ഓര്‍മ്മകളില്‍ പൂരങ്ങളുടെ പൂരം !!!

ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ്, കാലമെത്ര കടന്നു പോയാലും മനസിന്‍റെ ആഴങ്ങളില്‍ വേരൂന്നി സ്വപ്നങ്ങളിലേക്ക് പടര്‍ന്ന്‍ അതങ്ങിനെ നില്‍ക്കും. കുട്ടികാലത്ത് എപ്പോഴോ തോന്നിയതാണ് തൃശൂര്‍പൂരം കാണണമെന്ന മോഹം. പിന്നീട് പൂരം പലതു കഴിഞ്ഞിട്ടും എന്‍റെ ആഗ്രഹം. നടന്നില്ല. ആരും കൊണ്ടു പോയില്ല. പിന്നെ വളര്‍ന്നു, ഒറ്റയ്ക്ക് എവിടെയും  പോകാനുള്ള പ്രായമായി പക്ഷെ അപ്പോഴും സാധിച്ചില്ല. ജോലി കിട്ടി തൃശൂരിന്റെ തൊട്ടടുത്ത ജില്ലയായ എറണാകുളത്തെത്തി വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും പൂരം കാണാന്‍ മാത്രം നേരം തരപെട്ടില്യാ.ഒടുവില്‍ 2014 ലെ ന്യൂഇയര്‍ തീരുമാനങ്ങളില്‍ ഒന്നായി അതങ്ങ്ട് ഉറപ്പിച്ചു. ഇത്തവണ പൂരം മുഴുവനായി കാണണം. തീയ്യതിയും നോക്കി ഉറപ്പിച്ചു. ഭാഗ്യം മെയ്‌ 9 വെള്ളിയാഴ്ചയാണ് പൂരം. പത്താം തീയ്യതിയാണെങ്കില്‍ രണ്ടാം ശനിയാഴ്ചയും. എല്ലാം കൊണ്ടും നല്ല ദിവസം. പക്ഷെ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്. പൂരത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമേ ഉള്ളു. അതിന്‍റെ രീതി അറിയില്ല. എന്തൊക്കെ പരിപാടികള്‍ ഉണ്ടെന്ന്‍ അറിയില്ല, എന്തിനധികം തൃശൂര്‍ പൂരം തൃശൂരില്‍ എവിടെയാണ് നടക്കുകയെന്നു പോലും അറിയില്ല. തൃശൂരില്‍ ഇതിനുമുന്‍പ് പോയി പരിചയവുമില്ല. പക്ഷെ ഇതൊന്നും ഒരു തടസമേയായിരുന്നില്ല. തൃശൂര്‍ പൂരം എന്ന കീവേര്‍ഡും ഒരു ക്ലിക്കും പൂരത്തിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും ചിത്രങ്ങളുമടക്കം പൂരസംബന്ധിയായതെല്ലാം ഗൂഗിള്‍ മുന്നില്‍ കൊണ്ട് വന്ന്‍ നിരത്തി.ഏതാണ്ട് 200 ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറാട്ട്‌പുഴ എന്ന സ്ഥലത്ത് വച്ച് നടന്നിരുന്ന പൂരമായിരുന്നുവത്രേ കേരളത്തില്‍ അന്ന് നിലനിന്നിരുന്ന ക്ഷേത്രോത്സവങ്ങളില്‍ ഏറ്റവും വലുത്. തൃശൂര്‍ കുട്ടനെല്ലൂര്‍ പൂരങ്ങളില്‍ ഇന്നു പങ്കെടുക്കുന്ന എല്ലാ ക്ഷേത്രങ്ങളും ആറാട്ടുപുഴയിലെ പൂരത്തില്‍ സ്ഥിരമായി പങ്കെടുക്കുന്നവരായിരുന്നു. ഒരിക്കല്‍ ശക്തമായ മഴ കാരണം പൂരത്തിന് എത്തിച്ചേരാന്‍ വൈകിയ ഇരുകൂട്ടരെയും അവിടത്തെ നാടുവാഴി വിലക്കിയത്രേ. നാടുവാഴിയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ കുട്ടനെല്ലൂര്‍ നാടുവാഴിമാര്‍ ഒരുമിച്ച് ഒരു പൂരം ആരംഭിച്ചുവെന്നും അതാണ്‌ തൃശൂര്‍ പൂരത്തിന്‍റെ തുടക്കമെന്നും പറയപ്പെടുന്നു. പക്ഷെ നാടുവാഴിമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം കുട്ടനെല്ലൂര്‍ നാടുവാഴി ഈ സംയുക്ത പൂരത്തില്‍ നിന്ന് പിന്മാറിയാതിനാല്‍ പൂരത്തിന് പൊലിമ നഷ്ടപ്പെടുകയും നാടുവാഴികള്‍ തമ്മിലുള്ള നിതാന്തമായ ശത്രുതയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുകയും ചെയ്തുവത്രേ. ഈ അവസരത്തില്‍ അന്നത്തെ കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ വടക്കുംനാഥന് ചുറ്റിലുമുള്ള പത്ത് ക്ഷേത്രങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് പുതിയ രീതിയില്‍  തൃശൂര്‍പൂരം രൂപകല്‍പന ചെയ്യുകയുമുണ്ടായി.

