയില്‍ ജോലി ലഭിക്കുന്നു. അതിന്‍റെ സന്തോഷം പങ്കുവയ്ക്കാന്‍ അവന്‍ ഒരു പാര്‍ട്ടി നടത്തുകയുണ്ടായി. നമ്മുടെ ഇന്സ്ടിട്യുട്ടിന്‍റെ ടെറസ്സില്‍ വച്ച് തന്നെ. ആ പാര്‍ട്ടിയങ്ങനെ പുരോഗമിച്ച്‌ കൊണ്ടിരിക്കുമ്പോഴാണ് കോട്ടയകാരന്‍ അച്ചായനാണ് എനിക്ക് സംഭവിച്ച ആ നഷ്ടത്തെ കുറിച്ച് പറഞ്ഞത്.
” ഡാ നി ഇവിടെ ഉണ്ടായിരുന്നേല് നി അല്ലാരുന്നോ അതിനെ ട്രെയിന്‍ ചെയ്യിക്കേണ്ടത്…. ”
” ആരെ..?? ”
” ഡാ ആ കഴിഞ്ഞ ആഴ്ച ജോയിന്‍ ചെയ്ത ആ തിരുവല്ലക്കാരി കൊച്ചിന്റെ പേരെന്നതാ…”
” ഏത് കെതറിനാന്നോ…”
” ആ കാതറിന്‍ യവനെ പോലുള്ള ചില പരിഷ്കാരികള് കേതറിന്‍ ന്നും പറയും…. എന്നാ ഒരു ചന്തമാ…
” ഇപ്പോ ഈ രഞ്ജിത്തേ ഇപ്പോ ഫോണില്‍ ക്കൂടെയാ ആ കൊച്ചിന് കോച്ചിംഗ് കൊടുക്കുന്നേ… ”
പിന്നെ അവിടെ നടന്നത് ഒരു ബഹളമായിരുന്നു. ആകെ മൊത്തം കാതറിനെ കുറിച്ചുള്ള വര്‍ണ്ണനകള്‍ മാത്രം.
അവിടത്തെ ശമ്പളമില്ലാത്ത ജോലിയുപേക്ഷിച്ചതില്‍ ഞാന്‍ ആദ്യമായി വ്യസനിച്ചു. കുറച്ചകലെ ഹൈകോടതിയുടെ പിറകിലുള്ള സെമിത്തേരി പറമ്പില്‍ നിന്നും ഏതോ ഒരു കൊടിച്ചി പട്ടി വിഷമം സഹിക്കാന്‍ വയ്യാതെ ഓരിയിട്ടു.
എന്‍റെ ദുഃഖം പിന്നെയും കുറച്ചു നാള്‍ കൂടി നീണ്ടുനിന്നു. പിന്നെ എപ്പോഴത്തെയോ ഉറക്കത്തില്‍ അതങ്ങു മറന്നുംപോയി.

