വെള്ളിയാഴ്ച വൈകുന്നേരങ്ങളിലെ പതിവ് കലാപരിപാടികള്‍ക്കിടയിലാണ് ഞാന്‍ എന്റെ പുതിയ ലക്‌ഷ്യം മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ചത്. ഒരു തിരക്കഥ എഴുതാന്‍ പോകുന്നു. ഫെഫ്കെ നടത്താന്‍ പോകുന്ന രചന മത്സരത്തില്‍ ഞാനും പങ്കെടുക്കുന്നു. എന്റെ കൂടെ താമസിക്കുന്നവരും പരിപാടിക്ക് വേണ്ടി മാത്രം വന്നവരും എന്റെ തീരുമാനത്തെ ആര്‍പ്പുവിളിയോടെ എതിരേറ്റു. അതിനു ഞങ്ങളുടെ ഫ്ലാറ്റിന്റെ കെയര്‍ടെക്കറുടെ കയ്യില്‍ നിന്നും പിറ്റേ ദിവസം ഞങ്ങള്‍ തെറി കേട്ടുവെന്നത് വേറെ കാര്യം. ബഹളം കഴിഞ്ഞ് പിന്നെ ചോദ്യങ്ങളുടെ ഊഴമായിരുന്നു.” ഇതു കോമഡിയോ ത്രില്ലറോ ?? ” അഭിയുടെ വകയായിരുന്നു ചോദ്യം നമ്പര്‍ ഒന്ന്‍.
” അല്ലേടാ ഇതു ജീവിതമാണ്. ” ( പിന്നല്ല. എന്‍റെ ഉത്തരം കേട്ട് പകച്ചുപോയി അവനിലെ വൈവക്കാരന്‍. )
നീ വേറെ തിരക്കഥകള്‍ വായിച്ചിട്ടുണ്ടോ ?? ദെ അടുത്തവന്‍
” വേറെ സ്ക്രീന്‍പ്ലേകള്‍ വായിച്ചാല്‍ അതിന്റെ സ്വാധീനം നമ്മുടെ എഴുത്തില്‍ കടന്നു വരും ” ( ഹോ എന്താ ഡയലോഗ് )
” കഥ വല്ലതും ആയോ ?? ” അത് അര്‍ജുനാണ്.
” രണ്ടു മൂന്ന്‍ കഥകള്‍ ഉണ്ട് ഏതുവേണമെന്നാണ്. ”
” എന്നാ നീയാ കഥയൊന്നു പറ ഞങ്ങള് കേള്‍ക്കട്ടെ ”
അതിപ്പോ പറയാറായിട്ടില്ല കുറച്ച് തിരുത്തലുകള്‍ വേണ്ടി വരും ( പിന്നെ അതൊക്കെ സ്ക്രീനില്‍ കണ്ടാമതി )
അങ്ങനെ സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ സ്റ്റൈലില്‍ ഡയലോഗ് കാച്ചി അന്നത്തെ സംഭാഷണങ്ങള്‍ അവസാനിപ്പിച്ചു.
പിറ്റേ ദിവസം തന്നെ ആപ്ലിക്കേഷന്‍ മെയിലില്‍ ലഭിച്ചു. ഈ അപേക്ഷയോടൊപ്പം അഞ്ഞൂറ് രൂപയും ആദ്യത്തെ പതിനഞ്ചു സീനുകളുമാണ് കൊടുക്കേണ്ടത്.
അങ്ങനെ കഥയെഴുത്തിന്റെ ദിനങ്ങള്‍ ആരംഭിച്ചു. ബുക്ക് ഷോപ്പുകളില്‍ പോയി തിരക്കഥയുടെ രൂപം മനസിലാക്കിയും ഇന്റര്‍നെറ്റിലെ പഠനസഹായികള്‍ വായിച്ചും ഞാന്‍ സാമ്പിള്‍ സീനുകള്‍ എഴുതി പഠിച്ചു. ആദ്യഘട്ട മത്സരത്തിന് അയക്കാന്‍ സംഭാഷണങ്ങള്‍ വേണ്ടാത്തതിനാല്‍ അത്രയും ഭാരം ഒഴിഞ്ഞു. പിന്നെ വേണ്ടത് കഥയായിരുന്നു. ഫീല്‍ ഗുഡ് സിനിമയാണ് ഉദ്ദേശിക്കുന്നത്. ഈ പറഞ്ഞത് കേട്ട് ഇനി എന്താണ് ഫീല്‍ഗുഡ് സിനിമ എന്നൊന്നും ചോദിച്ച് വന്നേക്കരുത് അമ്മച്ചിയാണേ എനിക്ക് അറിയാന്‍ പാടില്ല. പിന്നെ ആ ടൈപ്പ് എഴുതാമെന്ന് തീരുമാനിക്കാന്‍ കാരണം ഞാന്‍ ഇഷ്ടപെടുന്ന പല സിനിമകളും ആ കൂട്ടത്തില്‍പ്പെട്ടതാണെന്ന് റിവ്യൂകളില്‍ വായിച്ചു. അത്രേയുള്ളൂ ഈ വിഷയത്തില്‍ നുമ്മടെ പരിജ്ഞാനം.
