Love finds its way…….

“We could never be friends – Men and women can never be friends because the sex part always gets in the way.” ഞാന്‍ വെറുതെ ചിന്തിച്ചു സത്യമല്ലേ ഹാരി പറഞ്ഞത്. When Harry Met Sally… എന്ന സിനിമ കണ്ടു കഴിഞ്ഞിട്ടും നായകന്‍ ഹാരിയുടെ ഡയലോഗ് എന്നെ വിട്ടു പോയില്ല.

സിനിമയുടെ ലോകത്തില്‍ നിന്നും തിരിച്ചു കൊണ്ട് വന്നത് വിമലിന്റെ ഫോണ്‍ കോളാണ്. അവന്‍റെ കൂടെ ഒരു സായാഹ്ന നടപ്പിന് ഒരുങ്ങുമ്പോഴാണ് പിന്നില്‍ നിന്ന് അനിയന്‍റെ ശബ്ദം.

” ഡാ കോളേജ് മാഗസിനില്‍ കൊടുക്കാന്‍ എനിക്കൊരു കഥ വേണം….!!”

സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌ കഥാരചനയ്ക്ക് എനിക്ക് കിട്ടിയ ട്രോഫികളായിരിക്കണം ഇങ്ങനെ ഒരു ആവശ്യവും പറഞ്ഞു എന്‍റെ മുന്നിലേക്ക്‌ വരാന്‍ അവനെ പ്രോത്സാഹിപ്പിച്ചത്.

“എന്ത്തരം കഥ? ” ഞാന്‍ ചോദിച്ചു
“കോളേജ് മാഗസിനല്ലേ എനിക്കൊരു ലവ് സ്റ്റോറി മതി. ” ലവ് സ്റ്റോറി എന്ന് അവന്‍ പറഞ്ഞത് ഒരു പ്രത്യേക ഈണത്തിലായിരുന്നു.

ഒരു അര്‍ദ്ധസമ്മതം മൂളി, ഒരു കഥയെ സ്വീകരിക്കാനുള്ള മനസുമായി ഞാന്‍ പുറത്തേക്കിറങ്ങി.

വികസനത്തിന്‍റെ പാതയിലുടെ നടന്നു നീങ്ങുന്ന എന്‍റെ നാട്ടുവഴിയിലുടെ ഞാന്‍ കുറച്ചു ദൂരം നടന്നു. റോഡ്‌ വീതി കൂട്ടുന്നതിന്‍റെ ഭാഗമായി മുറിച്ചു നീക്കപെട്ട തടിയന്‍ നമ്പ്യാര്‍ മാവിന്‍റെ അവശിഷ്ട്ടങ്ങളാണ് റോഡ്‌ നിറയെ. ഒരു പാട് ഓര്‍മ്മകളുണ്ട് ആ മാവിനെ കുറിച്ച്….. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രം ലഭിച്ച മാമ്പഴക്കാലം, പിന്നെ സ്കൂളില്‍ പോകാന്‍ എനിക്ക് വേണ്ടി മാനസി കാത്തു നില്‍ക്കാറുള്ളതും ഈ തടിയന്‍ മാവിന്‍റെ ചോട്ടിലായിരുന്നു. മാവിന്‍റെ ഒരു വശത്തു കൂടിയുള്ള ഇടവഴിയിലുടെ പോയാല്‍ അവളുടെ വീട്ടിലെത്താം.

മാവ് നില്‍ക്കുന്ന സ്ഥലം മുതല്‍ ഒരു കാല്‍ കിലോമീറ്ററോളം കാടു പിടിച്ചു കിടക്കുന്ന സ്ഥലമായിരുന്നു പണ്ട് – മുണ്ടാച്ചി പറമ്പ്. അതിനടുത്തായി ഒരു ഭഗോതി കോട്ടം. പണ്ട് കാലത്ത്‌ താഴ്ന്ന ജാതിക്കാര്‍ ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ ക്ഷേത്രങ്ങളില്‍ പോയി ആരാധന നടത്താന്‍ പാടില്ലായിരുന്നു. ആ കാലത്ത് താഴ്ന്നവരുടെ ആരാധനാലയങ്ങളായിരുന്നു കാവുകളും കോട്ടങ്ങളും. അവയില്‍ പലതും കാലാന്തരത്തില്‍ ക്ഷയിച്ചു പോവുകയോ ഇല്ലാതാവുകയോ ചെയ്തു. ഭഗോതി കോട്ടവും ഒരു തിരി പോലും തെളിയാതെ ശോചനീയമായ അവസ്ഥയിലാണ്.

