ഒരു യാത്ര

സപ്ലി, ആ വാക്ക്‌ ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് എഞ്ചിനീയറിംഗ് കോളേജ് അധ്യയനത്തിന്റെ രണ്ടാംദിവസത്തെ പകലിലാണ്. ഉച്ചയ്ക്ക് ഇതേ ഹോട്ടലില്‍ വച്ച് എന്‍റെ അരികിലിരുന്ന ഒരു സീനിയര്‍ ചേട്ടന്‍റെ നാവില്‍ നിന്നായിരുന്നു അത്. നാലരികുകളും ഉരുട്ടി മനോഹരമാക്കിയ മാര്‍ബിള്‍ കഷ്ണം പോലെ മിനുസമുള്ള ഒരു വാക്ക്‌. അത് തെറ്റായ ഊര്‍ജ്ജമുള്‍ക്കൊള്ളുന്ന ഒരു വാക്കാണെന്ന് മനസിലായെങ്കിലും അതിനെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഞാനറിഞ്ഞു തുടങ്ങിയത് ഒന്നരവര്‍ഷം കഴിഞ്ഞാണ്. ആ ക്യാംപസിലെ കാറ്റിനുപോലും പറയാനുണ്ടായിരുന്നത് സപ്ലികളുടെ കഥകള്‍ മാത്രമായിരുന്നു. ഗ്ലാമര്‍ പരിവേഷം വീണു കിട്ടിയ തോല്‍വി അതാണ്‌ സപ്ലി. അതിനെ മറികടക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും അതൊരു ഹരം പിടിപ്പിക്കുന്ന കഥ തന്നെയാണ്. അതിനെ മറികടക്കുന്നവര്‍ക്ക്‌ മാത്രം. അല്ലാത്തവര്‍ക്ക്‌  അതിന്‍റെ പിറകെ ഓടി കൊണ്ടിരിക്കാം വഴുതി പോയ വിഷയങ്ങള്‍ എപ്പോഴെങ്കിലും കീഴടങ്ങും എന്ന പ്രതീക്ഷയില്‍. ഓരോ തവണയും പരീക്ഷയ്ക്കൊരുങ്ങുന്നത് അഥവാ ഇത്തവണ പരീക്ഷയെഴുതുന്ന മുഴുവന്‍ പേരെയും പാസ്സാക്കും എന്ന പ്രതീക്ഷയിലാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടികഴിഞ്ഞിട്ടും പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു…. പ്രതീക്ഷ നിറഞ്ഞ അത്തരമൊരു യാത്ര.

                                               ———————————-

ഓഫീസിലെ മരപ്പണി കൊണ്ട് അലങ്കരിച്ച ചുവരിലെ ക്ലോക്കുകളിലൊന്ന് പത്തു മണിയായെന്നു വിളിച്ചു പറഞ്ഞു. ഓസ്ട്രേലിയന്‍ സമയമാണ് അത്. ഞാന്‍ ബോധത്തിലേക്ക് ഞെട്ടിയുണര്‍ന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചര. ഞാന്‍ ചായ കുടിക്കാനായി വാതില്‍ തുറന്ന് പുറത്തെക്കിറങ്ങി. ഇരുവശങ്ങളിലും ഉള്ള ഓഫീസുകളിലെ എല്ലാവരും അവരവരുടെ ജോലികളില്‍ തിരക്കിലാണെന്ന് തോന്നുന്നു.  പാതിസുതാര്യമായ ആ സ്ഫടിക ചുമരുകളിലൂടെ മുഖം വ്യക്തമാകിലെങ്കിലും അവരുടെ ശരീരഭാഷ നമ്മുക്ക് വ്യക്തമായും മനസിലാകും.  ഇടനാഴിയിലൂടെ ഞാന്‍ സൈബര്‍ പാര്‍ക്കിന്‍റെ പുറത്തേക്ക് നടന്നു.
