ഉത്തരഭൂമിയിലൂടെ – 1

യാത്രകൾ പലപ്പോഴും അങ്ങനെയാണ്. അത് നമ്മളെ ഇങ്ങോട്ട് തേടി വരും…!!!

ഡെറാഡൂണിലേക്കുള്ള ആകാശയാത്രയ്ക്കിടെ ഞാനോർക്കുകയായിരുന്നു; വാരാണസി എന്ന യാത്രാ സ്വപ്നവും പേറി നടന്ന് തീർന്നുപോയ നാലു വർഷങ്ങളെ പറ്റി, ഒടുക്കം ഇനി വരുന്ന ദീപാവലി നേരം  ലക്‌ഷ്യം വച്ച് നടത്തിയ ആലോചനകളെ പറ്റി, അതിനിടയിലേക്ക് ഒരു രാത്രി കയറി വന്ന ചങ്ങാതിമാരെ പറ്റി. തീയതിയടക്കം തീരുമാനിച്ച് ബുക്ക് ചെയ്ത പക്ഷെ അപൂർണ്ണമായ പ്ലാനുള്ള ഒരു യാത്രയുടെ വിമാന ടിക്കറ്റും കയ്യിൽ വച്ച് അവർ എന്നെ അതിലേക്ക് ക്ഷണിച്ചു. ‘ ഒരു ഉത്തരാഖണ്ഡ് യാത്ര’,  അവർ അതിനെ വിളിച്ചത് അങ്ങനെയായിരുന്നു. പക്ഷെ എന്‍റെ മനസ്സിൽ വാരാണസിയായിരുന്നു. എം ടി യുടെ നോവൽ വായന ബാക്കി വച്ചതിനും യുട്യൂബിൽ ആ സ്ഥലത്തെ കുറിച്ച് കണ്ട വീഡിയോകളുടെ പ്രലോഭനത്തിനുമപ്പുറം എന്തോ ഒന്ന് അവിടെ എന്നെ മോഹിപ്പിക്കുന്നുണ്ടായിരുന്നു. അവസാനം, അപൂർണമായിരുന്ന അവരുടെ യാത്രാചീട്ടിലേക്ക് ആ പേരു കൂടി ഞാൻ എഴുതി ചേർത്തു. വാരാണസി !!
ആ ലിസ്റ്റ് പലകുറി പിന്നെയും മാറ്റിയെഴുതി. ഒടുക്കം അത് ഇങ്ങനെ പൂർണത കൈവരിച്ചു. ഡൽഹി ഡെറാഡൂണിൽ തുടങ്ങി ഋഷികേശ് രുദ്രപ്രയാഗ് ദേവ്താൽ ഹരിദ്വാർ വാരാണസി ആഗ്ര വഴി വീണ്ടും ഡൽഹി.

*** *** ***

ജോളി ഗ്രാൻഡ് എയർപോർട്ടിൽ നിന്നും കുറച്ചു മാറിയുള്ള റോഡിൽ ചെന്നാൽ ഋഷികേശിലേക്കുള്ള ബസ് കിട്ടും. 17 കിലോമീറ്റർ ദൂരമേയുള്ളൂ ആ വഴിയിലൂടെ ഋഷികേശിലേക്ക്. എയർപോർട്ടിനു പുറത്ത് വെൽക്കം ടു ഉത്തരാഖണ്ട് എന്ന വലിയ ബോർഡ് ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. എന്തോ വലിയ കോളാണെന്നുള്ള തോന്നലു കൊണ്ടാവണം ടാക്സികാർ ഞങ്ങളെ ആർത്തിയോടെ നോക്കി പിന്നാലെ വന്നുകൊണ്ടേയിരുന്നു.

