സ്വര്‍ഗത്തിലേക്കൊരു ട്രെക്കിംഗ് … !!!

ഫേസ്ബുക്കില്‍ കറങ്ങിത്തിരിഞ്ഞ് നടന്ന ഏതോ ഒരു വൈകുന്നേരമാണ് മധുമാമന്റെ എഫ്.ബി പ്രൊഫൈല്‍ ആദ്യമായി കണ്ടത്. ഒരുപാട് യാത്രകള്‍ അതിന്‍റെ വിവരണങ്ങള്‍ ചിത്രങ്ങള്‍. പതിവായി ട്രെക്കിംഗ് ഓര്‍ഗനൈസ് ചെയ്യുന്ന വ്യക്തിയാണ് എന്നറിഞ്ഞതോടെ പിന്നെ ഒരു ക്ലിക്കിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളു ടിയാനുമായി സൗഹൃദം സ്ഥാപിക്കാന്‍. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട് ഒരു മാസം തികയും മുന്‍പ് എന്‍റെ ആദ്യത്തെ ട്രെക്കിംഗിനുള്ള വിളി വന്നു. ഇടുക്കിയുടെ ഇതുവരെ കാണാത്ത മനോഹരിതയിലേക്ക് എന്നെ അദ്ദേഹം വിളിച്ചു കൊണ്ട് പോയി.കലൂരില്‍ നിന്ന് പുറപ്പെടുന്ന യാത്ര തൃപ്പൂണിത്തുറ – മൂവാറ്റുപുഴ – തൊടുപുഴ – കാഞ്ഞാര്‍ വഴി വാഗമണ്‍ കാടുകളിലേക്ക് , അതായിരുന്നു പ്ലാന്‍. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ബിസ്സിനസ്കാരും വിദ്യാര്‍ഥികളുമടങ്ങുന്ന ഞങ്ങളുടെ സംഘത്തിന്‍റെ ഏറ്റവും വലിയ ഊര്‍ജം യാത്രകളോടുള്ള അഭിനിവേശം തന്നെയായിരുന്നു. അറുപതും എഴുപതും വയസിലും പതിനെട്ടിന്‍റെ ഊര്‍ജസ്വലത മനസ്സില്‍ സൂക്ഷിക്കുന്നവരെ അവിടെ വച്ച് പരിചയപ്പെടാനും സാധിച്ചു.
ഞങ്ങളുടെ വാഹനം പാര്‍ക്ക്‌ ചെയ്ത സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ദൂരെയാണ് ട്രെക്കിംഗ് തുടങ്ങാന്‍ തീരുമാനിച്ച സ്ഥലം. അവിടെ നിന്നും ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ തന്ന നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര ആരംഭിച്ചു.

അങ്ങ് ദൂരെയുള്ള പച്ചപ്പണിഞ്ഞ മലകളില്‍ പൊട്ടു പോലെ കാട്ടാനകൂട്ടത്തെ കണ്ടതോടെ വഴി അല്പം മാറി നടക്കാന്‍ തീരുമാനമായി. പക്ഷെ എല്ലാവരുടേയും ക്യാമറ കണ്ണുകള്‍ അപ്പോഴും ആനകളെ തിരയുകയായിരുന്നു. ഇരുണ്ട പച്ച നിറമുള്ള  ഇലകളും തടിച്ച വല്ലിപടര്‍പ്പുകളും ആകാശനീലിമയെ ഞങ്ങളുടെ കാഴ്ചകളില്‍ നിന്നും പലപ്പോഴും പൂര്‍ണ്ണമായി അകറ്റി നിര്‍ത്തി. ആനകളേക്കാള്‍ ഞങ്ങളെ യാത്രക്കിടയില്‍ ബുദ്ധിമുട്ടിച്ചത് അനുവാദം കൂടാതെ കാലുകളിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയ അട്ടകളാണ്. ഞങ്ങളുടെ ഈ മലകയറ്റവും ആ വന്യതയിലെ ഒരു ജീവിയുടെയും അനുവാദത്തോടെയല്ല എന്നുള്ളത് കൊണ്ട് അട്ടകളുടെ ആ തെറ്റ് പൊറുക്കാവുന്നതെയുള്ളൂ. എങ്കിലും ഉപ്പും മറ്റു മാര്‍ഗങ്ങളും ഉപയോഗിച്ച് അട്ടകളുടെ ആക്രമണത്തെ ഞങ്ങള്‍ സമര്‍ഥമായി പ്രതിരോധിച്ചു.

