ഹാനോയ് നഗരത്തിൻ്റെ തിരക്കിൽ അലസമായി തീർന്നു പോയ ഒരു ക്രിസ്മസ് ദിനത്തിൻ്റെ പിറ്റേന്നാണ് ഞാൻ വടക്കൻ വിയറ്റ്നാമിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്നായ നിൻ ബിനിൽ എത്തുന്നത്. കൃത്യമായി പറഞ്ഞാൽ നിൻ ബിന്നിലെ പ്രധാന ടൗണിൽ നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റർ മാറിയുള്ള ജിയാവെനിലെ ഒരു ഹോംസ്റ്റേയിൽ.
നിറയെ പൂക്കളും ചെടികളും നിറഞ്ഞ മതിൽക്കെട്ട്. അതിനകത്തെ നാല് കോട്ടേജുകകളിൽ ഒന്നിൻ്റെ മുന്നിലേക്ക് മാത്രം ബോഗെൻവില്ല പടർന്ന് നിൽപ്പുണ്ടായിരുന്നു. ആ നാല് കോട്ടേജുകൾക്കും മുന്നിലായുള്ള ഓപ്പൺ ഡൈനിങ്ങ് ഏരിയയിൽ ഇരിക്കുകയായിരുന്നു ഞാൻ.
എൻ്റെ മേശയ്ക്ക് തൊട്ടടുത്തുള്ള കോഫീ കൗണ്ടറിൽ എനിക്ക് വേണ്ടി കാപ്പി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് അവിടത്തെ എൻ്റെ ഹോസ്റ്റായ പെൺകുട്ടി. അവളെ കൂടാതെ പ്രായം ചെന്ന ഒരു അമ്മയെയും രണ്ട് ചെറിയ കുട്ടികളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
” ഒരാഴ്ചക്ക് ശേഷമുള്ള എൻ്റെ ഗസ്റ്റാണ് നിങ്ങൾ. ഇവിടെ ഉള്ളതിലെ നല്ലൊരു മുറിയാണ് നിങ്ങൾക്ക് തരാൻ പോകുന്നത്. ബോഗെൻവില്ല പടർന്ന് നിൽക്കുന്ന ജനാലകൾ ഉള്ളത്… “
കാപ്പി ഉണ്ടാക്കുന്നതിനിടെ ഗൂഗിൾ ട്രാൻസിലേറ്റർ വഴി എന്നോട് സംസാരിക്കുകയായിരുന്നു അവൾ.
“താങ്ക്യൂ. “
പരിഭാഷ അശേഷം ആവശ്യമില്ലാത്തതായിരുന്നു എൻ്റെ മറുപടി.
” ഇത്ര നേരത്തെ വരുമെന്ന് പ്രതീക്ഷിച്ചില്ല അതാണ് ഈ താമസം. അമ്മ മുറി വൃത്തിയാക്കുന്നുണ്ട്. ഒരു പത്ത് മിനിറ്റ് കൂടി വെയിറ്റ് ചെയ്യൂ.”
” നോ പ്രോബ്ലം”.
അവളോട് ഇങ്ങനെ ചുരുങ്ങിയ വാക്കുകളിൽ ഞാൻ മറുപടി കൊടുക്കാൻ ഒരു കാരണമുണ്ടായിരുന്നു.
അവിടെ ചെന്ന് കയറിയപ്പോൾ തന്നെ ഒരു ഷേക്ക് ഹാൻഡിനൊപ്പം അവൾ പറഞ്ഞു തന്ന അവളുടെ പേര് ഞാൻ മറന്നു പോയിരിക്കുന്നു. നാക്കിൻ്റെ തുമ്പത്ത് നിന്ന് അതെടുക്കാനുള്ള തത്രപ്പാടിലായിരുന്നു ആ നേരത്ത് ഞാൻ.
കട്ടൻ കാപ്പിയും ബിസ്കറ്റും മുന്നിൽ കൊണ്ട് വച്ച് അവൾ പിന്നെയും എന്നോട് എന്തൊക്കെയോ ചോദിച്ചു. ഞാൻ എന്തൊക്കെയോ മറുപടിയും പറഞ്ഞു.
പക്ഷേ അവളുടെ പേര് മാത്രം എനിക്ക് കിട്ടിയില്ല.