” നഹി ചാഹിയെ ഭായ് സാബ് …”

ഉരുളൻ കല്ലുള്ള സൈഡ് റോഡിലൂടെ അവരെ ഒഴിവാക്കി കൊണ്ട് ഞങ്ങൾ മുന്നോട്ട് നടന്നു. ആ വഴിയിലൂടെ ഒന്നു രണ്ടു കിലോമീറ്റർ ദൂരമുണ്ടായിരുന്നു പ്രധാനറോഡിലേക്ക്. അവിടെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പാകത്തിൽ ബസ് ഷെൽറ്ററുകളൊന്നും ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ കുറച്ചകലെയായി കണ്ട ജലജീരയെന്നെഴുതി വച്ച പെട്ടിക്കടയ്ക്കരികിലേക്ക് ഞങ്ങൾ നടന്നു. ചോദിച്ചപ്പോൾ ഋഷികേശിലേക്കുള്ള ബസ് ഇടയ്ക്കിടെ ഉണ്ടെന്നും അവിടെ നിർത്തുമെന്നും അയാൾ പറഞ്ഞുതന്നു. നാരങ്ങാവെള്ളവും മറ്റും വിൽക്കുന്ന ഒരു ചെറിയ കടയായിരുന്നു അത്. തിരക്കും ബഹളവുമില്ലാത്ത ആ സ്ഥലത്ത് വെയിലും ചൂടും കൊണ്ട് നിന്ന് അയാൾ ആരെ പ്രതീക്ഷിച്ചാണ് അവിടെ നിൽക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായതേയില്ല. അയാളുടെ പക്കൽ നിന്നും അഞ്ചു ജലജീരയുടെ പാനീയം വാങ്ങി രുചി നോക്കിയ ശേഷമാണ് ഞങ്ങൾ ഋഷികേശിന് വണ്ടി കയറിയത്.
ആർഭാടങ്ങൾ ഇല്ലാത്ത നിറം മങ്ങിയ ബസിൽ ഒരു സ്ത്രീയായിരുന്നു കണ്ടക്‌ടർ. പിറകിലെ ഒഴിഞ്ഞ സീറ്റുകളിൽ ഞങ്ങൾ ഇരുന്നു. ബസിന്‍റെ ചുമരിൽ പേ റ്റി എം സ്വീകരിക്കുമെന്ന ബോർഡ് തെല്ലതിശയത്തോടെയാണ് ഞാൻ നോക്കി കണ്ടത്. മനസിൽ കണ്ടിരുന്ന ഉത്തരാഖണ്ഡിൽ നിന്ന് ആകെയൊരു മാറ്റം. പരീക്ഷിക്കാൻ പേ ടി എമ്മിൽ കാശില്ലാത്തതിൽ എനിക്ക് നിരാശ തോന്നി.

വലിയ വീതിയില്ലാത്ത റോഡിന്‍റെ ഇരുവശത്തും നയനാനന്ദകരമായ കാഴ്ചകളാണ്. വലിയ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന പ്രദേശം. പകുതി തുറന്നിട്ടിരിക്കുന്ന ബസിന്‍റെ ജനാലയിലൂടെ കടന്നു വരുന്ന കാറ്റിന് ചെറിയ തണുപ്പും ഉണ്ട്. തനിക്ക് അറിയാവുന്ന മുറി ഹിന്ദിയിൽ തന്‍റെ അടുത്ത സീറ്റിലെ തദ്ദേശിയനായ ചെറുപ്പകാരനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ് മുകുൾ. ഇടയ്ക്ക് കടന്നു വരുന്ന വഴികാട്ടി ബോർഡുകൾ ശ്രദ്ധിച്ചിരിക്കുകയായിരുന്നു ഞാൻ. ഞങ്ങൾ ഋഷികേശിനോട് അടുക്കുകയാണ്.

