മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള ഇടയ്ക്കെപ്പോഴോ വന്നുപോയ സിഗ്നലിനൊപ്പം ഫോണിൽ കയറിയതാണ് ആ മെസ്സേജ്. പലരും അയച്ചു. ഒരേ കണ്ടെന്റ്.
സൈമൺ ബ്രിട്ടോ…
അപ്രതീക്ഷിതമായ വാർത്ത. കൂടെ വലിയ സങ്കടവും കഴിഞ്ഞ മൂന്ന് നാല് മാസമായി ഓർക്കുന്നതാണ് അദ്ദേഹത്തെ ഒന്നു പോയി കാണാൻ. നാളെ നാളെയെന്ന് പറഞ്ഞ് നീക്കി വച്ചതാണ്.
ഉത്തരഭൂമിയിലൂടെ യുടെ പ്രസിദ്ധീകരണ വഴികളിലാണ് 2018 ഫെബ്രുവരിയിൽ ഞാൻ ആദ്യമായി സഖാവ് സൈമൺ ബ്രിട്ടോയെ കാണുന്നത്. പുസ്തകം പ്രകാശനം ചെയ്യാൻ സഖാവിനെ ക്ഷണിക്കാൻ കൈരളി ബുക്ക്സിന്റെ അശോകൻ സാർ ശരിയാക്കി തന്ന ഒരു മീറ്റിങ്. സഖാവിന്റെ വടുതലയുള്ള വീട്ടിൽ. പബ്ലിഷിംഗ് തീർന്നിട്ടില്ലാത്തതിനാൽ A4 ഷീറ്റിൽ പ്രിന്റ് എടുത്ത ഉത്തരഭൂമിയുടെ കണ്ടന്റ് കൊണ്ടാണ് ഞാൻ പോകുന്നത്. അരമണിക്കൂർ കൊണ്ട് പോയി വരാം എന്ന ഉദ്ദേശത്തിൽ പോയ ഞാൻ അന്ന് ആ മനുഷ്യന്റെ ബെഡിനരികിൽ സംസാരിച്ചിരുന്നത് അരദിവസമാണ്.

രണ്ട് ദിവസം കഴിഞ്ഞ് ഉത്തരഭൂമിയുടെ ഞാൻ കൊടുത്ത പേപ്പർ പ്രിന്റ് വായിച്ചു തീർത്ത ശേഷം സഖാവ് എന്നെ വിളിച്ചു. എഴുത്തിനെ പറ്റി കുറെ സംസാരിച്ചു. ആ ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നതിന് മുൻപ് ഒരു ചോദ്യം ചോദിച്ചു സഖാവ്.
എടാ നിന്നേം നിന്റെ ആ നാല് കൂട്ടുകാരേം വച്ച് ഞാൻ ഒരു നോവൽ എഴുതിക്കോട്ടെ…
അത് കഴിഞ്ഞ് പ്രകാശന ചടങ്ങിന്റെ ഓരോ കാര്യത്തിലും അദ്ദേഹം ഇടപെട്ടു കൊണ്ടേയിരുന്നു.
എടാ പരിപാടിക്ക് അധ്യക്ഷനായി തോമസ് ജോസഫിനെ കൊണ്ടു വരാം. ഞാൻ വിളിച്ചു പറയാം.
പരിപാടിക്ക് ആരൊക്കെ സ്റ്റേജിൽ ഇരിക്കുന്നുണ്ട്. എത്ര നേരം ഓരോരുത്തരും പ്രസംഗിക്കണം എന്നൊക്കെ നേരത്തെ അവർ ഓരോരുത്തരോടും വിളിച്ച് പറയണം.
ചടങ്ങില് നന്ദി പറയേണ്ടത് നീയാണ്. അത് മുന്നേ പഠിച്ചു വെക്കണം.
അങ്ങനെ എന്തെങ്കിലും പറഞ്ഞ് സഖാവ് വിളിക്കും. എന്നിട്ട് പറയും നിനക്ക് ഇതൊന്നും പരിചയമില്ലാത്തൊണ്ടാ ഞാൻ പറഞ്ഞു തരുന്നതെന്ന്.
പരിപാടിയുടെ ദിവസം രാവിലെ വിളിച്ചു.
ഞാൻ സമയത്തിന് മുൻപേ എത്താം. പരിപാടി തുടങ്ങുന്നതിന് മുൻപ് നീ ആ ഗ്രൗണ്ട് മുഴുവൻ ഒന്ന് നടക്കണം. നമ്മുടെ പരിപാടിക്ക് വന്നവർ സ്റ്റേജ് അറിയാതെയോ വേറെ പരിചയക്കാരെ കണ്ടിട്ടോ മാറി നിൽക്കുന്നുണ്ടോന്ന് നോക്കണം.
ഒരു മികച്ച സംഘാടകനെ അടുത്തറിഞ്ഞ നിമിഷങ്ങളിൽ ചിലതാണ് ഇതെല്ലാം.
സഖാവ് വന്നു പ്രസംഗിച്ചു. ശേഷം മറൈൻ ഡ്രൈവ് ഗ്രൗണ്ടിലെ കൃതി ബുക്ക് ഫെസ്റ്റ് വേദി മുഴുവൻ അദേഹത്തോടൊപ്പം നടന്നു. പലരെയും എനിക്ക് പരിചയപ്പെടുത്തി. ഞങ്ങൾ അദ്ദേഹത്തെ വീട്ടിൽ കൊണ്ടു വിട്ടു.
അതിന് ശേഷവും പുസ്തകത്തിന്റെ വിൽപന അന്വേഷിക്കാൻ അദ്ദേഹം വിളിച്ചു കൊണ്ടിരുന്നു. രാഷ്ട്രീയം സംസാരിക്കും. എഴുത്തിനെ കുറിച്ച് യാത്രകളെ കുറിച്ച് പറയും. വിളിക്കുമ്പോൾ ആദിവാസികൾക്കൊപ്പമായിരുന്നു എന്ന് പറയും. കണ്ണൂർ പോകുന്നുണ്ട് എന്ന് പറയും.
സഖാവ് സ്നേഹമായിരുന്നു. വാത്സല്യമായിരുന്നു. ഭൂമിയിലെ അങ്ങനെയുള്ള മനുഷ്യരിൽ ഒരാളായിരുന്നു. <3
#സൈമൺബ്രിട്ടോ #സഖാവ്

0 Comments.