അങ്ങനെ പൂരത്തിന്‍റെ ചരിത്രവും മറ്റു വിവരങ്ങളും എല്ലാം ലഭിച്ചു, ഏതായാലും ആദ്യാവസാനം കാണണം. അതിനു വേണ്ടി താമസിക്കാന്‍ ഒരു മുറിയും ബുക്ക്‌ ചെയ്യണം. മുറിക്കുള്ള അന്വേഷണമായി. മൂവായിരം മുതല്‍ മുപ്പതിനായിരം വരെയുണ്ട് മുറി വാടക. കാര്യങ്ങള്‍ നേരിട്ടറിയാന്‍ തൃശൂര് വരെ പോകാന്‍ തീരുമാനിച്ചു. പൂരത്തിന് മുന്‍പ് ഒരു സാമ്പിള്‍ വെടിക്കെട്ട്‌ ഉള്ളത് പോലെ ഒരു സാമ്പിള്‍ തൃശൂര്‍ വിസിറ്റ്. അങ്ങനെ ഒരു ഞായറാഴ്ച വൈകുന്നേരം ഞാനും എന്‍റെ സുഹൃത്ത് വിപിയും തൃശൂരെത്തി. റെയില്‍വേസ്റ്റേഷനില്‍ നിന്ന് റൗണ്ട്സിലേക്കുള്ള വഴി, തേക്കിന്‍കാട് മൈതാനം, മൈതാനത്ത് കുടമാറ്റം നടക്കുന്ന ഭാഗം അങ്ങനെ കുറെ കാര്യങ്ങള്‍ ചോദിച്ചും കണ്ടും മനസിലാക്കി. കൂട്ടത്തില്‍ വടക്കുംനാഥനെയും കണ്ടു. പോസ്റ്റ്‌ഓഫീസ് റോഡിലുള്ള ഹോട്ടല്‍ സി.പ്പിയിലായിരുന്നു മുറി ബുക്ക്‌ ചെയ്തത്, അങ്ങനെ കന്നി പൂരക്കാഴ്ചക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് ഞങ്ങള്‍ മടങ്ങിയത്.

ഒരു മാസം കടന്നു പോയി തൃശൂര്‍ നഗരം പൂരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയെന്ന വാര്‍ത്തകള്‍ പത്രദ്വാരാ അറിഞ്ഞുകൊണ്ടിരുന്നു. മഴഭീഷണി ഉള്ളതായും വാര്‍ത്തകള്‍ വന്നു, മഴകാരണം സാമ്പിള്‍ വെടികെട്ട് മാറ്റി വയ്ക്കുക വരെ ഉണ്ടായി. പൂരത്തിന്‍റെ തലേദിവസവും മഴ തന്നെ. എന്തായാലും പോകാന്‍ തന്നെ തീരുമാനിച്ചു. മഴയെങ്കില്‍ മഴ, പൂരമെങ്കില്‍ പൂരം.