എന്നെ കൃത്യമായി പേര് പറഞ്ഞു തന്നെ വിളിക്കുന്ന ഒരാളോട് എങ്ങനെ വീണ്ടും പേര് ചോദിക്കും?
കുറച്ച് മുൻപുള്ള എൻ്റെ ഓർമ്മകളിൽ എവിടെയോ ആ പേരുണ്ട്, ഉടനെ കിട്ടുമെന്നൊരു പ്രതീക്ഷയിൽ തിരച്ചിൽ പ്രോസസിനെ ബാക്ക്ഗ്രൗണ്ടിലിട്ട് ഞാൻ മുറിയിലേക്ക് കയറി.
ജിയാവെനിലെ ഇളംതണുപ്പ് പോലെ മനോഹരമായിരുന്നു ആ മുറി. ഭംഗിയായി വിരിച്ചിട്ട കിടക്ക, ടവലുകൾ, ബാത്ത്റൂം ചപ്പലുകൾ, ചെറുതായി തൂക്കിയിട്ടിരിക്കുന്ന വിളക്കുകൾ, മറ്റ് അലങ്കാര വസ്തുക്കൾ തുടങ്ങി സുഗന്ധം പരത്തുന്ന മെഴുകുതിരികൾ വരെ കൃത്യമായ നിറങ്ങളിലും ക്രമമായും ആ മുറിയിൽ ഉപയോഗിച്ച് അലങ്കോലമാക്കാൻ തോന്നാത്ത വിധം വച്ചിരുന്നു.
ഞാൻ അതൊക്കെ നോക്കികൊണ്ടിരിക്കവെ അവൾ എന്നെ വിളിച്ചു.
എൻ്റെ അടുത്ത ഒന്നര ദിവസത്തേക്കുള്ള പ്ലാനുമായി വന്നതാണവൾ. നേരത്തെ ഞാനവളോട് പറഞ്ഞിരുന്ന എനിക്ക് താൽപര്യമുള്ള സ്ഥലങ്ങളിലേക്ക് അടുത്ത ദിവസം ടാക്സിയിൽ പോകാമെന്നും അന്ന് ഉച്ചയ്ക്ക് ശേഷം ജിയാവെനിൽ സൈക്കിളിങ്ങ് ചെയ്യാൻ പോകുന്നത് നല്ലൊരു ഓപ്ഷനായിരിക്കുമെന്നും അവൾ പറഞ്ഞു. അത് പ്രകാരം ചെയ്യാൻ ഞാനും തീരുമാനിച്ചു.
ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള മലകളും, നെൽപ്പാടങ്ങളും, നദി തീരങ്ങളും അടക്കം ഒരു മുത്തശ്ശി കഥയുടെ പശ്ചാത്തലം പോലെ തോന്നിപ്പിക്കുന്ന വാൻലോങ് റിസർവിൻ്റെ വഴിയിലൂടെ ഞാൻ പതിയെ സൈക്കിളിൽ കറങ്ങി. നദിയിലൂടെ കെട്ടുവളളത്തിൽ കുറച്ച് ദൂരം പോയി. ഉൾവഴികളിൽ പലതും വിയറ്റ്നാമിയൻ ഗ്രാമങ്ങളിലേക്കായിരുന്നു. വയലുകൾ, നമ്മുടെ കാവുകളും കപ്പേളകളും പോലെയുള്ള പ്രാർത്ഥന കേന്ദ്രങ്ങൾ, കുഞ്ഞു വീടുകൾ…
വഴിയരികിലെ ഒരു അമ്മൂമ്മയുടെ കടയിൽ നിന്ന് കാപ്പിയും ചിക്കൻ നൂഡിൽസും കഴിച്ച് തിരികെ ഹോം സ്റ്റേയിലേക്ക് മടങ്ങുന്ന വഴിയിലാണ് നേരത്തെ കണ്ടത് പോലെയുള്ള ചെറിയ പ്രാർത്ഥന സ്ഥലത്തിൻ്റെ മുന്നിൽ നിന്ന് അവൾ നടന്ന് വരുന്നത് ഞാൻ കണ്ടത്.
ഞാൻ സൈക്കിളിൽ നിന്നിറങ്ങി മൊബൈൽ കൈയിലെടുത്ത് ട്രാൻസിലേറ്റർ വഴി അവളോട് ചോദിച്ചു.
