ടൗണിൽ ചെയ്യാനുണ്ടായിരുന്ന അല്ലറ ചില്ലറ പരിപാടിയെല്ലാം കഴിഞ്ഞു ഇനി റിജിനെ ഒന്നു മീറ്റണം. സിറ്റി സെന്ററിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. മുനീശ്വരം കോവിൽ പക്കത്ത് നിന്ന് നീട്ടി വലിച്ചു ഒന്ന് നടന്നാൽ എത്താവുന്ന ദൂരമേയുള്ളൂ, പക്ഷെ ഓണത്തിന്റെ തിരക്കാണ്. മനുഷ്യരെ തട്ടി നടക്കാൻ വയ്യ. പിന്നെ ഒരു വിധം നടവഴികളെല്ലാം പൂക്കച്ചവടക്കാർ കയ്യേറിയിട്ടുമുണ്ട്. ഓട്ടോ പിടിക്കാൻ തീരുമാനിച്ചു.
” ഒന്ന് സിറ്റി സെന്റർ ” ഡ്രൈവർ തലകൊണ്ട് കയറിക്കോളാൻ സിഗ്നൽ തന്നു.
ഓട്ടോയിൽ കയറിയതും ഒരു സ്ത്രീ ശബ്ദം പുറത്തു നിന്ന്. നോക്കിയപ്പോ ഒരു മദാമ്മകുട്ടി.
മീ.. ബിഫോർ യൂ…
എന്താണ് എന്ന് ഊഹിച്ച് ഇറങ്ങാൻ ഒരുങ്ങുമ്പഴേക്കും ” ഇങ്ങൾ ആട ഇരിന്ന്.. ” എന്നും പറഞ്ഞ് അങ്ങേര് വണ്ടിയെടുത്തു.
” ഇങ്ങള് കേറുന്നയിന് മുന്നേ ഞാൻ ഓറെ കണ്ടിന് ഈറ്റിങ്ങളെ കെറ്റിയാല് മറ്റേ ഗൂഗിളും കൊണ്ടാ കേറുവാ. അയില് പറേന്ന വയിക്കൂടെ പോണം. പിന്നെ ഓളെ ചോദ്യത്തിന് തലയാട്ടണം. പറെന്ന കേക്കണം. ആ നേരം കൊണ്ട് ഇങ്ങളെ പോലത്തെ മൂന്നാല് ആളെ ട്രിപ്പ് എടുക്കാ. ഇവരെ കഥ കേക്കലല്ലോ നമ്മടെ പണി. ”
” ആണോ. അല്ല നമ്മളും വേറെ നാട്ടി പോയാ ആരെങ്കിലും സഹായിക്കണ്ടെ ഏട്ടാ. ”
അയാൾ ഒന്നും മിണ്ടിയില്ല.
” പിന്നെ ഓണകാലം അല്ലെ മാവേലി വേഷം മാറി കേറുന്നതാണെങ്കിലോ ”
” ഇങ്ങളെ ഞാൻ ഈട സിറ്റി സെന്റർന്റെ ബാക്കില് വിട്ടാ മതിയാ…”
” മതി ”
അയാൾ നിർത്തി. 25 ഉറുപ്പ്യെം കൊടുത്ത് ഞാൻ ഇറങ്ങി.
പുള്ളി ഇനി ഗെറ്റ്ഔട്ട് അടിച്ചതാണോ ?
അതല്ല കുറച്ചും കൂടി മിണ്ടിയിരുന്നേൽ ആ 25ഉം കൂടി ഒഴിവാക്കി തരുവാരുന്നോ ?
ഈമാതിരി ഡൗട്ട്സുമായി ഞാൻ സിറ്റി സെന്ററിന്റെ അകത്തേക്ക് നടന്നു.

0 Comments.