അങ്ങനെ രാവിലെ തന്നെ പൂരനഗരിയിലെത്തി. മഴ പതുക്കെ മാറുന്ന കാഴ്ച അത്യാഹ്ലാദത്തോടെയാണ് കണ്ട് നിന്നത്. കന്നി പൂരത്തിന്‍റെ കാഴ്ചകള്‍ കണ്‍നിറയെ കണ്ടു. ഒരുപാട് തൃശൂര്‍ക്കാരുമായി സംസാരിച്ചു. ഇലഞ്ഞിത്തറമേളം ആസ്വദിച്ചു. ചെറുപൂരങ്ങളുടെ വരവ് കണ്ടു. ജനങ്ങള്‍ തേക്കിന്‍കാട് മൈതാനിയിലേക്ക് ഒഴുകികൊണ്ടിരുന്നു. പ്രസിദ്ധരായ തൃശൂര്‍ക്കാരെ കൊണ്ട് പൂരത്തിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും, പൂരം അനുഭവങ്ങളും പറയിപ്പിക്കുകയായിരുന്നു ചാനലുകാര്‍. കുടമാറ്റം തുടങ്ങാറാകുമ്പോഴേക്കും മൈതാനം ജനലക്ഷങ്ങളെ കൊണ്ട് നിറഞ്ഞു. അപ്പോഴേക്കും എന്‍റെ സുഹൃത്ത് ശ്രീ രാജീവും സ്ഥലത്തെത്തി. വടക്കുംനാഥന്‍റെ നടയിലൂടെ പതിനഞ്ചു വീതം ആനകള്‍ തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി അണിനിരന്നു. പിന്നീട് നടന്നത് വര്‍ണ്ണകുടകളുടെ കുടമാറ്റം. ഇരുവിഭാഗങ്ങളുടെയും കുടകളെ കരഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്.

വര്‍ണ്ണക്കുടകളുടെ കൈമാറ്റം കഴിയുമ്പോഴേക്കും പൂരനഗരി വര്‍ണ്ണവെളിച്ചത്തില്‍ കുളിച്ചു കഴിഞ്ഞിരുന്നു. മൂന്ന്‍ മണിക്കുള്ള വെടിക്കെട്ടാണ് അടുത്ത പ്രധാന പരിപാടി. പക്ഷെ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ഒരു രാത്രി ഞങ്ങള്‍ക്ക് മുന്നില്‍ ബാക്കിയുണ്ട്. തേക്കിന്‍കാട് മൈതാനവും അതിനു ചുറ്റുമുള്ള റോഡുകളും ഞങ്ങള്‍ കഥകള്‍ പറഞ്ഞു കൊണ്ട് നടന്നു തീര്‍ത്തു. മസാല മോര് കുടിച്ചു. ഓംലെറ്റ്‌ കഴിച്ചു. ചെറുപൂരങ്ങള്‍ കണ്ടു. വെളിച്ചം കുറഞ്ഞ ഇടങ്ങളിലിരുന്ന് മരങ്ങളുടെ ഇടയിലൂടെ നക്ഷത്രങ്ങളെ നോക്കിയിരുന്നു.  ഒടുവില്‍ വെടിക്കെട്ടിനുള്ള നേരമായി. പലരും പറഞ്ഞു കേട്ടതും പലയിടത്തും വായിച്ചതും സമം ചേര്‍ത്ത് ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചതിന്റെ പകുതി പോലും ഇല്ലായിരുന്നു ശരിക്കുള്ള വെടിക്കെട്ട്‌. പക്ഷെ ഉള്ള സമയം തന്നെ ധാരാളമായിരുന്നു. രണ്ടു ചെവിയും വിരലുകൊണ്ട് അടച്ചിട്ടും കിടുങ്ങി പോകുന്ന ശബ്ദതാരാവലി. അല്‍പസമയം കൂടി അവിടെ കറങ്ങി നടന്നെങ്കിലും പതുക്കെ ഒഴിഞ്ഞു പോകുന്ന ജനക്കൂട്ടത്തിനൊപ്പം ഞങ്ങളും ഞങ്ങളുടെ മുറിയിലേക്ക് നീങ്ങി.