” സൈക്കിൾ എടുത്തില്ലേ ? “
” ഇല്ല. ഇവിടെ വരുമ്പോ ഞാൻ നടക്കും. “
” ഓക്കേ. ഇത് നിങ്ങളുടെ അമ്പലമാണ് അല്ലെ? “
” ഏതാണ്ട് “
” ഞങ്ങളുടെ നാട്ടിൽ ഇതിനേക്കാൾ വലുതാണ് “
” ഉം. എങ്ങനെയുണ്ടായിരുന്നു പോയിട്ട്? “
” വളരെ നല്ലത്. ഒരു ആറ് കിലോമീറ്റർ പോയി. ” ഞാൻ പറഞ്ഞു.
” നാളത്തേക്കുള്ള ബുക്കിംഗ് നമുക്ക് ചെയ്യാൻ ഉണ്ട്.
ഞാൻ ഒന്ന് രണ്ട് ടാക്സിക്കാരെ വിളിച്ചിട്ടുണ്ട്. പിന്നെ തിരിച്ച് ഹാലോങ് പോകാനുള്ള ബസും…”
സത്യത്തിൽ ഞാൻ തന്നെ മറന്ന് പോയ കാര്യമായിരുന്നു അത്.
” ഓക്കെ.”
” ഇന്ന് തണുപ്പ് കൂടുതലാണ്. ജാക്കറ്റ് ഇല്ലാതെ എങ്ങനെ നടക്കുന്നു?” അവൾ ചോദിച്ചു.
” തണുപ്പുണ്ട്. പക്ഷേ കുഴപ്പമില്ല.”
” നടന്ന് തണുപ്പ് കൊള്ളണ്ട. നിങ്ങൾ സൈക്കിളിൽ പൊയ്ക്കോളൂ ഞാൻ ഇപ്പൊ എത്താം.”
– ഓക്കേ.
ഞാൻ വീണ്ടും സൈക്കിളിൽ കയറി.
മുറിയിലെത്തി കുളി കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങിയപ്പോൾ അവൾ നേരത്തെ ഇരുന്ന കോഫീ കൗണ്ടറിൻ്റെ അടുത്ത് ഫോണിൽ നോക്കി ഇരിപ്പുണ്ടായിരുന്നു.
” സിറ്റ് സിറ്റ്…” എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
” ക്വോട്ട് ഞാൻ വാങ്ങിയിട്ടുണ്ട്. നാളെ ഫുൾ ഡേ ടാക്സി, പിന്നെ ഹാലോങ് പോകാനുള്ള ബസ്.”
അവൾ ഒരു പേപ്പർ എൻ്റെ നേരെ നീട്ടി.
” എന്ത് തോന്നുന്നു ? കൂടുതലാണോ?”
ഞാൻ ചിരിച്ചു.
” ചിരിക്കണ്ട പറഞ്ഞോളൂ”
” നിൻ ബിൻ വരണം എന്നൊരു പ്ലാൻ അല്ലാതെ വേറെയൊന്നും ഞാൻ നോക്കിയിട്ടില്ല. റേറ്റ് എനിക്ക് അറിയില്ല. പിന്നെ ഞാൻ എങ്ങനെ പറയും.”
” ഉം. കിലോമീറ്റർ വച്ച് കാറിന് പറഞ്ഞ റേറ്റ് ഓക്കേയാണ്. നമുക്ക് ഒന്നൂടെ നോക്കാം. ബസ് റേറ്റ് മാറില്ല. കമ്പനി പ്രൈസ് ആണ്. പിന്നെ നാളെ ബസ് സ്റ്റോപ്പ് വരെ പോകാനും കാർ വേണ്ടേ.”
” വേണം. എനിക്ക് ഓക്കേയാണ്.”
” ഉം.”
“പിന്നെ നിങ്ങളുടെ ബാഗിൽ എഴുതിയിരിക്കുന്ന കമ്പനി എനിക്ക് അറിയാം അവിടെയാണോ നിങ്ങൾക്ക് ജോലി..?”
ആദ്യത്തെ മൂളലിന് ശേഷം അല്പനേരം കഴിഞ്ഞായിരുന്നു അവൾ പുതിയ വിഷയത്തിലേക്ക് കയറിയത്. ഇൻസ്റ്റാഗ്രാമിൽ പുതിയ സ്റ്റോറി അപ്‌ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു അപ്പോൾ ഞാൻ.
