പെണ്ണിന്റെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് എന്ന് ചോദിച്ച തിരക്കഥകൃത്തുക്കളാണ് സഞ്ജയ്യും ബോബിയും. വർഷങ്ങൾക്കിപ്പുറം മറ്റൊരു സ്ത്രീ കേന്ദ്രീകൃത സിനിമയുമായി വരുമ്പോൾ അവർ സംസാരിക്കുന്നത് പരിധിയില്ലാതെ സ്വപ്നം കാണുന്ന പല്ലവിയെന്ന പെണ്കുട്ടിയെ കുറിച്ചാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആസിഡാക്രമണത്തിന് വിധേയയാകേണ്ടി വരുന്ന അവളുടെ അതിജീവനത്തിന്റെ കഥയാണ് മനു അശോക് സംവിധാനം ചെയ്‌ത ഉയരെ പറയുന്നത്.
വളരെ ചെറുതും ഒരു പരിധിവരെ പ്രവചനീയവുമായ കഥയെ കൃത്യമായ കഥാപാത്രങ്ങളിലൂടെ ഭംഗിയായി പറഞ്ഞിടത്താണ് ഉയരെ വിജയിക്കുന്നത്. ബന്ധങ്ങളുടെ സൂക്ഷമായ ആവിഷ്കരണവും ചിത്രത്തിലുണ്ട്.
മകളായും കാമുകിയായും സുഹൃത്തായും, ആസിഡാക്രമണത്തിന്റെ ഇരയായും കൃത്യമായ ഭാവതലങ്ങൾ ആവശ്യപ്പെടുന്നതാണ് പാർവതിയുടെ പല്ലവിയെന്ന കഥാപാത്രം. ആസിഫിന്റെ പോസസ്സീവും അരക്ഷിതത്വം അനുഭവിക്കുന്നവനുമായ ഗോവിന്ദ് തികച്ചും റിയലിസ്റ്റിക്കായ ഒരു കഥാപാത്ര സൃഷ്ടിയാണ്. ടോവിനോയുടെയും സിദ്ധിക്കിന്റെയും കഥാപാത്രങ്ങളും കഥാഗതിയിൽ മാറ്റി നിർത്താൻ പറ്റാത്തവയാണ്. അതിജീവനത്തിന്റെ ഭാഗങ്ങളിലേക്ക് വരുമ്പോൾ അത്രത്തോളം റിയലിസ്റ്റിക് ആകുന്നിലെങ്കിലും പോസിറ്റീവ് ഫീലിംഗ് നിലനിർത്തി കൊണ്ട് ആസിഡാക്രമണത്തിന്റെ ഇരകളോട് ചേർന്ന് നിൽക്കുന്നുണ്ട് സിനിമ.
പാർവതി ഹെയ്റ്റേഴ്സിന് ഒഴികെ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു നല്ല ചെറിയ സിനിമ. തീർച്ചയായും ടിക്കറ്റെടുക്കാം ഉയരേയ്ക്ക്.
**************
ഔട്ട് ഓഫ് സിലബസ്:-
കഥാപാത്രമായ പല്ലവിയെ പോലെ നിലപാടുകൾ ഉണ്ടായിപോയതിന്റെ പേരിലും, അവകാശങ്ങൾ ചോദിച്ചതിന്റെ പേരിലും സൈബർ ആക്രമണങ്ങൾക്ക് വിധേയയായിക്കൊണ്ടിരിക്കുന്ന പാർവതി എന്ന നടിയേയും കൂടി ചേർത്തുപിടിക്കുന്നുണ്ട് ഉയരെ. ഒരു പക്ഷെ ഇത്രയും എതിർപ്പുകളെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് അവർക്ക് തികച്ചും ആവശ്യമുള്ള കഥാപാത്രം.
പണ്ട് മേജർ മഹാദേവന്റെ വേഷത്തിൽ ലാലേട്ടൻ ബീമാനം ഓടിച്ചപ്പോ കൂവാൻ തോന്നിയതിന്റെയും, ഇപ്പൊ പാറുവേച്ചി ഓടിച്ചപ്പോ അങ്ങനെ തോന്നതിരുന്നതിന്റെയും കാരണം വെറുതെ ആലോചിച്ചു.
ഉത്തരം സിംപിൾ ആണ്, തിരക്കഥ.
സരോജ് കുമാർ പറഞ്ഞ പോലെ താരങ്ങളെ സൃഷ്ടിക്കുന്നത് വിവരമുള്ള ഫിലിം മേക്കേഴ്‌സ് ആണ്. അത്ര തന്നെ.
#ഉയരെ


0 Comments.