ഋഷികേശിൽ ലക്ഷമൺ ജൂലയ്ക്കടുത്ത് ശിവശക്തി ഹോസ്റ്റലിലാണ് ഞങ്ങൾ താമസം തീരുമാനിച്ചിരിക്കുന്നത്. ഋഷികേശിൽ നിന്ന് ഏകദേശം ഏഴുകിലോമീറ്ററോളം ദൂരമുണ്ട് ഹോസ്റ്റലിനടുത്തേക്ക്. ബസ് അവസാന സ്റ്റോപ്പായ ഋഷികേശിൽ എത്തുമ്പോഴേക്കും മുകുളിന്‍റെ അടുത്തിരുന്ന ചെറുപ്പക്കാരൻ ഞങ്ങളെ സഹായിക്കാനായി മുന്നോട്ട് വന്നു. അയാൾ ഞങ്ങൾക്കായി ഓട്ടോകാരോട് സംസാരിച്ചു. മാന്യമായ ഒരു വിലയ്ക്ക് യാത്ര ഉറപ്പിച്ച് ഞങ്ങൾ ഓട്ടോയിൽ കയറി. ഒരു വശത്ത് മൂന്ന് പേരെന്ന രീതിയിൽ മൊത്തം ആറു പേർക്ക് മുഖാമുഖം ഇരിക്കാവുന്ന വിധത്തിലാണ് അവിടത്തെ റിക്ഷകൾ. നാലുപേരെ കഷ്ടിച്ചു കൊണ്ട് പോകാൻ മാത്രം കെൽപ്പുള്ള കേരളത്തിലെ ഓട്ടോറിക്ഷകളെ ഞാൻ ആ സമയത്ത് ഓർത്തുപോയി.
ഋഷികേശിന്‍റെ നിരത്തിലൂടെ ലക്ഷമൺ ജൂല ലക്ഷ്യമാക്കി ഞങ്ങളുടെ ഓട്ടോ നീങ്ങി തുടങ്ങി. കടന്നു പോകുന്ന എല്ലാ റിക്ഷകളും ആറും ഏഴും എട്ടും യാത്രക്കാരെയും കൊണ്ടാണ് സഞ്ചരിക്കുന്നത്. വെയിൽ മങ്ങിയ ഋഷികേശിലെ റോഡുകളിൽ വാഹനങ്ങൾ മാത്രമല്ല മനുഷ്യരും പശുക്കളും പട്ടികളുമെല്ലാം ഉണ്ടായിരുന്നു. കടുത്ത ഓറഞ്ച് നിറമുള്ള വസ്ത്രങ്ങൾ ധരിച്ച ആൾക്കൂട്ടമാണ് വഴികൾ നിറയെ. ശ്രാവണ മാസത്തിലെ ശിവപൂജ നടന്നു കൊണ്ടിരിക്കുകയാണെന്ന് ഓട്ടോ ഡ്രൈവർ ഞങ്ങളോട് പറഞ്ഞു. പത്തിരുപത് മിനിറ്റുകൾ നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ ലക്ഷമൺ ജൂലയിലെത്തി. ഞാൻ ഗൂഗിൾമാപ്പ് തുറന്നു. ഇനിയും രണ്ടു കിലോമീറ്റർ കൂടി നടക്കാനുണ്ട് ശിവശക്തി ഹോസ്റ്റലിലേക്ക്. ചുറ്റിലും ബംബം ബോലേ വിളികൾക്കൊപ്പം പലദിശകളിലേക്ക് ഒഴുകി പരക്കുകയാണ് ജനക്കൂട്ടം. തിരക്കിനിടയിലൂടെ ഗൂഗിളിൽ വിശ്വസിച്ച് ഞങ്ങൾ മുന്നോട്ട് നടന്നു. റോഡിനിരുവശത്തും കച്ചവടക്കാരും ഹോട്ടലുകാരും കൈമാടി വിളിക്കുന്നുണ്ട്. റോഡ് വിട്ട് ഞങ്ങൾ ചെറിയ വഴിയിലേക്ക് ഇറങ്ങി മുഴുവനും സ്റ്റെപ്പുകളാണ്. കയറാനും ഇറങ്ങാനും ഉണ്ട്. വഴിക്കിരുവശത്തും ചെറിയ കടകൾ. മാലകൾ വളകൾ കരകൗശലവസ്തുക്കൾ അങ്ങനെ പലതും. വളഞ്ഞ് പുളഞ്ഞു പോകുന്ന സ്റ്റെപ്പുകൾ ചെന്നെത്തുന്നത് വീണ്ടും ഒരു പ്രധാന റോഡിലേക്കാണ്. അവിടെ നിന്നും കുറച്ചു കൂടി മുന്നോട്ട് നടന്നാൽ ലക്ഷമൺ ജൂല പാലം കാണാം.