” അതെ”
മൊബൈൽ മാറ്റി വച്ച് ഞാൻ അവളെ കേൾക്കാൻ തുടങ്ങി.
” അത് വലിയ കമ്പനി ആണല്ലോ…”
” അതെ.”
” ഞാൻ അധികം പഠിച്ചിട്ടില്ല. അത് കൊണ്ട് കൂടുതലായിട്ട് എനിക്ക് അറിയില്ല.” അവൾ പറഞ്ഞു.
” പക്ഷേ നിങ്ങൾക്ക് നല്ല കഴിവുണ്ട്. ഈ മുറികളുടെ ഇൻ്റീരിയർ നിങ്ങൾ ചെയ്തതല്ലേ? അതിൻ്റെ കളറും അറേഞ്ച് ചെയ്ത രീതിയും എല്ലാം നന്നായിട്ടുണ്ട്.”
” അതെ. ഞാൻ ചെയ്തതാണ്. ഇങ്ങനെ മനസ്സിലായി…?”
” എന്തോ എനിക്ക് അങ്ങനെ തോന്നി…”
” ഉം “
” പിന്നെ ഇതൊക്കെ നിങ്ങൾ നോക്കി നടത്തുന്നില്ലേ? അതൊന്നും അത്ര ചെറിയ കാര്യങ്ങൾ അല്ല.”
” എല്ലാം അമ്മയ്ക്കും എൻ്റെ കുട്ടികൾക്കും വേണ്ടി ചെയ്യുന്നതല്ലേ? ”
ഫോണിലെ ട്രാൻസ്‌ലേറ്ററിനോട് പറയുമ്പോഴുള്ള എനർജി മാറ്റിവെച്ചാൽ നിർവികാരമായിരുന്നു അവളുടെ മുഖം.
” ഉം. പ്രൗഡ് അബൗട്ട് യുവർ സെൽഫ്…”
” താങ്ക്സ് ഫോർ ദി അപ്രീസിയേഷൻ. അതെല്ലാരും തരില്ല. എല്ലാവർക്കും കിട്ടുകയുമില്ല.”
അവൾ എന്നെ നോക്കിയൊന്ന് ചിരിച്ചു.
” നിങ്ങൾക്ക് നല്ല ഡിസൈൻ സെൻസുണ്ട്. അതൊക്കെ വച്ചുള്ള ജോലികൾ ഉണ്ടാകുമല്ലോ. ശ്രമിക്കു.”
ഞാൻ പറഞ്ഞു.
” എനിക്ക് ചിത്രം വരയ്ക്കാൻ ഇഷ്ടമാണ്. എപ്പോഴൊന്നുമില്ല; വല്ലപ്പോഴും. ഇത് പോലത്തെ കണക്ക് പുസ്തകത്തിൽ വരക്കും.”
എനിക്ക് വേണ്ടി കണക്ക് എഴുതി കൊണ്ടിരുന്ന പുസ്തകം ഉയർത്തി കൊണ്ട് അവൾ ചിരിച്ചു.
അകത്ത് നിന്ന് എന്തോ വിളിച്ചു പറഞ്ഞ അമ്മയ്ക്ക് മറുപടി കൊടുത്ത ശേഷം അവൾ തുടർന്നു.
” ഇവിടെ തന്നെ ഉണ്ടായ കോൺ ചുട്ടത് ഉണ്ട്. അതാണ് ഞങ്ങളുടെ അത്താഴം. കഴിക്കുന്നോ ഞങ്ങളുടെ കൂടെ…? ഞാൻ ക്ഷണിക്കുകയാണ്…”
ഞാൻ ട്രാൻസിലേഷൻ കേൾക്കുമ്പോൾ മറുപടിക്കെന്ന വണ്ണം അവൾ എൻ്റെ മുഖത്തേക്ക് നോക്കി.
” നേരത്തെ സൈക്കിളിങ്ങ് കഴിഞ്ഞ ശേഷം ചിക്കൻ ന്യൂഡിലും കാപ്പിയും കഴിച്ചതാണ് ഞാൻ. വിളിച്ച സ്ഥിതിക്ക് ഒരു കോൺ കഴിക്കാം”
” ഉം…”
അവൾ അടുക്കളയിൽ പോയി ചുട്ട കോൺ ഒരു പ്ലേറ്റിലാക്കി എൻ്റെ മുന്നിൽ കൊണ്ട് വന്ന് വച്ചു. കുടിക്കാൻ ചൂട് വെള്ളവും.
