പണ്ടെങ്ങോ എൽ.പി സ്കൂൾ ക്ലാസ്സിൽ പഠിച്ചതാണ് പഴയ സപ്താൽഭുതങ്ങളുടെ കൂട്ടത്തിൽ അംഗോർവാറ്റിലെ ഒരു വിഷ്ണു ദേവാലയത്തെ പറ്റി. ഇപ്പൊ അതൊന്ന് നേരിട്ട് കണ്ടപ്പോ ക്ഷേത്രം മുഴുവൻ ബുദ്ധൻ. ഹിസ്റ്ററി തിരഞ്ഞു ചെന്നപ്പോൾ കേട്ടത് ഇങ്ങനെ. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഖൈമർ രാജവംശത്തിലെ പ്രബലനായ രാജാവ് സൂര്യവർമ്മൻ ഹിന്ദു ക്ഷേത്രമെന്ന നിലയിൽ വിഷ്ണുവിനെ മുൻനിർത്തി നിർമ്മിച്ച …
Category Archives: മേഘങ്ങളെ തേടി
ഉത്തരഭൂമിയിലൂടെ – 9
ഡൽഹി എയർപോർട്ടിന്റെ അകത്ത് ഒരു കാപ്പികടയുടെ വിശാലമായ സോഫയിൽ ബാഗുകളുടെ പാറവുകാരനായി ഇരിക്കുകയായിരുന്നു ഞാൻ. ഉച്ചരിക്കാൻ പ്രയാസമുള്ള പേരുള്ള ഏതോരു കാപ്പിയും ബർഗറും വാങ്ങാനായി പോയിരിക്കുകയാണ് രമ്യ. തങ്ങളുടെ യാത്രയുടെ ചെക്കിന്നുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സുരമ്യയും റിനിയും മുകുളും. ഇതു വരെയും നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലായെന്നു തോന്നുന്നു ഞങ്ങൾ എല്ലാവരും ഒരേ നഗരത്തിലെ അന്തേവാസികളല്ല. ഞാനും രമ്യയും കൊച്ചിയിലും സുരമ്യയും റിനിയും ബാംഗ്ലൂരിലും മുകുൾ ചെന്നൈയിലുമായാണ് പ്രവാസം അനുഷ്ഠിക്കുന്നത്. ജീവിതത്തിന്റെ ഏതോ ഒരു നാൽക്കവലയിൽ വച്ച് കണ്ടുമുട്ടി, പരിചയപ്പെട്ട് , ഇപ്പോൾ പല ദിശകളിലേക്ക് തോണി തുഴയുന്നവർ.
സമയം ആറുമണി കഴിഞ്ഞിരിക്കുന്നു. ഏട്ടരയാക്കാണ് ഞങ്ങളുടെ കൊച്ചി ഫ്ലൈറ്റ്. സൂരമ്യക്കും റിനിക്കും ഏഴരയ്ക്കും മുകുളിന് എട്ടിനും.
ഉത്തരഭൂമിയിലൂടെ – 6
ഉപാസന എക്‌സ്പ്രസ്സിൽ ഉറങ്ങിതീർക്കേണ്ടത് പതിമൂന്ന് മണിക്കൂറുകളായിരുന്നു. ഏകദേശം എണ്ണൂറോളം കിലോമീറ്ററുകൾ. കഴിഞ്ഞ രാത്രിയിൽ മനുഷ്യർ ഇരമ്പിയാർക്കുന്ന ഹരിദ്വാറിലെ ഒരു ഹോട്ടലിൽ നിന്ന് ധൃതിപ്പെട്ട് ഭക്ഷണവും കഴിച്ച് കയറിയതാണ് ഈ യാത്രയിലേക്ക്. പന്ത്രണ്ട് മണിയോടടുപ്പിച്ചായിരുന്നുവത്. ട്രെയിനിന്‍റെ താരാട്ട് പാട്ടിലും തൊട്ടിലിന് സമാനമായ അതിന്‍റെ ചലനങ്ങളിലും ഉറക്കം സുഖകരമായ അനുഭവം തന്നെയായിരുന്നു.