അല്പസമയത്തെ വിശ്രമത്തിന് ശേഷം രാജീവ്‌ രാവിലെ തന്നെ പൂരനഗരി വിട്ടു. ഇന്നലെ രാത്രിയിലെ വെടിക്കെട്ടിന്‍റെ ശേഷിപ്പുകള്‍ തിരഞ്ഞും കതിനകള്‍ക്ക് തീകൊടുക്കുന്ന കാഴ്ച്ചകണ്ടും പകല്‍പൂരവും മേളവും വീണ്ടും ആസ്വദിച്ചും ഞാന്‍ പിന്നെയും മൈതാനിയില്‍ അലഞ്ഞുതിരിഞ്ഞു. അപ്പോഴേക്കും മൈതാനത്തിനു ചുറ്റുമുള്ള നഗരം പതിയെ പതിവു ശീലങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയിരുന്നു.  പകല്‍ പൂരം കൂടി അവസാനിച്ചതോടെ ആനകളും കച്ചവടം നിര്‍ത്തിയ ചന്തക്കാരും നഗരത്തിന്‍റെ തിരക്കിലൂടെ മറ്റേതോക്കെയോ ദിശകളിലേക്ക് നീങ്ങാന്‍ തുടങ്ങി.

ഒടുവില്‍ പൂരത്തിന്‍റെ അവസാനം അറിയിച്ച് കൊണ്ട് വീണ്ടുമൊരു വെടിക്കെട്ട്‌. ചാനല്‍ വണ്ടികള്‍ പൂരത്തിന്‍റെ അവസാനത്തെ വാര്‍ത്തയും റിപ്പോര്‍ട്ട്‌ ചെയ്ത് വിശ്രമിച്ചു. മൈതാനവും വടക്കുംനാഥന്റെ മുന്നിലെക്കുള്ള വഴിയും നഗരസഭ ജീവനക്കാരണെന്ന് തോന്നുന്നു, വൃത്തിയാക്കുകയാണ്. അതെ ഒരു പൂരം കൂടി അവസാനിക്കുന്നു.

എല്ലാം കഴിഞ്ഞപ്പോള്‍ വെറുതെ മനസ്സില്‍ തോന്നി വെയിലോഴിഞ്ഞു പോകുന്ന നേരത്തെ ഇളം കാറ്റുംകൊണ്ട്‌ ഇവിടെ ഏതെങ്കിലും മരത്തണലില്‍ കിടക്കുന്ന സുഖമൊന്നും ഈ ബഹളവും വെടിയൊച്ചകളും വെളിച്ചത്തിന്റെ ആധിക്യവും നിറഞ്ഞ വൈകുന്നേരങ്ങള്‍ക്ക് തരാന്‍ കഴിയില്ലല്ലോയെന്ന്‍. പിന്നെ തോന്നി പല സായാഹ്നങ്ങള്‍ക്കും പല രുചിയാണ്. ഒന്നും മറ്റൊന്നിനേക്കാള്‍ കേമവുമല്ല. പിന്നെ ഈ താരതമ്യങ്ങള്‍ക്ക് എന്താണര്‍ത്ഥം…. ??
എന്തെന്നില്ലാത്ത നിര്‍വൃതിയോടെ പതുക്കെ ഞാനും റെയില്‍വേസ്റ്റേഷനിലേക്ക് നടന്നു.

നാളെയിപ്പോള്‍ വീണ്ടും ഒരു തൃശൂര്‍ പൂരത്തിന് പോകാനൊരുങ്ങുമ്പോള്‍ വെറുതെ ഓര്‍ത്ത്‌ പോയതാണ്. ഒരു വര്‍ഷം മുന്‍പുള്ള പൂരം. അത് കാണാന്‍ കാട്ടിക്കൂട്ടിയ സാഹസവും !!! നമ്മുടെ ലാലേട്ടന്‍ പറഞ്ഞപോലെ ” ഓര്‍മ്മകളായി മാറുമ്പോഴല്ലെ എന്തിനും ചന്തം കൂടുക…”

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>