” നാളെ ബ്രേക്ക്ഫാസ്റ്റിന് എന്ത് വേണം?”
” എന്തൊക്കെയാണ് ഉള്ളത്?”
” നൂഡിൽ, റൈസ് ബൗൾ, ബീഫ്, ചിക്കൻ.
നിങ്ങൾക്ക് സ്പൈസി ഫുഡ് മിസ്സ് ചെയ്യുന്നുണ്ടോ?”
” ഇല്ല…”
” റൈസ് ബൗളും സ്പൈസി ബീഫും മതിയോ?”
വീണ്ടും എൻ്റെ മുഖത്തേക്ക് നോക്കി.
” ഒരു സ്പെഷ്യൽ വിയറ്റ്നാമീസ് കോഫീ കൂടെ”
ഞാൻ കണ്ണുകൾ വിടർത്തി.
പക്ഷേ ട്രാൻസിലേറ്റർ വഴി സംസാരിക്കുമ്പോൾ പറയുമ്പോഴല്ല അത് മറ്റേയാൾ കേൾക്കുമ്പോഴാണ് നമ്മൾ മുഖത്ത് എക്സ്പ്രഷൻ കൊടുക്കേണ്ടത്.
” ഓക്കെ.”
കോൺ കഴിച്ച് കഴിഞ്ഞ ശേഷം ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ അവൾ വീണ്ടും പിന്നിൽ നിന്ന് വിളിച്ചു.
” നാളെ ബസ് സ്റ്റോപ്പിലേക്ക് സ്‌കൂട്ടിയിൽ ഞാൻ കൊണ്ട് വിടാം. അതിന് വേണ്ടി പറഞ്ഞ ടാക്സി ഞാൻ കാൻസൽ ചെയ്യാം.”
” ഓക്കെ താങ്ക്സ്.”
ഞാൻ മുറിയിലേക്ക് നടന്നു. സുഗന്ധം പരത്തുന്ന മെഴുക് തിരികൾ ഉരുകി തീരാറായിരിക്കുന്നു. പക്ഷേ അവ നേരത്തെ ഉണ്ടാക്കിയ സുഗന്ധം ആ മുറി നിറയെ അപ്പോഴുമുണ്ടായിരുന്നു.
രാവിലെ എഴുന്നേറ്റ് ഡൈനിങ്ങിങ് ഏരിയയിൽ എത്തിയതും അവൾ എൻ്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ടു.
” ബ്രേക്ക്ഫാസ്റ്റ് ? ” ഭക്ഷണം കൊണ്ട് വരട്ടെ എന്ന ഉദ്ദേശത്തിൽ അവൾ എന്നോട് ചോദിച്ചു
” ഓക്കേ”
റൈസ് ബൗൾ, ബീഫ് മുളകിട്ട് വേവിച്ചത്, തക്കാളി, കൂടെ ഒരു വിയറ്റ്നാമീസ് കോഫിയും. ഞാനത് കഴിച്ച് കഴിയും മുൻപേ യാത്രക്കുള്ള ടാക്സി പുറത്തെത്തി കഴിഞ്ഞിരുന്നു.
” ടാക്സി റെഡിയാണ്. ഗോ ആൻഡ് എൻജോയ് യുവർ ഡേ. ”
അവൾ എന്നെ യാത്രയാക്കി.
നിൻ ബിന്നിൻ്റെ ശാന്തതകളിലൂടെ, ചുണ്ണാമ്പ് മലകൾക്കും നദിതീരങ്ങൾക്കും ഓരത്ത് കൂടെ എൻ്റെ ആ ദിവസം കടന്ന് പോയി.
ചുറ്റിലും ചെമ്പകമരങ്ങൾ നിറഞ്ഞ ഒരു പഗോഡ കൂടി കണ്ട് മടങ്ങവെയാണ് ആളൊഴിഞ്ഞ ഒരു സ്ഥലം നിറയെ കഴിഞ്ഞ ദിവസം സൈക്കിളിങ്ങിന് പോയപ്പോൾ കണ്ടത് പോലെയുള്ള നിരവധി പ്രാർത്ഥന കേന്ദ്രങ്ങൾ വീണ്ടും എൻ്റെ ശ്രദ്ധയിൽ പെടുന്നത്.
