ഡ്രീം റെക്കോര്‍ഡര്‍

” സ്വപ്‌നങ്ങളെ റെക്കോര്‍ഡ്‌ ചെയ്യാനുള്ള ആപ്പ്ളിക്കേഷനുകള്‍ വേണമായിരുന്നു… ” ഞങ്ങളുടെ ഇടയില്‍ തളംകെട്ടി നിന്ന മൗനം ഭേദിച്ച് അവന്‍ പറഞ്ഞു

” കാരണം??? ”

ആ ചിന്തയുടെ കാരണം ഒരു കഥ പോലെ അവന്‍ എന്നോട് പറഞ്ഞു തുടങ്ങി.

” പതിവില്ലാതെ ഹാഫ് പാന്റ് ധരിച്ചാണ് അന്ന് ഞാന്‍ അവിടെയെത്തിയത്. ഓഡിറ്റോറിയത്തിന്റെ അകത്തേക്കുള്ള വഴി ചുവന്ന പരവതാനി വിരിച്ചതും വശങ്ങള്‍ വെള്ളുത്തപൂക്കളെ കൊണ്ട് അലങ്കരിച്ചതുമായിരുന്നു. കല്യാണം കഴിഞ്ഞ് ഫോട്ടോസെഷന്‍റെ നേരമായിരുന്നു അപ്പോള്‍ അവിടെ. സ്റ്റേജിന്റെ തൊട്ടരികിലെത്തിയപ്പോള്‍ തന്നെ സില്‍ക്ക് ജുബയും മുണ്ടും ധരിച്ച അവളുടെ അച്ഛനെന്നു തോന്നിക്കുന്നോരാള്‍ ചിരപരിചിതനെ പോലെ പെരുമാറി എന്നെ സ്റ്റേജിലേക്ക് ആനയിച്ചു. അവളും മിനുട്ടുകള്‍ക്ക് മുന്‍പ് ഭര്‍ത്താവായി മാറിയ പയ്യനും ജുബക്കാരനും ഞാനും. ആരുടേയും മുഖം എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല. വലുതും ചെറുതുമായ കുറെ ക്യാമറ കണ്ണുകളില്‍ നിന്നും വെളിച്ചം ഞങ്ങളുടെ നേര്‍ക്ക് ചിതറി വീണു. അവളുടെ ചേട്ടനാണെന്ന് തോന്നുന്ന ഒരാള്‍ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലെ എന്‍റെ ഹാഫ്പാന്റിനു താഴെ കാല്‍മുട്ടിലെ പഴയ ഒരു മുറിവ് തിളക്കത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ട് ഇങ്ങനെ പറഞ്ഞു:- ഇതു ഇപ്പോഴും കൂടെയുണ്ടല്ലേ….!!! ഓര്‍മ്മയിലെ മുത്തുകള്‍ പെറുക്കിക്കൂട്ടി അവിടെയുണ്ടായിരുന്നവരില്‍ പലരും എന്തൊക്കെയോ പറഞ്ഞു… അതോന്നും എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. ബഹളവും ഫോട്ടോപിടുത്തവും കഴിഞ്ഞ് സ്റ്റേജില്‍ നിന്നും താഴെക്കിറങ്ങവേ ഒരു ചെറിയ പെണ്‍കുട്ടി ഒരു ഫോണ്‍ എന്റെ കയ്യിലേക്ക് തന്നു. സ്ക്രീനില്‍ ഒരു പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോയില്‍ മുറിഞ്ഞ കാല്‍മുട്ട് പൊത്തിപ്പിടിച്ച് കരയുന്ന ഒരാണ്‍കുട്ടി അവന്‍റെ കൂടെ കരയുന്ന ഒരു ചെറിയ പെണ്‍കുട്ടിയും, ആ ആണ്‍കുട്ടിക്ക് എന്‍റെ മുഖമായിരുന്നു… ബാക്ക് ബട്ടണ്‍ പ്രസ് ചെയ്യവേ സ്ക്രീനില്‍ തെളിഞ്ഞ വാള്‍പേപ്പറില്‍ അവളുടെ മുഖമായിരുന്നു. ഞാന്‍ സ്റ്റേജിലേക്ക് തിരിഞ്ഞു നോക്കി. അതെ അവളുടെ മുഖം തന്നെ. ഓഡിറ്റോറിയത്തിന്റെ പുറത്തേക്ക് നടക്കവേ ചുവന്ന പരവതാനിയും വെള്ളപ്പൂക്കളും ഞാന്‍ കണ്ടില്ല എന്‍റെ മനസില്‍ അവളുടെ മുഖം മാത്രമായിരുന്നു. സ്ഥിരം സ്വപ്നങ്ങളെ പോലെ അവസാനം ഞാന്‍ ഞെട്ടിയുണരുകയുണ്ടായില്ല. ഒരു മഴ പെയ്തു തീര്‍ന്ന പോലെ രാത്രിയിലെപ്പോഴോ അത് അവസാനിക്കുകയായിരുന്നു. പക്ഷെ ആ മുഖം എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല…..” അവന്‍ പറഞ്ഞവസാനിപ്പിച്ചു.

ശരിയാണ് അവന്‍ പറഞ്ഞത്. സ്വപ്‌നങ്ങളെ റെക്കോര്‍ഡ്‌ ചെയ്യാനുള്ള ആപ്പ്ളിക്കേഷനുകള്‍ വേണമായിരുന്നു…..

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>