ചെറിയ അരുവികളും ചതുപ്പുകളും പാറക്കൂട്ടവും കടന്ന്‍ വിശാലമായ പുല്‍മേടുകള്‍ താണ്ടി ഇടുക്കി അതിന്‍റെ വന്യതയില്‍ ഒളിപ്പിച്ചു വച്ച മഹാസൗന്ദര്യം തേടി ഞങ്ങളുടെ യാത്ര തുടര്‍ന്നു. ഏകദേശം അഞ്ചു മലകള്‍ ഞങ്ങള്‍ക്ക് നടന്നു തീര്‍ക്കാനുണ്ടായിരുന്നു. ഇടയ്ക്ക് വിശ്രമിച്ചും നടപ്പിന്റെ വേഗത കുറച്ചും ഞങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുത്തു. യാത്രയ്ക്കിടയില്‍ സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഒരു പാറക്കൂട്ടത്തിന്റെ മുകളിലായിരുന്നു ഉച്ചഭക്ഷണവും വിശ്രമവും. നടന്നു ക്ഷീണിച്ചത് കൊണ്ടാവണം ഭക്ഷണത്തിനു നല്ല രുചി.

ഉച്ചയ്ക്ക് ശേഷമുള്ള യാത്ര കുറച്ചു കൂടി ദുഷ്ക്കരമായിരുന്നു മഴയും മഞ്ഞും ക്ഷണിക്കാത്ത അതിഥികളായി വന്ന്‍ ചെറിയ തടസങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതെല്ലാം യാത്രയ്ക്ക് പുതിയ രുചി പകര്‍ന്ന ഘടകങ്ങളായി. ഒടുവില്‍ ഞങ്ങള്‍ ഏറ്റവും മുകളിലെത്തി. ആ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ മേഘങ്ങള്‍ ഞങ്ങളുടെ കാല്‍ ചുവട്ടിലായിരുന്നു. മഞ്ഞും തണുത്തകാറ്റും താഴെ ഒഴുകി നടക്കുന്ന മേഘങ്ങളും അതിന്‍റെ താഴെ പച്ചപ്പ്‌ നിറഞ്ഞ ഭൂമിയും പുഴകളും.
ഇടുക്കി നിനക്ക് നന്ദി.!!! എത്ര കണ്ടാലും മതിവരില്ല നിന്‍റെ ഈ സൗന്ദര്യത്തെ !!! എത്ര വര്‍ണ്ണിച്ചാലും മതിയാകില്ല നിന്‍റെ ഈ മനോഹാരിതയെ !!!

അപ്പോഴേക്കും സൂര്യാസ്തമയം ആകാശത്ത് വര്‍ണ്ണങ്ങള്‍ തീര്‍ത്ത് തുടങ്ങിയിരുന്നു. ഒപ്പം നമുക്ക് മടങ്ങാനുള്ള സമയവും ആഗതമായി. താഴെ യാത്ര പുറപ്പെട്ട സ്ഥലത്തേക്ക് ഇറങ്ങി ചെല്ലാന്‍ കുറച്ച് ദൂരമുണ്ട്. മനസ്‌ നിറഞ്ഞ സംതൃപ്തിയോടെ ഞങ്ങള്‍ മലയിറങ്ങി. പാറകളില്‍ വഴുക്കലുണ്ട് ശ്രദ്ധയോടെ ചുവടുകള്‍ വച്ച് ഞങ്ങള്‍ താഴോട്ടിറങ്ങി. ഇരുട്ട് പ്രകൃതിയെ മൂടാന്‍ തുടങ്ങിയത് ഞങ്ങള്‍ക്ക് വീണ്ടും തടസ്സമായി. ടോര്‍ച്ചുകളുടെയും മൊബൈല്‍ ലൈറ്റുകളുടെയും സഹായത്തോടെ സംഘം നടന്നു നീങ്ങി. യാത്ര പുറപ്പെട്ട പോയിന്റ്‌ എത്താറാവുമ്പോഴേക്കും ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ വെളിച്ചവുമായി എത്തി. ചെറിയ ഒരു വിശ്രമത്തിന് ശേഷം എല്ലാവരും ശേഷിച്ച ഒരു കിലോമീറ്റര്‍ കൂടി പൂര്‍ത്തിയാക്കി വണ്ടിക്കരികില്‍ മടങ്ങിയെത്തി.

തുടര്‍ന്ന് യാത്ര ക്ഷീണിപ്പിച്ച ശരീരവും സന്തോഷപ്പിച്ച മനസ്സുമായി മടക്കം. ഏകദേശം പതിനൊന്നുമണിയോടെ ഞങ്ങള്‍ കൊച്ചിയില്‍ തിരിച്ചെത്തി. ഇനിയുള്ള യാത്രകളിലും വിളിക്കണമെന്ന് മധുചേട്ടനോട് പറയുമ്പോള്‍ മനസ്സില്‍ നിറയെ ഞാനും ഒരു മനോഹരമായ ട്രെക്കിംഗ് നടത്തി എന്ന സന്തോഷമായിരുന്നു.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>