കോട്ടം കഴിഞ്ഞാല്‍ പിന്നെ രാമനിലയം എന്ന കൂറ്റന്‍ വീടാണ്. രണ്ടു ആത്മഹത്യ നടന്ന സ്ഥലം..!!! അതിന്‍റെ ഇപ്പോഴത്തെ അവകാശി സന്തോഷേട്ടന്‍ കുവൈത്തില്‍ നല്ല സ്ഥിതിയിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ അത് വില്‍ക്കാന്‍ അന്നത്തെ അവകാശികള്‍ ശ്രമിച്ചെങ്കിലും ആത്മഹത്യയുടെ കഥയും കൊട്ടത്തിന്‍റെ ദൃഷ്ട്ടിയുണ്ടെന്ന വിശ്വാസവും രാമനിലയത്തെ നാട്ടിലെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്ക് പോലും വേണ്ടാത്ത വസ്തുവാക്കി മാറ്റി.

രാമനിലയവും കഴിഞ്ഞു പിന്നെയും ഒരു പത്തു മിനുട്ടിന്റെ ദൂരമുണ്ട് സ്കൂളിലേക്ക്. തടിയന്‍ മാവിന്‍റെ ചോട് മുതല്‍ സ്കൂളങ്കണം വരെ മാനസിയോടൊപ്പമായിരുന്നു എന്‍റെ സ്ക്കൂള്‍ യാത്ര. അവശ്യം ആവശ്യമാത്രമേ അവള്‍ സംസാരിക്കുമായിരുന്നുള്ളൂ, ഞാനും.

അനിയന്‍റെ കോളേജ് മാഗസിനിലേക്കുള്ള പ്രണയകഥയ്ക്ക് വേണ്ടി പഴയ ഓര്‍മ്മകള്‍ ഞാന്‍ വീണ്ടും മനസിലേക്കാവഹിച്ചു. പഴമയുടെ സുഗന്ധം മനസ്സില്‍ നിറച്ചു കൊണ്ട് ഞാന്‍ സ്ക്കൂളിനടുത്തെത്തി. ആളൊഴിഞ്ഞ സ്ക്കൂളിന്‍റെ മൈതാനത്തിന്‍റെ ഒത്ത നടുവിലുള്ള കൊടിമരത്തിന്റെ തറയില്‍ ഞാന്‍ വിമലിനെ കാത്തിരുന്നു.

” Men and women can never be friends because the sex part always gets in the way.” ഹാരിയുടെ ഡയലോഗ് ഞാന്‍ വീണ്ടുമോര്‍ത്തു. ശരിയാണ് മാനസി ഒരിക്കലും എന്‍റെ സുഹൃത്തായിരുന്നില്ല. ബാല്യകാലസസഖി, കളിക്കൂട്ടുകാരി, വേണമെങ്കില്‍ വിശേഷിപ്പിക്കാന്‍ പദങ്ങള്‍ നിരവധി. ഇത്തരം വിശേഷണ പദങ്ങള്‍ക്ക് പലപ്പോഴും ജീവിതത്തിന്‍റെ ഗന്ധമുണ്ടാകാറില്ല.

എന്‍റെ സുരക്ഷിതത്വത്തില്‍ ഒരു പെണ്‍കുട്ടി ജീവിക്കുന്നു – എന്‍റെ മനസിലെ നായകന്‍മാരുടെ ഗണത്തിലേക്ക് എന്‍റെ പേര് ആദ്യമായി ഞാന്‍ എഴുതി ചേര്‍ത്തത് ആ ചിന്തയില്‍ നിന്നാണ്. ആണ്‍-പെണ്‍ ആകര്‍ഷണം തുടങ്ങുന്ന പ്രായത്തില്‍ എന്‍റെ കൂടെ ഒരു സുന്ദരിയുണ്ട് എന്ന ഒറ്റ കാര്യത്താല്‍ കുടെയുള്ള പൊടി മീശക്കാര്‍ക്ക് എന്നോട് അസൂയയുണ്ട് എന്ന് ഞാന്‍ മനസിലാക്കിയ ദിവസം എന്‍റെ നായകത്വത്തിനു ഞാന്‍ അടിവരയിട്ടു.

വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് ഞങ്ങളുടെ നടപ്പ്‌ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും അതിന്‍റെ ഇടവേളകളില്‍ പോലും മനസ്സില്‍ തൊട്ടുള്ള സംസാരം അവളില്‍ നിന്നുണ്ടായില്ല എന്നുള്ളത് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒടുവില്‍ എന്‍റെ വേദന പരിഹാരത്തിനായി ഒരു വഴി ഞാന്‍ കണ്ടെത്തി.