ഋഷികേശിന്‍റെ രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗംഗയ്ക്ക് കുറുകെയുള്ള തൂക്കുപാലമാണ് ലക്ഷമൺ ജൂല ബ്രിഡ്ജ്.

ഓറഞ്ച് വസ്ത്രധാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ തൂക്കുപാലം.
ജനക്കൂട്ടത്തിനിടയിലൂടെ ബൈക്കുകളും സ്കൂട്ടറുകളും കടന്നു പോകുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാനായി പാലത്തിൽ പോലീസും ഉണ്ട്. ഗംഗയ്ക്ക് മുകളിലൂടെ തൂക്കുപാലം കടന്ന് ചെന്നാൽ എത്തിച്ചേരുന്നത് ശിവന്‍റെ പ്രതിമയുള്ള ഒരു ജംഗ്ഷനിലാണ്. അതിന്‍റെ വലതുഭാഗത്തായുള്ള തെരുവിലാണ് ശിവശക്തി ഹോസ്റ്റൽ. രണ്ടു കിലോമീറ്റര്‍ നീണ്ട കാഴ്ചകള്‍ക്കൊടുവില്‍ ഞങ്ങള്‍ അവിടെ എത്തിച്ചേർന്നു. ഗൂഗിൾ മാപ്പ് അടച്ചുവച്ച്  ആ ചെറിയ റിസപ്ഷന്‍ മുറിയുടെ അകത്തേക്ക് കയറി.

ഒരു സോഫയിൽ കുറെ ബാഗുകളുമായി ഇരിക്കുകയാണ് കുറച്ച് വിദേശികൾ. ഹോസ്റ്റലിലെ അന്തേവാസിയെന്ന് തോന്നുന്ന ഒരു പട്ടിയെ ലാളിക്കുകയാണ് അവരിൽ ചിലർ. ബുക്കിംഗ് സമയത്ത് പറഞ്ഞതു പോലെ ബാക്കി പണവും കൊടുത്ത് ഞങ്ങൾ മുകളിലേക്ക് നടന്നു. രണ്ടാമത്തെ നിലയിലാണ് ഡോർമെട്രി. ശിവശക്‌തിയിലെ റിസപ്ഷന്‍ബോയ് അഭിഷേക് ഹോസ്റ്റൽ പരിചയപ്പെടുത്താനായി ഞങ്ങളുടെ കൂടെ വന്നു. അകത്തെ മുറിയിൽ ട്രെയിൻ കമ്പാർട്ടുമെന്റ്റിനെ അനുസ്മരിപ്പിക്കും വിധം രണ്ട് നിലകളിലായി ആറു ബെഡുകളാണ് ഉണ്ടായിരുന്നത്. താഴത്തെ മൂന്ന് ബെഡുകളുടെ അടിയിലായി ലോക്കർ സൗകര്യവും ലഭ്യമായിരുന്നു. മുറിക്ക് പുറത്ത് കോമൺ ഏരിയയിൽ ചായ കാപ്പി ചൂടുവെള്ളം തുടങ്ങിയവ തയ്യാറാക്കാൻ ഉതകുന്നവിധം ഒരു പാന്‍ട്രിയും മറ്റൊരു വശത്ത് വാഷിംഗ് മെഷീനും അയാൾ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഏറ്റവും മുകളിലെ ഹാങ്ങ്ഔട്ട് ഏരിയയിൽ ഇരിക്കാനായി ഉയരം കുറഞ്ഞ സോഫകളും കാരംബോർഡും ഒരു ചെറിയ ബുക്ക് ഷെൽഫും ഉണ്ടായിരുന്നു. ആ ഉയരത്തിൽ നിന്ന് താഴേക്ക് നോക്കിയാല്‍ കാണാം ഒരു തെരുവും ലക്ഷമൺ ജൂല പാലവും അതിനും താഴെ അത്ര വേഗത്തിലല്ലാതെ ഒഴുകി കൊണ്ടിരിക്കുന്ന ഗംഗ നദിയെയും.

