2016 ലെ മികച്ച ചിത്രം..!!! 2016 ലെ സിനിമ അവാര്‍ഡുകള്‍ക്കൊപ്പം വന്ന വാര്‍ത്തകളിലാണ് ഒഴിവു ദിവസത്തെ കളിയെന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. റിവ്യൂകള്‍ വായിച്ചു. ഐ.എഫ്.എഫ്.കെ യില്‍ പോയി കണ്ട പലരും പറയുന്നതും കേട്ടു. ഉണ്ണി.ആറിന്റെ കഥ ഞാന്‍ വായിച്ചിട്ടുമില്ല. പക്ഷേ ആദ്യ ദിവസങ്ങളില്‍ തന്നെ ചിത്രം കാണാണമെന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു. അങ്ങനെയാണ് അടുത്ത ചില സുഹൃത്തുക്കളോടൊപ്പം ഒഴിവു ദിവസത്തെ കളി കാണാന്‍ തിയേറ്ററില്‍ എത്തുന്നത്.
ഒറ്റവാക്കില്‍ ഒഴിവുദിവസത്തെ കളി ഇന്നത്തെ കാലഘട്ടത്തിന്‍റെ സിനിമയാണ്. അതിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്, അത് വളരെ കൃത്യമായി നമ്മുടെ സമൂഹത്തിലെ ജാതീയതയുടെ മൂര്‍ധന്യത്തെ പറ്റി, അധികാരികളുടെ, നീതിന്യായ വ്യവസ്ഥയുടെ ജീര്‍ണ്ണതകളെ പറ്റി, ഉറക്കെ പറയുന്നുമുണ്ട്.
വളരെയധികം സിമ്പോളിക്കായാണ് ഒരുപാട് സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ഈ കൊച്ചു ചിത്രം ഭംഗിയായി പറഞ്ഞു വെക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് ദിവസം ചിലവഴിക്കാന്‍ വനന്തരത്തിലുള്ള ഒരു കെട്ടിടത്തില്‍ എത്തിച്ചേരുന്ന അഞ്ചു വ്യക്തികള്‍. അവരുടെ കള്ളുകുടിയും തമാശകളുമായി പതുക്കെ വികസിക്കുന്ന കഥാപരിസരത്തില്‍ അവരോരുത്തരും സ്വയം സമൂഹത്തിന്‍റെ പല തട്ടുകളുടെ പ്രതിനിധികളായി മാറുന്നു. പിന്നീടങ്ങോട്ട് സിനിമ നമ്മുടെ സാമൂഹിക അവസ്ഥകളുടെ രൂപകമായി മാറുന്നു. ഒരുപാട് പുനര്‍വായനകള്‍ കാഴ്ചക്കാരോട് ആവശ്യപ്പെടും വിധമാണ് ചിത്രത്തിലെ ഓരോ രംഗവും.
( ചിത്രം കാണാത്തവര്‍ക്ക് / കാണാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതിന് താഴെയുള്ള ഭാഗം സ്പോയിലര്‍ റിവ്യൂ ആകാന്‍ ചാന്‍സ് ഉണ്ട്. )
ജാതീയതയില്‍ ഊന്നിയുള്ളതാണ് ചിത്രത്തിന്‍റെ ഒന്നാമത്തെ വായന. ആദ്യകാഴ്ചയില്‍ തന്നെ അഞ്ചു കഥാപാത്രങ്ങള്‍ ഒരു നമ്പൂതിരിയും അയാളുടെ സാമന്തരായ മൂന്ന് സവര്‍ണ്ണരും ഒരു കീഴ്ജാതിക്കാരനുമാണെന്ന് സിനിമ പറയാതെ പറഞ്ഞു വെക്കുന്നു. ആ ഒഴിവുദിവസം ആനന്ദകരമാക്കാന്‍ തീരുമാനിക്കുന്ന സംഘത്തിനു വേണ്ടി ചക്ക പറിക്കാനും കോഴിയെ കൊല്ലാനും അവര്‍ക്ക് കളിയാക്കി ചിരിക്കാനും ഒടുവില്‍ കളിയുടെ പേരില്‍ സ്വന്തം മുണ്ടില്‍ തൂങ്ങിയാടാനും വിധിക്കപ്പെടുന്നത് ദാസന്‍ എന്ന കീഴ്ജാതിക്കാരനാണ്. മേല്‍ജാതിക്കാര്‍ തമ്മിലുള്ള എല്ലാ തര്‍ക്കങ്ങളും അവര്‍ പണം നല്‍കിയും സന്ധിസംഭാഷണങ്ങള്‍ ചെയ്തും ഒതുക്കി വെക്കുമ്പോള്‍ തങ്ങളുടെ ചങ്ങാതി കൂടിയായ ദാസനെ ജാതീയതയുടെ പേരില്‍ മറ്റു നാല് പേരുടെയും ഉപബോധമനസ് ഒരുമിച്ച് നിന്ന് തൂക്കിലേറ്റുകയാണ്. ഒപ്പം ജാതിയതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം വിളിച്ചു പറയുന്ന തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ സിനിമയുടെ പ്രസ്താവനയെ സാധൂകരിക്കുകയും ചെയ്യുന്നു.