******

രണ്ട് :
ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ടെ തൊട്ടടുത്ത കമ്പനിയായ സീസ്മാര്‍ട്ടിലെ ജ്യോതി റീസപ്ഷനില്‍ എന്തിനോ വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടെന്നറിഞ്ഞു ഞാനും എന്‍റെ ബഡിയും അങ്ങോട്ട്‌ ചലിച്ചു. റീസപ്ഷനില്‍ ഇരിക്കുന്ന സെക്യൂരിറ്റി ഓഫീസര്‍ ദിവാകരന്‍ ചേട്ടന്റെ മുന്നില്‍ കണ്ട ഇംഗ്ലീഷ് പത്രം ഞാന്‍ കയ്യിലെടുത്തു. ജ്യോതിയുടെ സെക്യൂരിറ്റിയെ പറ്റി കൂലംകഷമായി തിങ്കി കൊണ്ടിരിക്കുന്നത് കൊണ്ടാവണം ചേട്ടന്‍ ഞങ്ങളെ കണ്ടത് പോലുമില്ല. പത്രം ഞങ്ങളുടെ ഫാമിലിപ്പാക്ക് വയറിനെ മറച്ചുകൊണ്ട് വിരിച്ചു പിടിച്ച് എതിര്‍വശത്തുള്ള സോഫയില്‍ ഇരുന്ന്‍ അവളെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് എന്‍റെ ഫോണ്‍ റിംഗ് ചെയ്തത്.
പഴയ രഞ്ജിത്തായിരുന്നു. ഇവനൊക്കെ വിളിക്കാന്‍ കണ്ട നേരം എന്ന് പിറുപിറുത്ത് ഫോണ്‍ ചെവിയില്‍ വച്ചു.
“ഡാ അളിയാ ഒരു ഗ്ലാഡ് ന്യൂസ്‌ ഉണ്ട്. ” അവന്‍ സന്തോഷത്തോടെ പറഞ്ഞു.
” എന്തായാലും പറയാന്‍ പോകുന്നത് നി അല്ലെ.. ആ പറ..”
” കാതറിന് നിന്‍റെ അവിടെ ജോലി കിട്ടി..” അവന് വീണ്ടും സന്തോഷം.
“എന്‍റെ ഇവിടെയോ…” കാര്യം വ്യക്തമാത്തപ്പോലെ ഞാന്‍ ചോദിച്ചു.
” അവിടെ കോസ്മോ ഇന്‍ഫോ ലാബ് ന്നാ കമ്പനിയുടെ പേര്…” ആ പേര് അപ്പോ തന്നെ മനസ്സില്‍ പച്ചമഷി കൊണ്ട് എഴുതി വെച്ചു.
” നിന്നോട് ഇതാരാ പറഞ്ഞേ അവള്. ഇന്നലെ വിളിച്ചപ്പോ പറഞ്ഞതാ…” അവന്‍ ഒരു സാധാരണ സംഭവം പോലെ പറഞ്ഞു.
“ആ ശരി ഞാന്‍ ഇവിടെ ഒരു മീറ്റിങ്ങിലാ പിന്നെ വിളിക്കാ…” ഒരാളോട് പുച്ഛം തോന്നിയാല്‍ പിന്നെ ഞാന്‍ ഇങ്ങനാ…
“ഓകെ…” അവന്‍ ഫോണ്‍ കട്ട് ചെയ്തു.
” നി ഇവിടിരി ഒരു ചെറിയ പണി ഉണ്ട്. ” ഞാന്‍ ബഡിയോട് പറഞ്ഞു.
ഞാന്‍ പതുക്കെ ദിവാകരന്‍ ചേട്ടന്റെ അടുത്തേക്ക് നടന്നു . ബഡിയും സെക്യുരിറ്റി ദിവാകരന്‍ ചേട്ടനും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ഒരേ ജോലിയാണ്.
“ചേട്ടോയ്…”
” ആ ഇങ്ങനെ കറങ്ങി തിരയാതെ പോയി വല്ല പണിയും ചെയ്യെടാ…”
” അതൊക്കെ ചെയ്യാം… ഒരു സംശയം വന്ന ചേട്ടനോടല്ലേ ചോദിക്കാന്‍ പറ്റൂ…”
ഇന്‍ക്യുബേഷന്‍ സെന്റെറിലെ എല്ലാ കമ്പനിയിലെ എല്ലാ ജോലിക്കാരുടെയും പേര് വിവരങ്ങളുമടങ്ങുന്നതും അവരുടെ ഓരോ ദിവസത്തെ അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യുന്നതുമായ ഒരു രജിസ്റ്റര്‍ ദിവാകരേട്ടന്റെ കയ്യില്‍ ഉണ്ട്. ഞാന്‍ സംസാരത്തിനിടയില്‍ ആ രജിസ്റ്റര്‍ എന്‍റെ അരികിലേക്ക് നീക്കി വച്ചു.
” നിന്‍റെ സംശയല്ലേ ” ദിവാകരേട്ടന്‍ രജിസ്റ്റര്‍ എന്‍റെ കയ്യില്‍ നിന്നും വാങ്ങി മാറ്റി വച്ചു.
” കോസ്മോ ഇന്‍ഫോ ലാബില്‍ പുതിയ ആരെങ്കിലും ജോയിന്‍ ചെയ്തിട്ടുണ്ടോ..” ഞാന്‍ ചോദിച്ചു.
” ഉണ്ട്… മൂന്ന് പേരുണ്ട്.”
” കാതറിന്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടി ഇല്ലേ…”
” ആ ” – ദിവാകരേട്ടന്‍.
” എന്‍റെ ഒരു ഫ്രണ്ടിന്റെ കസിനാ ആളെ അറിയില്ല ഒന്ന് പരിചയപ്പെടണം…”
” ഈ വാതില്‍ വഴി അകത്ത് പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ മൂന്നാമത്തെ ഓഫീസ് പോയി പരിചയപ്പെട്ടോ…” അയാള്‍ കൈ ചൂണ്ടി വഴി കാണിച്ചു.
” ചേട്ടന്‍ ഒരുമാതിരി ആളെ കളിയാക്കല്ലേ… ആളെ ഒന്ന് കാണിച്ച് തന്നാ മതി…”
“ആ…” ചേട്ടന്‍ താല്പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.
” ആരെയാ… ??” പിന്നില്‍ നിന്നും ബഡിയുടെ ശബ്ദം. ചോര കുടിച്ച ശേഷം ക്ഷീണിച്ചു വന്നിരിക്കുവാ…
” ആരുമില്ല നി വന്നെ പോകാം…” ഞങ്ങള്‍ അകത്തേക്ക് നടന്നു.
” അതെ നാളെ ഉച്ചക്ക് വാ ഒന്നര കഴിഞ്ഞിട്ട്…” അകത്തേക്ക് നടക്കുന്നതിനിടയില്‍ ദിവാകരേട്ടന്‍ വിളിച്ചു പറഞ്ഞു.