മുണ്ടാച്ചി പറമ്പിലെ ഭഗോതിക്കും അത് വഴി വരവ് പോക്ക് നടത്തുന്ന ഗുളികനും എന്‍റെ ഗ്രാമത്തിലെ പലരുടെയും ജീവിതത്തില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. അത്തരം കഥകളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും കുതറി മാറാന്‍ എന്‍റെ കുഞ്ഞു മനസിനും കഴിഞ്ഞിരുന്നില്ല. ആഗ്രഹസാഫല്യം നടത്തികൊടുക്കുന്ന ദേവിയുടെ സമക്ഷത്തില്‍ ഞാന്‍ നിരത്തിയ ചെറിയ ആവശ്യങ്ങള്‍ നിറവേറ്റപെട്ടതും ആ ശക്തിയില്‍ എനിക്കുള്ള വിശ്വസം വര്‍ദ്ധിപ്പിച്ചു. കാവിലെ കളിയാട്ടത്തിന്‍റെ മൂന്നാം നാള്‍ മാനസി എന്‍റെതായി തീരാന്‍ ഞാന്‍ മനസറിഞ്ഞു ദേവിയെ വിളിച്ചു. രണ്ടു കഴിഞ്ഞു മുന്നാം തവണത്തെ കളിയാട്ടത്തിന് മുന്‍പേ അവളും കുടുംബവും നഗരത്തിലേക്ക് താമസം മാറ്റി. അങ്ങിനെ മനസിന്‍റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ച പ്രണയസ്വപ്നങ്ങള്‍ കാവിന്‍റെ കല്‍പ്പടികളില്‍ അര്‍പ്പിക്കപെട്ട പുഷ്പങ്ങളോടൊപ്പം വാടിക്കരിഞ്ഞു.

വിമലിന്‍റെ ബൈക്കിന്‍റെ ശബ്ദം കേട്ട് ഞാന്‍ അവന്‍റെ അരികിലേക്ക് നടന്നു.

ചെറിയ ഒരു കറക്കത്തിനു ശേഷം അധികം വൈകാതെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. മാനസിയോട് എന്‍റെ മനസ്സില്‍ തോന്നിയ പ്രണയത്തിന്‍റെ കഥ ഞാന്‍ അതിഭാവുകത്വമില്ലാതെ ചുരുങ്ങിയ വാക്കുകളില്‍ കടലാസിലേക്ക് പകര്‍ത്തി. സ്വതസിദ്ധമായ നിസംഗഭാവത്തില്‍ അനിയന്‍ എന്‍റെ അടുത്ത് വന്ന്‍ കടലാസിലൂടെ കണ്ണോടിച്ചു. പിന്നീടവന്‍ അത് കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി. ഡിജിറ്റലികരിച്ച എന്‍റെ വാക്കുകള്‍ അവന്‍ എങ്ങോട്ടോ പറത്തി വിട്ടു.

********************

ആ കഥയെഴുത്ത്‌ എന്‍റെ മനസ്സില്‍ സൃഷ്ട്ടിച്ച ഓളങ്ങള്‍ കേട്ടടങ്ങാന്‍ ഒന്ന് രണ്ടു ദിവസമെടുത്തു. കുറെ നാളുകള്‍ക്ക്‌ ശേഷം കിട്ടിയ അവധി ദിനങ്ങള്‍ അവസാനിച്ചിരിക്കുന്നു. നാളെ വീണ്ടും ബംഗ്ലൂരിലേക്ക്‌ മടക്കം. ഒരുക്കത്തിന്‍റെ വിരസതയകറ്റാന്‍ ഞാന്‍ ഫേസ്ബുക്കിന്‍റെ ലോകത്തിലിരിക്കുമ്പോഴാണ് ആ മെസ്സേജ് എനിക്ക് കിട്ടിയത്.

hi Gautham , hw r u…? its me Manasi. hop U r fine. Gokul ninte aniyananu ennu last dayanu njan arinjathu. I am working as a lecturer in his college. Plz accept my frnd requst. C U. Tc

അവളുടെ സൗഹൃദം സ്വീകരിക്കാനായി ഫേസ്ബുക്കിലെ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുണ്ടാച്ചി പറമ്പില്‍ നിന്നും ഒരു തണുത്ത കാറ്റ് ജനല്‍ വാതില്‍ വഴി വന്ന്‍ എന്നെ തഴുകി കടന്നു പോയി…..

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>