ജാതീയതയെ മാറ്റി നിര്‍ത്തിയാല്‍ തന്നെയും അതിശക്തമായ ഒരു രാഷ്ട്രീയചിത്രത്തിനുള്ള പടക്കോപ്പുകളും മനോഹരമായ വിളക്കിചേര്‍ത്തിട്ടുണ്ട് സംവിധായകന്‍ കൂടിയായ സനല്‍കുമാര്‍ തന്‍റെ തിരക്കഥയില്‍. മദ്യത്തിന്‍റെ ലഹരിയും മുന്നില്‍ വരുന്ന ഏതൊരു പെണ്ണും തങ്ങള്‍ക്ക് വഴങ്ങി തരണമെന്നും ആഗ്രഹിക്കുന്ന പുരുഷ കേന്ദ്രീകൃത മലയാളി സമൂഹത്തിന്‍റെ മനസുമായി വളരുന്ന കഥാപാത്രങ്ങള്‍ സ്വയം ന്യായാധിപനും രാജാവും മന്ത്രിയും സാമന്തനും പ്രജയുമായി അവരോധിക്കപ്പെടുന്നു. അധികാരി വര്‍ഗങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ അഴിമതിയില്‍ മുങ്ങി കുളിക്കുമ്പോള്‍ നിയമവും നിയമപാലകരും അതില്‍ പങ്കുചേരുന്നു. എല്ലാം ശ്രദ്ധിക്കേണ്ട ബാധ്യതയുള്ള മറ്റുള്ളവര്‍ ഉറക്കത്തിലാവുന്നു. ( കെയര്‍ടേക്കര്‍ മദ്യലഹരിയില്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് തിരക്കഥയുടെ കൃത്യമായ ലക്ഷ്യം വെളിവാക്കുന്നു. ) ഒടുവില്‍ നിസഹായരായി എല്ലാം കണ്ടുനില്‍ക്കുന്ന പ്രജകളെ അവര്‍ തൂക്കിലേറ്റുന്നു. ( ചിത്രത്തില്‍ ഉടനീളം മദ്യലഹരിയിലായിട്ടും ദാസന്‍ പ്രകടിപ്പിക്കുന്ന ഭാവം ഒന്നാണ്. അയാള്‍ക്ക് നിസഹയതയും സങ്കടവും മാത്രമേ കൂട്ടുള്ളു.) ഇതെല്ലാം നടക്കുന്നത് ഒരു തിരഞ്ഞെടുപ്പ് ദിവസമാണ്. ചിത്രത്തിലെ രംഗങ്ങള്‍ക്ക് പശ്ചാത്തലസംഗീതം പകരുന്നത് അധികാര ആരോഹണത്തെ പറ്റിയുള്ള വാര്‍ത്തകളാണ്.
ഇരവല്‍ക്കരണം എന്ന പ്രതിഭാസത്തെ അതിമനോഹരമായും സ്വാഭാവികമായും വരച്ചിടുന്നുണ്ട് ഒഴിവു ദിവസത്തെ കളി. ചിത്രത്തിന്‍റെ ആദ്യ രംഗങ്ങളില്‍ ഒഴിവുവേള ആനന്ദകരമാക്കുന്നതിനായി പ്രകൃതിയെ ഉപയോഗിക്കുന്ന മനുഷ്യര്‍. അവരുടെ കള്ളിനൊപ്പം ഇരയായി തീരുന്ന കോഴി. അടുത്ത തലത്തില്‍ സ്വന്തം ഭാര്യയൊഴികെ മറ്റേതു പെണ്ണിനെ പറ്റിയും മനസുഖത്തിനു വേണ്ടി എന്തും പറയാം എന്ന ചിന്താഗതിയുള്ള പുരുഷന്മാര്‍ അവര്‍ക്ക് മുന്നില്‍ ലഭ്യമായ സ്ത്രീ ശരീരത്തെ പല രീതിയിലും കീഴടക്കാന്‍ ശ്രമിക്കുകയാണ്. അതിന്‍റെയും അടുത്ത തലത്തില്‍ തങ്ങളില്‍ ദുര്‍ബലനെ ഒരു കളിയുടെ പേരില്‍ കുരുതി കൊടുക്കുകയാണ് മറ്റുള്ളവര്‍. തന്‍റെയും കൂട്ടുകാരുടെയും ഇരയെന്ന രീതിയില്‍ ഒരു കോഴിയെ നിസ്സാരമായി കൊന്ന് കെട്ടി തൂക്കിയ ദാസന്‍ അതേ ഹൈയറാര്‍ക്കിയിലെ മുകളിലെ തട്ടില്‍ ഒരു ഇരയുടെ വേഷത്തില്‍ എത്തുകയാണ്. ഒരു പക്ഷേ ആ പകല്‍ അവസാനിക്കാതെ ഇരുന്നിരുന്നെങ്കില്‍ ഇതു പോലുള്ള കളികള്‍ അവിടെ തുടര്‍ന്നിരുന്നെങ്കില്‍ ഇതേ കഥ അതേ ഹൈയറാര്‍ക്കിയുടെ അടുത്ത തലങ്ങളില്‍ ആവര്‍ത്തിച്ചെനെ…!!
തുടര്‍കാഴ്ചകളില്‍ ചിന്തകളില്‍ പുതിയ പുതിയ അര്‍ത്ഥങ്ങള്‍ കാണാന്‍ സാധിക്കുന്ന ഒഴിവുദിവസത്തെ കളി നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ചിത്രമാണ്.
അഭിനന്ദനങ്ങള്‍ സനല്‍കുമാര്‍ ശശിധരന്‍…!!!

0 Comments.