******

മൂന്ന്‍ :
ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ ഡൈനിങ്ങ്‌ റൂമില്‍ തിരക്കാണ്. അത് കഴിഞ്ഞാല്‍ കുറേ പേരെങ്കിലും റീസപ്ഷന്‍റെ പുറത്ത് വന്നു നില്‍ക്കും. കാതറിനും ആ ശീലമുണ്ട് എന്നാണ് ദിവാകരേട്ടന്‍ പറയുന്നത്. കൃത്യം ഒന്നരയ്ക്ക് ഞാന്‍ ദിവാകരേട്ടന്റെ കസേരയുടെ സമീപം എത്തി. അവിടെ നിന്ന് നേരെ നോക്കിയാല്‍ പുറത്ത് നില്‍ക്കുന്നവരില്‍ കുറേ പേരെയെങ്കിലും കാണാം.
“ദാ ആ തൂണിന്റെ അടുത്ത് നില്‍ക്കുന്ന മഞ്ഞ ചുരിദാര്‍നെ കണ്ടോ…” ദിവാകരന്‍ ചേട്ടന്‍ ചോദിച്ചു….
” ആ കണ്ടു”
” അതാണ്‌ ആ കൊച്ച്…” ഞാന്‍ കണ്ടു. ഇവരുടെ ഓവര്‍ പുകഴ്ത്തല്‍ ഉണ്ടാക്കിയ ഓവര്‍ എക്സ്പെക്റ്റെഷന്‍ കാരണമാണോ എന്നറിയില്ല എനിക്ക് അവള്‍ അത്ര വല്യ ഐശ്വര്യറായ് ആയിട്ടൊന്നും തോന്നിയില്ല. പക്ഷേ തരക്കേടില്ല. ഏതായാലും ഒന്ന് പരിചയപ്പെട്ടെക്കാം.
“താങ്ക്യു ചേട്ടാ…”
“ഓ…” അയാള്‍ പതിവ് പുച്ഛം വാരിയെറിഞ്ഞു.