പ്ലാൻ അനുസരിച്ച് പകുതിയും തീർന്നു പോയ ആ പകലും അതിന്‍റെ ബാക്കിയായുള്ള രാത്രിയും പിന്നെ അടുത്ത ഒരു ദിവസവും അത്രയേയുള്ളൂ ഋഷികേശിൽ. അതുകൊണ്ടു തന്നെ ഒരു ദിവസത്തെ യാത്രയുടെ മുഴുവൻ ക്ഷീണവും അഴിച്ചു വച്ച് കുളിച്ച് എല്ലാവരും ഋഷികേശിന്‍റെ തിരക്കിലേക്കിറങ്ങാനായി തയ്യാറായി.

Laxman Jhola bridge

സമയം സന്ധ്യയോട് അടുക്കുകയാണ്. വഴികൾ ബംബം ബോലേ വിളികൾ കൊണ്ട് മുഖരിതമാണ്. തിരക്കിട്ട് ദിക്കും ദിശയുമില്ലാതെ നടന്ന് നീങ്ങുന്ന ആൾക്കൂട്ടങ്ങൾ. ആ കൂട്ടത്തിൽ ഒരു ചെറിയ കൂട്ടമായി ഞങ്ങളും നടക്കാൻ ആരംഭിച്ചു. റോഡിനപ്പുറത്ത് ഗംഗനദിയുടെ അക്കരെ ഓറഞ്ചും മഞ്ഞയും നിറത്തിൽ ഉയർന്നു നിൽക്കുന്ന ത്രയമ്പകേശ്വര ക്ഷേത്രം. 13 നില ഉയരമുള്ളതാണ് ഈ ക്ഷേത്രം. കുറച്ചു ഫോട്ടോകൾ എടുത്ത ശേഷം പിന്നെയും മുന്നോട്ട്. ലക്ഷ്മൺ ജൂല പാലത്തിൽ തിരക്കിന് ശമനമൊന്നുമില്ല. ഗംഗയെ മുറിച്ചു കടന്ന് നേരത്തെ വന്ന സ്റ്റെപ്പുകൾ നിറഞ്ഞ വഴി ഒഴിവാക്കി കൊണ്ട് ഞങ്ങൾ പ്രധാന റോഡിലൂടെ നടന്നു കൊണ്ടിരുന്നു. വഴിയരികിൽ എണ്ണ പലഹാരങ്ങളും ചായയും വിൽക്കുകയാണ് ഒരാൾ. അയാളുടെ വഴി കച്ചവടത്തിന്‍റെ ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പൊട്ടിയ സ്റ്റൂളിലും ചാക്ക് വിരിച്ച ബെഞ്ചിലും ഇരുന്ന് ഞങ്ങൾ ചായയും ബജിയും കഴിച്ചു. ആ തെരുവിന്‍റെ രുചിഭേദങ്ങളെ അറിയുന്നതിനപ്പുറം റോഡിലൂടെ നടന്നു പോകുന്ന പല ഭാവത്തിലും രൂപത്തിലുമുള്ള മനുഷ്യരുടെ ഫോട്ടോ ക്യാമറയിൽ പകർത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ.

അപ്പോഴേക്കും ചായക്കടക്കാരനെ വിട്ട് രമ്യയും റിനിയും സുരമ്യയും തൊട്ടടുത്ത് നിൽക്കുന്ന പാനിപൂരികാരന് ഓർഡർ നൽകി കഴിഞ്ഞിരുന്നു.