എന്‍റെയും പിന്നെ ഞാന്‍ കണ്ട ചിലരുടെയും ജീവിതാനുഭവങ്ങള്‍ കൂട്ടി ചേര്‍ത്ത ഒരു കഥ. കഥ കേട്ട ചിലര്‍ വളരെ സീരിയസായി എന്നോട് ഒരു കാര്യം ചോദിച്ചു, ഡാ ഇതു ക്ലിക്ക് ആകുവോ ?? ആ ചോദ്യത്തിന് വളരെ ഡിപ്ലോമാറ്റിക്കായി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. സിമ്പിള്‍ ആയ ഒരു കഥ പറഞ്ഞ് ആള്‍ക്കാരെ പിടിച്ചിരുത്തുകയെന്നത് ഒരു ചെറിയ കാര്യമല്ല. അവിടെയാണ് ഒരു തിരക്കഥാകൃത്തിന്‍റെ വിജയം. അത് ജൂറി തിരിച്ചറിയും. ഈ പ്രാന്തന്‍ നന്നാവില്ല എന്ന് തോന്നിയത് കൊണ്ടാണോ അതോ ഞാന്‍ പറഞ്ഞ വലിയ പോയിന്റ് മനസിലാവാത്തത് കൊണ്ടാണോ എന്നറിയില്ല പിന്നെ ആരും എന്നോടൊന്നും പറഞ്ഞില്ല.
തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന്‍ അവന്‍ ബാംഗ്ലൂരില്‍ ജോലിയന്വേഷിച്ചു പോകുന്നു. പിന്നെ ഒരു ചെറിയ ജോലി കിട്ടുന്നു, ജോലിയിലും ശമ്പളത്തിലുമുള്ള പ്രശ്നങ്ങള്‍ പ്രണയം ഇങ്ങനെ മലയാള സിനിമയെ പെറ്റ അന്നുമുതലുള്ള ഈ തീം എടുത്ത് ഉരുട്ടി മറിച്ചു ന്യൂജനറെഷന്‍ മസാല ചേര്‍ത്ത് ഒരു ഐറ്റം ഉണ്ടാക്കി തുടങ്ങി. പണ്ട് പ്രീഡിഗ്രീയും ബികോമുമൊക്കെ ആയിരുന്നെങ്കില്‍ ഇന്ന്‍ ബിടെക്ക് അങ്ങനെ കഥയെ നവീകരിക്കാനുള്ള നമ്പറുകള്‍ എല്ലാം ചേര്‍ത്ത് വെട്ടിയും തിരുത്തിയും ഒരു മാസം കൊണ്ട് സാധനം ഉണ്ടാക്കി. കഥയുടെ വണ്‍ലൈനറും പിന്നെ ആദ്യത്തെ പതിനഞ്ചു സീനുകളും. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണമെന്ന അവസ്ഥയിലായിരുന്നു ഞാന്‍. സീനുകള്‍, ഉപസീനുകള്‍ എല്ലാം ഏതൊരാള്‍ക്കും വായിച്ചപാടെ മനസ്സില്‍ തെളിഞ്ഞു വരുന്ന രീതിയില്‍ അല്ലെ എഴുതി വച്ചിരിക്കുന്നത്. cut to, fade to, back to, voice over ഈ വാക്കുകള്‍ ഉപയോഗിച്ച് സീനുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ആ ദിവസങ്ങളില്‍ പല ഭാഷാ സിനിമകള്‍ കുത്തിയിരുന്നു കാണുകയും അനാവശ്യമായി കുറെ നേരം ചിന്തിക്കുകയും ചെയ്യുമായിരുന്നു.