******

നാല് :
പിറ്റേ ദിവസം വ്യക്തമായ പ്ലാനിങ്ങുമായി ഞാനും ബഡിയും ഡൈനിങ്ങ്‌ റൂമിലെത്തി. അവളും അവളുടെ ഫ്രണ്ട്സും ഇരിക്കുന്ന അതെ ടേബിളില്‍ തന്നെ ഞങ്ങളും ഇരുന്നു. എന്‍റെ നേരെ എതിര്‍ വശത്ത് അവള്‍ കാതറിന്‍. ഞങ്ങള്‍ ഇരുന്നത് കാരണം സീറ്റ്‌ നഷ്ടപ്പെട്ട അവളുടെ മറ്റ് കൂട്ടുകാരികള്‍ പിറകില്‍ നില്‍ക്കുന്നു. അവളുടെ തൊട്ടടുത്തിരിക്കുന്ന ഫ്രണ്ടുമായുള്ള സംസാരം ഒന്ന് നിര്‍ത്തിയപ്പോള്‍ കിട്ടിയ ഇടവേളയില്‍ ഞാന്‍ ഇടപെട്ടു.
“എക്സ്ക്യുസ് മി, ഇയാള് ഓര്‍ബിറ്റില്‍ പ്രൊജക്റ്റ്‌ ചെയ്യാന്‍ വന്നിരുന്നില്ലേ…” ഞാന്‍ ചോദിച്ചു.
” ഇല്ല…”
” അല്ല രഞ്ജിത്തിന്റെ സ്റ്റുഡന്റ് അല്ലെ…” ഞാന്‍ എന്‍റെ രണ്ടാമത്തെ ചോദ്യം പുറത്തെടുത്തു.
” അല്ല…”
” കേതറിന്‍ എന്നല്ലേ പേര്…”
” അല്ല…”
ഇനിയൊരു ചോദ്യവും ബാക്കിയില്ലാതെ ഞാന്‍ ഐസായി നില്‍ക്കുമ്പോള്‍ ചിരിയമര്‍ത്താന്‍ പെടാപ്പാട്പെടുകയായിരുന്നു എന്‍റെ ബഡി.
പെട്ടെന്ന് അവളുടെ പിറകില്‍ കൂടി നില്‍ക്കുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും ഒരു നേര്‍ത്ത ശബ്ദം
” ഞാനാണ് കാതറിന്‍…”
ശബ്ദം കേട്ട ദിക്കിലേക്ക് ഞാന്‍ നോക്കിയെങ്കിലും കണ്ണില്‍ ഇരുട്ടു കയറിയകാരണം ഒന്നും കണ്ടില്ല. ഭക്ഷണം കഴിച്ചെന്നു വരുത്തി പിന്നീട് ഒരക്ഷരം മിണ്ടാതെ ഞാന്‍ വാഷ്റൂമിലേക്ക് നടന്നു.

******

അഞ്ച് :
കസേരയില്‍ പതിവ് പോലെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് ദിവാകരേട്ടന്‍. ഞാന്‍ നേരെ അയാളുടെ അടുത്തേക്ക് ചെന്നു.
” ദെ മനുഷ്യനെ കളിയാക്കുന്നതിന് ഒരു അതിര് ഉണ്ട് കേട്ടോ…. കാതറിനെ കാണിച്ച് തരാന്‍ പറഞ്ഞാല്‍ വേറെ ആളെ ആണോടോ കാണിച്ചു തരുന്നേ….”
” ഓ ആ അത്… അതിന്നല്ലേ എനിക്ക് മനസിലായില്ല. ഇന്നലെ ഞാന്‍ കാണിച്ചു തന്ന മഞ്ഞ ചുരിദാര് ഡയാനയാ. ആ….. കാതറിന്‍ മഞ്ഞ ചുരിദാര് ഇട്ടത് ചൊവാഴ്ചയായിരുന്നു…” അയാള് പറഞ്ഞതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>