കുന്നങ്ങാടിയിലെ ഒടിയന്‍

മനസിൽ വീണ്ടും കുന്നങ്ങാടിയാണ്. പണ്ടെപ്പോഴോ ഒരു രാക്കാറ്റിൽ പടർന്ന വാമൊഴിയിൽ നിന്ന് കേട്ട കഥയാണ് അതിന്റെ കാര്യവും കാരണവും.

കാലഘട്ടം അത്ര കൃത്യമായി നിശ്ചയമില്ല. 50കളോ 60കളോ ആകാം. ജന്മി കുടിയാൻ ബന്ധം തീരെ വഷളായ രീതിയിലല്ലെങ്കിലും സവർണ്ണമേൽക്കോയ്മ പൂർണ്ണമായും അംഗീകരിച്ച് കൊണ്ട് നിലനിൽക്കുന്ന കാലം. കുത്തരിചോറും മൂന്ന് കൂട്ടം കറികളും എന്നും ഉണ്ടാവുന്ന അപ്പർ കുന്നങ്ങാടിയിലെ അപൂർവം ചില വീടുകളിൽ ഒന്നായിരുന്നു കോടോത്ത് മാധവൻ അധികാരിയുടേത്. അവരുടെ തന്നെ ഭൂമിയിൽ താമസിക്കുന്ന പറയകുടുംബങ്ങളിലെ പെണ്ണുങ്ങൾ പലരും കോടോത്ത് വീട്ടിന്റെ അടുക്കളപ്പുറത്ത് വന്ന് അവിടുത്തെ ഊണ് നേരം കഴിയും വരെ കാത്തു നിൽക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് ബാക്കിവരുന്ന കറികളുടെ പങ്ക് പറ്റാനാണ് ആ കാത്തിരിപ്പ്. അങ്ങനെ കാത്ത് നിന്ന് കാത്ത് നിന്ന് ഒടുവിൽ അധികാരിയുടെ ഭാര്യ ജാനകി അമ്മാരത്തം വീതിച്ചു കൊടുക്കുന്ന രുചികൾ പലതും അവർ തങ്ങളുടെ കുടിലിലേക്ക് കൊണ്ടു പോയി ഒരു ദൈവിക പ്രസാദം എന്ന മട്ടിൽ അവരുടെ ആണുങ്ങൾക്ക് വിളമ്പി വന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അത്താഴം കഴിഞ്ഞ്, വെറ്റില ചവച്ചു കൊണ്ട് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുമ്പോഴാണ് ജാനകി അമ്മാരത്തം അധികാരിയുടെ മുന്നിലേക്ക് വന്നത്.

” ഒരു രസം കേക്കണാ നിങ്ങക്ക് ”
അതായിരുന്നു അവരുടെ മുഖവുര.

ഉറപ്പിച്ചുള്ള മുളലിന് അനുവാദത്തിന്റെ ഛായ നൽകി അധികാരി ഭാര്യയെ നോക്കി.

“മ്മടെ തെക്കേ പറമ്പിലെ നമ്പിടെ ഓള് ചീയ്യയി ല്ലെ ”

” ഉം ”

” ഓള് എന്നും ഉച്ചക്ക് കൂട്ടാന് വരും. പഷെ രസം അതല്ല ഈട അന്നന്ന് വെച്ച കൂട്ടാന്റെ പേര് ചോയ്ച്ചന്നെ ഓള് വരും. ”

അധികാരി ഒന്നു കൂടി ഭാര്യയിലേക്ക് ശ്രദ്ധ കൂർപ്പിച്ചു.

” എത്ര ദിവസായി തുടങ്ങിട്ട് ”

” കൊറച്ചായി.”

” പുതിയ ആരെങ്കിലും അടുക്കളളേൽ വന്ന് പോവാറുണ്ടോ…”

” ഇടയ്ക്ക് ഒരു പൂച്ച വരാറ്ണ്ട്.”

” ഉം. ഇനി ആ പൂച്ച വന്നാല് എന്നോട് പറയണം.”