അങ്ങനെ ഒരു ദിവസം ഞാന്‍ എന്റെ സിനിമയുടെ പേര് പ്രഖ്യാപിച്ചു. – ഇന്‍ഫിനിറ്റ് ലൂപ്പ്….
പിന്നീട് മിനുക്ക് പണിയുടെ ദിനങ്ങളായിരുന്നു. കഥ മനസ്സിലിട്ട് പല തവണ കീറിയും മുറിച്ചും പരിശോധിച്ചു. എഴുതിയത് തന്നെ പലവട്ടം വായിച്ചു നോക്കി, ചെറിയ തിരുത്തലുകളൊക്കെ വരുത്തി. അങ്ങനെ എല്ലാം പൂര്‍ത്തിയായി. ഇനി പ്രിന്‍റ് ചെയ്ത് കൊടുത്താല്‍ മാത്രം മതി.
കൃത്യമായി ഫോര്‍മാറ്റ് ചെയ്ത് കോപ്പി ചെയ്ത പെന്‍ഡ്രൈവുമായി ഞാന്‍ ജംഗ്ഷനില്‍ ഉള്ള കടയിലേക്ക് ചെന്നു. ഒരു മുപ്പത് മുപ്പത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്ന ചേച്ചിയാണ് അവിടെ ഉണ്ടായിരുന്നത്.
” ചേച്ചി, പ്രിന്‍റ് എടുക്കണം. ” കടയില്‍ കേറിയപാടെ ഞാന്‍ പറഞ്ഞു.
” നെറ്റ്ന്നാ…?? ” – ചേച്ചി.
” അല്ല പെന്‍ഡ്രൈവില്‍ ഉണ്ട്. ”
” എന്നാ ഇങ്ങോട്ട് താ ”
ചേച്ചി ഡ്രൈവ് തുറന്ന് പ്രിന്‍റ് ചെയ്യാന്‍ കൊടുത്തു. പ്രിന്‍ററിന്‍റെ വായില്‍ നിന്നും പുറത്തേക്ക് വരുന്ന എന്‍റെ അക്ഷരങ്ങളെ ചേച്ചി തെല്ലാശ്ചാര്യത്തോടെയാണ് നോക്കിയത്.
” ഇതിന്‍റെ ഒരു ഫോട്ടോകോപ്പി കൂടി വേണം…” പേപ്പറില്‍ തന്നെ നോക്കി നില്‍ക്കുന്ന അവരോട് ഞാന്‍ പറഞ്ഞു.
” എല്ലാ ഷീറ്റും ഓരോന്നാ….?? ” ചേച്ചിയുടെ ചോദ്യം.
” അതെ..”
” നിങ്ങള് സിനിമേലാണോ… ?? ” ആ ചോദ്യം കേട്ടയുടനെ മനസ്സില്‍ ഒരു തണുപ്പ്.
” അല്ല…”
” ഫിലിം ഇന്‍സ്റ്റിട്യുട്ടില്‍ പഠിക്കുവാ ?? ” അടുത്ത ചോദ്യം. ചേച്ചി വിടാന്‍ ഭാവമില്ല.
” അല്ല…” ഞാന്‍ വീണ്ടും നോ പറഞ്ഞു.
അടുത്ത ചോദ്യത്തിന് മുന്‍പേ ഞാന്‍ ഉത്തരം വിശദമായി പറഞ്ഞു. ” അല്ല ചേച്ചി ഞാന്‍ കാക്കനാട് ജോലി ചെയ്യുവാണ്. ഇത് ഒരു മത്സരത്തിന് അയക്കാന്‍ വേണ്ടിയാ.”
” എന്‍റെ അനിയനും ഏതൊക്കെ ഭയങ്കരഇഷ്ടാ, ഇത് അറിഞ്ഞിലാ തോന്നുന്നു.”
” ഉം”
” പിന്നെ ഇതൊക്കെ ഒരു ഭാഗ്യമല്ലേ. അത് കൊണ്ട് ജോലിയൊക്കെ കളഞ്ഞ് പോകാന്‍ പറ്റില്ലല്ലോ…” ഞാന്‍ തെല്ല് നിരാശയോടെ പറഞ്ഞു.