വാതില്‍ തുറന്ന് ഇന്റര്‍ലോക്ക് ചെയ്ത മുറ്റവും കടന്നു റോഡിനപ്പുറത്തെ ചായ കടയിലേക്ക്‌.  ഒരു കാലിനു തകരാറു സംഭവിച്ച ബെഞ്ചില്‍ ഞാനിരുന്നു.  സന്തോഷേട്ടന്റെ ചായ കുടിക്കുന്നതിനിടയില്‍ പരിചയമുള്ള പല മുഖങ്ങളിലേക്കും ഞാന്‍ ചിരി പകര്‍ന്നു നല്‍കി.  അസ്തമയ സൂര്യന്‍റെ കുങ്കുമനിറം പടര്‍ന്ന ആകാശത്തിന്‍റെ ക്യാന്‍വാസില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഗ്ലാസ്‌ കൊണ്ട് നിര്‍മ്മിച്ചതാണോ എന്ന് തോന്നുന്ന കുറെ കെട്ടിടങ്ങള്‍.  സൈബര്‍ പാര്‍ക്കിന്‍റെ ആ ദൃശ്യം ഏറ്റവും മനോഹരമായി കാണാന്‍ കഴിയുന്നത് സന്തോഷേട്ടന്റെ ചായകടയുടെ മുന്നില്‍ നിന്നാണ്.  അത് ക്യാമറയില്‍ പകര്‍ത്തുകയാണ് രണ്ടു കുട്ടികള്‍.  ഏതോ കമ്പനിയില്‍  പുതിയതായി  വന്നതാണെന്ന് തോന്നുന്നു. ഒരു വര്‍ഷം മുന്‍പുള്ള ഒരു ദൃശ്യം ഞാനും ഓര്‍ത്തു.  രണ്ടു പേര്‍ ഇതേ ചിത്രം പകര്‍ത്തിയത്. ഞാനും റോബിനുമായിരുന്നു ആ രണ്ടു പേര്‍. ട്യുപ്ലെക്സ് ടെക്നോളജീസില്‍ അന്ന് എന്‍റെ പ്രായം വെറും രണ്ടു ദിവസം റോബിനു രണ്ടു മാസവും.  ഒരു രണ്ടു മെഗാ പിക്സല്‍ ക്യാമറയില്‍ പകര്‍ത്തിയ ആ വികൃതമായ ചിത്രം ഇപ്പോഴും കാണണം എന്‍റെ ഓഫീസ് കമ്പ്യൂട്ടറില്‍….
ബൈക്കുകളും കാറുകളും പ്രധാന ഗേറ്റ് കടന്നു പുറത്തേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു. പ്രധാന ജോലി സമയം കഴിഞ്ഞതിന്‍റെയാണ്.  രാത്രി ഷിഫ്റ്റിനുള്ള ചിലര്‍ അകത്തേക്ക്‌ വരുന്നുമുണ്ട്.  ചായയുടെ കാശുകൊടുത്ത് ഞാന്‍ അകത്തേക്ക്‌ നടന്നു.   മുട്ടിയുരുമ്മി കൊണ്ട് ആണ്‍പെണ്‍ ജോഡികള്‍ എന്നെ കടന്നു പോയ്കൊണ്ടിരുന്നു.  പ്രണയബദ്ധരാണോ,  ഭാര്യ ഭര്‍ത്താക്കന്മാരാണോ, ആര്‍ക്കറിയാം..!!!  ഇന്നത്തെ കാലത്ത്‌ ആണ്‍ പെണ്‍ ജോഡിയെ കണ്ടാല്‍ സഹോദരി സഹോദരന്മാരാണോ  ഭാര്യ ഭര്‍ത്താക്കന്മാരാണോ,  പ്രണയകുതുകികളാണോ എന്നൊക്ക കണ്ടു പിടിക്കുക നടക്കാത്ത കാര്യമാണ്.  ഇത്രയും ആലോചിച്ചതിനു ശേഷം മനസ്സില്‍ തോന്നി ഞാനെന്തിനാ ഇതൊക്കെ ചിന്തിക്കുന്നത്…??  ഉത്തരം ആരോ കാതില്‍ മന്ത്രിച്ചു മലയാളിയായതു കൊണ്ട്.   🙂  മെ ബി.