റോഡിന്‍റെ വശങ്ങളിലെ കെട്ടിടങ്ങൾക്കിടയിലൂടെ വീതികുറഞ്ഞ വഴികൾ അനാഥമായി നീണ്ടു കിടക്കുന്നുണ്ട്. ദിശയറിയാത്ത സഞ്ചാരികൾ മാത്രം നടന്നുപോകുന്ന മങ്ങിയ മഞ്ഞ വെളിച്ചമുള്ള പാതകൾ. അതിന്‍റെ വശങ്ങളിലുമുണ്ട് ചെറിയ കടകൾ, കസേരയിലും സ്റ്റൂളിലും തുറന്നു വച്ച കുടകളിലും വിൽക്കാനുള്ളത് നിരത്തി ഇടപാടുകാരെ പ്രതീക്ഷിക്കുന്ന കച്ചവടക്കാർ. അവിടത്തെ ചുവരുകളിൽ കഥ പറയുന്ന ചിത്രങ്ങളുണ്ട്. സൃഷ്ടിച്ചു പോയവർക്ക് മാത്രം അർത്ഥമറിയാവുന്ന വരകളുണ്ട്. അവസാനമില്ലാതെ പലദിശകളിലേക്ക് നീണ്ടു കിടക്കുന്ന ആ വഴികളിലൂടെ രാത്രി നഗരത്തിലേക്ക് പ്രവേശിച്ചു തുടങ്ങുകയാണ്.

പുറത്തേക്ക് ഇറങ്ങും മുൻപ് അഭിഷേകിനോട് സംസാരിച്ചിരുന്നതാണ്, എന്തു ചെയ്യണമെന്നോ എങ്ങനെ വേണമെന്നോ തീരുമാനിക്കാത്ത ഋഷികേശിലെ ഞങ്ങളുടെ അടുത്ത പകലിനെ കുറിച്ച്. മഴ കാരണം ബഞ്ചി ജമ്പിങ്ങും റാഫ്റ്റിംഗും താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് ഋഷികേശിൽ. ഈ അഡ്വവെഞ്ചർ സ്പോർട്സ് മാത്രം ലക്ഷ്യമാക്കി വണ്ടി കയറിയതായിരുന്നു റിനി. ശിവശക്തി ഹോസ്റ്റൽ ഏർപ്പാട് ചെയ്ത് തരുന്ന ചില പാക്കേജുകളുണ്ട്;  ഋഷികേശിൽ നിന്ന് 16 കിമി അകലെയുള്ള ഒരു ക്ഷേത്രത്തിലേക്ക് സൂര്യോദയം കാണാനായി നടത്തുന്ന ട്രെക്കിങ്ങ്, പിന്നെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾകൊള്ളിച്ചുള്ള ജീപ്പ് യാത്ര അങ്ങനെ ചിലത്. 16 കിമി ട്രെക്കിങ്ങിൽ എനിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടെ താല്പര്യകുറവ് കാരണം ഞാൻ എന്‍റെ ഇഷ്ടം മാറ്റിവച്ചു.

ഒടുവിൽ ഓറഞ്ച് വസ്ത്രമണിഞ്ഞ് എങ്ങോട്ടെന്നില്ലാതെ പാഞ്ഞുപോകുന്ന ഈ ജനകൂട്ടത്തിനൊപ്പം നടക്കാനും ത്രിവേണിഘട്ടിലെ ആരതിക്ക് പോകാനും ഗംഗാതീരത്തെ ആശ്രമങ്ങളെ കാണാനുമായി അടുത്ത പകലിനെ ഞങ്ങൾ കരുതി വച്ചു. അതിനായി കാഷായ വസ്ത്രങ്ങളും രുദ്രാക്ഷവും മാലകളും വാങ്ങി. അങ്ങനെ എത്ര ദൂരം നടന്നുവെന്നറിയില്ല.

വഴിവക്കിൽ കണ്ട ഒരു കടയിൽ നാരങ്ങാവെള്ളം കുടിക്കാൻ കയറി. പത്തോ പന്ത്രണ്ടോ വയസ് പ്രായമുള്ള ഒരു ആൺകുട്ടിയാണ് അവിടെ ഞങ്ങൾക്ക് വേണ്ടി നാരങ്ങാപിഴിയുന്നത്. നമ്മുടെ നാട്ടിൽ കൊച്ചുങ്ങൾക്ക് ഷൂ ലെയ്സ് കെട്ടാൻ പോലും ആവതില്ലാത്ത പ്രായമാണത്. എല്ലായ്‌പ്പോഴും സാഹചര്യങ്ങളാണ് മനുഷ്യനെ നിർമ്മിക്കുന്നത്.