” അങ്ങനെ ഒന്നുല്ല. മോന് നല്ല താല്പര്യം ഉണ്ടെങ്കില് നടക്കും.”
ചേച്ചി ഒറിജിനല്‍ പ്രിന്‍റും ഫോട്ടോസ്റ്റാറ്റും തരംതിരിച്ച് തന്നു. എന്‍റെ അക്ഷരങ്ങളെ ഞാന്‍ അഭിമാനത്തോടെയൊന്നു നോക്കി,
“എല്ലാം കൂട്ടി 85 ആയി മോന്‍ 50 തന്നാ മതി. ഒരു നല്ല കാര്യത്തിന് പോകുവല്ലേ…”
ഞാന്‍ എന്ത് പറയണമെന്നറിയാതെ നിന്നു. നൂറുരൂപ കൊടുത്ത് ബാക്കി തന്ന അമ്പത് രൂപയും വാങ്ങി ചേച്ചിയോട് മനസ്സില്‍ തട്ടി ഒരു നന്ദിയും പറഞ്ഞ് മടങ്ങവേ മനസ്സില്‍ ഓര്‍ത്തു നല്ല നിമിത്തം.
സീന്‍ (2) – മിഷന്‍ സബ്ബ്മിഷന്‍
ഓട്ടോ ഇറങ്ങിയത് സിനിമ സംഘടനയുടെ ഓഫീസിന്‍റെ മുന്നില്‍ തന്നെയായിരുന്നു. ഒരു ഒറ്റനില വീട് അതാണ് ഓഫീസ്. ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. മുറിയില്‍ ഇരിക്കുന്ന പയ്യന്‍ ധൃതിയില്‍ എങ്ങോട്ടോ പോകാനൊരുങ്ങുന്നത് പോലെ തോന്നി.
” എന്താ ?? ” അവന്‍ ചോദിച്ചു.
” സ്ക്രിപ്റ്റ് റൈറ്റിംഗ് കൊമ്പിറ്റെഷനില്‍ കഥ സബ്ബ്മിറ്റ് ചെയ്യാന്‍…..” ഞാന്‍ പകുതിയില്‍ നിര്‍ത്തി.
” ആ ഒക്കെ. ഇരിക്കു. ഞാന്‍ ഭക്ഷണം കഴിച്ചിട്ട് വരാം…. ” അയാള്‍ അകത്തേക്ക് ഇരിക്കാന്‍ ക്ഷണിച്ചു.
രണ്ടു മൂന്ന്‍ നോട്ടീസ് ബോര്‍ഡുകള്‍ ഉള്ള ഒരു മുറി. മേശപ്പുറത്ത് ഒരു കമ്പ്യൂട്ടറും കുറെ ഫയലുകളും. ഇതു പോലെ വേറെയും മുറികളുണ്ട്. ഞാന്‍ ഇരുന്ന മുറിയുടെ പുറത്തുള്ള ബോര്‍ഡില്‍ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ പേരുകള്‍ പതിച്ചിട്ടുണ്ട്. അപ്പൊ ഇവിടെ നിന്നാണ് ഇതിന്റെയൊക്കെ തീരുമാനം ഉണ്ടാകുന്നത്, ഞാന്‍ മനസ്സില്‍ പറഞ്ഞു.
അല്‍പസമയത്തെ കാത്തിരിപ്പിന് ശേഷം അയാള്‍ എന്നെ അടുത്ത മുറിയിലേക്ക് വിളിച്ചു. അവിടെ അമ്പതിനോടടുത്ത് പ്രായം തോന്നുന്ന ഒരാള്‍ കൂടി ഉണ്ടായിരുന്നു. എന്നെ വിളിച്ച ചെറുപ്പകാരന്‍ എന്‍റെ തിരക്കഥയും അപേക്ഷയും വാങ്ങി. അഞ്ഞൂറു രൂപയ്ക്ക് രശീതിയും തന്നു. അതിനിടയില്‍ അയാള്‍ മധ്യവയസ്കനുമായി സംസാരിക്കുന്നുമുണ്ട്.
” സാജന്‍ വിളിച്ചിരുന്നു. തിരക്കഥകള്‍ ജോണര്‍ അനുസരിച്ച് മാറ്റിവെക്കാന്‍ പറഞ്ഞിട്ടുണ്ട്. ” മധ്യവയസ്കന്‍ പറഞ്ഞു.