ഇത്രയധികം പ്രാർത്ഥന കേന്ദ്രങ്ങൾ ഒരുമിച്ച് എന്തിനാണ്?
ഞാൻ ട്രാൻസലേറ്റർ വഴി ഡ്രൈവറോട് ചോദിച്ചു.
” അത് പ്രാർത്ഥിക്കുന്ന സ്ഥലങ്ങളല്ല. ശവ കുടീരങ്ങളാണ്. മരിച്ച് പോയ പ്രിയപ്പെട്ടവരേ കാണണമെന്ന് തോന്നുമ്പോൾ ആളുകൾ പഴങ്ങളും പൂക്കളുമായി വരും.”
” ഓക്കേ…”
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.
ഹോംസ്റ്റേയുടെ മതിൽ കെട്ടിനകത്തേക്ക് കയറുമ്പോൾ മുറ്റത്ത് വീണു കിടക്കുന്ന ഉണങ്ങിയ ഇലകളും പൂക്കളും അടിച്ച് വാരി വൃത്തിയാക്കുകയായിരുന്നു അവൾ
” ഹൗ വാസ് യൂവർ ഡേ?”
നല്ലത് എന്നർത്ഥത്തിൽ ഞാൻ തള്ളവിരൽ ഉയർത്തി കാണിച്ചു.
പിന്നെ മുറിയിലേക്ക് പോയി. സമയം നാല് മണിയായിരിക്കുന്നു. അഞ്ചരയാണ് അവൾ എനിക്ക് വേണ്ടി ഹാലോങ് ബേയിലേക്ക് ബുക്ക് ചെയ്ത ബസിൻ്റെ സമയം. സത്യത്തിൽ ഒരു മണിക്കൂറിൻ്റെ ജോലികളൊന്നുമുണ്ടായിരുന്നില്ല എനിക്ക് ചെയ്യാൻ. അതുകൊണ്ട് തന്നെ പതിയെയാണ് ബാഗ് ഒതുക്കിയതും വേഷം മാറിയതും.
” ഹലോ, കോഫീ റെഡി “
കാപ്പിക്കപ്പുമായി തുറന്ന് കിടക്കുന്ന വാതിലിനപ്പുറം നിൽക്കുകയാണ് അവൾ.
ഞാൻ ഒരു കൈ കൊണ്ടത് വാങ്ങി. മറ്റേ കൈ കൊണ്ട് ഫോണിൽ ഒരു ചോദ്യം ടൈപ്പ് ചെയ്തു.
” അഞ്ച് മണിക്ക് ഇറങ്ങാം അല്ലെ? “.
“ഇറങ്ങാം. ഇപ്പോൾ കാപ്പി കുടിച്ചോളൂ.”
എൻ്റെ ഫോണിൽ തന്നെയാണ് അവൾ എനിക്കുള്ള മറുപടിയും എഴുതിയത്.
കാപ്പി കുടിച്ചു. വെറുതെ സമയം കളയാനായി മാത്രം ഫോട്ടോകൾ എടുത്തു. അതും മടുത്തപ്പോൾ മുറി പൂട്ടി ഞാൻ താക്കോലുമായി കോഫീ കൗണ്ടറിൻ്റെ അടുത്തെത്തി. അവിടെ അവളുടെ അമ്മ എന്തോ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ താക്കോൽ കഴിഞ്ഞ ഭക്ഷണം കഴിച്ച മേശമേൽ വച്ചു.
അപ്പോഴേക്കും അവൾ ഹെൽമറ്റുമായി വന്നു. ഫോണിൽ ഒരു ചോദ്യം എൻ്റെ നേരെ നീട്ടി.
” ബസിൽ കൊടുക്കാനുള്ള അത്രയും ഡോങ് ചില്ലറയായി ഇല്ലേ ? ”
ഉണ്ടെന്നുള്ള ആംഗ്യഭാഷയിൽ ഞാൻ അത്തവണ മറുപടി ചുരുക്കി.