നിര തെറ്റി കിടക്കുന്ന കസേരകളുടെയും മേശകളുടെയും ഇടയിലൂടെ ഞാന്‍ എന്‍റെ ക്യുബിക്കിളില്‍ ചെന്നിരുന്നു.  മയക്കത്തിലായിരുന്ന കമ്പ്യൂട്ടറിനെ കീബോര്‍ഡില്‍ തഴുകി ഉണര്‍ത്തിയപ്പോഴാണ് കണ്ടത്‌ ജോണേട്ടന്‍റെ ചാറ്റ് മെസ്സേജ്.   ഒരു കാലത്ത് .ട്യുപ്ലെക്സ് ടെക്നോളജീസിലെ ക്രിയേറ്റിവ് ഹെഡ് ആയിരുന്നു ജോണേട്ടന്‍.  ക്രിയേറ്റിവ് ഹെഡ് എന്ന് വച്ചാല്‍ പുതിയ പുതിയ ഐഡിയകളുടെ സൃഷ്ടാവ് എന്നാണര്‍ത്ഥം.
ജോണ്‍   :  ഹി !!!   
ജോണ്‍ :   വേര്‍ ആര്‍ യു ??
ജോണ്‍   :  ആര്‍ യു ദേര്‍  ??
അതെയെന്നു മറുപടി കൊടുത്തു.  ഉടന്‍ തന്നെ ഫോണില്‍ വിളി വന്നു.  പരിചിതമായ സംഗീതം. എന്‍റെ ഫോണ്‍ ശബ്ദിക്കുന്നു. ജോണേട്ടനാണ്.  ഇപ്പോള്‍തന്നെ മണി ആറായില്ലേ അത് കൊണ്ട്  ഞാന്‍ പാരഡൈസില്‍ ചെല്ലണം അവിടെ വച്ച് കാണാം എന്നൊക്ക പറയാനാണ് ഈ വിളി.  കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് , എല്ലാ സ്വിച്ചുകളും ഓഫ്‌ ചെയ്ത്, ഞാന്‍ വാതില്‍ ലോക്ക് ചെയ്തു. ഞാന്‍ ഇടനാഴിലൂടെ നടക്കുന്നതിനിടെ ക്യാറ്റ്‌സ്ടെക്കിലെ സംഗീത ഫോണും ചെവിയില്‍ ചേര്‍ത്ത്‌ കൊണ്ട് ഒരു പുഞ്ചിരിയും തന്ന് എന്നെ കടന്നു പോയി. ഏതാനം നിമിഷങ്ങള്‍ക്ക് ശേഷം അവളുടെ പെര്‍ഫ്യുമിന്റെ സുഗന്ധവും. ഞാന്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു.
ജോണെട്ടനോട്‌ പറയാന്‍ നല്ലൊരു കള്ളം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.  കാരണം അയാളുടെ കൂടെ ഇന്നു ഞാന്‍ പോകുന്നില്ല.  ഓരോ ദിവസത്തിനും ഓരോരുത്തരുടെയും ജീവിതത്തില്‍ എന്തെങ്കിലും പ്രാധാന്യം കാണും.  നാളത്തെ ദിവസം എനിക്കും പ്രധാനമാണ്.  നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് മുമ്പേ എനിക്ക് എന്‍റെ പ്രിയപെട്ട കലാലയത്തില്‍ എത്തേണ്ടതുണ്ട്.  നാളെയാണ് ആറാം സെമെസ്റെര്‍ ബിടെക്കിന്റെ പരീക്ഷയുടെ അഞ്ചാം നാള്‍.  നാല് വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കി നാലുവര്‍ഷം കഴിഞ്ഞിട്ടും ജയിക്കാന്‍ കഴിയാതെ ബാക്കി നില്‍ക്കുന്ന ആറു വിഷയങ്ങളില്‍ ഒന്നിന്‍റെ പരീക്ഷ. വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലാണ് സിദ്ധന്‍ അതു പറഞ്ഞത്‌ ഒരു പക്ഷെ ഇത് ഞങ്ങളുടെ അവസാന അവസരമാണെന്ന്. ഈ പ്രാവശ്യവും പരാജയപെട്ടാല്‍ അയോഗ്യത സര്‍ട്ടിഫിക്കറ്റാണ് ലഭിക്കാന്‍ പോകുന്നത്. എഞ്ചിനീയറാവാന്‍ അവസാന ശ്രമം. മാറ്റിവയ്ക്കാന്‍ പറ്റാത്ത ഈ പരീക്ഷണത്തിന്‍റെ കാര്യം ജോണെട്ടനോട് പറയാനും വയ്യ. ഒരു പരാജിതനാണ് ഞാന്‍ എന്ന് പറയാനുള്ള അഭിമാനകുറവ് മാത്രമാണ് കാരണം.  ഒരു സുഹൃത്ത് ആശുപത്രിയിലാണെന്ന് കള്ളം പറഞ്ഞ് ജോണെട്ടനില്‍ നിന്നും രക്ഷപെട്ടു.  ട്രെയിന്‍ ടിക്കറ്റ്‌ കയ്യില്‍ ഭദ്രമായിരിപ്പുണ്ട്.   ഓട്ടോയില്‍ കയറി റെയില്‍വേ സ്റ്റേഷനിലേക്ക് പുറപെട്ടു.