രാത്രി ഭക്ഷണം കഴിക്കണം. വടക്കേയിന്ത്യയുടെ തനത് രുചി തന്നെ കഴിക്കണമെന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. റൊട്ടിയും നാനും ദാലും പനീറും കുടിക്കാൻ നാരങ്ങാവെള്ളമോ, ചായയോ, കാപ്പിയോ, ലെസ്സിയോ അത്രയേ ഉള്ളു. പിന്നെ ഈ പറഞ്ഞതിന്‍റെ തന്നെ പലതരത്തിലും രീതിയിലുമുള്ള കൂട്ടിചേർക്കലുകളാണ്.

സമയം 10 മണി കഴിഞ്ഞിരിക്കുന്നു. അതു കൊണ്ടാവണം റോഡിൽ തിരക്കിനും ബംബം ബോലേ വിളികൾക്കും കുറവുണ്ടായിരിക്കുന്നത്. വീണ്ടും ലക്ഷമൺ ജൂല പാലത്തിനടുത്തെത്തി. താഴേക്ക് വീഴുന്ന ചെറിയ വെളിച്ചത്തിൽ വെട്ടിതിളങ്ങുന്നുണ്ട് ഗംഗയിലെ ഓളങ്ങൾ. പാലത്തിന്‍റെ താഴോട്ടുള്ള ഇരുമ്പുകമ്പികളിൽ ഏന്തോക്കെയോ തൂങ്ങി കിടപ്പുണ്ട്. സത്യത്തിൽ ഭക്തരുടെ പാപത്തിന്‍റെ ഭാരമല്ല അവരുണ്ടാകുന്ന മാലിന്യങ്ങളുടെ ഭാരമാണ് ഈ മഹാനദി ചുമക്കുന്നത്. പതുക്കെ ഇളകിയാടുന്ന തൂക്കുപാലത്തിന്‍റെ മുകളിൽ കുറച്ചു നേരം കൂടി ഞങ്ങൾ അങ്ങനെ നിന്നു.

ശിവശക്തി ഹോസ്റ്റലിലേക്കുള്ള വഴിയരികിലെ കടകൾ പലതും അടച്ചു തുടങ്ങിയിരിക്കുന്നു. തുറന്നിരിക്കുന്നവയിലും ഇടപാടുകാർ കുറവാണ്. തീർത്ഥാടകർ റോഡിലൂടെ നടന്നു പോകുന്നുണ്ട്. ആ തെരുവിന്റെ ചില രാത്രി ചിത്രങ്ങൾ കൂടിയെടുത്ത് ഞങ്ങൾ ഹോസ്റ്റലിലേക്ക് മടങ്ങി.

മുറിയിൽ ആറാമത്തെ കിടക്കയിൽ ഒരു വിദേശി പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു. ബാഗുകളിൽ വസ്ത്രങ്ങൾ നിറയ്ക്കുകയാണവൾ. ഞങ്ങളെ കണ്ടയുടനെ അവൾ പരിചിതഭാവത്തിൽ ചിരിച്ച് സ്വയം പരിചയപ്പെടുത്തി. കാറ്റി. ഇംഗ്ലണ്ടിൽ ടീച്ചറാണ്. ഋഷികേശിൽ എത്തിയിട്ട് അഞ്ചു പകലുകൾ കഴിഞ്ഞിരിക്കുന്നു. അടുത്ത പകൽ പുലരും മുൻപേ അടുത്ത സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ് അവൾ.

ഞാൻ മുകളിലുള്ള ഒരു ഡൊമിൽ കയറി. മുറിയിലെ തണുപ്പിനെ തോൽപ്പിക്കാൻ കട്ടി കൂടിയ പുതപ്പ് അവിടെ ഉണ്ട്. കർട്ടൻ വലിച്ചിട്ടു, രാത്രിക്കും ഞങ്ങളുടെ യാത്രയുടെ ആദ്യ ദിവസത്തിനും.

രണ്ടാം ഭാഗം വായിക്കാം

  1. Super 😎

  2. Beautifully written..

Leave a Comment


NOTE - You can use these HTML tags and attributes:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>