ചെറുപ്പകാരന്‍ ഉവ്വ് എന്നര്‍ത്ഥത്തില്‍ തലയാട്ടി. സാജന്‍ എന്ന പേര് കേട്ടതും എന്‍റെ മനസ്സില്‍ ചില സിനിമ പേരുകള്‍ കടന്നു വന്നു. ദ്രോണ, ലങ്ക, റെഡ്ചില്ലീസ്…. ഒന്നും മറന്നിട്ടില്ല രാമാ…. അപ്പൊ ഇങ്ങേരാണ് കമ്മിറ്റി.
“നിങ്ങള്‍ എന്ത് ചെയുന്നു.. ??” മധ്യവയസ്കന്റെ ആ ചോദ്യം എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.
” കാക്കനാട് വര്‍ക്ക് ചെയുന്നു. ഒരു ഐ.ടി കമ്പനിയില്‍. ”
” ഓക്കേ. ശരി. ഇതിന്റെ റിസള്‍ട്ട് ഒരു മാസത്തിനുള്ളില്‍ ഫേസ്ബുക്ക് പേജ് വഴി അറിയിക്കും. ” അയാള്‍ പറഞ്ഞു.
” ശരി ചേട്ടാ താങ്ക്സ്..” രണ്ടുപേര്‍ക്കും ഓരോ ചിരിയും സമ്മാനിച്ച് മനസ് നിറയെ പ്രതീക്ഷകളുമായ് ഞാന്‍ പുറത്തേക്ക് നടന്നു.
സീന്‍ (3) – മിഷന്‍ കോണ്ട്രാ
ദിവസങ്ങള്‍ കടന്നുപോയി. റിസള്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. തണുപ്പുള്ള ഒരു ശനിയാഴ്ച രാവിലെ മൂടി പുതച്ച് പാതി ഉറക്കത്തെയും സ്നേഹിച്ച് കിടക്കുമ്പോഴാണ് അനിയന്‍ വിളിച്ചത്.
“ഡാ എഫ്.ബി നോക്കിയോ ?? നിന്റെ സ്ക്രിപ്റ്റിന്റെ റിസള്‍ട്ട് വന്നിട്ടുണ്ട്. ”
” ആണോ ?? ഞാന്‍ നോക്കിയിട്ട് വിളിക്കാം.” അപ്പോള്‍ തന്നെ ഫോണെടുത്ത് ഫേസ്ബൂക്കിലൂടെയോന്ന് കണ്ണോടിച്ചു. അതെ മത്സരഫലം പുറത്തു വന്നിരിക്കുന്നു. ഞാന്‍ എന്റെ പേരിനായി ആ ലിസ്റ്റ് തിരഞ്ഞു. 350ല്‍ നിന്നും 20 ആയി ചുരുങ്ങിയ ആ ലിസ്റ്റില്‍ എന്‍റെ പേരുണ്ടായിരുന്നില്ല. വീണ്ടും ലിസ്റ്റ് പരിശോധിച്ചു. ഇല്ല. ഞാനും എന്റെ കഥ ഇന്‍ഫിനിറ്റ് ലൂപ്പും ഇല്ല. കോപ്പ്.
എന്റെ സഹമുറിയന്മാര്‍ ഇതു ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായതോടെ ഞാന്‍ പതുക്കെ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. അതൊരു താല്‍ക്കാലിക എസ്ക്കെപ്പാണെന്നും, പത്മശ്രീ നഷ്ടപ്പെട്ടപ്പോള്‍ പ്രാഞ്ചിയെട്ടന്‍ നേരിട്ടതിലും ഭീകരമായ അപമാനമാണ് എന്നെ കാത്തിരിക്കുന്നതെന്നും എനിക്ക് അറിയാമായിരുന്നു.
ഉറക്കത്തിന് മാത്രമായി കൊടുത്ത പകലിനോടുവില്‍ കുറച്ച് സീരിയസ് ലൂക്ക് കൊടുത്ത് മാറി നില്‍ക്കാം എന്ന പ്ലാനോടെ ഞാന്‍ പുറത്ത് വരാന്തയില്‍ ചെന്നിരുന്നു. സ്റ്റെപ്പിലിരുന്ന്‍ നഖം മുറിക്കുകയാണ് അഭി. മൊബൈലില്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് അര്‍ജുന്‍.
