പായസം

എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലെ ഓണചന്തയില്‍ വെറുതെ പോകാറുള്ളതാണ് എല്ലാ വര്‍ഷവും. ഇതിപ്പോ വൈകിപോയി. ഓണം കഴിയാറായി. സമയം രാത്രി ഒന്‍പത് മണി. സ്റ്റാളുകള്‍ പലതും അടച്ചു തുടങ്ങിയിരിക്കുന്നു. പായസക്കട അടച്ചിട്ടില്ല. ഏതായാലും വന്നത് വെറുതെയായില്ല എന്നോര്‍ത്ത് ഞങ്ങള്‍ അങ്ങോട്ട്‌ നടന്നു. 

” ചേട്ടാ രണ്ട് പരിപ്പ് ” 

അന്നത്തെ ലാഭം കണക്കുകൂട്ടുകയാണെന്ന് തോന്നുന്നു അയാള്‍. ഒന്നും മിണ്ടാതെ ഇളം ചൂടുള്ള പായസം രണ്ടു ചെറിയ ഗ്ലാസുകളിലേക്ക് ഒഴിച്ച് ട്രേയില്‍ വച്ച് അയാള്‍ ഞങ്ങളുടെ നേര്‍ക്ക് നീട്ടി. 

അടുത്ത ഐറ്റം സെല്‍ഫി !!! ഭക്ഷണത്തിന് മുന്‍പ് ഭോജന മന്ത്രമെന്ന പോലെ ഇതിപ്പോ എല്ലാ ഫുഡ്‌ അജണ്ടയിലും ഉള്ളതാണല്ലോ. ഗ്ലാസ് ചുണ്ടോടു ചേര്‍ത്ത് പോസ് ചെയ്യുന്നതിന്റെ ഇടയില്‍ പിന്നില്‍ നിന്ന് ഷര്‍ട്ടില്‍ ഒരു പിടി. കൈ നിറയെ വിവിധ വര്‍ണ്ണത്തിലുള്ള ബലൂണുകളുമായി നില്‍ക്കുന്നു ഒരു കുട്ടി. ഏതോ ഭാഷയില്‍ അവന്‍ എന്തോ പറഞ്ഞു. പക്ഷെ കാര്യം മനസിലായി. പായസം വേണം അവനും.

” ചേട്ടാ ഒരു ഗ്ലാസ് കൂടി ” 


കണക്ക് തെറ്റിയ ദേഷ്യം കൊണ്ടെന്ന പോലെ താല്‍പര്യമില്ലാതെ അയാള്‍ എഴുന്നേറ്റു. ഒരു ഗ്ലാസ്‌ കൂടി നിറച്ച് ട്രേയിലേക്ക് വച്ചു. അത് അവന്റെ നേരെ നീട്ടിയതും അതും വാങ്ങി അവന്‍ തിരക്കിലേക്ക് ഓടി മറഞ്ഞു.
” ഡാ ഇതില്‍ പൊക ചൊവക്കുന്നില്ലേ ” ഫ്രണ്ട് സുരുവിന്‍റെ ചോദ്യം.


ഞാനും രുചിച്ച് നോക്കി. ശരിയാണ്. അല്ലെങ്കിലും ഫുഡിന്റെ കാര്യത്തില്‍ സുരു ഒരു റിവ്യൂ പറഞ്ഞാ പറഞ്ഞതാ.


” ചേട്ടാ ഇതു മൊത്തം പോകയാണല്ലോ “


അയാള്‍ ഒന്നും മിണ്ടാതെ പായസം വച്ചത് ഞങ്ങളാണ് എന്ന മട്ടില്‍ ഞങ്ങളെ ഒന്ന് നോക്കി.
പുള്ളി നോക്കവേ തന്നെ അത് വേസ്റ്റ് ബക്കറ്റിലെറിഞ്ഞ് ഞങ്ങള്‍ തിരിച്ച് നടന്നു. വെറുതെ ഒന്ന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു. ആളൊഴിഞ്ഞു പോകുന്ന വഴിയുടെ ഒരു വശത്ത് ആ കുട്ടി. ഞങ്ങള്‍ കൊടുത്ത ചെറിയ ഗ്ലാസ് പായസം മൂന്ന്‍ ഗ്ലാസ്സിലേക്ക്‌ പങ്കുവയ്ക്കുന്നു; അവനും അവന്റെ കൂടെ നില്‍ക്കുന്ന രണ്ടു കുഞ്ഞുസഹോദരിമാര്‍ക്കും വേണ്ടി…!!!


https://www.facebook.com/varunaroli/posts/1037503206268683

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>