ചെറിയ കുഞ്ഞിനെ കൂടെ സ്ക്കൂട്ടിയിൽ ഇരുത്തിയാണ് അവൾ എന്നെയും കൂട്ടി ബസ് സ്‌റ്റോപ്പിലേക്ക് പുറപ്പെട്ടത്. തലേദിവസം വന്നിറങ്ങിയത് പോലെ ആളൊഴിഞ്ഞ മറ്റൊരു ജംഗ്ഷൻ തന്നെയായിരുന്നു അന്നത്തെ ബസ് സ്റ്റോപ്പും.
നേരം പതിയെ ഇരുട്ടുകയാണ്. തണുപ്പും കൂടി വരുന്നുണ്ട്.
” ഹാലോങ് എത്തിയാൽ ഒരു ജാക്കറ്റ് വാങ്ങു.” അവൾ പറഞ്ഞു.
” ജാക്കറ്റ് വാങ്ങാം. പിന്നെ വേറെയൊരു കാര്യം. ഇന്നലെ നമ്മൾ കണ്ടുമുട്ടിയ സ്ഥലം അമ്പലമല്ലയെന്ന് എനിക്ക് ഇന്നാണ് മനസ്സിലായത്. സോറി.”
ചെറു ചിരിയോടെ അവൾ എനിക്ക് മറുപടി എഴുതി.
” എന്തിനാണ് സോറി. ജീവിച്ചിരിക്കുന്ന ദൈവങ്ങളെക്കാൾ എനിക്ക് ധൈര്യം തരുന്നത് നഷ്ടപ്പെട്ടു പോയതിൻ്റെ ഓർമകളാണ്. നിങ്ങൾ വളരെ നല്ലയൊരാളാണ്. സോറി പറയണ്ട.”
” ഓക്കേ ” ഞാനോന്ന് ചിരിച്ചു.
അപ്പോഴേക്കും ബസ് വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ മുന്നിൽ നിർത്തിയ ബസിൽ നിന്നും കണ്ടക്ടറെ പോലെയൊരാൾ പുറത്തേക്കിറങ്ങി. അയാളോട് അവൾ എനിക്ക് പോകേണ്ടുന്ന റൂട്ടിനെ എന്തോക്കെയോ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവളോട് ഇനി തീർച്ചയായും ചോദിക്കേണ്ടുന്ന ചോദ്യവും ഫോണിൽ എഴുതി അവളെ കാത്തു നിൽക്കുകയായിരുന്നു ഞാൻ.
അവർ തമ്മിലുള്ള സംസാരം കഴിഞ്ഞ് ഞാൻ എൻ്റെ ഫോൺ അവൾക്ക് നേരെ നീട്ടി.
” നിങ്ങളുടെ പേര് എന്തായിരുന്നു ? ഇന്നലെ പറഞ്ഞത് ഞാൻ മറന്നു പോയി.”
ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി കൊണ്ടെന്നവണം നെറ്റിയിൽ കൈ അടിച്ചു കൊണ്ട് അതിൻ്റെ മറുപടിയും കുറിച്ചു.
” ഫുവോങ്. ഇനി മറക്കരുത് “
” ഇല്ല ”
” ഇവരോട് ഞാൻ പറഞ്ഞിട്ടുണ്ട്. കൃത്യമായ സ്ഥലത്ത് അവർ കൊണ്ട് വിടും.”
” ഓക്കേ താങ്ക്സ്.” അവസാന മെസ്സേജ് എന്നവണ്ണം ഞാൻ എഴുതി.
ബസിലെ കണ്ടക്റ്ററോട് ഒരു സെക്കൻ്റ് വെയിറ്റ് ചെയ്യുവെന്ന് ആംഗ്യം കാണിച്ച് കൊണ്ട് അവൾ എൻ്റെ കയ്യിൽ നിന്ന് വീണ്ടും ഫോൺ വാങ്ങി എന്തോ എഴുതിയിട്ട് എനിക്ക് തിരികെ തന്നു.
ഫുവോങ്ങിനെയും കുഞ്ഞിനെയും അവളുടെ സ്ക്കൂട്ടിയെയും അകലങ്ങളിൽ ഉപേക്ഷിച്ച് ബസ് മുന്നോട്ട് കുതിക്കവെ അവൾ എഴുതിയത് ഞാൻ വായിച്ചു.
” വീണ്ടും വരണം.”

0 Comments.