ബിഗ് ബി ഇറങ്ങി കഴിഞ്ഞതിനുശേഷമുള്ള ആദ്യത്തെ മാര്‍ച്ച് മാസത്തില്‍ ആണ് മനോരമ ഓണ്‍ലൈനില്‍ ഞാന്‍ ആദ്യമായി ശ്രേയ ഘോഷ്വാലിനെ കുറിച്ച് വായിക്കുന്നത്. ഏതോ റിയലിറ്റിഷോയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ അവിടെ അതിഥിയായി എത്തിയ സഞ്ജയ്‌ലീലബന്‍സാലി ശ്രേയയുടെ സ്വരമാധുരിയില്‍ വീണുപോയതും ദേവദാസിലെ ഗാനങ്ങള്‍ പാടാന്‍ ഏല്‍പ്പിക്കുകയും ചെയ്ത കഥ, ഇന്ത്യയിലെ എല്ലാ ശ്രേയ ഫാന്‍സിനും സുപരിചിതമായ ആ കഥ ഞാന്‍ ആദ്യമായി വായിക്കുന്നതും അന്നായിരുന്നു. അതിനു ശേഷമാണ് പാടിയത് ശ്രേയയാണ് എന്നറിഞ്ഞു കൊണ്ട് ഞാന്‍ അവരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഭാഷകള്‍ക്കതീതമായി അവര്‍ വരികളുടെ മേലെ അവര്‍ പ്രകടിപ്പിക്കുന്ന നിയന്ത്രണം, അര്‍ത്ഥം മനസിലാക്കി വാക്കുകള്‍ക്ക് ഭാവം നല്‍കുന്നത് അങ്ങനെ അവരുടെ ഗുണ വിശേഷങ്ങളെല്ലാം എന്നെയും ആകര്‍ഷിച്ചു. അങ്ങനെ ഞാനും ഒരു ശ്രേയ ഘോഷ്വാല്‍ ഫാനായി.
മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. സംഗീതത്തെയും സിനിമയെയും സ്നേഹിക്കുന്ന ഒരുപാട് പേരെ ഞാന്‍ കൊച്ചിയില്‍ വച്ച് പരിചയപ്പെട്ടു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു ജോബിന്‍. അവനാണ് മറൈന്‍ഡ്രൈവിലെ ജോയ് ആലുക്കാസ് ജുവല്ലറി ഉത്ഘാടിക്കാന്‍ വരുന്നത് സാക്ഷാല്‍ ശ്രേയ ഘോഷ്വാലാണെന്ന് എന്നോട് പറഞ്ഞത്. ഡേറ്റ് നോക്കിയപ്പോള്‍ ഞായറാഴ്ചയാണ്. ജീവിതത്തില്‍ നോ എന്ന വാക്ക് വളരെ കുറച്ച്മാത്രം ഉപയോഗിക്കുന്ന ആളായാതിനാല്‍ അവന്‍ ചോദിച്ചപ്പോള്‍ തന്നെ പോകാന്‍ ഞാനുറപ്പിച്ചു.
പിന്നീട് ടിക്കറ്റിനുള്ള അന്വേഷണമായിരുന്നു. ഒന്നും ശരിയായില്ല. വൈകുന്നേരം നാല് മണിക്ക് ഏറണാകുളം മറൈന്‍ഡ്രൈവ് ഗ്രൌണ്ടിലാണ് പരിപാടി. രാവിലെ അവിടെ ചെന്നാല്‍ ടിക്കറ്റ് കിട്ടും എന്നൊക്കെ ആരൊക്കെയോ പറയുന്നത് കേട്ടതല്ലാതെ കൃത്യമായ ഐഡിയ ഞങ്ങള്‍ക്ക് കിട്ടിയതെയില്ല.

അങ്ങനെ ആ ഞായറാഴ്ച എത്തി. രാവിലെ തന്നെ ഞാനും ജോബിനും സ്ഥലത്തെത്തി. ശ്രേയ വരുന്നത് കണ്ടു. കുറച്ച് സമയത്തിന് ശേഷം പോകുന്നതും കണ്ടു. അവന്മാര് ജ്വല്ലറിയും തുറന്നു. ടിക്കറ്റ് പ്രശ്നത്തിന് മാത്രം പരിഹാരമുണ്ടായില്ല. പിന്നീടാണ് കാര്യങ്ങള്‍ വ്യക്തമായത്. പുതിയ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണവും രത്നവുമൊക്കെ വാങ്ങണം അപ്പോഴേ ടിക്കറ്റ് കിട്ടു സൗജന്യമായിട്ട്. അതായത് നമ്മളെ പോലുള്ള ആപ്പഊപ്പകളോന്നും ശ്രേയയെടെ പാട്ട് കേള്‍ക്കണ്ടാന്ന്.