ലോഡ്ജിലെ സഹമുറിയന്‍ ചന്ദനോട് പറഞ്ഞതും അതെ കാരണം തന്നെ.  എല്ലാവരും തങ്ങളിലേക്ക് ഒതുങ്ങി ജീവിക്കുന്നത് കൊണ്ട് കുറെ ആശ്വാസം..  അവന്‍ ഒരു അന്വേഷണത്തിന് ഇറങ്ങി പുറപ്പെടാന്‍ ഒരു സാധ്യതയും ഇല്ല.  അവനോട് പറയാതിരുന്നതിന്റെ കാരണവും അഭിമാനകുറവ് കൊണ്ടുതന്നെ.  ഒരു വ്യക്തിക്ക്‌ തന്റെ കഴിവുകേടുകളും കുറവുകളും തുറന്നു പറയാനുള്ള ധൈര്യമാണ് ആദ്യം ഉണ്ടാവേണ്ടത്.
     
നഗരത്തിരക്കിന്റെ ഒഴുക്കില്‍ രണ്ടു മിനുട്ട് വൈകിയാണെങ്കിലും ഓട്ടോ സ്റ്റേഷനില്‍ എത്തിപ്പെട്ടു.  ട്രെയിന്‍ പോയോ എന്ന ഒരു ശങ്ക മനസ്സില്‍ സൂക്ഷിച്ചാണ് പ്ലാറ്റ്ഫോമിലേക്ക് കയറിയത്.  വണ്ടി ഉടന്‍ എത്തിചേരുമെന്ന അനൌണ്‍സ്മെന്റ് കേട്ടതോടെ ശാന്തമായ മനസുമായി ഞാന്‍ സിമെന്റ് ബെഞ്ചിലിരുന്നു ;  ആ രാത്രി എനിക്ക് പഠിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും സൗകര്യമോരുക്കി തരാന്‍ പോകുന്ന വലിയ വണ്ടിയെയും പ്രതീക്ഷിച്ച്……..
                                                                      **************
രാത്രിയായതിനാലും റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റ് ആയതിനാലും വലിയ തിരക്കൊന്നും ഉണ്ടായില്ല.  വണ്ടിയില്‍ കയറിയ ഉടനെ തന്നെ ഞാന്‍ 
പുസ്തകവും തുറന്നു വച്ചിരുന്നു.  പല പേജുകളിലും കുറിച്ചിട്ട തീയതികള്‍ അവ പഠിച്ച ദിനങ്ങളുടെ പഴക്കത്തെ കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു. 