അമ്മാരത്തം പറഞ്ഞ പോലെ പൂച്ച പിറ്റേ ദിവസവും ആ വീട്ടിലെ അടുക്കളയിലേക്ക് വന്നു. വന്നയുടനെ പുറത്തേക്കുള്ള വാതിൽ അടച്ചിട്ട ശേഷം അവർ അധികാരിയെ വിളിച്ചു. അച്ഛന്റെ ഫോട്ടോയുടെ പിറകിൽ സൂക്ഷിച്ച പൊന്നുകെട്ടിയ ചൂരലുമായി അടുക്കളയിലേക്ക് കയറിയ അധികാരി ക്ഷണം നേരം കൊണ്ട് പൂച്ചയുടെ പുറത്ത് ആഞ്ഞു തല്ലി. വേദന കൊണ്ട് പുളഞ്ഞ പൂച്ച വല്ലാത്ത മുരൾച്ചയോടെ അടുക്കളയിലെ തുറന്നിട്ട ജാലകം വഴി പുറത്തേക്ക് രക്ഷപെട്ടു. പിന്നെ രണ്ടു ദിവസത്തേക്ക് നമ്പിയുടെ ഭാര്യ ചീയ്യയി കറി ചോദിച്ച് കോടോത്ത് വീട്ടിലേക്ക് വന്നതേയില്ല.

മൂന്നാം ദിവസം കറ്റ മെതിക്കൽ നടക്കുകയായിരുന്നു കോടോത്ത് തറവാട്ട് മുറ്റത്ത്. രണ്ടു ദിവസത്തിന് ശേഷം പണിക്ക് വന്ന ചീയ്യയിയെ കണ്ട ഉടനെ അമ്മാരത്തം കാരണം തിരക്കി.

” ഓർക്ക് സുഖമില്ലാർന്നു അമ്മാരത്തെ…”

ഉമ്മറത്തിരുന്നു അത് കേട്ട അധികാരി അവളോട് ഭർത്താവായ നമ്പിയെ കൂട്ടി കൊണ്ടു വരാൻ ആവശ്യപ്പെട്ടു.

അധികാരിയുടെ ആജ്ഞ കേട്ട് പണിക്കാരെല്ലാം പണി നിർത്തി എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കാൻ തുടങ്ങി.

മേലാസകലം ഒരു തുണി പുതച്ച് വിറച്ച് വിറച്ച് നമ്പി അധികാരിയുടെ മുന്നിലേക്ക് വന്നു.

” ആ പുതപ്പ് മാറ്റെടോ..” അധികാരി കൽപ്പിച്ചു.

” വേണ്ട കൈക്കോറെ…”

നമ്പിയുടെ അടുത്തേക്ക് ചെന്ന് അയാൾ തന്നെ ആ പുതപ്പ് വലിച്ചു മാറ്റി. പുറത്ത് പൂച്ചയുടെ ദേഹത്ത് വീണ അതേ ചൂരൽ അടിയുടെ പാട്.

” മേലാൽ ഈ മാതിരി ബഡക്ക് കൈക്രിയേം കൊണ്ട്‌ വരുവാ നീ.”

” ഇല്ല.”

” ഉം പൊക്കോ.”

അമ്മാരത്തിനും ചിയ്യയിക്കും നമ്പിക്കുമൊഴികെ കൂടി നിന്ന ആർക്കും ഒന്നും മനസിലായില്ല.

അധികാരിയും അമ്മാരത്തവും വീടിനകത്തേക്കും കൂടി നിന്നവർ പണിക്കളത്തിലേക്കും കയറിയപ്പോൾ പതുക്കെ വേച്ചു വേച്ചു നടന്നു പോകുന്ന നമ്പിയെ തലോടി കൊണ്ട് കടന്നു പോകുകയായിരുന്നു കരിമ്പന കൂട്ടത്തിൽ നിന്ന് വന്ന കാറ്റ്.

കുന്നങ്ങാടിയിൽ നമ്പിയല്ലാതെ വേറെയാരെങ്കിലും ഇതുപോലെയുള്ള ഒടി വിദ്യകൾ പരീക്ഷിച്ചിരുന്നോയെന്ന് ഒരു പക്ഷെ അമ്പല കുന്നിനു മുകളിലെ കരിമ്പനകൾക്ക് മാത്രം അറിയുന്ന രഹസ്യമായിരിക്കും.

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>