” സന്ധ്യക്ക് നഖം മുറിച്ചാ ദാരിദ്ര്യാ ഫലം അറിയ്വോ …?? ” ഞാന്‍ വല്യേട്ടന്‍ ചമഞ്ഞ് അഭിയോട് പറഞ്ഞു.
അവന്‍ എന്നെ നോക്കാതെ അര്‍ജുനോട് പറഞ്ഞു – ” ഡാ ഈ സിനിമാക്കാര്‍ക്ക് അന്ധവിശ്വാസം കൂടുതലായിരിക്കും അല്ലെ..?? ”
” പിന്നല്ലാതെ.” അര്‍ജുന്‍ അവനെ അനുകൂലിച്ചു. ” സിനിമക്കാരുടെ കാര്യം പറഞ്ഞപ്പോഴാ കഴിഞ്ഞ ദിവസം ജംഗ്ഷനിന്ന്‍ അഞ്ചിന്റെ കപ്പലണ്ടി വാങ്ങി. അത് പൊതിഞ്ഞു തന്ന പേപ്പര്‍ ഇതൊരു ഓഞ്ഞ സ്ക്രിപ്റ്റിന്റെ ഒരു പേജ്. വല്ല എഴുതാനറിയാത്തവന്മാരും എഴുതിയാതാരിക്കും…”
സീന്‍ കൊണ്ട്ര ആണെന്ന് തിരിച്ചറിഞ്ഞ ഞാന്‍ പതുക്കെ അകത്തേക്ക് നടക്കുകയും വേണമെങ്കില്‍ പത്തു മിനിറ്റ് മുന്‍പേ നടക്കാമായിരുന്നു എന്ന്‍ ചിന്തിക്കുകയും ചെയ്തു.
ഇനി കുറച്ചു നേരം ടി.വി കണ്ടിരിക്കാം എന്നോര്‍ത്ത് വീണ്ടും അതേ സീരിയസ് ലൂക്കില്‍ ടി.വിയില്‍ തന്നെ നോക്കിയിരുന്നു. അതിനിടയില്‍ അര്‍ജുനും അഭിയും വന്നിരുന്നു. ടി.വി ചാനലുകള്‍ മാറ്റി മാറ്റി വെക്കുന്നതിനിടെ സംവിധായകന്‍ ലാല്‍ജോസിന്‍റെ മുഖം കണ്ട് ആ ചാനലിലേക്ക് ലാന്‍റ് ചെയ്തു.
” ഇന്നത്തെ ഈ ന്യൂജെന്‍ സിനിമാക്കാലത്ത് എന്താണ് താങ്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.?? ” ഇന്റര്‍വ്യൂവറുടെ ചോദ്യം
” എല്ലാവര്‍ക്കും ഓരോ ജീവിതകഥയുണ്ടാകും. ഓരോരുത്തര്‍ക്കും അവനവന്റെ കഥ വലുതുമായിരിക്കും അല്ലേ ?? അതിലെ സിനിമ സാധ്യതയുണ്ടോ എന്ന് നോക്കാതെ തട്ടിക്കൂട്ടി സ്ക്രിപ്റ്റും എഴുതികൊണ്ട് വരുന്ന ചിലരുണ്ട്. അവര്‍ക്ക് ഇതു വലിയ കാര്യമല്ല പക്ഷെ നൂറു കണ്ണക്കിന് കഥകളില്‍ നിന്ന് ഏറ്റവും മികച്ചത് വേണം അടുത്ത സിനിമയാക്കാന്‍ എന്ന ആഗ്രഹിക്കുന്ന സംവിധായകരുടെ പണി കൂട്ടുകയാണ് ഈക്കൂട്ടര്‍ ചെയ്യുന്നത്…. ”
ടി.വിക്കുള്ളിലിരുന്ന്‍ ഓരോന്ന് വിളിച്ചു പറയുന്ന ഇവരോടൊക്കെ എന്ത് പറയാന്‍ എന്ന ഭാവത്തില്‍ റിമോട്ട് പതുക്കെ അവിടെ വച്ച് ഞാന്‍ മുറിയിലേക്ക് നടന്നു.



0 Comments.