എനിക്ക് എതിര്‍വശം ഇരുന്ന ഒരു കുടുംബം മകള്‍ക്ക് എഞ്ചിനീയറിംഗ് അഡ്മിഷന്‍ വാങ്ങിച്ചു കൊടുത്ത് മടങ്ങുകയാണ് എന്നറിഞ്ഞപ്പോള്‍ അച്ഛനോടൊപ്പം അലോട്ട്‌മെന്റിനു തിരുവനന്തപുരം വരെ പോയ പഴയ ചിത്രങ്ങള്‍ എന്‍റെ ഉള്ളില്‍ തെളിഞ്ഞു.  ഓര്‍മ്മകള്‍ക്കിടയില്‍ അലഞ്ഞുതിരിയുന്നതിനിടെ സീറ്റിലെ വെളിച്ചം ആരോ കെടുത്തി.  പരീക്ഷാ പഠനം അവിടെ അവസാനിച്ചു.  ആ കുടുംബം വഴിയിലെവിടെയോ ഇറങ്ങി പോയിരിക്കുന്നു. പകരം കയറിയവരില്‍ ഒരാളാണ് ലൈറ്റ്‌ അണച്ചത്. കമ്പാര്‍ട്ട്മെന്റില്‍ ഉറക്കം ഭാവിച്ച് കിടക്കുന്നവരില്‍ പകുതി പേരും ഫോണില്‍ മന്ത്രിക്കുകയാണ്. ഞാന്‍ വാതിലിനടുത്തെക്ക് നടന്നു.  രാത്രിയെ കീറി മുറിച്ചുകൊണ്ട് കുതിച്ചുപായുകയാണ് ഞങ്ങളുടെ തീവണ്ടി.  
റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴേക്കും പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ.   ഉറക്കം തുങ്ങിയ എന്‍റെ കണ്ണുകളെ വീണ്ടും ഞാന്‍ ആ പഴയ പുസ്തകത്തിനുള്ളിലേക്ക് ക്ഷണിച്ചു.  ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞതോടെ ഞാന്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ തിരിച്ചു.  പൊതുവിളക്കുകള്‍ പോലും ഇല്ലാത്ത ബസ്‌സ്റ്റാന്‍ഡില്‍ ആകെ ഉണ്ടായിരുന്ന പ്രകാശം ഒരു ചായകടയിലെ ചെറിയ മെഴുകുതിരിയുടെ വെട്ടമായിരുന്നു.  ബസ്‌സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ്‌ വരമ്പിന്റെ മേലെ ഞാനിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് കോളേജിലേക്കുള്ള ബസ്‌ വന്നത്.  
രണ്ടു മണിക്കൂര്‍ നേരത്തെ യാത്രയ്ക്ക്‌ ശേഷം ഞാന്‍ എന്‍റെ കോളേജിന്‍റെ മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങി.  നേരം വെളുത്തുവരുന്നതേയുള്ളൂ.  ആദ്യമായാണ് ഞാന്‍ എന്‍റെ കോളേജിന്‍റെ ഗേറ്റ് നിയോണ്‍ ബള്‍ബിന്റെ പ്രകാശത്തില്‍ കാണുന്നത്. ആ കൂറ്റന്‍ ഗേറ്റും കടന്ന് ഞാന്‍ അകത്തേക്ക് നടന്നു.  കാവല്‍ക്കാരെ പ്രതീക്ഷിച്ചെങ്കിലും ആരും തന്നെ ഉണ്ടായിരുന്നില്ല.  ആ വലിയ കാമ്പസില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു.  ചില്ലുജനാലകള്‍ അടച്ചിട്ട ക്ലാസ്‌ മുറികളും ആണിന്റെയും പെണ്ണിന്റെയും രൂപങ്ങള്‍ വരച്ചിട്ട കക്കൂസുവാതിലുകളും പൂട്ടിയ നിലയിലായിരുന്നു.  
ഇരുട്ട് പിന്‍വാങ്ങി തുടങ്ങിയ ഇടനാഴിയിലെ ഒരു കുടിവെള്ളസംഭരണിയില്‍ നിന്നും വെള്ളമെടുത്ത് മുഖം കഴുകിയശേഷം മാര്‍ബിള്‍ വിരിച്ച കോണിപടിയില്‍ ഞാനിരുന്നു.  ബി.ടെക്കിന്റെ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ ഇരുന്നിട്ടുണ്ട് ഞാന്‍ അങ്ങിനെ ആ കോണിപടികളില്‍.  ഞാന്‍ ബാഗില്‍ നിന്നും പുസ്തകമെടുത്ത് അതില്‍ കണ്ണുനട്ടു.  