ഇടയ്ക്കെപ്പോഴോ ഉറക്കത്തിന്‍റെ തുടർച്ച നഷ്ടപ്പെട്ട് ഞാൻ അപ്പർ ബർത്തിൽ നിന്ന് താഴോട്ടിറങ്ങി. വെളിച്ചം പരന്നിട്ടില്ല. ഉത്തരപ്രദേശിന്‍റെ വിജനതയുടെ കുതിച്ച് പായുകയാണ് തീവണ്ടി. വണ്ടിയുടെ വാതിൽക്കൽ തന്നെ നിലത്തിരുന്ന് ഉറക്കം തൂങ്ങുകയാണ് സന്യാസിയുടെ രൂപഭാവാദികളുള്ള വൃദ്ധനായ ഒരു മനുഷ്യൻ. ഇയാളും വാരാണസിയിലേക്കായിരിക്കുമോ ?
ഞാൻ എസ് വൺ ബോഗിയിലേക്ക് നടന്നു. മുകുൾ ഉറങ്ങുന്നത് അവിടെയാണ്. ഞങ്ങൾ നാലുപേർക്ക് എസ് ഫൈവിലും ഒരാൾക്ക് മാത്രം എസ് വണ്ണിലുമായിരുന്നു സീറ്റ്. എല്ലാ കമ്പാർട്ട്മെന്റുകളും നിദ്രയിലാണ്. വാതിലുകളുടെയടുത്തും കക്കൂസുകളിലും മാത്രം മഞ്ഞവെളിച്ചം കത്തി നിൽപ്പുണ്ട്. എസ് വണ്ണിൽ മുകുളും ഉറക്കത്തിലാണ്. അവനെ ശല്യപ്പെടുത്താതെ ഞാൻ തിരിച്ചു നടന്നു. സമയം അഞ്ചുമണിയാവുന്നതെയുള്ളൂ. ഞാൻ വീണ്ടും മുകളിലേക്ക് കയറി. ഇനി കുറച്ച് മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ വാരാണസി എത്തുകയായി. സത്യത്തിൽ എനിക്ക് വേണ്ടി, എന്‍റെ സ്വാർത്ഥത കാരണം ഉണ്ടാക്കിയ ഏച്ചുകെട്ടലാണ് ഈ ഉത്തരാഖണ്ഡ് യാത്രയ്ക്കിടെയിലെ വാരാണസി. അത് മുഴച്ചു തന്നെ നിൽക്കുന്നുമുണ്ട്. ഡെറാഡൂണും മുസൂറിയും കേദാർനാഥും ബദരിയും ചോപ്തയും തുംഗനാഥും നൈനിറ്റാലും ഔളിയുമടക്കം ലിസ്റ്റിൽ ഉണ്ടായിരുന്ന ഉത്തരാഖണ്ടിന്‍റെ പ്രകൃതിരമണീയതകളെ മുഴുവൻ തഴഞ്ഞും അളന്നുതൂക്കി ലഭിച്ച ഒൻപത് ദിനരാത്രങ്ങളിലെ ഒരു രാത്രിയെയും അരപകലിനെയും തീവണ്ടിപാളങ്ങളിൽ ഉപേക്ഷിച്ചതും എന്‍റെ സ്വാർത്ഥതയ്ക്ക് വേണ്ടി തന്നെയാണ്. ഇനി അഥവാ പ്രതീക്ഷകൾക്ക് വിരുദ്ധമായി എന്നെ ഭ്രമിപ്പിക്കാൻ പോന്ന അല്ലെങ്കിൽ കേട്ടറിഞ്ഞതിനെ ആധാരമാക്കി മനസ്സിൽ വരച്ചിട്ടതിന്‍റെ ഒരുപടി താഴെയെങ്കിലും നിൽക്കുന്ന കാഴ്ചകൾ വാരാണസി തന്നില്ലെങ്കിൽ…??? ഇല്ല അങ്ങനെയുണ്ടാവില്ല. ഞാൻ കണ്ണുകളടച്ചു.

Recent Comments