ചില ആഗ്രഹങ്ങള്‍ നമ്മളെ കൊണ്ട് എന്തും ചെയ്യിക്കും. ഞാനും ജോബിനും ആ വലിയ കെട്ടിടത്തിന്റെ പുറത്ത് ശ്രേയക്ക് കയറി വരാന്‍ വിരിച്ചിട്ട ചുവന്ന പരവതാനിക്കും അതിന്‍റെ താല്‍ക്കാലിക മതില്‍ക്കെട്ടിനും പുറത്ത് കാത്തുനില്‍ക്കാന്‍ തുടങ്ങി. സ്വര്‍ണ്ണവും വാങ്ങിവരുന്നവരെ. കടയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്നവരെ.
സര്‍ മ്യൂസിക് പ്രോഗ്രാമിന്റെ ടിക്കറ്റ് തര്വോ
മാഡം വൈകുന്നേരത്തെ മ്യൂസിക് പ്രോഗ്രാമിന്റെ ടിക്കറ്റ് തര്വോ
ഒരേ ചോദ്യം ഒരുപാട് മുഖങ്ങളോട്. തരില്ല അലെങ്കില്‍ എന്ത് ടിക്കറ്റ് അലെങ്കില്‍ ഞങ്ങളോടല്ല എന്നൊക്കെയുള്ള മുഖഭാവങ്ങള്‍. അവരുടെ ഇല്ലയെന്ന ഉത്തരം ഞങ്ങളോട് ചോദിച്ചത് who is next ?? എന്ന ചോദ്യമാണ്.
ഉച്ച കഴിഞ്ഞതോടെ കടയിലെ തിരക്ക് കുറഞ്ഞു. ചോദ്യങ്ങള്‍ നിര്‍ത്തി ഞങ്ങളും ഒരു വശത്തേക്ക് മാറി നിന്നു. പിറകിലുള്ള ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കസേരകള്‍ നിരത്തി കഴിഞ്ഞു. ഷീറ്റുകള്‍ കൊണ്ട് ഗ്രൗണ്ടിന്റെ എല്ലാ വശവും മറച്ചുകൊണ്ടിരിക്കുന്നു. ഏതായാലും പുറത്തു നിന്ന് കേള്‍ക്കാം എന്ന് തിരുമാനിച്ച് തല്‍കാലം മുറിയില്‍ പോയി റസ്റ്റ് ചെയ്തിട്ട് വരാം എന്ന രീതിയില്‍ പ്ലാന്‍ ചെയ്യുമ്പോഴാണ് റോഡില്‍ നിന്ന് ഒരാള്‍ ഞങ്ങളെ കൈമാടി വിളിച്ചത്. അയാള്‍ ഓട്ടോയില്‍ കയറുകയാണ്. കൂടെയുള്ള സ്ത്രീ ഓട്ടോയില്‍ കയറികഴിഞ്ഞു. ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ചെന്നു.
” പ്രോഗ്രാമിന്റെ ടിക്കറ്റിനാണോ ഇവിടെ നില്‍ക്കുന്നത്. ” അയാള്‍ ചോദിച്ചു.
“അതെ…” കള്ളം പറയേണ്ട കാര്യമില്ലല്ലോ.
“ഞങ്ങള്‍ടെ വീട് പറവൂരാ എന്തായാലും വരില്ല. ഏറ്റവും പിറകിലെ ടിക്കറ്റാണ്. ” അയാള്‍ പോക്കറ്റില്‍ നിന്നും രണ്ട് ടിക്കറ്റുകള്‍ ഞങ്ങളുടെ നേരെ വച്ചുനീട്ടി.
“താങ്ക്യു ചേട്ടാ. ” അയാള്‍ ഒന്ന് ചിരിച്ചു. ഓട്ടോയില്‍ ഇരുന്ന അമ്മയും. ഓട്ടോ കണ്‍വെട്ടത്ത് നിന്ന് മറയുന്നത് വരെ ഞങ്ങള്‍ നോക്കി നിന്നു. ചിലപ്പോള്‍ അകത്തേക്ക് പോകുമ്പോള്‍ അവര്‍ നമ്മളെ കണ്ടിരിക്കണം.
അത്ഭുതവും സന്തോഷവും നിറഞ്ഞ മനസുമായി ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഞങ്ങള്‍ ഇരുന്നു. ജ്വല്ലറി മാനേജ്മെന്റിന്റെ ചെറിയ സ്വാഗതവും എവെന്റ്റ് മാനേജ്‌മന്റ് ടീമിന്‍റെ ഡയലോഗുകള്‍ക്കും ശേഷം സാക്ഷാല്‍ ശ്രേയ ഘോഷ്വാല്‍ സ്റ്റേജില്‍ എത്തി. അതെ ശ്രേയ പാടാന്‍ തുടങ്ങുകയാണ്. ഞങ്ങള്‍ അത് ലൈവായി കേള്‍ക്കാനും….


0 Comments.