നേരം കടന്നു പോയി.  കാമ്പസില്‍ തന്നെയുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ എത്തിതുടങ്ങിയിരിക്കുന്നു. ഒപ്പം വരാന്തകളും ക്ലാസ്‌മുറികളും തൂത്തുതുടയ്ക്കാനായി തൊഴിലാളികളും.  വിദ്യാലയവും ആരാധനാലയവും ഒന്നു തന്നെ.
അതിനിടയിലെ ഒരു പരിചിതമുഖം ജെയിംസേട്ടന്റെതായിരുന്നു. ക്ലാസ്‌ മുറികള്‍ തുറക്കാനുള്ള വരവാണ്.  അയാളുടെ കണ്ണില്‍പെടാതെ ഞാന്‍ മാറി നിന്നു. അയാള്‍ക്ക് എന്നെ മനസിലാകണം എന്ന് പോലുമില്ല. എങ്കിലും ഞാന്‍ അകലേക്ക്‌ മാറി നടന്നു. കാരണം മറ്റൊന്നുമില്ല, അഭിമാനക്കുറവ്.  ഈയൊരു കുറവ്‌ പരിഹരിച്ചാല്‍ തന്നെ ജീവിതം പകുതി രക്ഷപ്പെട്ടേനെ.
ഏകദേശം എട്ടുമണി കഴിഞ്ഞപ്പോള്‍ ഞാന്‍ വന്ന വഴിയെ പുറത്തേക്ക് നടന്നു.  പണ്ട് കുമാരേട്ടന്‍ നടത്തിയ ഹോട്ടല്‍ പല കൈ മറിഞ്ഞ് വേറെ ആരുടെയോ കയ്യിലാണ്. ചായയും പഴംപൊരിയും കഴിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു –
” പരീക്ഷയ്ക്ക്‌ വന്നതായിരിക്കും…??”
“അതെ.” ഞാന്‍ പറഞ്ഞു.
” ഇനി കുറെ പേപ്പര്‍ ഉണ്ടോ? ”  അയാള്‍ ചോദിച്ചു.
” കുറച്ചുണ്ട്. ”  ഞാന്‍ പറഞ്ഞു. എന്തു കൊണ്ടോ കൃത്യമായ എണ്ണം ഞാന്‍ പറഞ്ഞില്ല.വീണ്ടും കോളേജിലേക്ക്‌ നടന്നു.  
ഒരിക്കലും അവസാനിക്കാത്ത പ്രതീക്ഷയുമായി ഞാന്‍ ഹാളിന്‍റെ അടുത്തേക്ക് നടന്നു. ഒരക്ഷരം പോലും പഠിച്ചിട്ടില്ല. പണ്ട് പഠിച്ച ചിലതൊക്കെ ഓര്‍മ്മകളില്‍ ചിതലരിക്കാതെ കിടപ്പുണ്ട്. 
ചോദിക്കാന്‍ കൂട്ടുകാര്‍ ആരും തന്നെ ഇല്ലാത്തതു കൊണ്ട് എന്‍റെ മനസ് തന്നെ ആ ചോദ്യം ചോദിച്ചു. -” ഒന്നും അറിയില്ലല്ലോടാ ഇന്ന്‍ എഴുതണോ …. ??? ” 
പെട്ടെന്ന്‍ ആ പഴയ ചിന്ത മനസ്സില്‍ ഉയര്‍ന്നു വന്നു ” ഇനി അഥവാ ഇത്തവണ…….. “
ഉറച്ച കാല്‍വയ്പ്പുകളോടെ എല്ലാം പഠിച്ചെന്ന മുഖഭാവത്തോടെ ഞാന്‍ പരീക്ഷമുറിയിലേക്ക് നടന്നു……
  1. എല്ലാം കഥകളായി മാറിയില്ലേ…..

  2. ക്ലൈമാക്സിൽ വിജയിച്ചോ ?

    ആ ഒരു ആശങ്ക നന്നായി പകർത്തി വെച്ചു

  3. manassu oru nimisham aa pazhaya campussinte padivathikalil ethichu…..
    oru supplyude roopathil.Like it

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>